06 June Saturday

വിളക്കുമരം കണ്ണടയ്ക്കില്ല

എം എം പൗലോസ്Updated: Tuesday May 28, 2019

എണ്ണിത്തോൽക്കുകയും എണ്ണിജയിക്കുകയും ചെയ്യുന്നതിൽ ഒതുങ്ങു ന്നതല്ല ഇടതുപക്ഷം. അത് ഒരു ആശയമാണ്, അതിൽനിന്നുള്ള നിലപാടാണ്. ഒരു തിരമാല ഇറങ്ങിപ്പോയതുകൊണ്ട് കടൽ ഇനി ശബ്ദിക്കില്ലെന്ന് കരുതരുത് .നിലപാടുകൾ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. പക്ഷേ, ആ നിലപാട് ഭാവിയെ കരുതിയുള്ളതാണ്, നന്മയെ കരുതിയുള്ളതാണ്, സമത്വത്തെ കരുതിയുള്ളതാണ്. ജയിക്കുന്നവർ ശാശ്വതമായ ശരിയും തോൽക്കുന്നവർ ശാശ്വതമായ തെറ്റുമല്ല. കുരിശിൽ തോറ്റവനാണ് ക്രിസ്തു. പക്ഷേ, ആ വിശുദ്ധ രക്തസാക്ഷിത്വം കല്ലറകൾ പിളർന്ന് മൂന്നാംനാളിൽ ആകാശത്തിലെ വെളിച്ചമായി.

ഇടതുപക്ഷം എന്നും മുറിവേറ്റവർക്കൊപ്പമാണ്. അത് മനുഷ്യപുത്രന് തല ചായ്ക്കാനുള്ള ഇടമാണ്. അവിടെ ഭേദചിന്തകളില്ല, സവർണാവർണ വിവേചനങ്ങളില്ല. അത് ഇടതുകൈയിലെ ചെറുവിരൽകൊണ്ട് ഉയർത്തിപ്പിടിച്ച ഗോവർധനഗിരിയാണ്; അവിടെ ഭയമില്ലാതെ ഇരിക്കാം. ജീവിതത്തിൽ തോറ്റുപോകുന്നവരുടെ വഴിയമ്പലം. എണ്ണിത്തിട്ടപ്പെടുത്തുന്നതല്ല അതിന്റെ മൂല്യം.

ആ മൂല്യം ഇല്ലാതാവില്ല. പിന്തള്ളപ്പെടുന്നവരും ഒറ്റപ്പെട്ടുപോകുന്നവരും നിസ്സഹായമായി വിലപിക്കുമ്പോൾ അവരുടെ തോളിൽ സ്പർശിക്കുന്നത് ഇടതുപക്ഷത്തിന്റെ തഴമ്പുള്ള കൈകളാണ്. ഇതിന്റെ ആധാരശിലയിലിരുന്നാണ് അവർ ദുരിതങ്ങളുടെ ഭാണ്ഡമഴിക്കുന്നത‌്. സിരകളിൽ ഊർജപ്രവാഹമാകുന്നതും ഈ ആശയധാരയാണ‌്.

ജനാധിപത്യ രാജ്യങ്ങളിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവർ ജനാധിപത്യത്തിന് ഭീഷണിയാകുന്നു. അമേരിക്ക മുതൽ യൂറോപ്പുവരെ, ഏഷ്യ മുതൽ ഓസ്ട്രേലിയ വരെ ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ഏകാധിപത്യത്തിന്റെ അപായമണികൾ മുഴങ്ങുന്നു. "ഞങ്ങൾ', ‘നിങ്ങൾ’ എന്ന വിഭജനത്തിന്റെ ലഹരിമരുന്നുകൾ  അവർ സിരകളിലേക്ക് കുത്തിയിറക്കുന്നു.

ജനാധിപത്യം കടുത്ത പ്രതിസന്ധിയുടെ മുന്നിലാണ് ഇപ്പോൾ. ഡോണൾഡ് ട്രംപ‌് (അമേരിക്ക), ജെയ്ർ ബൊൾസൊനാരോ (ബ്രസീൽ), റൊഡ്രീഗോ ദുത്തെർതെ (ഫിലിപ്പീൻസ്), വിക്ടർ ഒർബാൻ (ഹംഗറി), ആന്ദ്രെ ദ്യൂദ (പോളണ്ട്), റെസെപ് തയ്യിപ‌് എർദോഗൻ (തുർക്കി), നരേന്ദ്ര മോഡി (ഇന്ത്യ) എന്നിവരുടെ വാക്കുകളിൽ ഏകാധിപത്യത്തിന്റെ സ്വരം പതിയിരിക്കുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയം വിതച്ച് അവർ ജനപ്രിയ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുന്നു. ആ "ജനപ്രിയത'എല്ലാം മറികടക്കാനുള്ള സമ്മതപത്രമായി അവർ വ്യാഖ്യാനിക്കുന്നു. മതനിരപേക്ഷത അശ്ലീലമാണെന്ന് സമർഥിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു. ജനാധിപത്യം സജീവമാകുന്നത് അതിന്റെ സ്ഥാപനങ്ങൾ സ്വതന്ത്രവും നീതിപൂർവകവുമാകുമ്പോഴാണ്.

