22 March Friday

അന്തിചർച്ചക്കാരേ ഇതാ മറുപടി

എം രഘുനാഥ്‌Updated: Friday Jun 1, 2018സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്നതിതാണ‌്‐ജനങ്ങളാണ‌് വിധികർത്താക്കൾ. അതെ, ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ചകളിലും മറ്റ‌് ചർച്ചകളിലും കോട്ടുമണിഞ്ഞ‌് കയറിയിരുന്ന‌് ‘വിധി’ പ്രസ‌്താവിക്കുന്ന ‘കിണറ്റിലെ തവളകൾ’ അല്ല, ഈ നാട്ടിലെ ജനങ്ങളാണ‌് യഥാർഥ വിധികർത്താക്കളെന്ന‌് ഓർമിപ്പിക്കുന്നതാണ‌് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌് ഫലം.

ചർച്ചകളിൽ പങ്കെടുക്കുന്ന പൊതുപ്രവർത്തകരെ പരിഹസിച്ചും അവഹേളിച്ചും സംസാരിക്കാൻ അനുവദിക്കാതെയും ഏകപക്ഷീയമായി വിചാരണ നടത്തുകയും വിധി പ്രസ‌്താവിക്കുകയും ചെയ്യുന്ന എല്ലാ ദൃശ്യമാധ്യമപ്രവർത്തകർക്കുമുള്ള മുന്നറിയിപ്പാണ‌് ചെങ്ങന്നൂർ. അവർക്ക‌ുമാത്രമല്ല, യുഡിഎഫിന‌ും ബിജെപിക്കുംവേണ്ടി നുണകളുടെ നെടുങ്കോട്ടകൾ സൃഷ്ടിക്കുന്ന മനോരമാദി വലതുപക്ഷ പത്രങ്ങളോടും ചെങ്ങന്നൂരിലെ ജനങ്ങൾ പറയുന്നു‐ നിങ്ങൾ പറയുന്നത‌് കേട്ടല്ല കേരളത്തിലെ  ജനങ്ങൾ തീരുമാനങ്ങളെടുക്കുന്നതെന്ന‌്.

  2016 മെയ‌് 25ന‌് എൽഡിഎഫ‌്സർക്കാർ അധികാരമേറ്റത‌ുമുതൽ സംസ്ഥാന സർക്കാരിനും എൽഡിഎഫിനും പ്രത്യേകിച്ച‌് സിപിഐ എമ്മിനുമെതിരെ അഴിച്ചുവിട്ട കള്ളക്കഥകൾക്ക‌് കൈയും കണക്കുമില്ല. സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ‐ വികസന പ്രവർത്തങ്ങളെ പൂർണമായും കണ്ടില്ലെന്ന‌് നടിച്ചായിരുന്നു യുഡിഎഫ‌‐ ബിജെപി താൽപ്പര്യങ്ങൾക്ക‌് ഒത്താശ ചെയ‌്ത‌് നുണകളുടെ പെരുമഴ സൃഷ്ടിച്ചത‌്. ഇത്തരം നുണകൾ എണ്ണിയെണ്ണിപ്പറയാനുണ്ട‌്. ഓഖി ദുരന്തംതൊട്ട‌് ഏറ്റവുമൊടുവിൽ കോട്ടയത്ത‌് കെവിൻ എന്ന യുവാവിന്റെ ദാരുണമായ കൊലപാതകംവരെ കള്ളക്കഥകൾക്കുള്ള ആയുധമാക്കി.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായിരുന്നു ഓഖി ദുരന്തം. ദുരന്തത്തിന്റെ സൂചന കിട്ടിയപ്പോൾമുതൽ സംസ്ഥാന സർക്കാർ ഉണർന്ന‌് പ്രവർത്തിച്ചു.

അന്ന‌ുതൊട്ട‌് ഇന്ന‌ുവരെ നടത്തിയ ഓരോ പ്രവർത്തനവും രാജ്യത്തിനാകെ മാതൃകയായിരുന്നു. എന്നാൽ, കേന്ദ്രം മുന്നറിയിപ്പ‌് നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടി എടുക്കാൻ വൈകിയെന്ന നുണ ഒരു കേന്ദ്രത്തിൽനിന്ന‌് സൃഷ്ടിച്ചു. തുടർന്ന‌് അതിൽക്കയറിപ്പിടിച്ച‌് സർക്കാരിനെതിരെ ഇടതടവില്ലാത്ത പ്രചാരണം. എന്നാൽ, കേന്ദ്ര സർക്കാർതന്നെ വ്യക്തമാക്കി, മുന്നറിയിപ്പ‌് നൽകുന്നതിൽ അവർക്കാണ‌് വീഴ‌്ചപറ്റിയതെന്ന‌്. 

