20 March Wednesday

പുനരുദ്ധാരണ ഘട്ടത്തിലെ കെഎസ്ആര്‍ടിസി

സി കെ ഹരികൃഷ്ണന്‍Updated: Friday Sep 22, 2017

 

പിറവിമുതല്‍ വിവാദങ്ങളും വിമര്‍ശങ്ങളും സഹയാത്രികരായിരുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. പൊതുഗതാഗതം എന്ന മഹത്തായ ആശയം സാക്ഷാല്‍ക്കരിക്കുന്നതിനാണ് രാജ്യത്ത് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്ക് ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു രൂപംനല്‍കിയത്. എന്നാല്‍, രാജ്യത്തിന്റെ മുതല്‍ക്കൂട്ടായ ഈ പൊതുമേഖല സ്ഥാപനത്തെ തകര്‍ക്കാന്‍ ആദ്യം തുനിഞ്ഞത് നെഹ്റുപാരമ്പര്യത്തില്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഭരണാധികാരികളായിരുന്നുവെന്നത് ചരിത്രത്തിലെ വൈരുധ്യങ്ങളിലൊന്നാണ്. പുത്തന്‍ സാമ്പത്തികനയം നടപ്പാക്കിയതിനുശേഷമാണ് ഇന്ത്യയില്‍ പൊതുമേഖല ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളുടെ പ്രതിസന്ധി തുടങ്ങിയതും ആര്‍ടിസികള്‍ ഒന്നൊന്നായി അടച്ചുപൂട്ടിയതും. ആര്‍ടിസി ആക്ട് അനുശാസിക്കുന്ന മൂലധനനിക്ഷേപം, പുത്തന്‍ സാമ്പത്തികനയം നടപ്പാക്കാന്‍ ആരംഭിച്ച 1988 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ ബസുകളുടെ അനുപാതം 20 ശതമാനമായി ചുരുങ്ങുകയും ഇരുചക്രവാഹനങ്ങളുടെ ഉള്‍പ്പെടെ വാഹനപ്പെരുപ്പം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.  മൂലധനനിക്ഷേപം നിഷേധിക്കപ്പെട്ട ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്ക് ബസ് വാങ്ങാന്‍ കടമെടുക്കേണ്ടിവന്നു. ഇതിനുപുറമെ ഇന്ധനവിലയിലുണ്ടായ നീതീകരണമില്ലാത്ത വര്‍ധനകൂടിയായപ്പോള്‍ പ്രതിമാസകമ്മി വര്‍ധിക്കുകയും ഈ കമ്മി നികത്തുന്നതിനുകൂടി വീണ്ടും കടമെടുക്കേണ്ടതായും വന്നു. ഇത് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളെ അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്കാണ് എത്തിച്ചത്.

കേന്ദ്ര സര്‍ക്കാരുകളുടെ പൊതുമേഖലാവിരുദ്ധ നയംതന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരുകളും നടപ്പാക്കിയത്.  ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറി കെഎസ്ആര്‍ടിസിയുടെ നട്ടെല്ല് തകര്‍ക്കാനാണ് ശ്രമിച്ചത്.  ദേശസാല്‍കൃത റൂട്ടുകള്‍ സംരക്ഷിക്കുന്നതിന് സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിനാണ് കെഎസ്ആര്‍ടി എംപ്ളോയീസ് അസോസിയേഷന്‍ നേതൃത്വം നല്‍കിയത്. ഡിപ്പോകള്‍ പണയപ്പെടുത്തി ഓരോ മാസവും കടമെടുത്ത് ശമ്പളവും പെന്‍ഷനും മറ്റാവശ്യങ്ങള്‍ക്കും വിനിയോഗിക്കുക എന്ന സമീപനമാണ് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കൂടിയ പലിശയ്ക്ക് എടുത്ത കടം അടച്ചുതീര്‍ക്കുന്നതിന് ബാങ്ക് കണ്‍സോര്‍ഷ്യംവഴി കുറഞ്ഞ പലിശയ്ക്ക് എടുത്ത 1300 കോടി രൂപപോലും ആ ആവശ്യത്തിന് വിനിയോഗിക്കാതെ വകമാറ്റി ചെലവഴിച്ചതുമൂലം ഒരു പൊതുമേഖല സ്ഥാപനത്തിന് ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള കടബാധ്യതയിലേക്കാണ് കെഎസ്ആര്‍ടിസി കൂപ്പുകുത്തിയത്. വിവിധ ധനസ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പ 3250 കോടിയില്‍ എത്തി.

42,564 ജീവനക്കാരും 38,000 പെന്‍ഷന്‍കാരും ഉള്‍പ്പെടെ ഒരുലക്ഷത്തോളം കുടുംബങ്ങളുടെ അന്നദാതാവും സാധാരണക്കാരുടെ യാത്രാവശ്യവുമായ കെഎസ്ആര്‍ടിസി കടക്കെണിയിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞ സംഘടന, വ്യവസായപ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ ഡോ. വിജയചന്ദ്രന്‍, പ്രൊഫ. ഹനുമന്തറാവു എന്നീ വിദഗ്ധരെ ചുമതലപ്പെടുത്തുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍മാത്രമാണ് ക്രിയാത്മകമായി പ്രതികരിച്ചത്. സേവ് കെഎസ്ആര്‍ടിസി, മത്സരാധിഷ്ഠിതവും സേവനാധിഷ്ഠിതവുമായ ട്രാന്‍സ്പോര്‍ട്ട്, കാര്യക്ഷമത വരുമാനവര്‍ധന തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഏറ്റെടുത്ത ക്യാമ്പയിനുകളിലൂടെ തൊഴിലാളികളെ ഒന്നാകെ അണിനിരത്താനും വരുമാനത്തിലും കാര്യക്ഷമതയിലും പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാനും സംഘടനയ്ക്ക് കഴിഞ്ഞു.  എന്നാല്‍, കഴിഞ്ഞ യുഡിഎഫ് ഭരണം സ്ഥാപനത്തിന്റെ അവസാനശ്വാസവും ഇല്ലാതാക്കിയാണ് അരങ്ങൊഴിഞ്ഞത്. ഈ സന്ദര്‍ഭത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആകെ 5661 ഷെഡ്യൂളുകളില്‍ ഇപ്പോള്‍ ശരാശരി 5200 ഷെഡ്യൂളുകള്‍ കോര്‍പറേഷന്‍ ഓപ്പറേറ്റ് ചെയ്തുവരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 4400 ഷെഡ്യൂളുകള്‍മാത്രമാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ഷെഡ്യൂളുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 27 ലക്ഷത്തില്‍നിന്ന് 32 ലക്ഷമായി ഉയരുകയും പ്രതിദിനവരുമാനം 4.75 കോടി രൂപയില്‍നിന്ന് 5.75 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു.

