27 September Tuesday
ഇന്ന്‌ കുമാരഗുരുവിന്റെ 
83–-ാം ചരമവാർഷികദിനം

കുമാര ഗുരുവിന്റെ 
സാമൂഹ്യവിമോചന പാത

രാജേഷ് ചിറപ്പാട്Updated: Wednesday Jun 29, 2022

കേരളത്തിന്റെ നവോത്ഥന ചരിത്രത്തിൽ സവിശേഷമായ അടയാളങ്ങൾ അവശേഷിപ്പിച്ചു കടന്നുപോയ പൊയ്കയിൽ കുമാര ഗുരു എന്ന പൊയ്കയിൽ അപ്പച്ചന്റെ 83–-ാം ചരമവാർഷികദിനമാണ് ഇന്ന്. വൈകുണ്ഠ സ്വാമികൾ, ശ്രീനാരായണ ഗുരു, അയ്യൻകാളി എന്നീ നവോത്ഥാന പ്രതിഭകൾക്കൊപ്പമാണ് പൊയ്കയിൽ കുമാര ഗുരുവിന്റെയും സ്ഥാനം. നാം ഇന്നു കാണുന്ന ആധുനിക മതനിരപേക്ഷ കേരളത്തെ രൂപപ്പെടുത്തുന്നതിൽ ഈ മഹാന്മാർ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സ്ത്രീസമത്വം, വിധവാ വിവാഹം, പൊതുവഴി ഉപയോഗിക്കാനും വിദ്യാഭ്യാസം ചെയ്യാനും ആരാധന നടത്താനുമുള്ള അവകാശം എന്നിങ്ങനെയുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യംവഹിച്ച ചരിത്ര സന്ദർഭങ്ങളെയാണ് നാം നവോത്ഥാന കാലഘട്ടമെന്നു വിളിക്കുന്നത്. ഇത്തരം സമരങ്ങളിലൂടെ കടന്നുപോകുമ്പോൾ പൊയ്കയിൽ കുമാര ഗുരുവിന്റെ നേതൃപരമായ ഇടപെടലുകളും പ്രവർത്തനങ്ങളും ഇന്നും മിഴിവാർന്നുനിൽക്കുന്നു.

അടിത്തട്ട് ജനതയുടെ ഭൂതകാലം അടിമത്തത്തിന്റേതായിരുന്നുവെന്ന തിരിച്ചറിവിൽനിന്നാണ് പൊയ്കയിൽ അപ്പച്ചൻ തന്റെ ആശയലോകവും പ്രവർത്തനപദ്ധതികളും വികസിപ്പിച്ചെടുക്കുന്നത്. തന്റെ ജനതയുടെ ചരിത്രം എഴുതിവയ്ക്കാൻ ഈ ഭൂമിയിൽ ആരും ഇല്ലാതെ പോയല്ലോ എന്ന വിലാപം കുമാര ഗുരുവിന്റെ പ്രശസ്തമായ ‘കാണുന്നീലൊരക്ഷരവും' എന്നു തുടങ്ങുന്ന പാട്ടിലുണ്ട്. ഇന്ത്യൻ സാഹചര്യത്തിലെ അടിമത്തത്തെ സംബന്ധിച്ച് ജോതിറാവു ഫൂലെയെപ്പോലുള്ള നവോത്ഥാന പ്രതിഭകൾ വലിയ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. പിൽക്കാലത്ത് ഡോ. അംബേദ്കറെപ്പോലുള്ളവർ അടിമത്തത്തെയും അസ്‌പൃശ്യതയെയും ബന്ധപ്പെടുത്തി ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. കേരളീയ സമൂഹത്തിലെ ജാതി വ്യവസ്ഥയെയും അതു സൃഷ്ടിച്ച അടിമത്തത്തെയും പ്രശ്നവൽക്കരിച്ച നവോത്ഥാന നായകരിൽ പ്രധാനിയായിരുന്നു അപ്പച്ചൻ. 

സവർണജനതയുടെ ജാതി മേൽക്കോയ്‌‌മയ്‌ക്കെതിരെ പോരാടുന്നതിനൊപ്പം അസ്‌‌പൃശ്യജനതയുടെ ജാതി ഉപജാതി വ്യത്യാസങ്ങളെ തുറന്നെതിർക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. ജാതിബോധം അഭിമാനമല്ല അനാഥത്വമാണ് കീഴാളമനുഷ്യർക്ക് നല്കിയതെന്ന് അദ്ദേഹം  പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഉദ്ബോധിപ്പിച്ചു. അദ്ദേഹം സ്ഥാപിച്ച പ്രത്യക്ഷ രക്ഷാദൈവസഭ എന്നത് ഒരു ബദൽ ആത്മീയ ദർശനമാണ് മുന്നോട്ടുവച്ചത്. ചരിത്രപരവും സാമൂഹ്യവുമായ കാഴ്ചപ്പാടിന്റെ പിൻബലം അതിനുണ്ടായിരുന്നു.  സുവിശേഷ പ്രവർത്തകനായി ആരംഭിച്ച കുമാര ഗുരുവിന്റെ പൊതുജീവിതം കേവലമായ ആത്മീയ വിമോചനത്തിലൂന്നിയുള്ളതായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ സഞ്ചാര പ്രസംഗങ്ങളും പാട്ടുകളും പരിശോധിച്ചാൽ മനസ്സിലാകും.

