10 November Sunday

ഓർമയിലെ മധുരഗാനം

ഏഴാച്ചേരി രാമചന്ദ്രൻUpdated: Friday Oct 11, 2024


മലയാളത്തിന്റെ ജനകീയ സംഗീത ശാഖയിൽ ഇടതുപക്ഷത്തിന്റെ പതാക ഉയർത്തി നിർത്തുന്നതിനൊപ്പം, ഗ്രാമ ജീവിത സുഭഗതയുടെ, ലളിത പൂർണമായ മർത്യ ജീവിതത്തിന്റെ രഥപതാക ആവോളമുയർത്തി സഞ്ചരിച്ച സംഗീത സംവിധായകനും ഗായകനുമായ കുമരകം രാജപ്പൻ വേർപിരിഞ്ഞിട്ട് ഒക്ടോബർ 11 ന് 23 വർഷമാകുന്നു. മലയാള സംഗീതത്തിന് മർദിത ജീവിതത്തിന്റെ ചൂരും ചുണയും നാരും നേരും കരുത്തും കഴമ്പും നൽകി അതിനെ മർത്യ ജീവിത സർഗവിതാനങ്ങളിലെത്തിച്ച രാജപ്പന് മരണമില്ല എന്നു പറഞ്ഞാൽ അത് ഒട്ടുമേ അതിശയോക്തിപരമല്ല.

കുമരകത്തെ ഒരു സാധാരണ വീട്ടിൽ പിറന്ന് വളർന്ന് മലയാളത്തിന്റെ പ്രൊഫഷണൽ നാടകവേദിയിൽ സംഗീത സംവിധായകനെന്ന നിലയിൽ അതിരും എതിരും ഇല്ലാത്ത വ്യക്തിത്വമായി രാജപ്പൻ വളർന്നു. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴെല്ലാം ഏതെങ്കിലും ഒരു നാടക വാൻ ചോദിച്ചുവാങ്ങി അതിൽ തന്റെ ഹാർമോണിയവുമായി പോരാട്ടപ്പാട്ടുകൾ പാടി സഞ്ചരിച്ച രാജപ്പനെ മറക്കാനാകുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചത് സഖാവ് ടി കെ രാമകൃഷ്ണനായിരുന്നു.  ടി കെയുടെ മുഴുവൻ തെരഞ്ഞെടുപ്പ് വേദികളിലും രാജപ്പന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. ഔപചാരിക ഗുരുക്കൻമാർ പലരും സംഗീതത്തിൽ ഉണ്ടായിരുന്നെങ്കിലും ആദ്യന്തം രാജപ്പൻ ഗുരുവായി സ്വീകരിച്ചത് ദേവരാജൻ മാസ്റ്ററെയായിരുന്നു. പ്രൊഫഷണൽ നാടകങ്ങൾക്കുവേണ്ടി ഇത്രയധികം പാട്ടുകൾ ചിട്ടപ്പെടുത്തിയ വേറൊരാൾ ഇന്നോളം മലയാളത്തിലില്ല. മേക്കപ്പില്ലാതെ ഏതോ നാടക സമിതിയിലെ രാജാപ്പാർട്ടുകാരൻ ഇറങ്ങി വന്നുവെന്ന് കാഴ്ചക്കാർക്ക് തോന്നുമാറ് ആകാരസൗഷ്ഠവത്തോടെ സഞ്ചരിച്ച കുമരകം രാജപ്പൻ ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആൾരൂപമായിരുന്നു. അദ്ദേഹത്തിന്റെ ധീരസ്മരണയ്‌ക്കു മുന്നിൽ, സർഗ സാധനയ്‌ക്ക് മുന്നിൽ ബലിപുഷ്പങ്ങൾ അർപ്പിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top