18 August Sunday

കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ, വികസന വിരോധികൾ, പരിശോധിക്കപ്പെടേണ്ടതുണ്ട് വസ്തുതകൾ

റനീഷ് എ ആർUpdated: Monday Mar 18, 2019

റനീഷ് എ ആർ

റനീഷ് എ ആർ

ഇടതുപക്ഷത്തെ വികസന പരിപ്രേഷ്യത്തെ പൊതു സമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ മറ്റു രാഷ്ട്രീയക്കാർ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകളാണ് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ, വികസന വിരോധികൾ, എന്നിവ. 2019 ലോകസഭാ തെരഞ്ഞെടുപ്പ‌് അടുത്ത‌്കൊണ്ടിരിക്കുമ്പോൾ തിരുവനന്തപുരത്ത് നിന്നും തെരഞ്ഞെടുത്ത ലോക്സഭാംഗം ശശി തരൂരിൽ നിന്നും നമ്മൾ വീണ്ടും ഇത് കേട്ടു.

കമ്പ്യൂട്ടറിനെതിരെയല്ല അത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ ഉള്ള തൊഴിൽ കൂടി കമ്പ്യൂട്ടർവത്കരണത്തിലൂടെ  പെട്ടെന്ന് നഷ്ടപെടും എന്ന സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ എതിർപ്പ് ഉയർന്നു വന്നത്  എത്ര മറുപടി പറഞ്ഞാലും പറഞ്ഞാലും വീണ്ടും ആവർത്തിക്കപ്പെടും ഇത്തരം ചോദ്യങ്ങൾ. 1984 കമ്പ്യൂട്ടർ വിരുദ്ധ ദിനമായി ആഘോഷിച്ച ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസിനെ കുറിച്ചോ എന്തിന് കാലിക്കറ്റ് സർവ്വകലാശാലയിലെ കംപ്യൂട്ടറൈസേഷനെ എതിർത്തു സമരം ചെയ്ത ഉമ്മൻ ചാണ്ടിയെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടിയോടോ ആരും ചോദ്യം ചോദിക്കില്ല.

കമ്പ്യൂട്ടർവൽകരണത്തിലൂടെ പെട്ടെന്നുണ്ടാകുന്ന തൊഴിൽ നഷ്ടത്തെ ചെറുക്കാൻ സമരം ചെയ്‌തെങ്കിലും അത് ഒരു തൊഴിൽ നൽകുന്ന മേഖലയായി രൂപപെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഏറ്റവും മാനവികമായി കേരളത്തിലെ യുവ തലമുറക്ക് ഉപയോഗ യോഗ്യമാകുന്ന രീതിയിൽ

അതിന്റെ ഗുണഫലങ്ങൾ ലഭ്യക്കാൻ കേരളത്തിൽ മാറി മാറി ഭരിച്ച ഇടതു സർക്കാരുകളുടെ നൽകിയ  സംഭാവനകൾ സ്തുത്യർഹമാണ്. അതിനു 1991 ഇൽ ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാർക്കായ ടെക്‌നോപാർക്ക് സ്ഥാപിക്കാൻ നേതൃത്വം കൊടുത്ത മുഖ്യമന്ത്രി ഇ കെ നായനാർ മുതൽ ഇപ്പോൾ കേരളം ഭരിക്കുന്ന ആയിരം ദിവസം തികച്ച മുഖ്യമന്ത്രി പിണറായി വിജയൻ വരെ അഭിനന്ദനം അർഹിക്കുന്നുണ്ട്.

