23 January Thursday

നിയമഭേദഗതികൾ അപകടകരം

പ്രകാശ് കാരാട്ട്‌Updated: Thursday Aug 1, 2019

നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്ന ഭേദഗതിനിയമം(യുഎപിഎ) ഏതർഥത്തിലും അപകടകരമായ നിയമമാണ്. ലോക്‌സഭ പാസാക്കിയ യുഎപിഎ ഭേദഗതി ബിൽ രാജ്യസഭയുടെ അംഗീകാരംകൂടി ലഭിച്ചാൽ നിയമമാകും. ദേശീയ അന്വേഷണ ഏജൻസി ഭേദഗതി ബിൽ ഇതിനകം തന്നെ പാർലമെന്റ് അംഗീകരിച്ചുകഴിഞ്ഞു. അതോടൊപ്പം ഇപ്പോൾ യുഎപിഎ ഭേദഗതി ബില്ലിനും പാർലമെന്റ് അംഗീകാരം നൽകുന്നതോടെ ഈ നിയമങ്ങൾ കൂടുതൽ കർക്കശമായ സ്വഭാവമുള്ളവ ആകുകയാണ്. ഭീകരവാദത്തെ ചെറുത്ത് തോൽപ്പിക്കാനെന്ന പേരിലാണിത്. ഈ നിയമനിർമാണങ്ങൾ പൗരന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും ഫെഡറലിസത്തിനും എതിരെയുള്ള കടന്നാക്രമണമാണ്.

യുഎപിഎക്ക് പ്രധാനമായും മൂന്ന് ഭേദഗതികളാണ് വരുത്തുന്നത്.
ഒന്നാമതായി എൻഐഎ അന്വേഷിക്കുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടാനും അത് പിടിച്ചെടുക്കാനും അനുമതി നൽകുന്നതിനുള്ള അധികാരം ഏജൻസിയുടെ ഡയറക്ടർ ജനറലിന് നൽകുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ മുൻകൂട്ടിയുള്ള അനുമതി വേണമെന്ന നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതിക്ക് വിധേയമാകുന്നത്. ഇത് സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. കാരണം പൊലീസും ക്രമസമാധാനവും സംസ്ഥാനവിഷയമാണ്. 

ഒരു വ്യക്തിയെ ‘ഭീകരവാദി'യായി പ്രഖ്യാപിക്കാൻ ഗവൺമെന്റിന് അധികാരം നൽകുന്ന രണ്ടാമത്തെ ഭേദഗതിയാകട്ടെ ഏറെ ദുരുപയോഗിക്കാൻ സാധ്യതയുള്ളതാണ്. നിലവിലുള്ള നിയമപ്രകാരം ഒരു സംഘടനയെയോ സ്ഥാപനത്തെയോമാത്രമേ ഭീകരവാദിയായി മുദ്രകുത്താനാകൂ. ഈ ഭേദഗതിയോടെ ആഭ്യന്തരമന്ത്രാലയത്തിന് ഒരു വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാം. നിലവിലുള്ള നിയമത്തിൽ ത്തന്നെ ഭീകരവാദസംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന, ഭീകരവാദപ്രവർത്തനങ്ങളെ സഹായിക്കുന്ന വ്യക്തികളെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വ്യവസ്ഥകളുണ്ട്. പിന്നെ, എന്തിനാണ് ഒരു വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള അധികാരം ഗവൺമെന്റിന് നൽകുന്നത്? വ്യക്തമായ നടപടിക്രമങ്ങളൊന്നുംതന്നെ ഇങ്ങനെ ചെയ്യുന്നതിന് ഇല്ലതാനും. കോടതികളല്ല ഇവിടെ ശിക്ഷ വിധിക്കുന്നത്. എല്ലാ തെളിവുകളും പരിശോധിച്ച് ശിക്ഷ വിധിക്കുന്ന രീതിയല്ല ഇവിടെ അവലംബിക്കുന്നത്.

