09 August Tuesday

ഈ പെണ്ണുങ്ങൾ പറന്നുയരട്ടെ

ജിഷ അഭിനയ Updated: Thursday Jun 2, 2022

പെണ്ണാണ്‌, പെൺപക്ഷമാണ്‌. ചിന്തയും ദിശാബോധവുമുള്ള ഒരുകൂട്ടം പെണ്ണുങ്ങൾ കൂടുതൽ തലയുയർത്തി പിന്നാലെ നടന്നെത്തുന്നുണ്ട്‌.  വാക്കുംവീറും ചേർത്ത്‌ അതിനു കരുത്തേകുന്ന സർക്കാർ, അതാണ്‌ എൽഡിഎഫ്‌ സർക്കാർ വിഭാവനം ചെയ്യുന്നതും. കേരളത്തിലെ മുഴുവൻ സ്‌ത്രീകളും ആ വലിയ യാത്രയിൽ പങ്കാളികളാകുന്നു. ആത്മാഭിമാനമുള്ളവളായി തല ഉയർത്തിപ്പിടിച്ച്‌ ഇതാണെന്റെ കേരളമെന്ന്‌ ഉറക്കെപ്പറയുന്നു. ലോക രാജ്യങ്ങൾ മുഴുവൻ മാതൃകാ സംസ്ഥാനമെന്ന്‌ ഇവിടെ കേരളത്തെ കുറിച്ചിടുകയാണ്‌. മറ്റൊരു ഭരണസംവിധാനത്തിന്‌ ഇത്രമേൽ ഉറക്കെപ്പറയാൻ, അവകാശപ്പെടാൻ മറ്റെന്തുണ്ട്‌. നിരന്തര പോരാട്ടമാണ്‌ ഓരോ പെൺജീവിതവും. സമരമുഖങ്ങളിലെ പെൺകരുത്തിൽ ഇന്നവൾ മുന്നോട്ടുവയ്‌ക്കുന്ന വലിയ ആശയങ്ങളുണ്ട്‌. പങ്കുവയ്‌ക്കലുണ്ട്‌. കൂട്ടിച്ചേർക്കലുണ്ട്‌. ഈ  നാടിന്റെ വികസനത്തിൽ എന്റെ പങ്കെന്ത്‌, എന്നുകൂടി ചിന്തിക്കാൻ ഓരോ സ്‌ത്രീയെയും കരുത്തുറ്റയാളാക്കുന്നതും ഇതേ ഉത്തരവാദിത്വബോധം. രാഷ്‌ട്രീയമെന്നാൽ ആണുങ്ങൾ സംസാരിക്കേണ്ടതാണെന്നും അതിലൊന്നും താൽപ്പര്യമില്ലെന്നും പറഞ്ഞ്‌ മാറിനടന്ന സ്‌ത്രീകൾ ഒരു തലമുറയ്‌ക്കപ്പുറംപോലുമുണ്ടായിരുന്നു. എന്നാൽ, ഇന്ന്‌ ആ ചിന്തയിൽപ്പോലും വന്ന വലിയ മാറ്റം കണ്ടില്ലെന്ന്‌ നടിക്കാനാകില്ല.