ഇന്ത്യൻ ഐടി വ്യവസായത്തിന്റെ തുടക്കം 1974 ആണ്. എങ്കിലും 2000 മുതലാണ് ഇന്ത്യയിൽ ഐ ടി യുടെ സുവർണ കാലഘട്ടമായി അറിയപ്പെടുന്നത്. 1998 മുതൽ 2012 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ ജിഡിപി യിലേക്ക് ഐടി മേഖലയിൽ നിന്നുള്ള സംഭാവന 1.2% ഇൽ നിന്ന് 7.5% വർദ്ധിച്ചു എന്നാണു കണക്കാക്കുന്നത്. ഇതിൽ കേരളത്തിന്റെ സംഭാവനയും ഒട്ടും ചെറുതല്ലാതെ ഉണ്ടായിരുന്നു. കേരളത്തിന്റെ ഐ ടി മേഖലയിലെ വികസനത്തിന് തുടക്കം കുറിച്ചത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ടെക്നോപാർക്കിലൂടെയാണ്. ടെക്നോപാർക്ക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ രംഗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാർക്കാണ്. സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുക, കൂടുതൽ തൊഴിൽദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സർക്കാർ 1991 ഇ കെ\നായനാർ മുഖ്യമന്ത്രി ആയിരിക്കുന്ന കാലഘട്ടത്തിൽ തുടങ്ങിയതാണ് ടെക്നോപാർക്ക്. 1994ൽ പ്രവർത്തനങ്ങൾ തുടങ്ങി. 242 ഏക്കറിൽ 21 ലക്ഷം സ്ക്വയർ ഫീറ്റിൽ ആണ് ആരംഭിച്ചത്. 2004 ഇൽ ആണ് കേരളത്തിലെ തന്നെ മറ്റൊരു ഐ ടി പാർക്കായ ഇൻഫോപാർക്കും നിലവിൽ വന്നത്. 1998 ഇൽ ആണ് ആദ്യമായി ഐ ടി നയം രൂപീകരിച്ചത് അതോടൊപ്പം ഐ ടി യെ കൂടുതൽ പ്രൊമോട്ട്  വേണ്ടി പുതിയതായി ഐ ടി ഡിപ്പാർട്മെന്റും രൂപികരിച്ചതും ഇടതുപക്ഷ സർക്കാരാണ്.

ഐ ടി കമ്പനികളുടെ സംഘടനയായ നാസ്കോമിന്റെ പഠനത്തിൽ ബാംഗ്ലൂർ മുംബൈ ഡൽഹി പോലുള്ള നഗരങ്ങളുമായി കിടപിടിക്കാൻ പറ്റുന്ന തരത്തിലുള്ള മാനവ വിഭവശേഷിയുള്ള ലീഡിങ് IT/ITeS ഡെസ്റ്റിനേഷൻ നഗരമായി കൊച്ചിയെയും തിരുവനന്തപുരത്തെയും കണക്കാക്കിയുണ്ട്. ഈ മാനവ വിഭവശേഷിയെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധികാഞ്ഞത് മൂലധന നിക്ഷേപത്തിന് പര്യാപ്തമായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ ആയി ആണ് ഇത്രയൂം കാലം പറഞ്ഞിരുന്നത്. അതിനു പരിഹാര മെന്നോണം ഇടതുപക്ഷം ഭരണത്തിലേറുമ്പോള് 1.6 കോടി ചതുരശ്രഅടി ഐ ടി സ്പേസ് ഉണ്ടായിരുന്ന സംസ്ഥാനത്ത് അത് ചുരുങ്ങിയ ആയിരം ദിവസങ്ങൾളളില് 2.1 കോടി ചതുരശ്ര അടിയിലേക്ക് എത്തിച്ചിരിക്കുന്നതായി കാണാം. അര കോടി ചതുരശ്ര അടി അധിക സ്ഥലം ഐ ടി വികസനത്തിന് വികസിപ്പിച്ചെടുക്കാന് ചുരുങ്ങിയ ആയിരം ദിവസങ്ങൾക്കുള്ളിൽ സർക്കാരിനു കഴിഞ്ഞു. കാൽ നൂറ്റാണ്ടിനിടയിലെ മികച്ച വളർച്ച നിരക്കുമായി സംസ്ഥാനത്തെ ഐ ടി മേഖല ഇപ്പോൾ മാറിയതിനു പിന്നിൽ അടിസ്ഥാന സൗകര്യം വലിയ രീതിയിൽ ഉള്ള വർദ്ധന സഹായിച്ചതായി കാണാം.

ടെക്നോപാര്‍ക്കിലെ ബില്‍റ്റ് അപ്പ് ഏര്യയുടെ വളര്‍ച്ച

ടെക്നോപാര്‍ക്കിലെ ബില്‍റ്റ് അപ്പ് ഏര്യയുടെ വളര്‍ച്ച

പുതിയ ഐ ടി നയത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ബലമായി നിരവധി കമ്പനികൾ കേരത്തിലേക്കു വന്നതായി കാണാം അതിൽ എടുത്ത് പറയേണ്ടത് ലോകത്തിലെ തന്നെ ആദ്യത്തെ നിസാൻ ഡിജിറ്റൽ ഗ്ലോബൽ ഹബ്ബിന്റെ തിരുവനന്തപുറത്തേക്കുള്ള വരവാണ്. കേരളത്തിലെ ഐ ടി മേഖലയിലാകെ വലിയ പ്രതീക്ഷയും ആത്മ വിശ്വാസവുമാണ് ഇത് നൽകിയിരിക്കുന്നത്. ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ 25,000 ചതുരശ്രയടിയിലും കോ–ഡവലപ്പർ ക്യാംപസിലുമായി ഡിജിറ്റൽ ഹബ് പ്രവർത്തനം ആരംഭിക്കുന്നത്.