ഒരു വ്യക്തിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ സമൂഹത്തിന്റെ മുമ്പിൽ അവമതിക്കപ്പെടുന്നുവെന്ന് മാത്രമല്ല തൊഴിൽ നഷ്ടം, സാമൂഹ്യമായ ബഹിഷ്‌കരണം ഉൾപ്പെടെയുള്ള സാമൂഹ്യമായ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും. സർക്കാരിനെ എതിർക്കുകയോ ചോദ്യംചെയ്യുകയോ ചെയ്യുന്ന, വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ഏതൊരാളെയും അടിച്ചമർത്തുന്നതിന് സർക്കാരിന്റെ കൈവശമുള്ള  ആയുധമായി ഈ നിയമം മാറും.

ലോക്‌സഭയിൽ ബിൽ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം ഈ നിയമം കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്തെന്ന്‌ വ്യക്തമാക്കുന്നുണ്ട്.  ‘‘ഭീകരവാദ സാഹിത്യങ്ങളും ഭീകരവാദസിദ്ധാന്തങ്ങളും യുവജനങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്നുണ്ട്. തോക്കുകളല്ല ഭീകരവാദികളുടെ എണ്ണം വർധിപ്പിക്കുന്നത്. ഭീകരവാദത്തിന്റെ അടിത്തറ അവരുടെ പ്രചാരണമാണ്.’’ അമിത് ഷാ പറഞ്ഞു. 

ഇതിൽ അമിത് ഷാ പരമാർശിക്കുന്ന ‘ഭീകരവാദ സാഹിത്യം' ‘ഭീകരവാദ സിദ്ധാന്തം' എന്നത് സർക്കാരിനെ ചോദ്യംചെയ്യുന്ന സാഹിത്യമാണ് എന്ന് വ്യാഖ്യാനിക്കപ്പെടാം.  കുറച്ചു വർഷങ്ങൾക്കുമുമ്പ് കുപ്രസിദ്ധമായ ഒരു കേസിൽ ഒരു വ്യക്തിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാൻ ഹാജരാക്കിയ തെളിവ് അദ്ദേഹത്തിന്റെ കൈവശം ഭഗത് സിങ്ങിന്റെ ജീവചരിത്രം ഉണ്ടായിരുന്നുവെന്നതായിരുന്നു.  അമിത് ഷായുടെ നിർവചനമനുസരിച്ച് മാർക്‌സിസ്റ്റ്‌ സാഹിത്യം കൈവശമുള്ള ഏതൊരു ട്രേഡ്‌ യൂണിയൻ പ്രവർത്തകനും ഇടതുപക്ഷ ലഘുലേഖകൾ വിതരണംചെയ്യുന്ന രാഷ്ട്രീയപ്രവർത്തകനും ഭീകരവാദിയാണെന്ന് മുദ്രകുത്തപ്പെടാം.

അമിത് ഷാ ലോക്‌സഭയിൽ ഇത്രയുംകൂടി പറഞ്ഞു:  ‘‘അർബൻ മാവോയിസ്റ്റുകൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെയും വെറുതെ വിടില്ല.’’ പൊതുപ്രവർത്തകയായ സുധ ഭരദ്വാജിനും മറ്റുമെതിരെ യുഎപിഎ എങ്ങനെയാണ് ഉപയോഗിച്ചത് എന്ന് നാം കണ്ടതാണ്. പുതിയ ഭേദഗതിയോടെ അത്തരം വ്യക്തികളെ എളുപ്പത്തിൽ ഭീകരവാദികളായി ഗവൺമെന്റിന് മുദ്ര കുത്താം.മൂന്നാമത്തെ ഭേദഗതി ഭീകരവാദ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ നിലവാരത്തിൽ മാറ്റം വരുത്തുന്നതാണ്. നിലവിലുള്ള നിയമമനുസരിച്ച് എൻഐഎയിലെ ഒരു ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസ് നിലവാരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത്.  എന്നാൽ, ഭേദഗതി പ്രകാരം എൻഐഎയിലെ ഒരു ഇൻസ്‌പെക്ടറാണ്‌ ഇത്തരം കേസുകളിൽ അന്വേഷണം നടത്തേണ്ടത്. വർധിച്ചുവരുന്ന കേസുകൾ കൈകകാര്യംചെയ്യാനാവശ്യമായ ഡിവൈഎസ്‌പിമാർ എൻഐഎയിൽ ഇല്ലെന്ന വാദം ഉയർത്തിയാണ് ഈ ഭേദഗതി. ഇൻസ്‌പെക്ടർമാരെ ഈ ജോലിക്ക് ചുമതലപ്പെടുത്തിയാൽ ദുരുപയോഗത്തിനുള്ള സാധ്യത വർധിക്കും.

