27 March Monday

പുതിയ സമരപഥങ്ങളിൽ

എൻ ചന്ദ്രൻUpdated: Wednesday Feb 1, 2023

കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാൻ വേണ്ടി കെഎസ്‌കെടിയു നടത്തിയ സമരങ്ങൾ നിരവധിയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായി കേരളം ഇന്ന് തലയുയർത്തി നിൽക്കുന്നതും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളടക്കം പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭ്യമായതും ഉച്ചനീചത്വങ്ങളില്ലാതെ സമൂഹത്തിൽ ഇടപഴകാൻ സാധിക്കുന്നതും യൂണിയനും കർഷക സംഘവും കമ്യൂണിസ്റ്റ് പാർടിയുമൊക്കെ നടത്തിയ നിരവധിയായ പ്രക്ഷോഭങ്ങളുടെയും ഇടപെടലുകളുടെയും ഭാഗമായാണ്.

പാവപ്പെട്ട ജനതയുടെ ജിഹ്വയായി കർഷക തൊഴിലാളി യൂണിയൻ എല്ലാകാലത്തും മുന്നിലുണ്ടായിരുന്നു. പുതിയ കാലത്തെ കർഷക തൊഴിലാളി പ്രശ്‌നങ്ങളെയാണ് യൂണിയൻ ഇപ്പോൾ അഭിസംബോധന ചെയ്യുന്നത്. സാധാരണക്കാർക്ക് ജീവിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തോടൊപ്പം നെൽവയൽ തരിശിടരുതെന്നും കർഷക തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കണമെന്നും അവശേഷിക്കുന്ന മിച്ചഭൂമി -പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും യൂണിയൻ മുദ്രാവാക്യമുയർത്തുന്നു.

കേരളത്തിലെ കാർഷികമേഖല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായ ചില പ്രത്യേകതകൾ നിലനിൽക്കുന്നതാണ്. ഇന്ത്യയിൽ ആകെ കൃഷിയോഗ്യമായ  ഭൂമിയുടെ 15–--20 ശതമാനം നാണ്യവിളകൾക്കും 80 ശതമാനത്തിലേറെ ഭക്ഷ്യവിളകൾക്കുമാണ് ഉപയോഗിക്കുന്നത്. എന്നാൽ, കേരളത്തിൽ 65 ശതമാനത്തോളം കാർഷിക ഭൂമിയും നാണ്യവിളകൾ കൃഷി ചെയ്യുന്നതാണ്. ഭൂമിശാസ്ത്രപരവും കാലാവസ്ഥാ സംബന്ധിയായതുമായ സവിശേഷതകൾ ഇതിന് കാരണമാണ്.  സംസ്ഥാന രൂപീകരണത്തിന്റെ ആദ്യഘട്ടത്തിൽ കാർഷികമേഖല കേരള സമ്പദ്ഘടനയിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 1956–--57ൽ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 53 ശതമാനം കാർഷിക മേഖലയിൽ നിന്നായിരുന്നു. ജനങ്ങളിൽ നല്ലൊരുഭാഗം കാർഷികമേഖലയെ ആശ്രയിച്ച് കഴിയുന്നവരുമായിരുന്നു. എന്നാൽ, കാലക്രമേണ കാർഷികമേഖല ദുർബലപ്പെടുകയാണുണ്ടായത്. 


 

കേരളത്തിന്റെ ഭക്ഷ്യവിളകളിൽ ഏറ്റവും പ്രധാനപ്പെട്ടത് നെല്ല് തന്നെയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നത് കേരളത്തിലാണെന്നത് ഇതിനൊരു കാരണമായിരുന്നു. കേരളത്തിനാവശ്യമായ അരിയുടെ 40 ശതമാനത്തോളം അന്ന് കേരളത്തിൽ ഉൽപ്പാദിപ്പിച്ചിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായ 1956-–-57ൽ 7.59 ലക്ഷം ഹെക്ടർ സ്ഥലത്താണ് നെൽക്കൃഷി നടത്തിയിരുന്നത്. പിന്നീട് നെൽക്കൃഷിയിൽ വലിയ രീതിയിൽ ശോഷണമുണ്ടായി. നെൽപ്പാടങ്ങൾ വ്യാപകമായി തരിശിടുകയും തുടർന്ന് മണ്ണിട്ട് നികത്തുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെട്ടു. അതിനെതിരായി കെഎസ്‌കെടിയു നടത്തിയ ഐതിഹാസിക സമരങ്ങൾ കേരള ചരിത്രത്തിന്റെ ഭാഗമാണ്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കാർഷിക മേഖലയ്ക്കാകെയും നെൽക്കൃഷിക്ക് പ്രത്യേകിച്ചും നല്ല പരിഗണനയാണ് നൽകിയത്.