നിസ്സാന്റെ വരവിനു ശേഷം കൂടുതൽ കമ്പനികൾ ടെക്നോപാർക്കിലേക്കു എത്തുകയാണ്. അമേരിക്കൻ ഗ്രൂപ്പായ ടോറസ്  ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിൽ ആദ്യ ഐടി കെട്ടിടം പണിയാൻ രൂപകൽപ്പന പുരോഗമിക്കുകയാണ്. പ്രീഫാബ് സാമഗ്രികൾ ഉപയോഗിച്ചു വേഗം പണി പൂർത്തിയാക്കി അടുത്ത വർഷം മധ്യത്തോടെ ഐടി കമ്പനികൾക്കു തുറന്നു ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ ടോറസിന്റെ സ്വാധീനം നിക്ഷേപകരെ അവരുടെ ഐടി പാർക്കിലേക്ക്  ആകർഷിക്കാൻ പ്രേരകമാവുകയും ചെയ്യും. ടെക്നോപാർക്കിൽ ആരംഭിച്ച നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ ചുവടുപിടിച്ച്‌ ഫുജിറ്റ്സു വും കേരളത്തിൽ സാന്നിധ്യ മുറപ്പിക്കാൻ താൽപര്യമറിയിച്ചത്. 2016ലെ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളുടെ പട്ടികയിൽ അഞ്ചാമതാണു ഫുജിറ്റ്സു.

ഫുജിറ്റ്സുവിനെ കൂടാതെ നിസാന്റെ സപ്ലെയർ കമ്പനികളായ മഹീന്ദ്ര ടെക്കിന്റെയും ഹിന്ദുജയുടെ വരവും കേരളത്തിലേക്ക്. ടെക് മഹീന്ദ്രയുടെ ഐടി സെന്റര്‍ ആരംഭിക്കാന്‍ ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിലെ ഗംഗ ഐടി ബിൽഡിങ്ങിൽ 12,000 ചതുരശ്രയടി അനുവദിച്ചു. മൂന്നു മാസത്തിനകം തിരുവനന്തപുരത്തെ ഓഫിസ് പ്രവർത്തനം ആരംഭിക്കും. തുടക്ക ഘട്ടത്തില്‍ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സ്വന്തം ക്യാംപസ് പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരങ്ങളും തുറക്കും. ടെക് മഹീന്ദ്ര  കൂടി എത്തുന്നതോടെ ഏറ്റവും വലിയ ഇന്ത്യൻ ഐടി കമ്പനികളിൽ ആദ്യ അഞ്ചെണ്ണവും സംസ്ഥാനത്തു സാന്നിധ്യമുറപ്പിച്ചുവെന്ന ചരിത്രനേട്ടം കേരളത്തിനു സ്വന്തമായി.

ശതകോടികളുടെ ബിസിനസ് സാമ്രാജ്യമായ ഹിന്ദുജ ഗ്രൂപ്പിലെ താരതമ്യേന പുതിയ അംഗമാണു ഹിന്ദുജ ടെക്. എങ്കിലും ഓട്ടമൊബീൽ രംഗത്തിനു വേണ്ട ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിൽ പ്രമുഖരാണ്. ഹിന്ദുജ ടെക്കിന്റെ 30% ഓഹരികളുടെ  ഉടമസ്ഥത നിസാന് ഉണ്ടെന്നതും തലസ്ഥാനത്തു ചുവടുറപ്പിക്കാൻ പ്രേരണയാകുന്നു.

ഐ ടി നയത്തിന്റെ ചുവടു പിടിച്ച് ഐ ടി പാര്ക്കുകളെ കൂടുതൽ  ആകര്ഷകമാക്കിയതോടെ കൂടുതല് കമ്പനികളും സംസ്ഥാനത്ത് എത്തി. ഇത്തരത്തിൽ  165 ല് അധികം പുതിയ കമ്പനികളാണ് ഐ ടി പാര്ക്കുകളില് എത്തിയത്. വന്കിട കമ്പനികളുടെ വരവും ഐ ടി മേഖയില് വലിയ ചലനം ഉണ്ടാക്കി. നേരിട്ടും അല്ലാതെയുമായി അരലക്ഷത്തോളം തൊഴിലവസരങ്ങള് സംസ്ഥാനത്തെ ഐ ടി മേഖലയിലാകെ ആയിരം ദിനങ്ങള്ക്കുള്ളില് സൃഷ്ടിക്കാനായത്. കേരളത്തിൽ വികസനത്തിന്റെ കാര്യത്തിൽ ഒരു വലിയ പ്രതീക്ഷയും  നേട്ടവുമാണ്. ഈ നേട്ടത്തെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിക്കാൻ ഉതകുന്ന തരത്തിലാണ് സംസ്ഥാന സർക്കാർ, ഐ.റ്റി. വ്യവസായ വികസനത്തിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഒരു ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം (ടെക്നോപാർക്ക്), കൊച്ചി (ഇൻഫോ പാർക്ക്), കോഴിക്കോട് (സൈബര് പാര്ക്ക്) എന്നിവ ഹബ്ബുകളായും ബാക്കിയുള്ള ജില്ലകൾ സ്പോക്കുകളായും പ്രവർത്തിക്കുന്നു.

