18 February Monday

മനുസ്മൃതിയും ഗോമാംസവും

ഡോ ജെ പ്രസാദ്Updated: Saturday Nov 7, 2015

സംഘപരിവാറിന്റെ വിശ്വാസമനുസരിച്ച് അവര്‍ ആദിപിതാവായി കണക്കാക്കുന്ന മനു അഥവാ മാനവാചാര്യന്‍, സമൂഹജീവിതത്തിനുവേണ്ടി രൂപകല്‍പ്പന ചെയ്ത നീതിനിയമങ്ങളുടെ സമാഹാരമാണ് മനുസ്മൃതി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളില്‍നിന്ന് ബോധപൂര്‍വം വിട്ടുനിന്ന ഇക്കൂട്ടര്‍ അന്നും ഇന്നും ഇന്ത്യന്‍ ഭരണഘടനയോട് അനാദരവാണ് പ്രകടിപ്പിക്കുന്നത്. ആദ്യകാലത്ത് മറ്റു പല രാജ്യങ്ങളിലും എന്നപോലെ ഭാരതത്തിലും നിയമവും മതവും പരസ്പരബന്ധിതമായിരുന്നു. ആ അര്‍ഥത്തില്‍ മനുസ്മൃതിയിലെ കല്‍പ്പനകള്‍ ഹിന്ദുമതാധിഷ്ഠിതമായിരുന്നു. എന്നിരുന്നാലും സമൂഹം വളര്‍ന്ന് വികാസം പ്രാപിക്കുന്നതിനുസരിച്ച് മതാധിഷ്ഠിത നിയമങ്ങള്‍ മിക്കവയും മതനിരപേക്ഷതയില്‍ എത്തിച്ചേരുന്ന കാഴ്ചയാണ് മിക്ക രാഷ്ട്രങ്ങളിലും നാം കണ്ടുവരുന്നത്. ഇന്ത്യയുടെ സ്ഥിതിയും ഭിന്നമല്ല. പ്രാചീനഭാരതത്തില്‍ ദണ്ഡനീതിയും നീതിസാരവും അര്‍ഥശാസ്ത്രവും ശ്രുതികളും സ്മൃതികളും പുരാണങ്ങളുമെല്ലാം നിയമതത്വങ്ങളുടെ ഉറവിടമായിരുന്നു എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അതിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞു; സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ രംഗങ്ങളില്‍ ഒട്ടേറെ പരിവര്‍ത്തനം സംഭവിച്ചു. ആ മാറ്റങ്ങളൊന്നും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത സംഘപരിവാര്‍, തങ്ങളുടെ തത്വസംഹിതകള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.

പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയുടെ ഭരണഘടന, എല്ലാ ഭാരതപൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും സ്വതന്ത്രചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുഉള്ള സ്വാതന്ത്ര്യവും പദവിയിലും അവസരലബ്ധിക്കുമുള്ള സമത്വവും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിയുള്ള സാഹോദര്യവും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ്. അത് ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണ്. ആ ബാധ്യത നിറവേറ്റുന്നതിനുപകരം ആര്‍എസ്എസ് അജന്‍ഡ ഭാരതീയരില്‍ ആകമാനം അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമമാണ് മോഡിസര്‍ക്കാര്‍ നടത്തുന്നത്. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണം, എവിടെ ജീവിക്കണം, ഏതു വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം, ആരെ വിവാഹം ചെയ്യണം, എത്ര സന്തതികള്‍ വേണം എന്നെല്ലാം അവര്‍ കല്‍പ്പിക്കും; മറ്റുള്ളവര്‍ അനുസരിച്ചുകൊള്ളണം! അനുസരിക്കാത്തവരെ തീയിട്ടുകൊല്ലുകയോ അടിച്ച്/ഇടിച്ച് കൊല്ലുകയോ ചെയ്യുമെന്ന് ദാദ്രിയിലെയും ഹരിയാനയിലെയും കര്‍ണാടകയിലെയും മറ്റും സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.

ഭഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദം അനുസരിച്ച് നിയമംവഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ ഒരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല. മറിച്ച്, ഏതുവിധേനയും അവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന സര്‍ക്കാരിനുണ്ട് താനും. ഭരണഘടനയെ തൊട്ട് സത്യംചെയ്ത് അധികാരത്തിലേറിയ മോഡിയും കൂട്ടരും ഭരണഘടനാതത്വങ്ങളെ അവഗണിക്കുകയും ത്രിവര്‍ണപതാകയെപ്പോലും അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. 2015ലെ റിപ്പബ്ലിക് ദിനത്തില്‍ പ്രസിദ്ധംചെയ്ത ഭരണഘടനയുടെ ആമുഖചിത്രവും അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ രാഷ്ട്രപതാകയില്‍ മോഡി തുല്യം ചാര്‍ത്തിയതും എല്ലാം അതിന്റെ പ്രത്യക്ഷോദാഹരണങ്ങള്‍. ഈ പശ്ചാത്തലത്തില്‍വേണം "ഭാരതമാതാ കീ ജയ്' വിളിച്ചിരുന്നവര്‍ പൊടുന്നനെ "ഗോമാതാ കീ ജയ്' വിളിച്ച് മനുഷ്യന്റെ ഭക്ഷണശീലത്തെ കടന്നാക്രമിക്കുന്നതിനെയും കാണാന്‍.

എന്തിനും ഏതിനും മനുസ്മൃതിയെ വേദവാക്യമാക്കി ഉയര്‍ത്തിക്കാട്ടുന്ന സംഘപരിവാര്‍, "ഗോമാതാവി'ന്റെ കാര്യത്തില്‍ അതിന് തയ്യാറാകുന്നില്ല. സ്മൃതികളില്‍വച്ച് ഏറ്റവും പ്രാചീനവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണ് മനുസ്മൃതി. വിവിധ വര്‍ണങ്ങളില്‍പ്പെടുന്ന മാനവസമൂഹം അനുഷ്ഠിക്കേണ്ട ആശ്രമധര്‍മങ്ങളായാണ് മാനവധര്‍മസൂത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുസ്മൃതിയെ യാഥാസ്ഥിതികരായ ഹിന്ദുമതവിശ്വാസികള്‍ കണക്കാക്കുന്നത്. ഇതിലൂടെ ബ്രാഹ്മണമേധാവിത്തം അരക്കിട്ടുറപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനായി പുരാണേതിഹാസങ്ങളില്‍ മനുവിനെ പ്രജാപതിയായും പരമാത്മാവിന്റെ അവതാരമായും മറ്റും വിശേഷിപ്പിക്കാനും ഇക്കൂട്ടര്‍ മറന്നില്ല. 12 അധ്യായങ്ങളായി തിരിച്ച മനുസ്മൃതിയില്‍ ആദ്യത്തെ 11 അധ്യായങ്ങളില്‍ ലൗകികമായ കാര്യങ്ങളെപ്പറ്റിയും പന്ത്രണ്ടാമധ്യായത്തില്‍ ആത്മസാക്ഷാല്‍ക്കാരത്തിനും മോക്ഷപ്രാപ്തിക്കുമുള്ള ഉപാധികളും നിര്‍ദേശിക്കുന്നു. അഞ്ചാമത്തെ അധ്യായത്തില്‍ പ്രധാനമായും ഭക്ഷണക്രമത്തെക്കുറിച്ചും സ്ത്രീധര്‍മത്തെക്കുറിച്ചും പ്രതിപാദിച്ചുകാണുന്നു. അതില്‍ത്തന്നെ 27 മുതല്‍ 56 വരെയുള്ള ശ്ലോകങ്ങള്‍ ഭക്ഷണക്രമത്തെക്കുറിച്ചുമാത്രമാണ് സൂചിപ്പിക്കുന്നത്. അതുപ്രകാരം ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടതെല്ലാം ജീവികളുടെ ഭോജനമാണ്.