കേരളത്തിലെ നെൽക്കൃഷിയെയും കാർഷിക വ്യവസ്ഥിതിയെയാകെയും സംരക്ഷിക്കുന്നതിൽ കർഷക തൊഴിലാളി യൂണിയൻ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. പുതിയ നിയമനിർമാണത്തിന് നിമിത്തമായതും യൂണിയന്റെ പ്രക്ഷോഭമാണ്. വയലുകൾ നികത്തുന്ന വേളയിൽ നാടിന്റെ എല്ലാ ഭാഗങ്ങളിലും യൂണിയൻ പ്രവർത്തകർ നേരിട്ടിറങ്ങി പ്രതിരോധം തീർക്കുന്നതായിരുന്നു സമര രീതി. അതിന്റെ ഗുണം കേരളത്തിനുണ്ടായി. എന്നാൽ, ഈ സമരം ആദ്യകാലത്തെ സജീവതയോടെ തുടരാനായില്ല എന്നതും വസ്തുതയാണ്. ഇപ്പോൾ  നെൽവയൽ തരിശിടുന്നതും പാടങ്ങൾ നികത്തുന്നതും വ്യാപകമായിട്ടുള്ളത് ഇതിന്റെ ഭാഗമാണ്. ഈ മേഖലയിൽ യൂണിയന്റെ സജീവമായ ശ്രദ്ധയും പ്രായോഗികമായ ഇടപെടലും വളർത്തിക്കൊണ്ടുവരും. സംസ്ഥാന സർക്കാർ നെൽക്കൃഷിക്ക് നല്ല പിന്തുണയും സഹായവും നൽകുന്ന പശ്ചാത്തലത്തിൽ, നെൽക്കൃഷി വ്യാപിപ്പിക്കേണ്ടതുണ്ട്. തരിശിടുന്ന വയലുകളിൽ കൃഷി നടത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. യൂണിയൻ നേതൃത്വം നൽകുന്ന തൊഴിൽസേനാ സംഘങ്ങൾക്ക് ഇതിൽ പങ്ക് വഹിക്കാനാകും. കേരളത്തിന്റെ നെൽക്കൃഷി സംരക്ഷിക്കാൻ വീണ്ടുമൊരു സമരത്തിനും പ്രായോഗിക ഇടപെടലുകൾക്കും കെഎസ്‌കെടിയു രംഗത്തിറങ്ങുകയാണ്.

ഭൂപരിഷ്‌കരണ നിയമത്തിലൂടെ ജാതി ജൻമി നാടുവാഴിത്ത വ്യവസ്ഥയ്ക്ക് അറുതിവരുത്തി പാവപ്പെട്ടവന്റെ കൈയിൽ ഭൂമി എത്തിച്ച സംസ്ഥാനമാണ് കേരളം. നമ്മുടെ ഇന്നത്തെ വളർച്ചയിൽ ഭൂപരിഷ്‌കരണ നിയമത്തിനും തുടർന്നുള്ള നടപടികൾക്കും വലിയ പ്രാധാന്യമുണ്ട്. ആ നിയമം അട്ടിമറിക്കാനുള്ള വലതുപക്ഷ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ നാം നടത്തിയ സമരത്തിലൂടെയാണ് ജനങ്ങൾ ഭൂമിയുടെ അധിപരായത്. കുടികിടപ്പവകാശത്തിനും മിച്ചഭൂമിക്കും വേണ്ടി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഉജ്വലമായ പോരാട്ടം ആധുനിക കേരളത്തിന് അടിത്തറയിട്ടു. ഇപ്പോഴും സംസ്ഥാനത്ത് വിവിധ തലങ്ങളിൽ ഭൂപ്രശ്നങ്ങളുണ്ട്. പട്ടയം ലഭിക്കാത്തതും മിച്ചഭൂമി ലഭിക്കാത്തതും മിച്ചഭൂമിക്ക് അർഹതയുണ്ടായിട്ടും അളന്ന് തിട്ടപ്പെടുത്തി നൽകാത്തതും പലവിധ കാരണങ്ങളാൽ നികുതി അടയ്‌ക്കാൻ സാധിക്കാത്തതും തുടങ്ങി നിരവധി പ്രശ്നങ്ങൾ നിലവിലുണ്ട്.


