20 May Friday

ചുവപ്പുരാശി പടർന്ന് ലോകം

വി ബി പരമേശ്വരൻUpdated: Thursday Dec 30, 2021

2021 ൽ ലോകം വൻ മാറ്റങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ആഗോള തലത്തിൽത്തന്നെ ആരോഗ്യ
ജാഗ്രതയിലേക്ക്‌ ശ്രദ്ധിച്ച വർഷം. വാണിജ്യ–- വ്യാപാര മേഖലയാകെ അടിമുടി സ്‌തംഭിച്ചു. 
സാമ്രാജ്യത്വം വലിയ വെല്ലുവിളി നേരിട്ടു. ഉദാരവൽക്കരണ ആശയങ്ങൾക്ക്‌ തിരിച്ചടിയായി.
 ‘ലോകത്തിന്റെ പട്ടിണി മാറ്റാൻ മുതലാളിത്തത്തിന്റെ കൈയിൽ മരുന്നുണ്ടോ’ എന്ന 
ഫ്രാൻസിസ്‌ മാർപാപ്പയുടെ ചോദ്യം ഏറെ പ്രസക്‌തമായി. അതിനുള്ള മറുപടിയായിരുന്നു 
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷവിജയം. വാക്‌സിൻ ദേശീയത  പലതവണ ചർച്ച ചെയ്‌തു. 
മരുന്നും മരണവും മണക്കുന്ന ദിനരാത്രങ്ങളിൽനിന്ന്‌ ലോകം പുതുപ്രതീക്ഷകളിലേക്ക്‌ ഉണരുകയാണ്‌

ലോകത്തിന്റെ കണ്ണുതുറപ്പിച്ച ദുരന്തമാണ്‌ കോവിഡ്‌. മുതലാളിത്തത്തിന്റെ പ്രധാന സവിശേഷതയെന്ന്‌ മാർക്‌സ്‌ അടയാളപ്പെടുത്തിയ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റെ ആഴം ബോധ്യപ്പെടുത്തിയ ദുരന്തം. മൂന്ന്‌ ദശാബ്‌ദം മുമ്പുണ്ടായ സോവിയറ്റ്‌ തകർച്ചയ്‌ക്കുശേഷം, മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യമാണെന്ന്‌  ആഘോഷിച്ചവർക്ക്‌ ആ വ്യവസ്ഥയുടെ പരിമിതി ജീവിതംകൊണ്ട്‌ ബോധ്യപ്പെടുത്തിയ കാലഘട്ടം കൂടിയാണിത്‌. എല്ലാം കമ്പോളശക്തിക്ക്‌ വിട്ടുകൊടുത്തതിന്റെ ദുരന്തവും ലോകജനതയ്‌ക്ക്‌ ബോധ്യപ്പെട്ടു. അതായത്‌ നാലരപ്പതിറ്റാണ്ട്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ട നവ ഉദാരവാദത്തിന്റെ കെടുതികൾ ശരിക്കും അനുഭവിച്ചറിഞ്ഞ ലോകജനത അതിനെതിരെ ശക്‌തമായി പ്രതികരിച്ച വർഷംകൂടിയാണ്‌ 2021.