ഇത്തരം കഥകൾ ഒന്നും ചെങ്ങന്നൂരിൽ ഏശാതായപ്പോഴാണ‌് വോട്ടെടുപ്പ‌ു ദിവസം സംഘടിതമായ കടന്നാക്രമണമുണ്ടായത‌്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ‌് വോട്ടെടുപ്പ‌ു ദിവസം കാണിച്ച അതേ കോലാഹലമായിരുന്നു ഈ ദൃശ്യമാധ്യമങ്ങളെല്ലാം നടത്തിയത‌്.

കോട്ടയം ഗാന്ധിനഗർ പൊലീസ‌് സ‌്റ്റേഷനിലെ ചില പൊലീസുകാർ കാണിച്ച ഗുരുതരമായ കൃത്യവിലോപത്തെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ഈ മാധ്യമങ്ങൾ ബോധപൂർവം കൂട്ടിക്കുഴച്ചു. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി അവഹേളിക്കാൻപോലും മടികാണിച്ചില്ല. സംസ്ഥാന ഭരണത്തലവനെപ്പോലും തികഞ്ഞ ധാർഷ്ട്യത്തോടെ അവഹേളിക്കാൻ കാട്ടിയ ആ ധൈര്യത്തിന‌ു പിന്നിലും യുഡിഎഫിലെയും ബിജെപിയിലെയും ചില  ഗൂഢശക്തികളാണ‌്. ബിജെപിക്കാരനായ രാജ്യസഭാംഗത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ചാനലും നിഷ‌്പക്ഷ വേഷംകെട്ടിയാണ‌് ഇതെല്ലാം കാട്ടിക്കൂട്ടുന്നത‌്. 

ഇത്തരം പരാക്രമങ്ങൾക്കൊന്നും പൊതുസമൂഹവും ജനങ്ങളാകെയും ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന‌ുമാത്രമല്ല, ജൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുകയാണെന്ന‌് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ‌ുപോലെ  ഈ ഉപതെരഞ്ഞെടുപ്പും സാക്ഷ്യപ്പെടുത്തുന്നു.

ചെങ്ങന്നൂരിൽ മൂന്ന‌് വിഷയമാണ‌് പ്രധാനമായും എൽഡിഎഫ‌് മുന്നോട്ടുവച്ചത‌്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പരാജയപ്പെടുത്തുക, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ‐ വികസന പ്രവർത്തനങ്ങൾക്കും ബദൽ നയങ്ങൾക്കും  പിന്തുണ നൽകുക, വർഗീയതയ‌്ക്കും ജാതീയതയ‌്ക്കുമെതിരായ സന്ധിയില്ലാത്ത സമരങ്ങളിലൂടെ മതനിരപേക്ഷത ഉൗട്ടിയുറപ്പിക്കുന്ന എൽഡിഎഫിന്റെ രാഷ്ട്രീയനിലപാടുകൾക്കൊപ്പം നിൽക്കുക.

ഈ മൂന്ന‌് വിഷയവും ചെങ്ങന്നൂരിലെ വോട്ടർമാരാകെ നെഞ്ചേറ്റി സ്വീകരിച്ചു. പരമ്പാരഗതമായി യുഡിഎഫിനെ പിന്തുണച്ച ചെങ്ങന്നൂർ നഗരസഭയിലും പഞ്ചായത്തുകളിലുമാകെ  ഏകപക്ഷീയമായ വിജയമാണ‌് എൽഡിഎഫ‌് നേടിയത‌്.
 ഈ വിജയം കേരള ജനതയുടെയാകെ ആഗ്രഹസാഫല്യത്തിന്റെ പ്രതീകമാണ‌്. ചെങ്ങന്നൂർ ഒരു നാഴികക്കല്ലാവുകയാണ‌് കേരള രാഷ്ട്രീയത്തിൽ. കേന്ദ്രഭരണത്തിന്റെ മറവിൽ കേരളത്തിൽ  ചേക്കേറാൻ വർഗീയശക്തികൾക്ക‌് ഇനി ഒരിക്കലും സാധ്യമല്ലെന്ന‌്  വോട്ടർമാർ പറയുന്നു.

രാഷ്ട്രീയത്തെ മലീമസവും അഴിമതിയുടെ കേന്ദ്രമാക്കുകയും വർഗീയതയുടെയും ജാതീയതയുടെയും കെട്ടരാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന യുഡിഎഫിന‌് ഇനി കേരളത്തിൽ ഭാവിയില്ല. അതോടൊപ്പം മാധ്യമങ്ങൾക്കുമുള്ള മറുപടിയാണ‌്‐അജൻഡവച്ചുള്ള നാണംകെട്ട രാഷ്ട്രീയക്കളിയിൽ തകരുന്നത‌് നിങ്ങളുടെ വിശ്വാസ്യതയാണ‌്. നിഷ‌്പക്ഷതയുടെ മുഖംമൂടി അണിഞ്ഞുള്ള ഈ വലതുപക്ഷ നുണപ്രചാരണം പ്രബുദ്ധ കേരളത്തിൽ വിലപ്പോകില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top