17 October Thursday

തിരിച്ചുവരവിന്റെ രാഷ്ട്രീയം

എം വി ഗോവിന്ദൻUpdated: Tuesday Jul 2, 2019


പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് തീർത്തും അപ്രതീക്ഷിതമായ ഒരു പരാജയമാണ്. ഇടതുപക്ഷത്തിന്റെ സ്വതന്ത്രമായ ശക്തിക്കും രാഷ്ട്രീയ ഇടപെടൽ ശേഷിക്കും കുറവുവന്നിട്ടുണ്ട് എന്ന സൂചനയാണ് തെരഞ്ഞെടുപ്പുഫലം മുന്നോട്ടുവച്ചത്. എൽഡിഎഫിന്റെ വോട്ടുവിഹിതത്തിൽ വന്ന ഇടിവ് ഗൗരവമുള്ളതുതന്നെയാണ്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ ചോർച്ചയുണ്ടായി. അതൊക്കെ സംബന്ധിച്ച്  ആഴത്തിലുള്ള അവലോകനങ്ങൾ നടത്തുകയും തിരുത്തലുകൾ വരുത്തുകയും  ചെയ്യുന്ന സംഘടനാ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു.

സിപിഐ എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്: ""പാർടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവർത്തനവും വർധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടൽ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണം. 2015 ഡിസംബറിൽ ചേർന്ന കൊൽക്കത്ത പ്ലീനം  തീരുമാനങ്ങൾ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടക്കേണ്ടതാണ്. ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനത്തിന്റെ ആവശ്യം തുടർച്ചയായ പ്രമേയങ്ങൾ എടുത്തുകാണിച്ചിട്ടും  നടപ്പാക്കപ്പെട്ടിട്ടില്ല...'' ഇത്തരത്തിൽ ആഴമുള്ളതും സുതാര്യവുമായ വിലയിരുത്തലുകളും തുടർന്നുള്ള തിരുത്തൽ പ്രക്രിയകളുംവഴി മാത്രമേ നഷ്ടപ്പെട്ട ബഹുജനാടിത്തറ പാർടിക്ക് തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളു. അതിനുള്ള വഴികളും അവലോകനരേഖയിൽ സിപിഐ എം വ്യക്തമാക്കുന്നുണ്ട്:

""തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും കാർഷകത്തൊഴിലാളികളുടെയും നീറുന്ന പ്രശ്നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായ സമരങ്ങൾ നടത്തണം. ജനങ്ങൾക്കിടയിലേക്ക് ചെല്ലാൻ പാർടി നേതാക്കൾ മുന്നിട്ടിറങ്ങണം. തെരഞ്ഞെടുപ്പു പരിപാടികളിൽ പങ്കെടുത്തിട്ടുള്ള യുവാക്കളിൽ വലിയ വിഭാഗങ്ങളെ ബഹുജന സംഘടനകളിലേക്ക് ആകർഷിക്കണം. ഇടത് ശക്തികളുടെ ഐക്യം ശക്തിപ്പെടുത്തണം. കമ്യൂണിസ്റ്റ് പാർടികൾ തമ്മിൽ കൂടുതൽ ഏകോപനമുണ്ടാകണം. പ്രത്യയശാസ്ത്രപരമായ സംഘടിതപ്രചാരണം ശക്തിപ്പെടുത്തണം.  പാർടിയുടെ ദൈനംദിന പ്രവർത്തനത്തിൽ ആധുനിക വാർത്താവിനിമയ രീതികളെയും ഉപകരണങ്ങളെയും ഉൾക്കൊള്ളിക്കണം. പുതിയ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിൽ വിദ്യാർഥി സംഘടനയോടൊപ്പം ബുദ്ധിജീവികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിശാലമുന്നണി കെട്ടിപ്പടുക്കണം. വർധിച്ചുവരുന്ന തൊഴിലില്ലായ്മാ പ്രശ്നത്തിൽ പരിപാടികൾ സംഘടിപ്പിക്കണം. ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും സംസ്ഥാന സർക്കാരുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള പ്രചാരണങ്ങൾ പാർടി ശക്തിപ്പെടുത്തണം...'' അതായത് നിരാശാബാധിതരായി ഇരിക്കാതെ, കൂടുതൽ സമരസജ്ജരായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുക എന്നതുമാത്രമാണ് ഇപ്പോഴുള്ള താൽക്കാലികമായ തിരിച്ചടിയെ നേരിടാനുള്ള മാർഗം.