എല്ലാം കമ്പോളശക്തികൾക്കും സ്വകാര്യമേഖലയ്‌ക്കും വിട്ടുകൊടുത്ത്‌ കുറച്ച്‌ ഭരിക്കുക എന്ന നവ ഉദാരവാദ മുദ്രാവാക്യത്തിനും കനത്ത തിരിച്ചടി ലഭിച്ച വർഷമാണ്‌ കടന്നുപോകുന്നത്‌.  തുറന്ന കമ്പോളവ്യവസ്ഥയുടെ പതാകവാഹകരായ ‘ഇക്കോണമിസ്‌റ്റ്‌’ വാരികയുടെ വിലാപം കൂടുതൽ ചെലവഴിക്കുന്ന ഗവൺമെന്റുകൾ വിജയിക്കുന്നുവെന്നാണ്‌. എല്ലാ മേഖലയിൽനിന്നും സർക്കാർ പിൻവാങ്ങി സ്വകാര്യമേഖലയ്‌ക്ക്‌ രാഷ്ട്രസമ്പത്ത്‌ യഥേഷ്ടം ചൂഷണം ചെയ്യാൻ അവസരം നൽകണമെന്ന നവ ഉദാരവാദ നയത്തിന്‌ കനത്ത തിരിച്ചടിയേറ്റിരിക്കുന്നുവെന്ന്‌ വാരിക തുറന്നു സമ്മതിക്കുന്നു. ലോകം ഇന്ന്‌ നേരിടുന്ന ഏറ്റവും പ്രധാന ഭീഷണി നവ ഉദാരവാദത്തെ എതിർക്കുന്ന ഇല്ലിബറൽ ലെഫ്‌റ്റ്‌(ഇടുങ്ങിയ മനഃസ്ഥിതിയുള്ള ഇടതുപക്ഷം) ആണെന്നും വാരിക വിലപിക്കുന്നു. കോവിഡിനെ നേരിടുന്നതിൽ ഏറ്റവും മികവ്‌ പുലർത്തിയത്‌ കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ സർക്കാരുകളാണെന്നതും(ചൈന, വിയത്‌നാം, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ) നവ ഉദാരവാദത്തിന്‌ തിരിച്ചടിയായി. 

നവ ഉദാരവാദത്തിനെതിരെയുള്ള വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം ഇടതുപക്ഷത്തിന്‌ സാധാരണ ജനങ്ങൾക്കിടയിൽ മാത്രമല്ല, ക്യാമ്പസുകളിലും സ്വാധീനം വർധിപ്പിക്കുകയാണ്‌. ‘സാമൂഹ്യനീതി’ എന്ന ആശയത്തിന്‌ ലോകത്തെമ്പാടും ലഭിക്കുന്ന സ്വീകാര്യതയ്‌ക്കൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങളും കരുത്താർജിക്കുകയാണ്‌. ആരോഗ്യരംഗത്തെ സ്വകാര്യവൽക്കരണവും പൊതുമുതൽമുടക്കില്ലായ്‌മയുമാണ്‌ കോവിഡ്‌ കാലത്ത്‌ ഏറെ ജനങ്ങളുടെ ജീവനെടുത്തതെന്ന്‌ ലോകം  തിരിച്ചറിഞ്ഞു. അതോടൊപ്പം സ്വകാര്യവൽക്കരണം അപ്രാപ്യമാക്കിയ വിദ്യാഭ്യാസമേഖലയിലും പൊതുനിക്ഷേപം ശക്‌തമാക്കണമെന്നും പെൻഷൻ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും തൊഴിൽ സംരംഭങ്ങൾ തുടങ്ങണമെന്നും കാലാവസ്ഥാമാറ്റം ഗൗരവത്തിലെടുക്കണമെന്നും ലോകമെമ്പാടും ആവശ്യം ഉയർന്നു. പാർപ്പിടപ്രശ്‌നവും വാടകനിയന്ത്രണവും പ്രധാന വിഷയമായി ഉയർന്നു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ വിഷയങ്ങൾ ശക്‌തമായി ഉയർത്തിയ ഇടങ്ങളിലൊക്കെ ഇടതുപക്ഷം വിജയക്കൊടി നാട്ടിയതും 2021ന്റെ സവിശേഷതയാണ്‌.

