11 August Tuesday

വിദ്യാശ്രീ പദ്ധതിയുമായി കെഎസ്‌എഫ്‌ഇ - പ്രൊഫ.കെ എൻ ഗംഗാധരൻ എഴുതുന്നു

പ്രൊഫ.കെ എൻ ഗംഗാധരൻUpdated: Thursday Jul 9, 2020


സാധാരണക്കാർ വിശ്വാസപൂർവം ആശ്രയിക്കുന്ന ധനകാര്യ സ്ഥാപനമാണ്‌ കെഎസ്‌എഫ്‌ഇ. ചെറുതും വലുതുമായ വിവിധങ്ങളായ സാമ്പത്തികാവശ്യങ്ങൾക്ക്‌ സമീപിക്കുന്ന പൊതുമേഖലാസ്ഥാപനം. കുറഞ്ഞ പലിശനിരക്കും സുതാര്യതയുമാണ്‌ കെഎസ്‌എഫ്‌ഇയെ പ്രിയങ്കരമാക്കുന്നത്‌.  സാധാരണ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന ലക്ഷ്യം പരമാവധി ലാഭമാണ്‌. കെഎസ്‌എഫ്‌ഇയ്‌ക്ക്‌ ലാഭം പ്രധാനലക്ഷ്യമല്ല. ജനക്ഷേമമാണ്‌ പ്രാഥമികം. അതിനർഥം ലാഭം നിഷിദ്ധമെന്നല്ല. രൂപംകൊണ്ട വർഷംമുതൽ കഴിഞ്ഞ അമ്പതു വർഷമായി സ്ഥാപനം ലാഭത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. ലാഭം സർക്കാരിലേക്ക്‌ മുതൽക്കൂട്ടുകയും ചെയ്യുന്നു. പ്രവർത്തന രീതിയിലെയും ലക്ഷ്യത്തിലെയും ജനകീയതകൊണ്ട്‌ ഒരു ധനകാര്യ സ്ഥാപനം എന്നതിലേക്കാൾ സാമൂഹ്യ സ്ഥാപനമെന്ന പേരാകും കെഎസ്‌എഫ്‌ഇയ്‌ക്ക്‌ ഏറെ ചേരുക.

കോവിഡിനെ തുടർന്നുള്ള അടച്ചുപൂട്ടലിന്റെ പശ്‌ചാത്തലത്തിൽ സ്ഥാപനം ഒരു പുതിയ പാഠം ആരംഭിക്കുകയാണ്‌. നിർധനരായ വിദ്യാർഥികൾക്ക്‌ കുറഞ്ഞ ചെലവിൽ ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്ന വിദ്യാശ്രീ പദ്ധതി കുടുംബശ്രീയുമായി കൈകോർത്ത്‌ നടപ്പാക്കുകയാണ്‌. രണ്ടു ജനകീയ സ്ഥാപനങ്ങൾ ജന നന്മയ്‌ക്കായി കൈകോർക്കുന്നുവെന്ന്‌ അർഥം.

ഡിജിറ്റൽ ഡിവൈഡ്‌ മറികടക്കണം
മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ രക്ഷാകർത്താക്കളുടെ മനസ്സിൽ തീ കോരിയിടുകയായിരുന്നു. മക്കളുടെ ഭാവി ഇരുളിലാഴുമോ എന്ന്‌ അവർ ആശങ്കപ്പെട്ടു. ആ സന്ദിഗ്‌ദ്ധഘട്ടത്തിലാണ്‌ കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ഓൺലൈൻ ക്ലാസുകൾക്ക്‌ തുടക്കം കുറിച്ചത്‌. പദ്ധതിയുടെ പ്രയോഗക്ഷമതയിൽ ആശങ്കപ്പെട്ടവർ കുറവായിരുന്നില്ല. എന്നാൽ, അടച്ചുപൂട്ടൽ അനന്തമായി നീളുമ്പോൾ സർക്കാർ തീരുമാനത്തിന്റെ ഗരിമ ഏവരും സാക്ഷ്യപ്പെടുത്തുന്നു. ആധുനിക കാലത്ത്‌ വിദ്യ അഭ്യസനത്തിൽ സാങ്കേതിക സംവിധാനങ്ങളെ കൂടുതൽ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. അധ്യാപനവും അധ്യയനവും ഒരുപോലെ കാര്യക്ഷമമാക്കാൻ സാങ്കേതിക സംവിധാനങ്ങൾ സഹായിക്കുന്നു. ജനകീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ്‌. ആയതിനാൽ എല്ലാ വിദ്യാർഥികൾക്കും ലാപ്‌ടോപ്പുകളോ ടിവികളോ സ്‌മാർട്ട്‌  ഫോണുകളോ ലഭ്യമാകണം. സർവേപ്രകാരം സംസ്ഥാനത്ത്‌ 2.61 ലക്ഷം പേർക്ക്‌ ആ വക സംവിധാനങ്ങളില്ല. അവ ഒരുക്കുന്നതിനുള്ള കൂട്ടായ യത്‌നത്തിലാണ്‌ പൊതുസമൂഹം. തീർച്ചയായും അവ കോവിഡ്‌ കാലത്തേക്കു മാത്രമുള്ളതല്ല. വിദ്യാഭ്യാസ ജീവിതത്തിലുടനീളം കരുതേണ്ടവയാണ്‌. സാങ്കേതികസൗകര്യങ്ങളും അവ കൈകാര്യം ചെയ്യാനുള്ള അറിവും കുറെപ്പേർക്ക്‌ ഉണ്ടായിരിക്കുകയും മറ്റു കുറെപ്പേർക്ക്‌ ഇല്ലാതിരിക്കുകയും എന്നതാണ്‌ ഡിജിറ്റൽ ഡിവൈഡ്‌. അതു മറികടക്കാനുള്ള പ്രധാനപ്പെട്ട പദ്ധതിയാണ്‌ കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും സംയുക്‌തമായി നടപ്പാക്കുന്ന വിദ്യാശ്രീ പദ്ധതി.


