21 May Tuesday

എൽഡിഎഫ് മുന്നിൽ

കോടിയേരി ബാലകൃഷ്ണൻUpdated: Friday Mar 15, 2019


ലോക്സഭാ തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളമൊരുങ്ങിക്കഴിഞ്ഞു. ഇവിടെ  മത്സരം മുഖ്യമായി എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സംസ്ഥാനത്ത് പൊതുവിൽ മുഖ്യ രാഷ്ട്രീയശക്തിയല്ല. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഇതരമുന്നണികളെ അപേക്ഷിച്ച് എൽഡിഎഫ് വളരെ മുന്നിലെത്തിയിരിക്കുകയാണ്. 20 ലോക്സഭാ മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ബിജെപി സർക്കാരിനെ പുറത്താക്കി മതനിരപേക്ഷ സർക്കാർ രൂപീകരിക്കണം
പത്ത് കക്ഷികൾ ചേർന്നതാണ് എൽഡിഎഫ്. അതിനു പുറമെ, മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളുമുണ്ട്. ഇവരുടെയെല്ലാം പൊതുസ്ഥാനാർഥികളായാണ് 20 പേരും രംഗത്തുള്ളത്. ഏതെങ്കിലും ഘടകകക്ഷികളെ പ്രതിനിധാനം ചെയ്യുന്നവരാണ് സ്ഥാനാർഥികളെങ്കിലും അവരെല്ലാം മുന്നണികളിലെ എല്ലാ കക്ഷികളുടെയും മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളുടെയും സ്വന്തം സ്ഥാനാർഥികളാണ്. എൽഡിഎഫ് നിശ്ചയിച്ച സ്ഥാനാർഥികൾ പൊതുവിൽ ട്രേഡ് യൂണിയൻ, കർഷക‐കർഷകത്തൊഴിലാളി‐ മഹിള‐ യുവജന‐ വിദ്യാർഥി തുടങ്ങിയ മുന്നണികളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്. എല്ലാ വർഗ ബഹുജന രംഗങ്ങളിലെയും പ്രാതിനിധ്യമുണ്ട്. മാധ്യമം‐ കലാ‐ സാംസ്കാരികം‐ ചലച്ചിത്രം തുടങ്ങിയ മേഖലകളിൽനിന്നുള്ളവരും സ്ഥാനാർഥികളാണ്. ഓരോ സ്ഥാനാർഥിയെയും നാട് ആവേശത്തോടെയും സ്നേഹത്തോടെയും ഏറ്റെടുത്തതിന്റെ ദൃശ്യമാണ് ലോക്സഭാ മണ്ഡലം കൺവൻഷനുകളിലെ ജനപങ്കാളിത്തം.

ഈ തെരഞ്ഞെടുപ്പിന് കേരളത്തിൽ ചില പ്രത്യേകതകളുണ്ട്. അത് ദേശീയമായും സംസ്ഥാനാടിസ്ഥാനത്തിലുമുള്ള ചില ഘടകങ്ങളാണ്. കേന്ദ്രത്തിൽ ബിജെപി സർക്കാരിനെ പുറത്താക്കി മതനിരപേക്ഷ സർക്കാർ രൂപീകരിക്കണമെങ്കിൽ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിക്കണം. 2004ൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ സാധിച്ചത് അതുകൊണ്ടാണ്. അന്ന് കേരളത്തിൽ 20ൽ 18ലും വിജയിപ്പിച്ചത് ഇടതുപക്ഷത്തെയാണ്. കോൺഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. എന്നാൽ, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെകൂടി അടിസ്ഥാനത്തിൽ ബിജെപിയെ അധികാര ഭ്രഷ്ടമാക്കാനും മതനിരപേക്ഷ സർക്കാർ രൂപീകരിക്കാനും കഴിഞ്ഞു. 2004ലെ ആ ചരിത്രം ഉയർന്ന രൂപത്തിൽ ആവർത്തിക്കാനുള്ള അവസരമായി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളഫലത്തെ മാറ്റണം.

എൽഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പിലാണ്. ഹിന്ദുത്വ വർഗീയ ഫാസിസത്തെ നേരിടുന്നതിലും ചെറുക്കുന്നതിലും നവഉദാരവൽക്കരണ സാമ്പത്തികനയത്തെ നിരാകരിക്കുന്നതിലും അചഞ്ചല നിലപാടുള്ളത് എൽഡിഎഫിനാണ്. എന്നാൽ, യുഡിഎഫ് വർഗീയശക്തികളോട് വിട്ടുവീഴ്ച ചെയ്യുകയും കോർപറേറ്റ് വൽക്കരണനയം സ്വീകരിക്കുകയും ചെയ്യുന്നു. യുഡിഎഫിനെയും ആ മുന്നണി നയിക്കുന്ന കോൺഗ്രസിനെയും ഹിന്ദുവർഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ വിശ്വസിക്കാനാകില്ല. ഇന്നത്തെ കോൺഗ്രസാണ് നാളത്തെ ബിജെപി. കണ്ണടച്ച് തുറക്കുംമുമ്പാണ് കോൺഗ്രസ് എംഎൽഎമാരും എംപിമാരും കാവിയുടുക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോൺഗ്രസിന്റെ ഇരുനൂറോളം എംഎൽഎമാരും എംപിമാരുമാണ് ബിജെപിയായത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് നേതൃയോഗം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ ചൊവ്വാഴ്ച ചേർന്ന വേളയിൽത്തന്നെ ഗുജറാത്തിലെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കാലുമാറി. എന്നാൽ, പണംകൊണ്ട് മൂടിയാലും അധികാര സോപാനങ്ങൾ നീട്ടിയാലും കാലിടറാത്തവർ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരായ ജനപ്രതിനിധികളാണ്.

കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഈ വർഗസ്വഭാവ വ്യത്യാസം ഈ രണ്ട് പാർടികളും നയിക്കുന്ന മുന്നണികളുടെ കെട്ടുറപ്പിലും രാഷ്ട്രീയത്തിലും കാണാം. അതുകൊണ്ടാണ് എൽഡിഎഫിന് കലാപരഹിതമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനും മുന്നണിയെന്ന നിലയിൽ യോജിച്ച് പ്രവർത്തിക്കുന്നതിനും കഴിയുന്നത്. എന്നാൽ, യുഡിഎഫും കോൺഗ്രസും ചരട് പൊട്ടിയ പട്ടംപോലെ ദിശയില്ലാതെ പറക്കുകയാണ്. കേരള കോൺഗ്രസി (എം)ന്റെ കോട്ടയത്തെ സ്ഥാനാർഥിയായി കെ എം മാണി ഒരാളെ പ്രഖ്യാപിച്ചപ്പോൾ, നേരത്തെതന്നെ സ്ഥാനാർഥിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ച മുതിർന്ന നേതാവ് പി ജെ ജോസഫ് അതൃപ്തി പരസ്യപ്പെടുത്തി. ആ പാർടിയിലെ ശക്തമായ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്താണ്. മാണിയുടെ സ്ഥാനാർഥിക്കെതിരെ കോൺഗ്രസിൽ കലാപമായി. കോട്ടയത്ത് ചേർന്ന കോൺഗ്രസ് യോഗം അലസിപ്പിരിഞ്ഞു. സീറ്റും സ്ഥാനാർഥിയും യുഡിഎഫിനെ സംഘർഷഭരിതമാക്കിയിരിക്കുന്നു. മറ്റൊരു വശത്ത് ബിജെപിക്കും സ്ഥാനാർഥികളെ യോജിച്ച് നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ കോൺഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികൾ സംഘടനാപരമായും രാഷ്ട്രീയമായും പ്രതിസന്ധിയിലാണ്.

പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിക്കണം
ആർഎസ്എസ് നയിച്ച ബിജെപിയുടെ അഞ്ചുവർഷത്തെ ഭരണവും എൽഡിഎഫിന്റെ മൂന്നുവർഷത്തെ ഭരണവും മുൻ യുഡിഎഫ് ഭരണവും താരതമ്യപ്പെടുത്തി വോട്ട് തീരുമാനമെടുക്കാനുള്ള അവസരമാണ് കരഗതമായിരിക്കുന്നത്. വോട്ടെടുപ്പ് ആയതോടെ വാഗ്ദാനങ്ങളുടെ പെരുമഴയായിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ കാലങ്ങളിൽ പ്രകടനപത്രികയിലൂടെയും അല്ലാതെയും ജനങ്ങളെ കബളിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിയും നരേന്ദ്രമോഡിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രമാത്രം നടപ്പാക്കി എന്നതിന്റെ കണക്കെടുപ്പ് നടത്തിയാൽ ജനവഞ്ചനയുടെ എവറസ്റ്റ് കയറിയവരാണ് മോഡിയും കൂട്ടരുമെന്ന് വ്യക്തമാകും.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അധികാരത്തിൽ വരുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്രത്തോളം നടപ്പാക്കിയെന്ന പരിശോധന നടത്തുന്ന ഔദ്യോഗിക സ്വാതന്ത്ര്യ സംവിധാനങ്ങൾ ഇന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ബിജെപിക്കും മോഡിക്കും കോൺഗ്രസിനും ജനങ്ങളെ വീണ്ടും അഭിമുഖീകരിക്കാൻ കഴിയാതെവരുമായിരുന്നു. എന്നാൽ, കേരളത്തിൽ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ. 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 1000 ദിന ഭരണത്തിൽ 1200 രൂപയായി. ക്ഷേമപെൻഷൻ കിട്ടുന്നവരുടെ എണ്ണം സംസ്ഥാനത്ത് 51 ലക്ഷമായി. നിയമന നിരോധനമില്ലാതാക്കി. സർക്കാർ സർവീസിൽ 1,56,000 പേരെ പിഎസ്സി മുഖാന്തരം നിയമിച്ചു. 20,000 പുതിയ തസ്തിക സൃഷ്ടിച്ചു. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി, ദേശീയപാത വികസനം എന്നിവ യാഥാർഥ്യമാക്കാൻ നടപടി സ്വീകരിച്ചു. പച്ചക്കറി ‐ നെൽക്കൃഷി ഉൽപ്പാദനം വർധിപ്പിച്ചു. പാലിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത നേടി. മാലിന്യം അടിഞ്ഞ നദികൾക്കും ചാലുകൾക്കും പുനർജനിയുണ്ടായി. 17,182 കീലോമീറ്റർ നദികളും തോടുകളും പുനർനിർമിച്ചു.