തെരഞ്ഞെടുപ്പുകളും ജനങ്ങളുടെ മനോഭാവവും
ലോക്സഭാ, നിയമസഭാ, തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ കേരളംപോലുള്ള ഒരു സംസ്ഥാനത്ത് ജനങ്ങൾ വച്ചുപുലർത്തുന്ന മനോഭാവം വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പുകളുടെ ചരിത്രം വിശകലനം ചെയ്യുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ, മുൻകാല ഫലങ്ങളിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്. ഇതിനുമുമ്പ് നടന്ന പതിനാറ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലിൽ മാത്രമാണ് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നത്. പന്ത്രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസ് മുന്നണിക്കാണ് മേൽക്കൈ ലഭിച്ചത്.

1957ൽ വിമോചനസമരത്തിനുശേഷം കമ്യൂണിസ്റ്റ് പാർടി ഇല്ലാതായി എന്ന് വ്യാഖ്യാനിച്ചവർ ഉണ്ടായിരുന്നു. ഇനി പാർടി അധികാരത്തിൽ വരില്ലെന്ന് അവർ പറഞ്ഞു. പക്ഷേ, പാർടി മുന്നേറി. 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർടിക്ക് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. പക്ഷേ, 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമാണ് അധികാരത്തിൽ വന്നത്. തുടർന്ന് 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്ന് സീറ്റു മാത്രമേ ലഭിച്ചുള്ളു. എന്നാൽ, 1987 ആയപ്പോഴേക്ക് 78 സീറ്റ് നിയമസഭയിൽ നേടിക്കൊണ്ടാണ് എൽഡിഎഫ് തിരിച്ചുവന്നത്. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കാണാനാകും.
നിയമസഭാ തെരഞ്ഞെടുപ്പ് വേളകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കേരളത്തിന്റെ അഭിവാഞ്ഛ ലോക്സഭാ തെരഞ്ഞെടുപ്പിൽ മിക്കവാറും പ്രതിഫലിക്കാറില്ല. കേന്ദ്രത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരില്ലെന്നുള്ള ജനങ്ങളുടെ ധാരണയും കേന്ദ്രഭരണത്തിലേക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വരുമെന്ന മാധ്യമങ്ങളുടെ പൊതുബോധസൃഷ്ടിയും വോട്ട് വിനിയോഗത്തിൽ പ്രതിഫലിക്കാറുണ്ട്. ഇത്തവണയും അതുണ്ടായി.

