20 October Tuesday

ലബനനുമേൽ കരിനിഴൽ - കെ ജെ തോമസ്‌ എഴുതുന്നു

കെ ജെ തോമസ്‌Updated: Monday Sep 28, 2020

സമാധാനത്തിന്റെ കളിത്തൊട്ടിലായിരുന്ന പശ്‌ചിമേഷ്യയിലെ ലബനൻ ഇന്ന്‌ അശാന്തിയുടെ താഴ്‌വരയാണ്‌. ആഗസ്‌ത്‌ നാലിന്‌ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്തിനടുത്ത്‌ അമോണിയം നൈട്രേറ്റ്‌ ശേഖരത്തിന്‌ തീപിടിച്ചുണ്ടായ  സ്‌ഫോടനമാണ്‌ ലബനനിൽ അസ്വസ്ഥത പടരാനിടയാക്കിയത്‌. ഇരുനൂറേളം പേർ മരിച്ച സ്‌ഫോടനത്തിൽ 6500 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നുലക്ഷം പേരാണ്‌ ഭവനരഹിതരായത്‌. സർക്കാരിനെതിരെ വൻ ജനകീയ പ്രതിഷേധമാണ്‌ ഉയർന്നത്‌. ഭരണമാറ്റം ആവശ്യപ്പെട്ടാണ്‌ ജനങ്ങൾ തെരുവിലിറങ്ങിയത്‌. ജനരോഷത്തിൽ പ്രധാനമന്ത്രി ഹസൻ ദിയാബ്‌ രാജിവച്ചെങ്കിലും  പ്രക്ഷോഭത്തിന്‌ ശമനം വന്നിട്ടില്ല. ഇറാന്റെ പിന്തുണയിലായിരുന്നു  ലബനനിലെ ഷിയാ ഗ്രൂപ്പുകളായ ഹിസ്ബുള്ള, അമൽ സഖ്യസർക്കാരിന്റെ ഭരണം. അതുകൊണ്ടുതന്നെ പാശ്‌ചാത്യശക്തികളുടെ കണ്ണിലെ കരടായിരുന്നു. ദിയാബ്‌ സർക്കാരിനെ താഴെയിറക്കാൻ അവസരം കാത്തുകഴിയവെയാണ്‌ ബെയ്‌റൂട്ടിലെ സ്‌ഫോടനവും തുടർന്നുള്ള പ്രക്ഷോഭവും. വീണ്ടുമൊരു ആഭ്യന്തരസംഘർഷത്തിന്‌ കലാപകാരികൾക്ക്‌ സർവസഹായവുമായി അമേരിക്കയും ഫ്രാൻസും വൈകാതെ രംഗത്തുവന്നു. 

ആഭ്യന്തരകാര്യങ്ങളിലെ ഇടപെടൽ
ദുരിതംപേറുന്ന ജനങ്ങളുടെ മുന്നിൽ സഹായവാഗ്‌ദാനങ്ങളുമായിട്ടായിരുന്നു ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോണിന്റെ ലബനനിലേക്കുള്ള വരവ്‌. എന്നാൽ, തങ്ങൾ നിശ്‌ചയിക്കുന്ന പരിഷ്‌കാരങ്ങൾ രാജ്യത്ത്‌ നടപ്പാക്കിയാൽ മാത്രമേ സഹായംനൽകൂ എന്ന്‌ അദ്ദേഹം നിലപാടെടുത്തു.

സ്വതന്ത്ര പരമാധികാര രാഷ്‌ട്രമാണ്‌ ലബനൻ. പശ്ചിമേഷ്യയിലെ ഏറ്റവും ജനാധിപത്യമുള്ള രാജ്യം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെതിരെ പ്രതിഷേധവും പ്രക്ഷോഭവും സംഘടിപ്പിക്കാനുള്ള അവകാശം അവിടത്തെ ജനങ്ങൾക്കുണ്ട്‌. എന്നാൽ, ഫ്രഞ്ച്‌ പ്രസിഡന്റ്‌ നേരിട്ടെത്തിയും അമേരിക്കൻ പ്രസിഡന്റ്‌ പ്രസ്‌താവനയിലൂടെയും  ലബനന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത്‌ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാകില്ല. ഇരു രാജ്യങ്ങളുടെയും ഇടപെടൽ ലബനനുമേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുകയാണ്‌. ലബനനിലെ അസ്വസ്‌ഥത മുതലെടുത്താണ്‌ ഫ്രാൻസിന്റെയും അമേരിക്കയുടെയും നീക്കങ്ങൾ. ഈ ദുരിതാവസ്ഥയിൽ ദിയാബ്‌ സർക്കാരിനുപകരം പുതിയ ഭരണസമിതിയെ നിർദേശിക്കാൻ ഹിസ്‌ബുൾ–- അമൽ സഖ്യത്തോട്‌ പ്രസിഡന്റ്‌ മിഷേൽ ഔൺ അന്ത്യശാസനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
ലബനന്റെ ആഭ്യന്തരവരുമാനം പ്രധാനമായും ടൂറിസം മേഖലയിൽനിന്നായിരുന്നു. പശ്‌ചിമേഷ്യയിലെ സ്വിറ്റ്‌സർലൻഡ്‌ എന്നാണ്‌ ലബനൻ അറിയപ്പെടുന്നത്‌. കോവിഡ്‌ വ്യാപനത്തോടെ ടൂറിസ്‌റ്റുകളുടെ വരവ്‌ നിലച്ചു. വരുമാനം കുറഞ്ഞത്‌ സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ ബാധിച്ചു. വിദേശകടം തിരിച്ചടയ്‌ക്കാൻ കഴിയാതെവന്നത്‌ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും വർധിച്ചതോടെയാണ്‌ ജനം തെരുവ്‌ കൈയടക്കിയത്‌.