‘വിദ്യയില്ല ധനം ജ്ഞാനമില്ല
നമുക്കുദ്യോഗജോലികളൊന്നുമില്ല
വേല ചെയ്താൽ നല്ല കൂലിയില്ല
നമുക്കഷ്ടികഴിപ്പതിനൊന്നുമില്ല'

എന്ന് അദ്ദേഹം പാടുന്നത് ദളിതരുടെ സാമൂഹ്യമായ വിമോചനത്തെ കരുതിയാണ്. അടിമത്തവും അസ്‌പൃശ്യതയും  ഏൽപ്പിച്ച മുറിവുകളുടെയും പിളർപ്പുകളുടെയും നിലവിളികളും പ്രതിരോധവും കുമാര ഗുരുവിന്റെ വാക്കുകളിലും പ്രവൃത്തികളിലും കാണാനാകും. കാർഷികാടിമത്തത്തിന്റെ മുഴുവൻ ക്രൂരതകളും ഏറ്റുവാങ്ങിയവരാണ്  ദളിത് സമൂഹം. ഉഴവുകാളയോടൊപ്പം മനുഷ്യരെ നുകംവച്ച് കണ്ടംപൂട്ടിക്കുകയും മരിച്ചുവീണാൽ പാടത്തെ ചെളിയിൽത്തന്നെ ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്തിരുന്ന ജനത. ഈ ജനതയെ ആത്മബോധമുള്ളവരാക്കിത്തീർക്കാനാണ് അപ്പച്ചൻ സ്വജീവിതം സമർപ്പിച്ചത്. വിദ്യാഭ്യാസമാണ് അതിന് ഏറ്റവും നല്ല വഴിയെന്ന് അദ്ദേഹം മനസ്സിലാക്കി. കുട്ടികളെ പള്ളിക്കൂടത്തിലയച്ച് പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അക്കാലത്തെ നിരക്ഷരരായ അധഃസ്ഥിതരായ രക്ഷിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും സ്കൂൾ പ്രവേശനത്തിനായുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങൾക്കായി അക്കാലത്തെ പ്രമുഖരായ നവോത്ഥാന നായകരുമായി  ബന്ധം സ്ഥാപിച്ചു. ശ്രീനാരായണ ഗുരു, ഡോ. പൽപ്പു, അയ്യൻകാളി തുടങ്ങിയവരുമായുള്ള ബന്ധം കൂട്ടായ നവോത്ഥാന പരിശ്രമങ്ങളുടെ സാഹചര്യം സംജാതമാക്കി. മഹാത്മ ഗാന്ധി തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ നെയ്യാറ്റിൻകരയിൽവച്ച്  കൂടിക്കാഴ്ച നടത്തി.

1921ൽ കുമാര ഗുരു പ്രജാസഭാംഗമായി. അടിത്തട്ടു ജനതയുടെ ഉന്നമനത്തിനുവേണ്ടിയുള്ള അയ്യൻകാളിയുടെ ശബ്ദം അപ്പോൾ പ്രജാസഭയിൽ മുഴങ്ങുന്നുണ്ടായിരുന്നു. അപ്പച്ചൻകൂടി  എത്തിയതോടെ ക്രിസ്തുമതം സ്വീകരിച്ച ദളിതരുടെ പ്രശ്നങ്ങൾ ശക്തമായി  അവതരിപ്പിക്കപ്പെട്ടു. ഭൂമിക്കുവേണ്ടിയും വിദ്യാഭ്യാസം, ഉദ്യോഗം, സ്ത്രീസമത്വം എന്നീ അവകാശങ്ങൾക്കുവേണ്ടിയും അപ്പച്ചൻ  ശബ്ദമുയർത്തി. കൂട്ടായ അധ്വാനത്തിലൂടെ വിഭവങ്ങൾ സമാഹരിക്കാൻ കഴിയുമെന്ന്  അധഃസ്ഥിതരെ പഠിപ്പിച്ചു. അതിനായി ചങ്ങനാശേരിക്ക്‌ അടുത്തുള്ള മരപുരത്ത് നൂറിൽപ്പരം കുടുംബം താമസിക്കുന്ന ഒരു കോളനി സ്ഥാപിച്ചു. അതിനോട് ചേർന്ന് സ്കൂളും ആരാധനാലയവും ഒരു ശ്മശാനവും പണിതു. അതുപോലെ പലയിടത്തും  നെയ്ത്തുശാലയും തീപ്പെട്ടി കമ്പനിയും സ്കൂളുകളും നിർമിച്ചു.

ബഹുസ്വരവും സങ്കീർണവുമായ ആശയലോകവും പ്രയോഗങ്ങളും നിറഞ്ഞതാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം. ഏകാതാനവും യാന്ത്രികവുമായ  വിശകലനങ്ങൾക്ക് അത് വഴങ്ങണമെന്നില്ല. നവോത്ഥാന ചരിത്രപാഠങ്ങളെ വർഗീയശക്തികൾ  അനുകൂലമായി വളച്ചൊടിക്കുകയും അദൃശ്യതയിൽ നിർത്തുകയും ചെയ്യുന്ന  സന്ദർഭംകൂടിയാണ്‌ ഇത്. അതുകൊണ്ടുതന്നെ പൊയ്കയിൽ കുമാര ഗുരുവിന്റെ നവോത്ഥാന പരിശ്രമങ്ങളുടെ പുരോഗമനാത്മകമായ പരിപ്രേക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് പുതിയ കാലത്ത് അടയാളപ്പെടുത്തേണ്ടത് രാഷ്ട്രീയവും സാംസ്കാരികവുമായ കടമകൂടിയാണ്.

(പട്ടികജാതിവികസന വകുപ്പിന്റെ ‘പടവുകൾ' ദ്വൈമാസികയുടെ എഡിറ്ററും കേരള ലളിതകലാ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗവുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top