ട്രംപിന്റെ  ജയം ജനാധിപത്യത്തിനു സംഭവിച്ച അപകടമാണ്. 2018 സെപ്തംബർ വരെ ട്രംപ‌് 5000 നുണ പറഞ്ഞു എന്ന് വാഷിങ‌്ടൺ പത്രം അറിയിച്ചു. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ട്രംപിന്റേത്. വിദ്വേഷത്തിന്റെ കൈകൾക്ക് ആയുധങ്ങളാണ് പ്രിയം. പശുവിന്റെ പേരിൽ 46 പേരെയാണ് മോഡിയുടെ ഭരണത്തിൽ ഇന്ത്യയിൽ കൊന്നത്. ഓരോ കൊലയ്ക്കും മൗനംകൊണ്ട് സമ്മതം മൂളി മോഡി. പശു വോട്ടു തരുന്ന കാമധേനുവാണെന്ന് മോഡി മനസ്സിലാക്കി. പശുവിന്റെ അകിടിൽനിന്നും വിദ്വേഷത്തിന്റെ രാഷ്ട്രീയം കറന്നെടുക്കാമെന്ന് മോഡി തെളിയിച്ചു. ഗോ സംരക്ഷകർ കുത്തിയും വെട്ടിയും തല്ലിയും കൊന്നത് അവർക്ക് വ്യക്തിപരമായി ശത്രുതയുള്ളവരെ അല്ല. ന്യൂസിലൻഡിലെ പള്ളിയിൽ കയറി ബ്രെന്റൺ ടറന്റ് വെടിവച്ചുകൊന്ന 50 പേരും അയാളോട് എന്തെങ്കിലും ദ്രോഹം ചെയ്തവരല്ല. അതിൽ അച്ഛന്മാരുണ്ടോ അമ്മമാരുണ്ടോ കുഞ്ഞുങ്ങളുണ്ടോ എന്നതൊന്നും ആ കൊലയാളിക്ക് പ്രശ്നമായില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തിൽ മനുഷ്യൻ യാഗശാലയിൽ  ഊഴം കാത്തുകിടക്കുന്ന ബലിമൃഗമാണ്.

200 വർഷം മുമ്പ് ലോകത്ത് ഒറ്റരാജ്യത്താണ് ജനാധിപത്യം ഔദ്യോഗികമായി നിലവിലുണ്ടായത്. അമേരിക്കയിൽ മാത്രം. അന്ന് വെളുത്തവർക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. 2016ൽ ലോകത്ത് പത്തിൽ ആറ് രാജ്യത്ത് ജനാധിപത്യമാണ്. പക്ഷേ, കഴിഞ്ഞ ദശാബ്ദത്തിൽ സ്വാതന്ത്ര്യത്തിന്റെ ഗ്രാഫ് താഴേക്ക് വളയുന്നു. തുർക്കിയിലും പോളണ്ടിലും ഹംഗറിയിലും ഏകാധിപത്യത്തിലേക്ക് ചുവടുകൾ മാറുന്നു. സാമൂഹ്യമാധ്യമങ്ങളും വീഡിയോ പ്ലാറ്റ്ഫോമുകളും മനുഷ്യർക്കിടയിലെ വിടവ് നികത്തുന്നില്ല, വിദ്വേഷം ആളിക്കത്തിക്കുന്നു. മ്യാൻമറിലെ പട്ടാളം ഫെയ്സ്‌ബുക്ക് ഉപയോഗിച്ചത് റോഹിൻഗ്യകളെ ഭീഷണിപ്പെടുത്താനാണ്. യുപിയിൽ ബിജെപിക്ക് 15,000 വാട്സാപ‌് ഗ്രൂപ്പുകളാണുള്ളത്. രാഷ്ട്രീയ പാർടികൾ ഔദ്യോഗികമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളം പ്രചരിപ്പിക്കുന്ന 48 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഓക്സ്ഫോഡിലെ ഒരു പഠനമാണ് ഇത്.