മാത്രമല്ല, എൻഐഎ നിയമത്തിനുള്ള ഭേദഗതി ഏജൻസിയുടെ അധികാരങ്ങൾ ശക്തിപ്പെടുത്തുക മാത്രമല്ല വിപുലമാക്കുകയും ചെയ്യും.  ഇതുവരെ സംസ്ഥാന പൊലീസിന്റെ കീഴിലായിരുന്ന സൈബർ കുറ്റകൃത്യങ്ങൾ, വ്യാജ കറൻസി, നിരോധിച്ച ആയുധങ്ങളുടെ നിർമാണവും വിൽപ്പനയും സംബന്ധിച്ച കേസുകൾ എന്നിവ ഇനിമുതൽ എൻഐഎയുടെ പരിധിയിൽ വരും.  സംസ്ഥാന സർക്കാരുകളുടെയും സംസ്ഥാന പൊലീസിന്റെയും അധികാരങ്ങൾ കൈക്കലാക്കി എൻഐഎ ഒരു സൂപ്പർ കേന്ദ്ര ഏജൻസിയായി മാറുകയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2008 ഡിസംബറിൽ യുഎപിഎയിൽ യുപിഎ സർക്കാർ ഭേദഗതി കൊണ്ടുവന്നപ്പോൾ പോട്ട നിയമത്തിലെ ചില കർക്കശമായ വ്യവസ്ഥകൾ തിരിച്ചുകൊണ്ടുവന്നിരുന്നു.  ഉദാഹരണത്തിന് ജാമ്യമില്ലാതെ തടവിലിടുന്നതിനുള്ള കാലാവധി 90 ദിവസത്തിൽനിന്ന്‌ 180 ദിവസമായി ഉയർത്തി. ഇത്തരം ഭേദഗതികൾക്കെതിരെ നിലകൊണ്ട സിപിഐ എം ബില്ലിലെ കർക്കശമായ വ്യവസ്ഥകൾക്കെതിരെ ഭേദഗതികൾ അവതരിപ്പിക്കുകയും ചെയ്‌തു.  പുതുതായി രുപംകൊള്ളുന്ന ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന ഭീകരവാദ കുറ്റകത്യങ്ങളെക്കുറിച്ചുള്ള കേസുകളിൽ സംസ്ഥാന സർക്കാരിനെ പങ്കെടുപ്പിക്കാത്തതിനെയും സിപിഐ എം വിമർശിച്ചു. 

പ്രതീക്ഷിച്ചതുപോലെതന്നെ യുഎപിഎ നിയമം തുടർച്ചയായി ദുരുപയോഗിക്കപ്പെട്ടു.  കൊലപാതകക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിപിഐ
എം നേതാവ് പി ജയരാജനെതിരെ സിബിഐ എങ്ങനെയാണ് യുഎപിഎ ചുമത്തിയത് എന്നും നാം കണ്ടു. നിയമം നൽകുന്ന നിർവചനമനുസരിച്ച് ‘നിയമവിരുദ്ധ പ്രവർത്തനം' എന്ന വകുപ്പിന് ഒരു പ്രസക്തിയുമില്ലാത്ത കേസാണിത്. ഇപ്പോൾ മോഡി സർക്കാർ കൂടുതൽ കർക്കശവും ഹാനികരവുമായ വ്യവസ്ഥകൾകൂടി കൂട്ടിച്ചേർത്ത് പൗരന്മാരുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുംമേൽ കടന്നാക്രമണം നടത്തുകയാണ്.
ഈ ഭേദഗതികളിലുടെ മോഡി ഗവൺമെന്റ് ഒരു നാഷണൽ സെക്യുരിറ്റി സ്റ്റേറ്റിന്റെ സ്വേച്ഛാധിപത്യ ചട്ടക്കൂട് ശക്തമാക്കിയിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ഈ കർക്കശമായ നിയമങ്ങൾക്കെതിരെയുള്ള പോരാട്ടംകൂടിയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top