യുവത്വത്തിന്റെ സാങ്കേതിക മികവിനെ നാടിന്‍റെ പുരോഗതിക്ക് ഉപയോഗിക്കുക എന്ന സർക്കാരിന്‍റെ നയത്തിന്റെ ഏറ്റവും നല്ല തെളിവായിരുന്നു സംസ്ഥാന സ്റ്റാര്‍ട് അപ് മിഷന്കീഴിലെ ജെന്‍ റോബോട്ടിക്സ് എന്ന കമ്പനിയുടെ നേതൃത്ത്വത്തിൽ മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ട് വികസിപ്പിച്ചത്. ഡ്രെയ്നേജ് കുഴലുകളിലും മാന്‍ഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നതു റോബട്ടുകളെ ഉപയോഗിച്ചു നീക്കംചെയ്യാനുള്ള വിദ്യയാണ് ഇവര്‍ കണ്ടെത്തിയത്.കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും 2016ല്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഒരു കൂട്ട വിദ്യാര്‍ത്ഥികളാണ് സംരഭത്തിന് പിന്നില്‍. ദിവസങ്ങളോളം നീണ്ട് നിന്ന പ്രയത്നത്തിനൊടുവിലാണ് ഈ യന്ത്്ര മനുഷ്യനെ ഇവര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.

കേരളത്തിലെ യുവ ജനങ്ങളുടെ സാങ്കേതിക വിദ്യയിലുള്ള ജ്ഞാനം ഉപയോഗപ്പെടുത്തി കൊണ്ട് ഗുണമേന്മയുള്ള ലാപ്ടോപ്പുകളും സെർവറുകളും കേരളത്തിൽതന്നെ നിർമ്മിക്കാനുള്ള 'കൊക്കോണിക്സ് ' എന്ന സംരംഭത്തിന് തുടക്കമാവുകയാണ് ഈ കാലയളവിൽ. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉൽപാദന രംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോർത്താണ് നൂതനമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെഎസ്ഐഡിസി, ആക്സിലറോൺ എന്നിവർ കൂടി പങ്കാളികളായ പൊതു-സ്വകാര്യ സംരംഭമാണ് ഇത്. ഇലക്ട്രോണിക് ഉപകരണ രംഗത്തെ പ്രമുഖരായ ഇന്റൽ കമ്പനിയുടെ മാർഗനിർദ്ദേശവും സാങ്കേതിക സഹായവും ഈ പദ്ധതിക്കുണ്ട്. ഇലക്ട്രോണിക് വ്യവസായരംഗത്തെ സംസ്ഥാന സർക്കാരിനെ സുപ്രധാനമായ ചുവടുവെപ്പായി ഈ സംരംഭം മാറും. വരാനിരിക്കുന്ന തലമുറയെ കൂടി ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.