ഇടതുപക്ഷം തിരിച്ചുവരുന്നു
കേരളത്തിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് നഷ്ടപ്പെട്ടതിന് ബിജെപി ‐ കോൺഗ്രസ് ‐ മാധ്യമ കൂട്ടുകെട്ടിന്റെ തെറ്റിദ്ധാരണാ ജനകവും അവസരവാദപരവുമായ പ്രചാരണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ശബരിമലവിധിയെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും കോൺഗ്രസ് ‐ ബിജെപി പാർടികളുടെ നിലപാടുകളിലുള്ള മലക്കം മറിച്ചലും സ്ത്രീ പുരുഷ സമത്വമെന്ന കാഴ്ചപ്പാടിലൂന്നി യാഥാർഥ്യമാക്കിയ വനിതാമതിലിനുശേഷം രണ്ട്യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ യുഡിഎഫും ബിജെപിയും നല്ല നിലയിൽ രാഷ്ട്രീയമായി ഇടതുപക്ഷത്തിനെതിരായി ഉപയോഗപ്പെടുത്തിയതും പരമ്പരാഗത വോട്ടർമാർക്കിടയിൽ ചിലരുടെ അതൃപ്തി വളർത്താൻ സഹായകമായി. ആ പ്രചാരണങ്ങളുടെ നിജസ്ഥിതി തുറന്നുകാട്ടി, രാഷ്ട്രീയമായി മുതലെടുക്കാനുള്ള യുഡിഎഫ് ‐ ബിജെപി ശ്രമത്തെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് ഫലപ്രദമായി സാധിച്ചില്ല എന്നത് കണക്കുകളിൽനിന്ന് മനസ്സിലാക്കാനാകും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കലും വിശ്വാസികൾക്ക് എതിരായ നിലപാട് സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതി വിധി വരുന്നതിന് മുന്നേതന്നെ ശബരിമലയിലെ തീർഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 142 കോടിയുടെ ശബരിമല മാസ്റ്റർ പ്ലാനും റോഡ് വികസനത്തിനായി 200 കോടിരൂപയും മറ്റ് നിർമാണങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി 91.76 കോടിരൂപയും നീക്കിവച്ച സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. ശബരിമലയുടെ സമഗ്രവികസനത്തിനായി ഈ വർഷത്തെ ബജറ്റിൽ 739 കോടിരൂപയാണ് സർക്കാർ നീക്കിവച്ചത്. ഇതുകൂടാതെ ശബരിമലവികസനത്തിന് കിഫ്ബി വഴി നൽകുന്നത് 141.75 കോടിരൂപയാണ്.  വിശ്വാസികളോടൊപ്പം നിൽക്കുന്നതുകൊണ്ടാണ് അത്തരത്തിലുള്ള നിലപാട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സിപിഐ എം മതത്തിന് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള വലിയ ശ്രമവും ഈ തെരഞ്ഞെടുപ്പുവേളയിൽ ഉണ്ടായി. മതനിരാസമല്ല  മതനിരപേക്ഷതയാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാട്. പാർടി പരിപാടിയിൽതന്നെ അത് വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രത്തിന്റെ മതനിരപേക്ഷസ്വഭാവം ഉറപ്പുവരുത്തുമെന്നും ജനാധിപത്യ‐ മതനിരപേക്ഷ വീക്ഷണമുള്ള ഒരു പുതിയ പുരോഗമന ജനകീയ സംസ്കാരം വളർത്തിക്കൊണ്ടുവരുന്നതിനായി ജനകീയ ജനാധിപത്യ ഭരണകൂടവും ഗവൺമെന്റും ജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുമെന്നുമാണ് സിപിഐ എം പരിപാടിയിൽ പറയുന്നത്. അത് മതനിരാസമല്ല. പക്ഷേ, ഇത്തരം വസ്തുതകളെ അപ്രസക്തമാക്കുന്ന രീതിയിൽ ജനങ്ങളിൽ മിഥ്യാബോധം വളർത്താൻ മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫിനും ബിജെപിക്കും സാധിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉയർത്തിവിട്ട മറ്റൊരു പ്രചാരണമായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവും അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുമെന്നുള്ള പ്രചാരണവും. അതിലൂടെ ഇടതുപക്ഷത്തിന് സാധാരണനിലയിൽ ലഭിക്കുന്ന വോട്ടുകളിൽനിന്ന് ചോർച്ചയുണ്ടായി. ആ വോട്ടുകൾ പ്രധാനമായും യുഡിഎഫിനാണ് ലഭിച്ചത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോൽവി ഉറപ്പാക്കാൻ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബിജെപി അവരുടെ വോട്ടിന്റെ ഒരുഭാഗം യുഡിഎഫിന് ചെയ്തു. ഇത്തരം നിരവധി ഘടകങ്ങൾ യുഡിഎഫിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലുള്ള അതേ മനോഗതിയോടെയാണ് വോട്ടർമാർ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയും കണ്ടിരുന്നത് എങ്കിൽ ഇപ്പോൾ വന്ന ഫലം എൽഡിഎഫിന് പ്രതികൂലമാകുമായിരുന്നു. മുക്കാൽപങ്കിലേറെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ തോൽക്കണമായിരുന്നു

വ്യാജനിർമിതികളിലൂടെ ഉണ്ടാക്കിയെടുത്ത ഒരു ആശയതലത്തിലൂടെ വോട്ടർമാരിൽ തെറ്റിദ്ധാരണയുണ്ടാക്കി നേടിയ വോട്ട് നിലയെ, സിപിഐ എമ്മിനെതിരായുള്ളതും കോൺഗ്രസിന് അനുകൂലമായതുമായ സ്ഥായിയായ ഒരു രാഷ്ട്രീയാവസ്ഥയായി നിരീക്ഷിക്കുന്നത് ശരിയല്ല. നരേന്ദ്ര മോഡിയുടെ പരാജയം ഉറപ്പാക്കാനുള്ള ഒരു നാടിന്റെ മതനിരപേക്ഷബോധത്തെ വ്യാജപ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് വലതുപക്ഷ പാളയത്തിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങളുടെ സഹായത്തോടെ വലതുപക്ഷം താൽക്കാലിക വിജയം നേടി എന്നതാണ് യാഥാർഥ്യം.