സർക്കാരിനെക്കുറിച്ചും സർക്കാർ തങ്ങൾക്ക്‌ നൽകുന്ന നേട്ടങ്ങളെക്കുറിച്ചും അവർ വാതോരാതെ സംസാരിക്കുമ്പോൾ കുഞ്ഞുകുട്ടി പോലും ‘പിണറായി’യെന്ന്‌ സ്‌നേഹത്തോടെ വിളിക്കുമ്പോൾ ഇതിനെല്ലാം ഒപ്പംചേരുകയാണ്‌, ഈ നാടിന്റെ പെണ്ണുങ്ങൾ. ചുരുക്കംചില ഉചിതമല്ലാത്ത വാർത്തകൾ നമുക്കിടയിൽ ഇടംപിടിക്കുന്നെങ്കിലും  നാളെ അതാവർത്തിക്കാതിരിക്കാൻ ഈ സർക്കാർ കൂടെയുണ്ടെന്ന ഉറപ്പ്‌, അതായിരുന്നു അതിജീവിതയ്‌ക്കും  ജിഷയ്‌ക്കും വിസ്‌മയക്കുംവേണ്ടി ഈ ലോകത്തോട്‌ നമ്മുടെ സർക്കാർ ഉറക്കെ പ്രഖ്യാപിച്ചതും. വിസ്‌മയയുടെ മരണം നാടിനെ വേദനിപ്പിച്ചപ്പോൾ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം ആരും മറക്കുന്നതല്ല. സ്‌ത്രീകൾക്കായുള്ള അതിക്രമങ്ങൾക്കെതിരെ ഉടൻ നടപടി എടുക്കാൻ അതിവേഗ കോടതികൾ ഉറപ്പാക്കുമെന്നും സർക്കാർ മുന്നോട്ടുവെച്ച വലിയ ആശയമാണ്‌.


 

ഇരുപത്തിനാല്‌ മണിക്കൂറും അടുക്കളയിൽ ഉരുകിത്തീരുന്നുവെന്ന അമ്മമാരുടെ പതിവ്‌ പല്ലവിക്കുപോലും വലിയ മാറ്റം. ഈ സർക്കാർ  ഉറപ്പാക്കുന്നു, വീട്ടമ്മമാർക്കും പെൻഷൻ. പ്രാരംഭനടപടി ആരംഭിക്കുമ്പോൾ മാറുന്നത്‌ വലിയ സമൂഹത്തിന്റെകൂടി ആത്മവിശ്വാസമാണ്‌. അടുക്കളയിലെ ജോലിക്കുള്ള മൂല്യമാണ്‌ ഈ പണം. നാളെയിലേക്കുള്ള കൂട്ടിവയ്‌ക്കലാണ്‌ ഇത്‌. തൊഴിലാളി വർഗത്തിലെ ഒരംഗമായ സ്‌ത്രീ ഇവിടെ ഇക്കാലംവരെയും വീട്ടുജോലി മാത്രം ചെയ്യുന്നതിനാൽ ശമ്പളമില്ലാത്ത അടിമയായിരുന്നു  (non wage slave).  പുരുഷ മേധാവിത്വവും ലിംഗാടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും കുടുംബഘടനയിലും പ്രകടമായി. ഇതിനെല്ലാം മാറ്റംവേണമെന്ന സർക്കാരിന്റെ ദിശാബോധമാണ്‌ വർത്തമാന സാമൂഹ്യവ്യവസ്ഥയിലും വലിയ മുന്നേറ്റങ്ങൾക്ക്‌ സഹായകമായത്‌. തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ അധികാര കേന്ദ്രങ്ങളിലേക്കും സ്‌ത്രീകൾ ഒന്നാം സ്ഥാനത്തേക്ക്‌ കടന്നുവന്നു. നേതൃപദവിയിൽ സ്‌ത്രീകളുടെ എണ്ണത്തിലുള്ള വർധനയും മറ്റു സ്‌ത്രീകൾക്ക്‌ കൂടി ആത്‌മവിശ്വാസം പകരുന്നതാണ്‌.