പാശ്ചാത്യ ആശയങ്ങളും സംസ്കാരവും ആർഷഭാരത സംസ്കാരത്തെ തകർക്കുകയാണെന്ന് കാഷായം ധരിച്ച യോഗി ആദിത്യനാഥിന് പറയാൻ സിലിക്കൺ വാലിയിലെ ചിപ്പുകൾ വേണം. ഇതിലൂടെ തന്നെയാണ് അവർ ഇന്ത്യയുടെ നല്ല ഇന്നലെകളെ കുറിച്ച് രോമാഞ്ചം കൊള്ളുന്നതും.

വർഗീയവാദികൾക്ക് നാളെയല്ല, ഭാവനയിൽ  നിർമിച്ച ഇന്നലെകളാണ് പ്രിയപ്പെട്ടത്. വിശ്വാസരൂപങ്ങളും ഐതീഹ്യങ്ങളുമായി മനസ്സിൽ തറഞ്ഞുകിടക്കുന്നതിനെ സത്യമായി അവർ അവതരിപ്പിക്കുന്നു. അതുകൊണ്ടാണ് മുംബൈയിൽ ഡോക്ടർമാരുടെ യോഗത്തിൽ ഇന്ത്യയിൽ പ്രചീനകാലത്ത് തന്നെ ജനിതക ശാസ്ത്രവും പ്ലാസ്റ്റിക് സർജറിയും ഉണ്ടായിരുന്നെന്ന് പ്രധാനമന്ത്രി മോഡി  പ്രസംഗിച്ചത്. ഗണപതിക്ക‌് ആനയുടെ തല കിട്ടിയതാണ് മോഡി ഹാജരാക്കിയ തെളിവ്. അതൊരു അജ്ഞതയല്ല, പാകപ്പെടുത്തലാണ്. മോഡിയിൽ അവസാനിച്ചില്ല ഇത്. ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഹർഷ് വർധൻ മറ്റൊരു കണ്ടെത്തൽ നടത്തി. പൈത്തഗോറസ് സിദ്ധാന്തം ആദ്യം കണ്ടുപിടിച്ചത് ഇന്ത്യയുടെ ശാസ്ത്രജ്ഞർ! വിശാലഹൃദയരായ അവർ അത് ഗ്രീക്കുകാർക്ക് ദാനം കൊടുത്തത്രെ!. ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളെ വെല്ലുന്ന കണ്ടുപിടിത്തങ്ങൾ വേദങ്ങളിലുണ്ടെന്നും സഹമന്ത്രി കണ്ടെത്തി.

അവിടെയും അവസാനിച്ചില്ല ഈ കണ്ടുപിടിത്തങ്ങൾ. ആദ്യ ടെസ്റ്റ് റ്റ്യൂബ് ശിശു ജനിച്ചത് ഇന്ത്യയിലാണെന്ന് ആന്ധ്രപ്രദേശ് സർവകലാശാലയുടെ വൈസ് ചാൻസലർ സി നാഗേശ്വരറാവു പ്രഖ്യാപിച്ചു. ജലന്തറിൽ ചേർന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലായിരുന്നു ഈ വെളിപ്പെടുത്തൽ.

21–ാം നൂറ്റാണ്ടിൽ ഇന്ത്യയെ നയിക്കുന്ന ഭരണാധികാരികളുടെയും നയം രൂപീകരിക്കേണ്ട പണ്ഡിതരുടെയും വീക്ഷണമാണ് ഇത്. എങ്ങോട്ടേക്കായിരിക്കും ഈ ഇന്ത്യ സഞ്ചരിക്കുക? ലോകം രണ്ടുതരം പരിവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. ഒന്ന്, ശാസ്ത്രസാങ്കേതിക വിദ്യകൾ തരുന്ന അവസരങ്ങളുടെ ലോകം. ജീവിതം സ്വതന്ത്രമാക്കുന്ന, സുതാര്യമാക്കുന്ന  ടെക്നോളജിയുടെ വികാസം. അത് സ്വീകരിക്കാൻ ആ രീതിയിലുള്ള മനോഘടന വേണം. മറ്റൊന്ന് മൗലികവാദങ്ങൾ വാഗ്ദാനംചെയ്യുന്ന നിഷേധങ്ങളുടെ ഇരുണ്ട ലോകം. അത് സിറിയയിലെ വെടിയുണ്ടകൾക്കിടയിലേക്കും അഫ്ഗാൻ കുന്നുകളിലേക്കും സംഘപരിവാറിന്റെ ഹോമകുണ്ഡങ്ങളിലേക്കും കൊണ്ടുപോകുന്നു. അങ്ങോട്ടേക്ക് പോകാൻ ആ മനോഘടന വേണം. ഏത് മനോഘടന വേണമെന്ന് തീരുമാനിക്കാൻ കാലം ആവശ്യപ്പെടുന്നു. ഈ വഴിത്തിരിവിലാണ് ജനാധിപത്യം.