 

ലളിതമായ തവണകൾ
വളരെ ലളിതമായ വ്യവസ്ഥകളിൽ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക്‌ തവണ വ്യവസ്ഥയിൽ ലാപ്‌ടോപ്‌ വാങ്ങാൻ 15000 രൂപ ലഭ്യമാക്കുകയാണ്‌ പദ്ധതിയുടെ കാതൽ. രണ്ടരവർഷത്തിനകം 30 തവണയായി തുക തിരിച്ചടച്ചാൽ മതി. അതായത്‌ പ്രതിമാസം 500 രൂപ. അത്രയും തുക ഒന്നിച്ചടയ്‌ക്കാൻ കഴിയാത്തവർക്ക്‌ ദിവസ–- ആഴ്‌ച തവണകളായും അടയ്‌ക്കാം. ആദ്യത്തെ പത്തുതവണ കൃത്യമായി തിരിച്ചടയ്‌ക്കുന്നവർക്ക്‌ 500 രൂപ കിഴിവും നൽകും. അതേപോലെ അടുത്ത പത്തു തവണ അടയ്‌ക്കുന്നവർക്ക്‌ മറ്റൊരു 500 രൂപയും അവസാന പത്തു തവണയും മുടക്കം വരാത്തവർക്ക്‌ വീണ്ടും 500 രൂപയും ഇളവു നൽകും. അങ്ങനെ മൊത്തം 1500 രൂപയുടെ ഇളവ്‌. പലിശ രഹിത വായ്‌പയാണ്‌ നൽകുന്നത്‌. നാലു ശതമാനം പലിശ കെഎസ്‌എഫ്‌ഇയും അഞ്ചു ശതമാനം പലിശ സർക്കാരും വഹിക്കും. ദുർഗ്രഹങ്ങളായ നടപടി ചട്ടങ്ങളും നൂലാമാലകളുമൊന്നുമില്ല. പണം കൈപ്പറ്റുന്ന കുടുംബശ്രീ അംഗവും ബന്ധപ്പെട്ട അയൽക്കൂട്ടവുമാണ്‌ തുക തിരിച്ചടവു മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പിരിവു ചുമതലയുള്ള അയൽക്കൂട്ടത്തിന്‌ രണ്ടു ശതമാനം കമീഷന്‌ അർഹതയുണ്ട്‌.

ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിന്‌ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം  ക്രമപ്പെടുത്തിയ ലാപ്‌ടോപ്പുകളാവും നൽകുക. അതായത്‌ കേവലം വിനോദോപാധിയായിരിക്കില്ല. ശുദ്ധമായ പഠനോപാധികളായിരിക്കും. ലാപ്‌ടോപ്പുകൾ ആവശ്യമില്ലാത്തവർക്ക്‌ ഒന്നുമുതൽ മൂന്നു വർഷ കാലയളവിലേക്ക്‌ കെഎസ്‌എഫ്‌ഇയുടെ സുഗമ അക്കൗണ്ടിൽ സ്ഥിര നിക്ഷേപമായി തുക നില നിർത്താം. നിയമപ്രകാരമുള്ള പലിശ ലഭിക്കും. ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയും ലാപ്‌ടോപ്പുകൾ വാങ്ങാൻ കുടുംബശ്രീകൾക്കു കൈമാറുന്ന പണവും വിദ്യാശ്രീ പദ്ധതിയിലേക്കു മാറ്റാവുന്നതാണ്‌. അത്തരത്തിൽ ലാപ്‌ടോപ്പുകൾ വാങ്ങിയ അംഗങ്ങൾ തുടർന്ന്‌ അത്രയും തുക അടയ്‌ക്കേണ്ടതില്ല.

(കെഎസ്‌എഫ്‌ഇ ഡയറക്‌ടർ ബോർഡ്‌ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top