പശ്‌ചിമേഷ്യയിലെ അതിപുരാതന രാജ്യമായ ലബനൻ സഹസ്രാബ്‌ദങ്ങൾക്കുമുമ്പേ വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായിരുന്നു. ഏഴായിരം വർഷത്തിലധികം പഴക്കമുള്ള സംസ്‌കാരമാണ്‌ ഈ ചെറുരാജ്യത്തിന്റേത്‌. തലസ്ഥാനമായ ബെയ്‌റൂട്ടാകട്ടെ അറബിലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും. ലബനന്റെ തീരദേശ നഗരങ്ങളിലാണ്‌ പ്രാചീന ഫിനീഷ്യൻ സംസ്‌കാരം പിറവിയെടുത്തത്‌. പ്രണയത്തിന്റെ കവിയായി ലോകമാകെ വാഴ്‌ത്തുന്ന ഖലീൽ ജിബ്രാന്റെ ജന്മദേശമാണിവിടം. ജിബ്രാന്റെ  വിശ്വോത്തരകൃതി ‘പ്രവാചകൻ’ നൂറിലേറെ ഭാഷകളിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. 


 

അറബ്‌ ലോകത്തേക്കുള്ള യൂറോപ്പിന്റെ പാലം
മധ്യധരണ്യാഴിയുടെ തീരത്തുള്ള ലബനൻ യൂറോപ്പിലേക്കുള്ള അറബിലോകത്തിന്റെ കവാടവും അറബ്‌ ലോകത്തേക്കുള്ള യൂറോപ്പിന്റെ പാലവുമാണ്‌. ക്രൈസ്‌തവ–- ഇസ്ലാം മതവിഭാഗങ്ങൾ കൂടിക്കലർന്നുകിടക്കുന്ന ഇവിടെ 55 ശതമാനം മുസ്ലിങ്ങളും 45 ശതമാനം ക്രിസ്‌ത്യാനികളുമാണ്‌. എന്നാൽ, ജനസംഖ്യ 68 ലക്ഷംമാത്രം. 128 അംഗ പാർലമെന്റിൽ ക്രൈസ്‌തവർക്കും മുസ്ലിങ്ങൾക്കും 64 സീറ്റുവീതമുണ്ട്‌. പ്രസിഡന്റ്‌ മാരണൈറ്റ്‌ ക്രിസ്‌ത്യാനിയും പ്രധാനമന്ത്രി സുന്നി മുസ്ലിമും പാർലമെന്റ്‌ സ്‌പീക്കർ ഷിയാ മുസ്ലിമുമായിരിക്കും. ഫ്രഞ്ച്‌ കോളനി വാഴ്‌ചയിൽനിന്ന്‌ 1946 ലാണ്‌ ലബനൻ സ്വാതന്ത്ര്യം നേടിയത്‌. സുന്നി–- ഷിയ മുസ്ലിം വിഭാഗവും ക്രിസ്‌ത്യൻ വിഭാഗവുമാണ്‌ ജനസംഖ്യയിൽ മഹാഭൂരിപക്ഷവും. മറ്റൊരു ചെറിയ മതവിഭാഗമാണ്‌ ഡ്രൂസ്‌.