കമ്യൂണിസ്റ്റ് വിരുദ്ധത കൊണ്ടുണ്ടായ പരാജയമാണ് കേരളത്തിലുണ്ടായതെന്ന് വരുത്തിത്തീർക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും മാധ്യമങ്ങളുടെയും തെരഞ്ഞെടുപ്പാനന്തര തീവ്രശ്രമം യാഥാർഥ്യത്തെ തമസ്കരിക്കുന്ന പൊതുബോധം സൃഷ്ടിക്കാനുള്ളതാണ്. അത് ഇടതുപക്ഷത്തിന്റെ തകരാത്ത അടിത്തറയെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുള്ളതുകൊണ്ടു കൂടിയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നില്ലെന്ന രാഷ്ട്രീയ നിരീക്ഷണത്തെ ശരിവയ്ക്കുന്നതുമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലുള്ള അതേ മനോഗതിയോടെയാണ് വോട്ടർമാർ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയും കണ്ടിരുന്നത് എങ്കിൽ ഇപ്പോൾ വന്ന ഫലം എൽഡിഎഫിന് പ്രതികൂലമാകുമായിരുന്നു. മുക്കാൽപങ്കിലേറെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ തോൽക്കണമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ആ വാർഡുകളിലെ വോട്ടിങ് നില അങ്ങനെയായിരുന്നു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി എൽഡിഎഫ് മറികടക്കുന്നതിന്റെ ദിശാസൂചകമാണ് ഈ തെരഞ്ഞെടുപ്പുവിധി. 2015ൽ തെരഞ്ഞെടുപ്പ് നടന്ന 44 വാർഡിൽ 23 ഇടത്ത് ജയിച്ച സ്ഥാനത്ത് 2019ൽ 22 വാർഡിൽ എൽഡിഎഫിന് ജയിക്കാനായി. 2015ൽനിന്ന് വ്യത്യസ്തമായി യുഡിഎഫ്–ബിജെപി–ബിഡിജെഎസ് അവിശുദ്ധസഖ്യത്തിലൂടെ കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ യുഡിഎഫ് വിജയം കരസ്ഥമാക്കി. ആ വിജയവും വരുംകാല രാഷ്ട്രീയ ബാന്ധവങ്ങളുടെ വിളംബരമായി കേരളം കാണേണ്ടതുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞ് വെറും 64 ദിവസം പിന്നിടുമ്പോഴേക്കും പുറത്തുവന്ന ഈ ജനവിധിയിലൂടെ ഇടതുപക്ഷം പ്രഖ്യാപിക്കുന്നത് ജനകീയാടിത്തറ തകർന്നില്ലെന്നതാണ്. ശബരിമല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ശബരിമലയുടെ പേരിൽ കലാപശ്രമം നടത്തിയ ബിജെപിക്ക് ഇവിടെ വെറും ഒമ്പത് വോട്ടാണ് ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് 591 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ വയനാട് മണ്ഡലത്തിലെ മാണ്ടാട് വാർഡിൽ എൽഡിഎഫ് വിജയിച്ചത് 177 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. രാഹുൽ ഗാന്ധിയുടെ അഭ്യർഥന വിതരണം ചെയ്ത് കോൺഗ്രസുകാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും എൽഡിഎഫ് ആ വാർഡ് പിടിച്ചെടുത്തു. ഇതൊക്കെ തെളിയിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം താൽക്കാലികമാണെന്ന സിപിഐ എം വിലയിരുത്തൽ ശരിയാണെന്നാണ്.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ രാഷ്ട്രീയമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വിജയത്തിലൂടെ കേരളം മനസ്സിലാക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ നഷ്ടമായ വോട്ട് വിഹിതം തിരിച്ചുപിടിക്കാനും കൂടുതൽ ജനവിഭാഗങ്ങളുടെ പാർടിയായി അടിത്തറ വിപുലപ്പെടുത്താനും സാധിക്കേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽനിന്ന് കരകയറുന്നതിന് സിപിഐ എം വിവിധ തലങ്ങളിൽ നടത്തിയ അവലോകനങ്ങളും അവയിലൂടെ കണ്ടെത്തിയ കാര്യകാരണങ്ങളും മനസ്സിലാക്കി ജനങ്ങളെ ഒപ്പം നിർത്താനുള്ള ശക്തമായ രാഷ്ട്രീയ ഇടപെടലുകൾക്ക് നാം നേതൃത്വം നൽകേണ്ടതുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top