റേഷൻ കടയിൽ തന്റെ വിരൽ ചേർത്ത്‌ ഓരോ സ്‌ത്രീയും വീട്ടിലേക്ക്‌ അരിയും സാധനങ്ങളും തലച്ചുമടായി എത്തിക്കുമ്പോൾ നാട്‌ പിന്നെയും ഓർമ്മിക്കുന്നു, കേരളത്തിലെ ഒരൊറ്റ അടുക്കളയും പട്ടിണിയുടെ പേരിൽ അടച്ചുപൂട്ടേണ്ടി വരുന്നില്ലെന്ന്‌. കോവിഡ്‌ കാലത്ത്‌ കേരളത്തെ ഊട്ടിയ സ്‌മാർട്ട്‌ കിച്ചൺ പദ്ധതിയെ നാടിന്‌ അത്രയൊന്നും എളുപ്പം മറക്കാനാവില്ല. ഇന്ത്യയിൽ സ്‌ത്രീസമത്വത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളം സാക്ഷരതയിലും ഒന്നാമതുതന്നെ. നമ്മുടെ പെൺകുട്ടികൾ പഠിച്ചുവളരട്ടെയെന്ന ബോധം പൊതുസമൂഹത്തിന്‌ പകർന്നുനൽകാൻ അടിത്തട്ടുമുതൽ സർക്കാർ സംവിധാനങ്ങൾ ശക്തം. അങ്കണവാടി പ്രവർത്തകർമുതൽ ആശാവർക്കർവരെ ഈ വലിയ യജ്ഞത്തിൽ പങ്കാളികളാകുന്നു. പെൺകുട്ടികളുടെ പഠനം ഉറപ്പാക്കി അവർക്ക്‌ ആവശ്യമായ മാർഗനിർദേശം നൽകാൻ സർക്കാർ സംവിധാനങ്ങൾ കൂടെയുണ്ട്‌. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ പെൺകുട്ടികളുടെ മുന്നേറ്റം ഏറെ പ്രതീക്ഷ പകരുന്നതാണ്‌. ഓരോ വർഷവും പഠിച്ചിറങ്ങുന്ന കുട്ടികളിൽ കൂടുതൽ റാങ്ക്‌ വാങ്ങുന്നതും പെൺകുട്ടികൾ.


 

മുഴുവൻ തൊഴിൽ ദിനവും ഉറപ്പാക്കി ഓരോ സ്‌ത്രീയും സ്വയംപര്യാപ്‌തതയുടെ ഇടംകണ്ടെത്തുന്നു. ഇന്ന്‌ കേരളത്തിലെ ഒരു സ്‌ത്രീയുടെ കൈകളും ശൂന്യമല്ല. സ്വന്തം വരുമാനം ഉറപ്പാക്കാൻ ഇന്നവൾക്കാകുന്നു. വീടുകൾക്കുള്ളിലെ അതിക്രമം ഒരുഘട്ടംവരെ നിശ്ശബ്ദമായി സഹിച്ചുനിന്ന പെണ്ണിനെയാണ്‌ ഇന്നലെവരെ നാം കണ്ടത്‌.  ഇന്നതെല്ലാം മാറി. പൊലീസ്‌ സ്‌റ്റേഷനുകളിലേക്ക്‌ തെല്ലും ഭയമില്ലാതെ സ്‌ത്രീകൾ കടന്നുവരുന്നു, പരാതികൾ പങ്കുവയ്‌ക്കുന്നു. പരിഹാരം കാണാൻ അവർ സ്വമേധയാ മുന്നോട്ടുവരികയാണ്‌.