സംസ്കാരസമ്പന്നമായിരുന്ന ലബനന്റെ ആധുനിക ചരിത്രം യുദ്ധങ്ങളും കലാപങ്ങളും നിറഞ്ഞതാണ്‌. 1975 മുതൽ 90 വരെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം ലബനനെ ചെറുതായൊന്നുമല്ല ബാധിച്ചത്‌.1989ലെ തായ്ഫ് കരാറിനെത്തുടർന്നാണ്‌ ആഭ്യന്തരയുദ്ധം അവസാനിച്ചത്‌. ആഭ്യന്തരയുദ്ധം അവസാനിക്കുമ്പോൾ സിറിയയുടെ രക്ഷാകർതൃത്വത്തിലായി ആ രാജ്യം. പിഎൽഒയും ഇറാനും ഇസ്രയേലും തരാതരംപോലെ ലബനനിൽ സ്വാധീനമുറപ്പിച്ചിട്ടുണ്ട്‌. അഭയാർഥി പ്രവാഹത്താൽ ദുരിതംപേറുന്ന രാജ്യമാണ് ലബനൻ. 50 വർഷംകൊണ്ട്‌ നാലരലക്ഷം പലസ്തീൻ അഭയാർഥികളും പത്തുവർഷംകൊണ്ട്‌  11 ലക്ഷം സിറിയൻ അഭയാർഥികളും ലബനനിൽ എത്തിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. ദാരിദ്ര്യവും തൊഴിലില്ലായ്മയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ഗുരുതരമായ മാനുഷിക പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഭൂരിപക്ഷം അഭയാർഥികൾക്കും വീട്‌, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രാഥമികമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞവർഷം ലബനീസ്‌ പൗണ്ടിനുണ്ടായ വിലയിടിവ്‌ രാജ്യത്തിന്റെ സമ്പദ്‌രംഗം തകരാനിടയാക്കിയെന്നാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.


 

മധ്യേഷ്യയെ എന്നും സംഘർഷഭരിതമാക്കി നിലനിർത്തുകയും തങ്ങളുടെ മേധാവിത്വം നിലനിർത്തുകയുമെന്നത്‌ അമേരിക്കയുടെ ദീർഘകാലതന്ത്രമാണ്‌.  അതിന്റെ ഭാഗമാണ്‌ യുഎഇ–- ഇസ്രയേൽ കരാർ. ഇസ്രയേലിൽനിന്ന്‌ ആദ്യ വിമാനം ബുധനാഴ്‌ച  ബഹ്‌റൈനിൽ എത്തിയത്‌ വലിയ ആശങ്കയോടെയാണ്‌ ജനങ്ങൾ കാണുന്നത്‌. പലസ്‌തീനിലും അറബിമണ്ണിലും ഇസ്രയേലി അധിനിവേശം തുടരുന്നത്‌ അന്താരാഷ്‌ട്ര സമൂഹത്തിന്റെ, വിശിഷ്യ ഐക്യരാഷ്‌ട്രസഭയുടെ വിശ്വാസ്യതതന്നെ തകർക്കുന്നതാണെന്ന്‌ ഖത്തർ വ്യക്തമാക്കിയത്‌ ഈ പശ്‌ചാത്തലത്തിലാണ്‌. പലസ്‌തീൻ എന്ന രാജ്യത്തെ തകർക്കുകയും ഭാവിയിൽ ഇല്ലായ്‌മചെയ്യുകയുമാണ്‌ പാശ്‌ചാത്യ ശക്തികളുടെ ആത്യന്തിക ലക്ഷ്യം.1948ൽ പലസ്‌തീൻ എന്ന രാജ്യത്തെ വിഭജിക്കുമ്പോൾ, പലസ്‌തീൻ സമ്പൂർണ റിപ്പബ്ലിക്‌ ആയി ഐക്യരാഷ്‌ട്രസഭ തീരുമാനമെടുത്തിരുന്നു. അതിനെ അട്ടിമറിച്ചത്‌ അമേരിക്കയും കൂട്ടരുമാണ്‌. സ്വതന്ത്രരാജ്യമെന്ന പലസ്‌തീൻ ജനതയുടെ സ്വപ്‌നം ഇപ്പോഴും പൂവണിയാതെ അവശേഷിക്കുന്നതിനു കാരണവും ഇതുതന്നെയാണ്‌. തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കാത്ത രാജ്യങ്ങളിലെ സർക്കാരിനെ ഏതുവിധേനയും അട്ടിമറിക്കുക; പകരം തങ്ങളുടെ പാവസർക്കാരിനെ അവരോധിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയെന്നത്‌ പതിറ്റാണ്ടുകളായി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിനോദമാണ്‌. അത്‌ ലബനനിലും അവർ തുടങ്ങിക്കഴിഞ്ഞുവെന്നാണ്‌ ഓരോ സംഭവവികാസവും നമ്മെ ബോധ്യപ്പെടുത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top