21 September Saturday

അക്രമങ്ങളെ പ്രതിരോധിച്ച‌് ഇടതുമുന്നേറ്റം

ഗോപിUpdated: Friday May 17, 2019


ബംഗാളിൽ തെരഞ്ഞെടുപ്പ് അന്ത്യഘട്ടത്തിലേക്ക് കടക്കുമ്പോൾ നടക്കുന്ന വിശകലനത്തിൽ  ഇടതുമുന്നണി പ്രചാരണരംഗത്തും മറ്റും വൻമുന്നേറ്റമാണ‌് നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് എല്ലാ മണ്ഡലത്തിലും കാഴ‌്ചവച്ചത‌്. എന്നാൽ, ഇടതുമുന്നേറ്റം കണ്ടില്ലെന്ന‌് നടിക്കാനാണ് മിക്ക മാധ്യമങ്ങളും ശ്രമിച്ചത്. തൃണമൂലും ബിജെപിയും തമ്മിലുള്ള പോരാട്ടമായി വരുത്തിത്തീർക്കാനും അതുവഴി ഇടതുപക്ഷത്തെ നിഷ്‌ക്രിയമാക്കാനുമുള്ള വിഫലമായ ആ ശ്രമം ജനങ്ങൾ തള്ളിക്കളയുകയും  ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുകയും ചെയ‌്ത കാഴ‌്ചയാണ‌് നിഷ‌്പക്ഷമായി നോക്കുന്ന ആർക്കും കാണാൻ കഴിഞ്ഞത്. ആകെയുള്ള 42 സീറ്റിൽ 33 ഇടത്തെ വോട്ടെടുപ്പാണ് ഇതുവരെ കഴിഞ്ഞത്. ഏപ്രിൽ 11നു തുടങ്ങിയ വോട്ടെടുപ്പ് മെയ് 19നു ഒമ്പത‌് മണ്ഡലത്തിലെ വോട്ടെടുപ്പുകൂടി നടക്കുന്നതോടെ സമാപിക്കും.

തൃണമൂലിന്റെ നേതൃത്വത്തിൽ വ്യാപക അക്രമം
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്തവിധം ഏഴു ഘട്ടമായിട്ടാണ് ഇത്തവണ വോട്ടെടുപ്പ് ക്രമീകരിച്ചത്. തെരഞ്ഞെടുപ്പു കമീഷന്റെ ഈ തീരുമാനം മമത സർക്കാരിന് കനത്ത പ്രഹരമാണ് നൽകിയത്. നിലവിലെ  ക്രമസമാധാന നിലയുടെയും ജനാധിപത്യപ്രക്രിയ അട്ടിമറിക്കാൻ നടക്കുന്ന പ്രവർത്തനങ്ങളുടെയും പരിണതഫലമായാണ് നിരവധി ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത‌്. 2009ൽ മൂന്ന‌ു ഘട്ടമായും 2014ൽ അഞ്ച‌ു ഘട്ടമായിട്ടുമായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആറ് ഘട്ടമായിട്ടായിരുന്നു. അതിനുശേഷം സ്ഥിതി കൂടുതൽ മോശമാകുകയാണുണ്ടായത‌്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറ്റവും കൂടുതൽ അക്രമം അരങ്ങേറുന്ന സംസ്ഥാനമാണ് ബംഗാൾ. എല്ലാ ജനാധിപത്യമൂല്യങ്ങളും അട്ടിമറിച്ചുകൊണ്ട‌് വ്യാപകമായ അക്രമമാണ് ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ തൃണമൂൽ നടത്തുന്നത‌്. കഴിഞ്ഞവർഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരിടത്തും കേട്ടുകേൾവിപോലുമില്ലാത്തവിധം വൻതോതിലുള്ള  അക്രമമാണ് അരങ്ങേറിയത്. അക്രമത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ‌്തു.

ബംഗാളിൽ തെരഞ്ഞെടുപ്പ് സുതാര്യവും  അക്രമരഹിതവുമായി നടത്താൻ തെരഞ്ഞെടുപ്പു കമീഷൻ എടുത്ത നടപടികളൊന്നും പര്യാപ്തമല്ലെന്നാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടന്ന ആറു ഘട്ടവും തെളിയിച്ചത്. കൂടുതൽ കേന്ദ്രസേനയെ സുരക്ഷയ‌്ക്കായി നിയോഗിച്ചെങ്കിലും എല്ലാ ഘട്ടത്തിലും വ്യാപകമായ അക്രമവും ബൂത്തുപിടിത്തവും തൃണമൂൽ നടത്തി. പല സ്ഥലത്തും സ്ഥാനാർഥികൾ വരെ ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിൽ ഇതുവരെ അഞ്ച‌ുപേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്കുപറ്റി.