 

കേരളത്തിൽ പട്ടയം ലഭിക്കുന്നതിൽ നൽകിയ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. 78 ലാൻഡ്‌ ട്രിബ്യൂണൽ ഓഫീസിൽ 1,05,825 അപേക്ഷയാണ് ഇങ്ങനെ തീരുമാനം കാത്ത് കിടക്കുന്നത്. നിസ്സാര കാരണങ്ങൾ പറഞ്ഞ് നടപടി വൈകിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടാണ് ഇതിന് പ്രധാന കാരണം.  മിച്ചഭൂമി ഏറ്റെടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇടതുപക്ഷ സർക്കാരുകളുടെ മുൻകൈ വലതുപക്ഷ സർക്കാരുകൾ എടുത്തില്ല.  മിച്ചഭൂമി അനുവദിച്ച് കിട്ടിയ ആയിരക്കണക്കിനാളുകൾക്ക് തനിക്ക് ലഭിച്ച ഭൂമി എവിടെയാണെന്ന് അറിയാത്ത അവസ്ഥ നിലവിലുണ്ട്. അവർക്ക് കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കൊടുക്കണം.

രാജ്യത്ത് കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സ്വകാര്യവൽക്കരണ -ഉദാരവൽക്കരണ- ആഗോളവൽക്കരണ നയങ്ങൾക്ക് ബദലായുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. അതിനാൽതന്നെ കേരളത്തിലെ സർക്കാരിനെ തകർക്കുകയെന്നത് മുതലാളിത്ത, വലതുപക്ഷ ശക്തികളുടെ മുഖ്യ അജൻഡയാണ്. കേന്ദ്രസർക്കാർ കേരളത്തോട് വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്നതും ഇതിനാലാണ്. കേരളത്തിലെ വികസന പദ്ധതികൾ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുകയും നൽകാതിരിക്കുകയും ചെയ്യുന്നു. ജിഎസ്ടി നഷ്ടപരിഹാരം ധന കമീഷൻ ഗ്രാൻഡ് തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. കടമെടുക്കാനുള്ള പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ന്യായമായ ആവശ്യത്തെയും കേന്ദ്രം നിരാകരിച്ചു.

മുമ്പ് സംസ്ഥാന സർക്കാർ ഖജനാവിൽ പണം ഉണ്ടാകുമ്പോൾ മാത്രമാണ് പെൻഷൻ നൽകിയിരുന്നത്. അതിനാൽ മാസങ്ങളോളം കുടിശ്ശികയായിരുന്നു. യുഡിഎഫ് ഭരിക്കുമ്പോൾ 18 മാസത്തോളം പെൻഷൻ നൽകിയിരുന്നില്ല. എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ 600 രൂപയുണ്ടായിരുന്ന പെൻഷൻ തുക 1600 രൂപയാക്കി വർധിപ്പിച്ചു. പെൻഷൻ വീടുകളിലെത്തിച്ചു.

1980ലാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ കർഷക തൊഴിലാളി പെൻഷൻ പ്രഖ്യാപിക്കപ്പെട്ടത്. നിലവിൽ 3.82 ലക്ഷം പേർക്ക് പെൻഷൻ ലഭിക്കുന്നുണ്ട്. ഏകദേശം 739 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഈ പെൻഷനുവേണ്ടിമാത്രം പ്രതിവർഷം ചെലവഴിക്കുന്നത്.  കർഷക തൊഴിലാളി പെൻഷനു വേണ്ടി കേന്ദ്രവിഹിതം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി സമരചരിത്രങ്ങൾ രചിച്ച കെഎസ്‌കെടിയു, പുതിയ കാലത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രക്ഷോഭ ഭൂമികയിൽ മുന്നേറുകയാണ്. ഇത് നാടിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top