ഇപ്പോള്‍ 170 കോടി രൂപ ശരാശരി പ്രതിമാസവരുമാനം ലഭിക്കുമ്പോള്‍ അതില്‍ 90 കോടി രൂപയും വായ്പതിരിച്ചടവ് ഇനത്തില്‍ നീക്കിവയ്ക്കേണ്ടിവരുന്നു. അതുകഴിച്ചാല്‍ കോര്‍പറേഷന് ഒരുമാസം ലഭിക്കുന്നത് കേവലം 80 കോടി രൂപയാണ്. ഡീസലിനുമാത്രം 90 കോടി രൂപ വേണം. അതാകട്ടെ ഓരോ ദിവസവും വര്‍ധിച്ചുവരികയും ചെയ്യുന്നു. അതായത് ഡീസലടിക്കാന്‍പോലും കടമെടുക്കേണ്ട അവസ്ഥയിലെത്തിയ സ്ഥാപനം, തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടു എന്നര്‍ഥം. പ്രശ്നസങ്കീര്‍ണമായ ഈ അവസ്ഥയില്‍നിന്ന് താല്‍ക്കാലിക പരിഹാരങ്ങള്‍കൊണ്ട് സ്ഥാപനത്തെ രക്ഷിക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പുനരുദ്ധാരണനടപടി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മാനേജ്മെന്റിനെ പ്രൊഫഷണലൈസ് ചെയ്യുന്നതിനും ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചും പുതിയ സര്‍വീസുകള്‍ ആരംഭിച്ചും വരുമാനം വര്‍ധിപ്പിക്കുന്നതിനും വര്‍ക്ഷോപ്പുകളെ ആധുനികവല്‍ക്കരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ഭരണപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കോര്‍പറേഷനെ ഗ്രസിച്ചിട്ടുള്ള കടഭാരത്തില്‍നിന്ന് മോചിപ്പിക്കാന്‍ സമഗ്ര സാമ്പത്തിക പുനഃസംഘടനയ്ക്കും നേതൃത്വം നല്‍കിവരുന്നു.

എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുടെ പേരില്‍ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്താനും പരിഷ്കാരങ്ങളെന്ന പേരില്‍ തൊഴിലാളിവിരുദ്ധത കുത്തിനിറയ്ക്കാനും മാനേജ്മെന്റ് നടത്തുന്ന ശ്രമങ്ങളെ കാണാതിരുന്നുകൂടാ. സര്‍ക്കാര്‍നയങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നത്. പുനരുദ്ധാരണനയങ്ങള്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ സൃഷ്ടിയല്ല, കേരളത്തിലെ ജനകീയ സര്‍ക്കാരിന്റെ പൊതുമേഖല സംരക്ഷണനയമാണത്. പുനരുദ്ധാരണനടപടികളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ കരുതലോടെ കാണാനും ചെറുത്തുതോല്‍പ്പിക്കാനും കഴിയേണ്ടതുണ്ട്. രാജ്യത്തെ ആര്‍ടിസികളെ തകര്‍ക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ മോട്ടോര്‍വാഹന ഭേദഗതിബില്ലും പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വ്യവസായത്തെ സുസ്ഥിരമായ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന സങ്കീര്‍ണമായ കടമയാണ് ഇപ്പോള്‍ ഓരോ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളിയുടെയും മുന്നിലുള്ളത്. വര്‍ഗീയതയും കാറ്റഗറിവാദവും തൊഴിലാളികള്‍ക്കിടയിലേക്ക് തിരുകിവിട്ട് വര്‍ഗഐക്യം തകര്‍ക്കാനും അവരുടെ വിലപേശല്‍ശേഷി ഇല്ലാതാക്കാനും ശ്രമിക്കുന്ന വിരുദ്ധശക്തികള്‍ നമുക്കു ചുറ്റുമുണ്ടെന്ന കാര്യവും ഗൌരവത്തോടെ കാണണം.

കെഎസ്ആര്‍ടി എംപ്ളോയീസ് അസോസിയേഷന്‍ (സിഐടിയു) 41-ാം സംസ്ഥാന സമ്മേളനം 22, 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുകയാണ്. അസോസിയേഷന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലെ സംസ്ഥാന സമ്മേളനംകൂടിയാണിത്. കൂടുതല്‍ കരുത്തോടെ മുന്നേറാനുള്ള ചര്‍ച്ചയും തീരുമാനങ്ങളുമാകും സമ്മേളനത്തില്‍ ഉണ്ടാവുക

(കെഎസ്ആര്‍ടി എംപ്ളോയീസ് അസോ. ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top