എന്തെല്ലാം നടപടികളെടുത്താലും അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് തൃണമൂൽ കൈക്കൊള്ളുന്നത‌്. അക്രമത്തിലൂടെയും ബൂത്തു കൈയേറ്റത്തിലൂടെയും പൂർണ വിജയം കൈവരിക്കുകയെന്നതാണ‌് തൃണമൂൽ നയം. എന്നാൽ, മുൻകാലങ്ങളിൽനിന്നും വ്യത്യസ‌്തമായി  ഇത്തവണ ശക്തമായ ചെറുത്തുനിൽപ്പാണ് തൃണമൂലിന് നേരിടേണ്ടിവന്നത‌്. നിരവധി സ്ഥലങ്ങളിൽ ജനങ്ങൾ സംഘടിതമായി അക്രമം ചെറുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ‌്തു. അക്രമം നേരിടുന്നതിന‌് ഇടതുമുന്നണി പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്. ജനങ്ങൾ സംഘടിതമായി ഇടതു പ്രവർത്തകരോടൊപ്പം അണിനിരന്നു. ഇത് വലിയൊരു മാറ്റമാണ് സൂചിപ്പിക്കുന്നത‌്. 

പുത്തൻ ഉണർവ‌് സൃഷ്ടിച്ചു
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻതന്നെ ഇടതുമുന്നണി  സംസ്ഥാനത്തൊട്ടാകെ പ്രചാരണത്തിൽ സജീവമായി. സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചതോടെ  പ്രവർത്തനത്തിന് ആക്കംകൂടി. ഓരോ ഘട്ട വോട്ടെടുപ്പ് കഴിയുംതോറും പേരായ‌്മകൾ പരിഹരിച്ച് മുന്നേറുന്ന കാഴ്ചയാണ് ദർശിച്ചത്. വൻ റാലികളും പെതുയോഗങ്ങളും സംഘടിപ്പിക്കുന്നതിന‌ു പകരം മുഖ്യമായും  സ്ഥാനാർഥികളും പ്രവർത്തകരും വോട്ടർമാരെ പരമാവധി നേരിട്ട‌ു കാണുകയും കുടുംബയോഗങ്ങളും ചെറുയോഗങ്ങളും സംഘടിപ്പിക്കുകയുമാണ‌് ചെയ‌്തത‌്. അതുവഴി ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകാൻ സാധിച്ചു. ചിട്ടയായ പ്രവർത്തനമാണ് എല്ലായിടത്തും  നടന്നത‌്.  തൃണമൂലിന്റെ ജനാധിപത്യവിരുദ്ധ അക്രമനടപടികളും  അഴിമതിയും  ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന ബിജെപിയുടെ വർഗീയ നയങ്ങളും തുറന്നുകാട്ടാൻ കഴിഞ്ഞു. ജനകീയ അവകാശങ്ങൾ സംരക്ഷിക്കാനും നേടിയെടുക്കാനും ഇടതുപക്ഷം കൂടുതൽ ശക്തിയാർജിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തി.  ഇതെല്ലാം ഒരു പുത്തൻ ഉണർവ് സൃഷ്ടിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന ഏരിയകളിലും തൃണമൂൽ അക്രമംമൂലം കടന്നുചെല്ലാൻ കഴിയാതിരുന്ന പ്രദേശങ്ങളിലുംവരെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞു. പുതിയ പ്രതീക്ഷയാണ് ഇവ നൽകുന്നത‌്.

ദേശീയ രാഷ്ട്രീയ പരിപാടികളും സംസ്ഥാന വികസന അജൻഡയും ഉന്നയിച്ചുകൊണ്ടാണ് ഇടതുമുന്നണി  പ്രചാരണം സംഘടിപ്പിച്ചത്. കേന്ദ്രത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ചെലുത്താൻ കഴിയുന്ന ഗവൺമെന്റുണ്ടായെങ്കിൽ മാത്രമേ രാജ്യത്തിന്റെ മതേതര ജനാധിപത്യ അടിത്തറ സംരക്ഷിക്കാനും ജനോപകാരപ്രദമായ കാര്യങ്ങൾ നടപ്പാക്കാനും കഴിയൂവെന്ന സന്ദേശത്തിനാണ‌് പ്രചാരണത്തിൽ ഊന്നൽ നൽകിയത്. തൃണമൂലിന്റെ  വിധ്വംസക വികസനവിരുദ്ധ അക്രമ രാഷ്ട്രീയത്തെയും തുറന്നുകാട്ടി. ബംഗാളിനെ രക്ഷിക്കാൻ തൃണമൂലിനെ തകർക്കുക, രാജ്യത്തെ രക്ഷിക്കാൻ ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ‌് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം .

വ്യത്യസ‌്തമായ നിലപാടാണ്  മാധ്യമങ്ങളും  ഇത്തവണ സ്വീകരിച്ചത്. ഇടതുമുന്നണിയെ തകർക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെ  ബിജെപിക്ക‌് അമിത പ്രാധാന്യം നൽകി. ബിജെപി പ്രചാരണം നല്ലൊരു പരിധിവരെ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

42 സീറ്റിൽ 40 ഇടത്താണ് ഇടതുമുന്നണി സ്ഥാനാർഥികളെ നിർത്തിയത്. ജനാധിപത്യ മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസുമായി സീറ്റ് നീക്കുപോക്കിന് ഇടതുമുന്നണി തയ്യാറായെങ്കിലും കോൺഗ്രസിന്റെ അയവില്ലാത്ത നിലപാടുമൂലം അത് നടന്നില്ല. അതിനാൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ചതുഷ്‌ക്കോണ മത്സരമാണ് നടന്നത‌്. കഴിഞ്ഞതവണ കോൺഗ്രസ് ജയിച്ച ബഹരാമ്പൂർ, ദക്ഷിണ മാൾദ എന്നിവിടങ്ങളിൽ ഇടതുമുന്നണി അവരെ പിന്താങ്ങി. മിക്കയിടത്തും ഇടതുമുന്നണിയും തൃണമൂലും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും ഏതാനും സീറ്റുകളിൽ ബിജെപിയും ശക്തമായ പ്രകടനം  കാഴ്ചവച്ചു. വർഗീയവികാരം ഇളക്കിവിട്ടുള്ള പ്രചാരണമാണ് അവർ നടത്തിയത്. ഇടതുമുന്നണിക്കെതിരെ പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണ് പലയിടത്തും തൃണമൂൽ സ്വീകരിച്ചത്. നയത്തിൽ വലിയ വ്യത്യാസമില്ലാത്ത  തൃണമൂലും ബിജെപിയും വർഗീയ വികാരം സൃഷ്ടിച്ച് നടത്തിയ പ്രചാരണം പരസ്പര സഹായമാണ് സൃഷ്ടിച്ചത്. മുമ്പൊരിക്കലും ബംഗാൾ ദർശിച്ചിട്ടില്ലാത്ത  വർഗീയ വിഷമാണ് ഇത്തവണ ചീറ്റിയത്.

വ്യത്യസ‌്തമായ നിലപാടാണ്  മാധ്യമങ്ങളും  ഇത്തവണ സ്വീകരിച്ചത്. ഇടതുമുന്നണിയെ തകർക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെ  ബിജെപിക്ക‌് അമിത പ്രാധാന്യം നൽകി. ബിജെപി പ്രചാരണം നല്ലൊരു പരിധിവരെ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തൃണമൂലിന് ബദൽ ബിജെപിയാണെന്ന‌് വരുത്തിത്തീർക്കാനുള്ള ബദ്ധപ്പാടാണ് അവർ നടത്തിയത്.  അതിനായി ആദ്യഘട്ടങ്ങളിൽ ഇടതുമുന്നണിയെ പൂർണമായി അവഗണിച്ചു. അവരുടെ മുന്നേറ്റം  കണ്ടില്ലെന്ന‌ു നടിച്ചു. പ്രാദേശിക മാധ്യമങ്ങൾ മാത്രമല്ല, ദേശീയ മാധ്യമങ്ങളും ഇതിനായി  സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ബിജെപിക്ക‌്  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നഷ്ടപ്പെടുന്നത് ബംഗാളിൽ നേടുമെന്ന വ്യാമോഹം  സൃഷ്ടിച്ചു. ബിജെപി ആസൂത്രിതമായി നടത്തിയ പദ്ധതിയാണ് ഇത്. മാധ്യമപ്രവർത്തകരെ അതിനായി ഇവിടെ  കൊണ്ടുവന്ന‌് ക്യാമ്പ് ചെയ്യിച്ചു. ആദ്യം വളരെ പിന്നിലായിരുന്ന ബിജെപി മീഡിയ സഹായത്തിലൂടെ മുന്നിലെത്തിയതായി വരുത്തി. തൃണമൂൽ അക്രമം നേരിടാൻ സിപിഐ എം ബിജെപിയെ സഹായിക്കുകയാണെന്ന കള്ളപ്രചാരണവും ചില മാധ്യമങ്ങൾ നടത്തി.  പ്രചാരണം  മുറുകുംതോറും ആദ്യം ഇടതുമുന്നണിയെ ഗൗനിക്കാതെ തള്ളിക്കളഞ്ഞ മാധ്യമങ്ങൾക്കും രാഷ്ട്രീയ നിരീക്ഷകർക്കും ഓരോ ഘട്ടത്തിലും തങ്ങളുടെ നിലപാട് തിരുത്തേണ്ടിവന്നു.
ബംഗാളിൽ  ഇടതുപക്ഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ‌് ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമാകുന്നത‌്.


പ്രധാന വാർത്തകൾ
 Top