കേരളത്തിലെ യുവാക്കളിലും വിദ്യാര്‍ത്ഥി- കളിലുമുള്ള സംരംഭകത്വ കഴിവുകള് തിരിച്ചറിയുന്നതിനും, വികസിപ്പിക്കുന്നതിനും, കേരളത്തിന്റെ പരമ്പരാഗത മേഖലകളില് സാങ്കേതിക വിദ്യയില് അധിഷ്ഠിതമായ സംരംഭകത്വ വികസന ആവശ്യങ്ങള് കൈകാര്യം ചെയ്യുക, കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സംസ്ക്കാരത്തിന് അനുയോജ്യമായ തരത്തിലുള്ള പരിശീലന പരിപാടികള് സംഘടിപ്പിക്കുക, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യമായ വിപണി കണ്ടെത്തുക, വൈജ്ഞാനിക, ഗവേഷണ വികസന സ്ഥാപനങ്ങളുമായും, വ്യവസായിക സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധം സ്ഥാപിക്കുക, ഇന്‍സ്റ്റിറ്റ്യൂട്ടുകളില് വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകള് യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും വേഗത്തില് വാണിജ്യവല്‍ക്കരിക്കുന്നതിനും ഒരു വേദി സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി  2007 ഇൽ ഇടതു പക്ഷ സർക്കാരാണ്  കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ നോണ് അക്കാദമിക് ബിസിനസ്സ് ഇന്‍കുബേറ്ററും കൂടിയാണിത്. തുടർച്ചയെന്നോണം ഐ ടി നയത്തിന്റെ ഭാഗമായുള്ള സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹന ബലമായി 2018 ലെ കേന്ദ്രസര്ക്കാരിന്റെ സ്റ്റേറ്റ് സ്റ്റാര്ട് അപ് റാങ്കിങ്ങില് മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെയും തെരഞ്ഞെടുത്തു. സ്റ്റാര്ട് അപ് മേഖലയില് കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലാണ് കേരളം ദേശീയ തലത്തില് അംഗീകാരം നേടിയെടുത്തത്. കേന്ദ്ര കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ നയ പ്രോത്സാഹന വകുപ്പ്, സംസ്ഥാനങ്ങള് സ്റ്റാര്ട് അപ് മേഖലയില് നടത്തിയ പ്രവര്ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിച്ചത്. എല്ലാ ജില്ലകളിലും സംരംഭകത്വസെല്ലുകള് സജ്ജമാക്കുകയും സ്റ്റാര്ട് അപ്പുകള്ക്ക് ധനസഹായം നല്കാന് പ്രത്യേക സംവിധാനം ഉണ്ടാക്കുകയും ചെയ്തത് ഈ മേഖലയിലെ കേരളത്തിന്റെ നേട്ടമായി കേന്ദ്രം കണ്ടെത്തി. സ്റ്റാര്ട് അപ് നയം നടപ്പാക്കുന്നതിലും ഇന്ക്യുബേഷന് ഹബ്ബുകള് സജ്ജമാക്കുന്നതിലും കേരളം മുന്നേറ്റം നടത്തിയെന്നും കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാർത്ഥി സംരംഭകർക്ക് ആവേശം പകരുവാൻ 2016 മുതൽ വർഷം തോറും നടത്തിവരുന്നതാണ് ഐഇഡിസി സമ്മിറ്റ്. കേരളത്തിലെ 214 ടെക്നിക്കൽ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ആശയങ്ങൾ വികസിപ്പിക്കുവാൻ വേണ്ടിയിട്ടുള്ള ചെറു ഇൻക്യൂബേറ്ററുകൾ ആണ് ഐ ഇ ഡി സി എന്ന നൂതന ആശയ സെന്ററുകൾ.കേരളത്തിന്റെ യശസ്സ് ആഗോളതലത്തിൽ എത്തിക്കുവാൻ സഹായിച്ച ജൻറോബോട്ടിക്‌സ് പോലുള്ള സംരഭങ്ങൾ ഐ ഇ ഡി സികളില്‍ നിന്നാണ് രൂപം കൊണ്ടത്. നാലായിരത്തോളം വിദ്യാർത്ഥികൾ കേരളത്തിന്റെ നാനാ ജില്ലകളിൽ നിന്നും പങ്കെടുക്കുന്നു. കേരള സ്റ്റാർട്ട്അപ് മിഷന്റെ സംരംഭക ഉദ്യമങ്ങൾ എന്നും സർക്കാരിന് അഭിമാനകരമാണ്.

എന്നാൽ വസ്തുതകളെല്ലാം ഇങ്ങനെയായിരിക്കെ വികസനത്തിന്റെ പ്രയോക്താക്കളായി അഭിനയിക്കുന്ന കഴിഞ്ഞ സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്ഷത്തിനിടക്ക് ഒറ്റ വലിയ കമ്പനി പോലും ടെക്നോപാർക്കിൽ ആരംഭിച്ചില്ലെന്നു മാത്രമല്ല ലോകത്തിലെ തന്നെ മുൻ നിര കമ്പനികളായ കേപ് ജെമിനിയും, ആക്സഞ്ചറും ഇവിടെ നിന്നും അവരുടെ ഓപ്പറേഷൻ തന്നെ മാറ്റി എന്നു കൂടി അറിയുംമ്പോഴാണ് ആയിരം ദിവസം കൊണ്ട് ഇടതു സർക്കാർ ഉണ്ടാക്കിയ നേട്ടത്തിന്റെ വ്യാപ്തി മനസിലാക്കുക.


പ്രധാന വാർത്തകൾ
 Top