സ്വാഭാവികമായും 2021ൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം പല രാജ്യത്തും വിജ യിച്ചു. ബൊളീവിയയിൽ ഇവോ മൊറാലിസിനെ അട്ടിമറിച്ച ശക്‌തികൾക്ക്‌  കനത്ത തിരിച്ചടി നൽകി 2020 അവസാനം ലൂയിസ്‌ ആർസെ  വിജയിച്ചതോടെയാണ്‌ ലാറ്റിനമേരിക്കയിൽ ഇടതുപക്ഷത്തിന്റെ കുതിപ്പ്‌ ആരംഭിച്ചത്‌. അതിൽ ഏറ്റവും പ്രധാനം പെറുവിൽ ഫ്രീ പെറു പാർടി നേതാവ്‌ പെദ്രോ കാസ്‌തിയ്യോ വിജയിച്ചതാണ്‌. തുടർന്ന്‌, നിക്കരാഗ്വയിലും ഹോണ്ടുറാസിലും(പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌) വെനസ്വേലയിലും(ഗവർണർ തെരഞ്ഞെടുപ്പ്‌) ഏറ്റവും അവസാനമായി ചിലിയിലും ഇടതുപക്ഷം വിജയക്കൊടി നാട്ടി. ഇതിൽ ചിലിയിലെ വിജയത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. 1970ൽ ചിലിയിൽ സോഷ്യലിസ്‌റ്റ്‌ പാർടിയും ചിലിയൻ കമ്യൂണിസ്‌റ്റ്‌ പാർടിയും തമ്മിലുണ്ടാക്കിയ പോപ്പുലർ യുണിറ്റി നേതാവായി സാൽവദോർ അലൻഡെ എന്ന സോഷ്യലിസ്‌റ്റ്‌ അധികാരത്തിൽ വന്നതിനുശേഷം ഇടതുപക്ഷത്തിന്‌ സ്വാധീനമുള്ള ഒരു ഭരണം ചിലിയിൽ വരുന്നത്‌ ഗബ്രിയേൽ ബൊറീക്കിന്റെ വിജയത്തിലൂടെയാണ്‌. 1973ൽ അലൻഡെയെയും വിപ്ലവകവി പാബ്ലോ നെരൂദയെയും വധിച്ച്‌ ചിലിയിൽ അധികാരത്തിൽ വന്ന ജനറൽ പിനോഷെയാണ്‌ ലോകത്ത്‌ ആദ്യമായി നവ ഉദാരവാദനയം നടപ്പാക്കുന്നത്‌. ബൊറീക്‌  പ്രസംഗിച്ചതുപോലെ ‘നവഉദാരവാദത്തിന്റെ ജന്മദേശംതന്നെ അതിന്റെ ശ്മശാനഭൂമി കൂടിയാകുകയാണ്‌’. നവ ഉദാരവാദത്തെ പിന്തുണയ്‌ക്കുന്ന ഭരണഘടനതന്നെ മാറ്റിയെഴുതാനുള്ള തയ്യാറെടുപ്പിലാണ്‌ ചിലി.

നവ ഉദാരവാദത്തോട്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌ അമേരിക്കൻ ശിങ്കിടി രാഷ്ട്രമായ കൊളംബിയയിലെ ജനത. നവ ഉദാരവാദത്തിന്റെ കൊളംബിയൻ പതിപ്പായ ഉറുബിസത്തിനെതിരെ പൊരുതി നിൽക്കുന്ന മുൻ ബൊഗോട്ട മേയർ ഗുസ്‌താവോ പെട്രോ 2022ൽ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ്‌ എല്ലാ അഭിപ്രായവോട്ടെടുപ്പും സൂചിപ്പിക്കുന്നത്‌. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രസീലിലും വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡിസിൽവ വിജയിക്കുമെന്നാണ്‌ പ്രവചനം.
യൂറോപ്പിലെ സ്ഥിതിയും മറിച്ചല്ല. ‘യൂറോപ്പിനെ കമ്യൂണിസമെന്ന ഭൂതമൊന്നും പിടികൂടിയിട്ടി’ല്ലെങ്കിലും പല രാജ്യങ്ങളിലെയും പ്രാദേശിക രാഷ്ട്രീയത്തിൽ കമ്യൂണിസ്‌റ്റുകളുടെ സ്വാധീനം വലതുപക്ഷത്തെ വല്ലാതെ അലോസരപ്പെടുത്തുകയാണ്‌. ജർമനിയിൽ സെപ്‌തംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീനും ചേർന്ന സഖ്യം അധികാരമേറിയത്‌ യാഥാസ്ഥിതിക വലതുപക്ഷത്തിന്‌ തിരിച്ചടിയായി. 16 വർഷം അധികാരം കൈയാളിയ ആംഗല മെർക്കലിന്റെ പാർടിക്ക്‌ വൻതിരിച്ചടിയാണ്‌ ലഭിച്ചത്‌.