1998ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച കുടുംബശ്രീ തുടക്കമിട്ടത്‌ ഒരു വലിയ മാറ്റത്തിനാണ്‌. ഇന്ന്‌ 47,000 ലധികംപേർ അംഗങ്ങളായ കുടുംബശ്രീയിലൂടെ സമൂഹത്തിലുണ്ടായ മാറ്റം  പ്രതീക്ഷാവഹമാണ്‌. കൂടുതൽ പേരെ അംഗങ്ങളാക്കാൻ 18നും 40നും ഇടയിലുള്ള വനിതകളെ ചേർത്തുനിർത്തുന്ന ഓക്‌സിലറി ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്‌. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ സ്‌ത്രീകൾക്ക്‌ സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നു. കുടുംബശ്രീ ബസാർ ഡോട്ട്‌ കോം പദ്ധതിയും മാറുന്ന കേരളത്തിന്റെ മുഖമുദ്രയാണ്‌. കുടുംബശ്രീയിലെ അംഗങ്ങളുടെ കലാ കൂട്ടായ്‌മയായ രംഗശ്രീയിലൂടെ പാട്ടും നാടകവുമായി അരങ്ങിലെത്തിയ സ്‌ത്രീകൾ കലാകേരളത്തിന്റെ വെളിച്ചമായി. സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമം തടയാൻ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നിർഭയ പദ്ധതിയും കമ്യൂണിറ്റി കൗൺസലിങ്ങും സ്‌നേഹിത പദ്ധതിയും കരുതലിന്റെ കാഴ്‌ച. വനിതാശിശു വികസനവകുപ്പിന്റെ ‘കാതോർത്ത്‌’ പദ്ധതിയിൽ ഓൺലൈനായി  സൗജന്യ നിയമസുരക്ഷയും പൊലീസ്‌ സഹായവും 48 മണിക്കൂറിനകം ലഭിക്കുന്നു. വെള്ളക്കടലാസിൽ വിലാസംമാത്രം നൽകി നിയമപരിരക്ഷ ലഭ്യമാക്കുന്ന ‘രക്ഷാദൂത്‌’ പദ്ധതിയും ഈ ഘട്ടം ഓർമിക്കണം. ബാല്യവിവാഹം തടയാൻ നടപ്പാക്കിയ ‘പൊൻവാക്ക്‌’ പദ്ധതിയും വലിയ മാറ്റത്തിന്‌ ഇടയാക്കി. ജെൻഡർ അവയർനസിനായി ആരംഭിച്ച  ‘കനൽ’ പദ്ധതിയിലൂടെ  മുഴുവൻ കോളേജുകളിലും സ്‌ത്രീസുരക്ഷാ ബോധവൽക്കരണം നടത്തി.

ഇന്ത്യയിൽ ഒരോ അരമണിക്കൂറിലും ആറ്‌ സ്‌ത്രീകൾ/പെൺകുട്ടികൾ ബലാൽസംഗത്തിന്‌ ഇരയാക്കപ്പെടുന്നുവെന്നാണ്‌ കണക്ക്‌. മതാത്മക സമൂഹത്തിലെ പാട്രിയാർക്കൽ കുടുംബവ്യവസ്ഥയുടെ ഉപോൽപ്പന്നംതന്നെയാണ്‌ സ്‌ത്രീയെ കേവലം ശരീരമായി കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നത്‌. സ്വയം അശുദ്ധകളെന്ന്‌ അടയാളപ്പെടുത്തുന്ന സ്‌ത്രീകളെയാണ്‌ ഈ വ്യവസ്ഥ സൃഷ്ടിച്ചത്‌. കായികബലവും  ഉൽപ്പന്ന ശേഖരണവും ഉടമസ്ഥതയും മേൽക്കോയ്‌മ നൽകിയ പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുടെ വർത്തമാനമാണ്‌ മുതലാളിത്ത ലോകത്തിലെ കേവല ഉപഭോഗവസ്‌തുവായി മാറിയ സ്‌ത്രീ. രാജ്യത്ത്‌ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഫാസിസ്റ്റുവിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി ഇന്ന്‌ മുന്നിൽ അവളുണ്ട്‌. നിയതമായ നിയമം തെറ്റിച്ച്‌ തെരുവിലിറങ്ങി നടന്നവൾ, ഇരുട്ടിനെ ഭയക്കാതെ സ്വയം തീയായി മാറിയവൾ... സ്‌കാൻഡിനേവിയൻ രാഷ്ട്രങ്ങളിലുയർന്നുവരുന്ന ഒരു തലമുറ ജെൻഡറിനെക്കുറിച്ചുപോലും ചിന്തിക്കുന്നില്ല എന്നത്‌ എത്രമാത്രം ആഹ്ലാദകരം. ഇവിടെ ഒരു സ്‌ത്രീപക്ഷ സർക്കാർ കൂടെയുണ്ട്‌. നല്ല നാളേക്കായി അവളെ കൈപിടിച്ച്‌ നടത്താൻ. അടുക്കളയിൽനിന്ന്‌ അരങ്ങിലെത്തിയ ഒരുകൂട്ടം സ്‌ത്രീകൾ. കൂടുതൽ തലയുയർത്തി ആ പെണ്ണുങ്ങൾ നടന്നുനീങ്ങട്ടെ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top