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഉച്ചയ്ക്കുശേഷവും ഒപി സംവിധാനം വന്നു. ഡോക്ടറെ കാണുംമുമ്പ് ഫ്രീ മെഡിക്കൽ ചെക്കപ്പിനും കൗൺസലിങ്ങിനുമുള്ള സൗകര്യമുണ്ടായി. രണ്ട് കൊല്ലത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിൽ 3,41,293 കുട്ടികൾ അധികമായെത്തി. നേഴ്സുമാരടക്കം 20ൽപ്പരം തൊഴിൽവിഭാഗങ്ങളുടെ മിനിമംവേതനം പരിഷ്കരിച്ചു. ഇതിന്റെയെല്ലാം ഫലമായി കേരളീയരുടെ ആയുർദൈർഘ്യം സ്വാഭാവികമായി കൂടുകയാണ്. മോഡി സർക്കാർ ജനങ്ങളെ കബളിപ്പിക്കുമ്പോൾ, പിണറായി സർക്കാർ ജനങ്ങൾക്കും നാടിനുമൊപ്പം നിലകൊള്ളുകയാണ്.

വാഗ്ദാനലംഘനം കാരണം ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട മോഡി ഭരണം ദേശരക്ഷയുടെയും മറ്റും പേരുപറഞ്ഞ് ഭരണ പരാജയം മറികടക്കാനുള്ള കൗശലത്തിലാണ്. കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കുനേരെയുണ്ടായ ഭീകരാക്രമണവും അതിന്റെ 12–ാം ദിവസം പാകിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻസേന നടത്തിയ വ്യോമാക്രമണവും തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കാനാണ് സംഘപരിവാർ പരിശ്രമിക്കുന്നത്. എന്തുകൊണ്ട് ദേവഗൗഡയും വി പി സിങ്ങും ഐ കെ ഗുജ്റാളുമെല്ലാം പ്രധാനമന്ത്രിമാരായിരുന്നപ്പോൾ കശ്മീർപ്രശ്നം ഇന്നത്തെപ്പോലെ സ്ഫോടനാത്മകമാകാതിരുന്നത്, എന്തുകൊണ്ട് അന്ന് പാകിസ്ഥാൻ‐ ഇന്ത്യ ബന്ധം ഇന്നത്തെപ്പോലെ വഷളായില്ല എന്നീ ചോദ്യങ്ങൾ ഇന്ത്യയിലെ അറിയപ്പെടുന്ന നയതന്ത്രജ്ഞന്മാർ ഉന്നയിക്കുന്നുണ്ട്. അത്തരം ചോദ്യമുയർത്തുന്നവർ ദേശവിരുദ്ധരല്ല. ഭീകരരെ ഒറ്റപ്പെടുത്തുന്നതിനൊപ്പം യുദ്ധഭ്രാന്ത് വളർത്താതിരിക്കുകയും വേണം. ഭരണപരാജയം ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാണ് യുദ്ധജ്വരം മോഡിയും കൂട്ടരും വളർത്താൻ ശ്രമിക്കുന്നത്. മോഡി തന്റേടമുള്ള ധീരനായ ഭരണാധികാരിയാണെന്നാണ് സൈബർ ലോകത്തിലൂടെ ഹിന്ദുത്വശക്തികൾ തെളിയിക്കുന്നത്. എന്നാൽ, കള്ളപ്പണക്കാരുടെയും തട്ടിപ്പുകാരുടെയും മുന്നിൽ കവാത്ത് മറക്കുന്നു നരേന്ദ്ര മോഡി.