സ്‌പെയിനിൽ സോഷ്യൽ ഡെമോക്രാറ്റുകളും കമ്യൂണിസ്‌റ്റ്‌ പാർടിയും തമ്മിലുള്ള സഖ്യമാണ്‌ ഭരണത്തിൽ. പോർച്ചുഗലിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പിന്തുണ നഷ്‌ടപ്പെട്ടതോടെ സോഷ്യലിസ്‌റ്റ്‌ പാർടി ഭരണത്തിന്‌ തിരശ്ശീല വീണിരിക്കുകയാണ്‌. നവ ഉദാരവാദ നയവുമായി മുന്നോട്ടുപോകാനുള്ള സോഷ്യലിസ്‌റ്റ്‌ പാർടിയുടെ തിടുക്കമാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയെ പിന്തുണ പിൻവലിക്കാൻ നിർബന്ധിച്ചത്‌. ദീർഘകാലത്തെ ഇടവേളയ്‌ക്കുശേഷം നോർവെയിൽ ലേബർപാർടിയും ഗ്രീൻസും ചേർന്ന മധ്യഇടതുപക്ഷം അധികാരത്തിലെത്തി. ഫിൻലൻഡ്‌, സ്വീഡൻ, ഡെന്മാർക്ക്‌, ഐസ്‌ലൻഡ്‌  എന്നീരാജ്യങ്ങളിലും സോഷ്യൽ ഡെമോക്രാറ്റുകളാണ്‌ ഭരിക്കുന്നത്‌. തീവ്രവലതുപക്ഷം അധികാരത്തിലുള്ള ഹംഗറിയിൽ അടുത്തവർഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിക്‌ടർ ഒർബന്‌ കാലിടറുമെന്നാണ്‌ വിലയിരുത്തൽ.

റഷ്യൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ്‌ പാർടി ആറ്‌ ശതമാനം വോട്ടും 15 സീറ്റും വർധിപ്പിച്ച്‌ പ്രധാന പ്രതിപക്ഷ പാർടിയായി ഉയർന്നു. ഓസ്‌ട്രിയയിൽ തലസ്ഥാനമായ വിയന്ന കഴിഞ്ഞാൽ ഏറ്റവും വലിയ നഗരമായ ഗ്രാസിൽ ഓസ്‌ട്രിയൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതാവ്‌ ഏൽക കർ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. തെക്കൻ ഫ്രാൻസിലെ ഗ്രിഗ്‌നിയിൽ ഫ്രഞ്ച്‌ കമ്യൂണിസ്‌റ്റ്‌ പാർടി നേതാവ്‌ ഫിലിപ് റിയോയാണ്‌ മേയറായി വിജയിച്ചത്‌. ലോക മേയർ ഫൗണ്ടേഷൻ ലോകത്തിലെ ഏറ്റവും നല്ല മേയറായി തെരഞ്ഞെടുത്തതും ഈ ഫിലിപ് റിയോയെയാണ്‌. ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസ്‌റ്റ്‌ രാഷ്ട്രമായ ചൈന അമേരിക്കയെ വെല്ലുവിളിച്ച്‌ വൻസാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ ഏറെ പ്രതീക്ഷ നൽകുന്ന വർഷമാണ്‌ വരാനിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top