ജനാധിപത്യത്തിൽ ജയിക്കുന്നവർക്ക് തന്നെയുള്ളതാണ് അധികാരം. ജയം ജയത്തിൽ അവസാനിക്കുന്നില്ല. എങ്ങനെ ജയിച്ചു എന്നതും പ്രധാനമാണ്.

"നിങ്ങൾ മോഡിയോടൊപ്പമാണെങ്കിൽ രാജ്യത്തോടൊപ്പമാണ്. മോഡിക്കെതിരാണെങ്കിൽ രാജ്യദ്രോഹികൾക്കൊപ്പമാണ്'‐ ഈ തെരഞ്ഞെടുപ്പിൽ കേട്ട ഒരു പ്രസംഗമാണ് ഇത്. ഇങ്ങനെ പ്രസംഗിച്ചത് കർണാടകയിലെ ബിജെപിയുടെ യുവജന സംഘടനയുടെ ജനറൽ സെക്രട്ടറി  തേജസ്വി സൂര്യയാണ്. സൂര്യ ലോക‌്സഭയിലേക്ക് ജയിച്ചു. ഗോഡ്സെയെ രാജ്യസ്നേഹിയാക്കിയ മറ്റൊരു സ്ഥാനാർഥി. നാളെ അരി വാങ്ങാൻ ഗാന്ധി ക്യൂ നിൽക്കുകയും അരികെ കൂറ്റൻ കാറിൽ ഗോഡ്സെ വരികയും ചെയ്തേക്കാം. എങ്കിൽ ആ കാർ തീർച്ചയായും സംഘപരിവാറുകാർ നൽകിയതായിരിക്കും.

അഞ്ചു വർഷത്തെ ഭരണത്തെ കുറിച്ച് മോഡി ഒന്നും പറഞ്ഞില്ല. പറഞ്ഞത് പുൽവാമയെയും ബാലാകോട്ടിനെയും കുറിച്ചായിരുന്നു. അഞ്ചു വർഷത്തിനിടയിൽ എത്ര തൊഴിൽ ദിനങ്ങളുണ്ടായി എന്ന് പറഞ്ഞില്ല, എത്രപേർക്ക് തൊഴിൽ കിട്ടിയെന്ന് പറഞ്ഞില്ല. നോട്ട് നിരോധിച്ച് എത്ര കള്ളപ്പണം പുറത്തുവന്നു എന്ന് പറഞ്ഞില്ല. എത്ര കർഷകർ ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്നും പറഞ്ഞില്ല. പറഞ്ഞത് വീരമൃത്യു വരിച്ച സൈനികർക്കുവേണ്ടി വോട്ടു ചെയ്യാനാണ്. തെരഞ്ഞെടുപ്പു കമീഷൻ അതിൽ ചട്ടലംഘനവും കണ്ടില്ല.

ജനാധിപത്യത്തിൽ ആരാണ് ഞാൻ എന്ന ചോദ്യത്തിന് എന്റെ മതമാണ് ഞാൻ എന്ന് ഉത്തരം പറയാൻ മോഡി പഠിപ്പിക്കുന്നു. ഭാവിയോട് ചെയ്യുന്ന ക്രൂരകൃത്യം. "ഞങ്ങളും' "നിങ്ങളു'മായി ഇന്ത്യയെ വേർതിരിക്കുന്നു. ഞങ്ങൾ രാജ്യസ്നേഹികളും നിങ്ങൾ രാജ്യദ്രോഹികളുമാകുന്നു.

 

ആരാണ്  ഞാൻ എന്ന ചോദ്യത്തിന് മനുഷ്യനാ ണ് ഞാൻ  എന്ന ഉത്തരം പറയാ ഇടതുപക്ഷം ഉണ്ടാകും എന്നും. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തേക്ക് അവരുടെ കാലുകൾ നീങ്ങ-ക്കൊണ്ടേയിരിക്കും,- തോറ്റാലും ജയിച്ചാലും. കടൽ നിശ്ശബ്‌ദമാകാറില്ല

 

 


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top