സഞ്ചരിക്കുന്ന ഹരിണാദികള്‍ക്ക് സഞ്ചരിക്കാത്ത പുല്ലുകളും ദംഷ്ട്രയുള്ള ജീവികള്‍ക്ക് ദംഷ്ട്രയില്ലാത്ത ജീവികളും കൈയുള്ള മനുഷ്യര്‍ക്ക് കൈയില്ലാത്ത പക്ഷി- മത്സ്യ- മൃഗാദികളും ശൗര്യമുള്ള ജീവികള്‍ക്ക് ഭീരുക്കളായ ജീവികളും ഭക്ഷ്യയോഗ്യമാണ്. മന്ത്രംജപിച്ച് പ്രോക്ഷണം ചെയ്തശേഷം യജ്ഞത്തില്‍ ഹോമിക്കപ്പെട്ട പശുവാദികളുടെ മാംസം ബ്രാഹ്മണന് വേണമെങ്കില്‍ കഴിക്കാം. ശാസ്ത്രോക്തവിധിപ്രകാരം അര്‍ഘ്യപാദ്യാദി ദശോപചാരത്തിലൊന്നായ മധുപര്‍ക്കത്തിലും ശ്രാദ്ധത്തിലും നിയുക്തനായി ഇറച്ചി കഴിക്കാവുന്നതാണ്. ശാസ്ത്രവിധിപ്രകാരം ശ്രാദ്ധത്തിലോ മധുപര്‍ക്കത്തിലോ നിയുക്തനായവന്‍ മാംസം കഴിച്ചില്ലെങ്കില്‍ മരണശേഷം 21 ജന്മം മൃഗമായി ജനിക്കുമത്രേ. അതുകൊണ്ട് മന്ത്രംകൊണ്ടുഴിഞ്ഞ മാംസമേ കഴിക്കാവൂ. യജ്ഞത്തിനുവേണ്ടി ശാസ്ത്രവിധിപ്രകാരം തയ്യാറാക്കിയ മാംസം കഴിക്കുന്നത് ദൈവവിധിയാണ്. അതേസമയം, വിലയ്ക്കുവാങ്ങിയതോ ദാനംകിട്ടിയതോ സ്വന്തമായി നേടിയതോ ആയ മാംസം ദേവതകള്‍ക്ക് സമര്‍പ്പിച്ചശേഷം കഴിക്കുന്നത് പാപമല്ല. ശാസ്ത്രവിധികള്‍ അറിയുന്ന ബ്രാഹ്മണന്‍ ആപത്തുകാലമല്ലെങ്കില്‍ ദേവന്മാര്‍ക്കോ പിതൃക്കള്‍ക്കോ സമര്‍പ്പിക്കാതെ മാംസം കഴിക്കരുതെന്ന് നിര്‍ദേശിക്കുന്നു. ബ്രഹ്മാവ് യജ്ഞത്തിനായി സൃഷ്ടിച്ചവയാണ് പശുക്കള്‍. യജ്ഞാമാകട്ടെ, സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിന് വേണ്ടിയും. അതുകൊണ്ട് യജ്ഞവേദിയിലെ ഗോവധം പാപമല്ല. അങ്ങനെ കൊല്ലപ്പെടുന്ന മൃഗങ്ങള്‍ ഉല്‍ക്കൃഷ്ടജാതിയില്‍ പുനര്‍ജനിക്കും. ഇങ്ങനെപോകുന്നു ഭക്ഷണക്രമത്തെക്കുറിച്ചുള്ള മനുസ്മൃതിവിചാരം.

ഈ സന്ദര്‍ഭത്തിലാണ് ലോകായതന്മാരുടെ ഗുരുവായ ബൃഹസ്പതി കുറിക്കുകൊള്ളുന്ന ഈ ചോദ്യം ചോദിച്ചിട്ടുണ്ടാവുക- ജ്യോതിഷ്ടോമയജ്ഞത്തില്‍ ഹോമിക്കപ്പെടുന്ന പശുവിന് സ്വര്‍ഗം ലഭിക്കുമെങ്കില്‍ യജമാനന്‍ എന്തുകൊണ്ട് സ്വന്തം പിതാവിനെ ഹോമിച്ച് അദ്ദേഹത്തിന് സ്വര്‍ഗപ്രാപ്തി നേടിക്കൊടുക്കുന്നില്ല എന്ന്. ഉത്തരംമുട്ടിക്കുന്ന ഇത്തരം യുക്തിവാദങ്ങള്‍ അക്കാലത്ത് സ്വാഭാവികമായും ബ്രാഹ്മണമേധാവിത്തത്തെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇതില്‍നിന്ന് ഒന്ന് മനസ്സിലാക്കാം. ആര്‍ഷഭാരതസംസ്കാരം എന്നുവച്ചാല്‍ യജ്ഞസംസ്കാരം മാത്രമല്ല; മറിച്ച് അതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിച്ച ഉപനിഷത്തുക്കളുടെയും സാംഖ്യാദി നിരീശ്വര ദര്‍ശനങ്ങളുടെയും ലോകായതന്മാരുടെയും ബുദ്ധന്മാരുടെയും ജൈനന്മാരുടെയും അശോകന്മാരുടെയും ഒക്കെ സംഭാവനകളുടെ ആകെത്തുകയാണെന്ന്.

കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ വേദപൂര്‍വകാലഘട്ടങ്ങളിലും അതിനുശേഷവും കാര്‍ഷികാവശ്യങ്ങള്‍ക്കായി ഗോക്കളെ പരിപാലിച്ചുപോന്നു. കൂടുതല്‍ ആരോഗ്യമുള്ള ഗോക്കളെ ലഭിക്കുന്നതിനായി അഗ്നി തുടങ്ങിയ ദേവന്മാരെ പൂജിക്കുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ ഋഗ്വേദത്തില്‍ നമുക്ക് കാണാന്‍ കഴിയും. അതിഥികളെ സല്‍ക്കരിക്കുന്നത് ഗോമാംസം പാചകംചെയ്തു നല്‍കിയായിരുന്നു. നല്ല ആരോഗ്യവാനാകണമെങ്കില്‍ ഗോമാംസം കഴിക്കണമെന്ന് ഉപനിഷത്തുക്കളും പറയുന്നു. പണ്ഡിതനും ശ്രേയസ്കരനും വാഗ്മിയും വേദജ്ഞനും ശതായുഷ്മാനുമായ പുത്രനുണ്ടാകണമെങ്കില്‍ ഋഷഭത്തിന്റെ മാംസം വേവിച്ച് നെയ്കൂട്ടി സേവിക്കണമെന്ന് വളരെ വ്യക്തമായി ബൃഹദാരണ്യോപനിഷത്തില്‍ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങളൊക്കെ ഡോ. രാധാകൃഷ്ണന്‍, ആര്‍ എല്‍ മിത്ര, പി വി കാണെ, ഡി ഡി കൊസാംബി, ഡി എന്‍ ഝാ തുടങ്ങിയ പണ്ഡിതന്മാര്‍ പഠനംനടത്തി തെളിവുനിരത്തി പ്രതിപാദിച്ചതാണ്. ബ്രാഹ്മണപ്രീതിക്കായി രാജാക്കന്മാര്‍ നിരന്തരം യാഗം നടത്തുകയും മൃഗബലി വ്യാപകമാവുകയും ചെയ്തതോടെ കാര്‍ഷികാവശ്യത്തിനായി ഗോക്കളെ ലഭിക്കാതെ വന്നപ്പോള്‍ അതിനെതിരെ അന്നത്തെ കര്‍ഷകര്‍ പ്രതികരിച്ചിട്ടുണ്ടാവുക സ്വാഭാവികം. കര്‍ഷകപ്രതിഷേധത്തെ ഭയന്ന് ഗോഹത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുമുണ്ടാകും. അതിനുശേഷം നൂറ്റാണ്ടുകള്‍ എത്ര കടന്നുപോയി. തീന്മേശയിലെ വിഭവങ്ങള്‍ക്കുതന്നെ എന്തെല്ലാം വ്യത്യാസം വന്നു. ഇന്ന് സാധാരണ ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ഗോമാംസം. മാംസം കയറ്റി അയയ്ക്കുകവഴി ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടുന്ന രാജ്യമാണ് ഭാരതം. ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ, ഗോക്കള്‍ക്ക് മാതൃപരിവേഷംചാര്‍ത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന സംഘപരിവാര്‍ ശക്തികളെയും അവര്‍ക്ക് നേതൃത്വംനല്‍കുന്ന കേന്ദ്രസര്‍ക്കാരിനെയും ഒറ്റപ്പെടുത്താന്‍ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതിരോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു

പ്രധാന വാർത്തകൾ
 Top