എൽഡിഎഫിന്റെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ സിപിഐ എം പ്രവർത്തകരും വർഗബഹുജനസംഘടനാ പ്രവർത്തകരും എൽഡിഎഫിനെ സ്നേഹിക്കുന്നവരും അക്ഷീണമായി രംഗത്തിറങ്ങണം. അതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും സമീപിക്കാനും കാര്യങ്ങൾ വിശദമാക്കാനുമുള്ള ഉത്തരവാദിത്തം നിർവഹിക്കണം
 

ഞങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തുനിന്നുള്ള കള്ളപ്പണം പിടിച്ചെടുക്കാനും ഓരോ ഇന്ത്യൻ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നല്ലോ. പക്ഷേ, കള്ളപ്പണം കണ്ടുകെട്ടിയില്ലെന്നുമാത്രമല്ല, ബാങ്കുകളെ പറ്റിച്ച് രാജ്യസമ്പത്ത് കൊള്ളയടിച്ച് വിദേശത്ത് കടന്ന വിജയ് മല്യ, നീരവ് മോഡി തുടങ്ങിയവർക്ക് മോഡി ഭരണം തുണയായിരിക്കുകയാണ്. 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യയിൽനിന്ന് മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡി ലണ്ടനിൽ അത്യാഡംബര ജീവിതം നയിക്കുന്നത് ലണ്ടനിലെ ടെലിഗ്രാഫ് പത്രം പുറത്തുവിട്ടു. ലണ്ടനിൽ എട്ട് ദശലക്ഷം പൗണ്ടിന്റെ പുതിയ ആഡംബര വില്ല പണിയുകയാണ്. വജ്രവ്യാപാരവും ഈ തട്ടിപ്പുകാരൻ തകൃതിയായി നടത്തുന്നു. ടെലിഗ്രാഫിന്റെ പ്രതിനിധി കാണാൻ ചെല്ലുമ്പോൾ ഇദ്ദേഹം ധരിച്ചിരിക്കുന്ന കോട്ട് ഒമ്പത് ലക്ഷം രൂപയുടേതാണ്. ഇന്ത്യൻ സമ്പത്ത് കൊള്ളയടിച്ച് കടന്ന ഈ തട്ടിപ്പുകാരന് സ്വതന്ത്രവിഹാരം നടത്താനുള്ള ലൈസൻസാണ്  പ്രധാനമന്ത്രി മോഡി നൽകിയിരിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെ കരുത്തനായ ഭരണാധികാരിയെന്ന് വിളിക്കാൻ സാമാന്യബോധമുള്ള ഒരാളും തയ്യാറാകില്ല.

ഒരു നട്ടപ്പാതിരയ്ക്ക് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചപ്പോൾ മോഡി രാജ്യത്തോട് പറഞ്ഞത് ഇതിന്റെ ഗുണം 50 ദിവസത്തിനുള്ളിൽ കണ്ടില്ലെങ്കിൽ എന്നെ പച്ചയോടെ കത്തിക്കൂ എന്നാണ്. മന്ത്രിസഭയെ മറികടന്നും റിസർവ് ബാങ്കിനെ നിരാകരിച്ചും നടപ്പാക്കിയ മണ്ടൻ പരിഷ്കാരമായ നോട്ട് നിരോധനത്തിന്റെ ആഘാതത്തിലാണ് രാജ്യം ഇന്നും. ഇതിനെല്ലാം പുറമെയാണ് വർഗീയവിഷം കത്തിച്ചുള്ള ആൾക്കൂട്ട ‐ ഗോരക്ഷാ കൊലപാതകങ്ങൾ. ഭരണഘടനയെയും ഫെഡറലിസത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്ന മോഡിഭരണം അവസാനിപ്പിക്കേണ്ടത് ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ബിജെപി ഭരണം തൂത്തെറിയാനും പകരം മതനിരപേക്ഷ ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റാനും ഇടതുപക്ഷത്തിന്റെ കരുത്ത് പാർലമെന്റിൽ വർധിപ്പിക്കണം. അതിനുവേണ്ടി എൽഡിഎഫിന്റെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ സിപിഐ എം പ്രവർത്തകരും വർഗബഹുജനസംഘടനാ പ്രവർത്തകരും എൽഡിഎഫിനെ സ്നേഹിക്കുന്നവരും അക്ഷീണമായി രംഗത്തിറങ്ങണം. അതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും സമീപിക്കാനും കാര്യങ്ങൾ വിശദമാക്കാനുമുള്ള ഉത്തരവാദിത്തം നിർവഹിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top