09 February Thursday

കേരള പേപ്പർ പ്രോഡക്ട്‌സ്‌
 ; പ്രതീക്ഷയുടെ സൈറൺ - എളമരം കരീം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

പഴയ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി അടച്ചുപൂട്ടൽ ഒഴിവാക്കി ‘കേരള പേപ്പർ പ്രോഡക്ട്‌സ്‌' എന്നപേരിൽ പുനരുദ്ധരിച്ചത്‌ നവകേരളം ലക്ഷ്യംവയ്‌ക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ്. പൊതുമേഖല സംരക്ഷിക്കുകയെന്ന എൽഡിഎഫിന്റെ രാഷ്ട്രീയ നയത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ്‌ ഇത്. മൂന്നു വർഷമായി അടഞ്ഞുകിടന്ന ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുത്ത് 2021 മേയിൽ വീണ്ടും തുറന്ന് ‘കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്'(കെപിപിഎൽ) എന്നപേരിൽ പൂർണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനിയായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കടലാസ് ഉൽപ്പാദനം ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചരിത്രപരമായ ഈ നടപടികൾക്ക്‌ നേതൃത്വം നൽകിയ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും അഭിനന്ദനാർഹരാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചുവെന്നത് മാത്രമല്ല, പൊതുമേഖലാ സ്വകാര്യവൽക്കരണത്തിനെതിരെ പോരാട്ടം നടത്തിവരുന്ന ട്രേഡ് യൂണിയനുകൾക്കും  തൊഴിലാളിവർഗത്തിനും ആവേശം നൽകുന്ന നടപടികൂടിയാണ്‌ ഇത്.

1970ലാണ് ‘ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ' രൂപീകൃതമായത്. 1971ൽ കേരള ന്യൂസ്‌ പ്രിന്റ് പ്രോജക്ടിന് കേന്ദ്രം അനുമതി നൽകി. 1975 ജൂൺ 10ന് കേന്ദ്രവ്യവസായ വകുപ്പ് ടിഎപൈ പദ്ധതിക്ക് തറക്കല്ലിട്ടു. മുളക്കുളം പഞ്ചായത്തിൽ 780 ഏക്കർ സർക്കാർ ഏറ്റെടുത്തു നൽകി. സ്ഥലം വിട്ടുകൊടുത്ത കുറെപ്പേർക്ക്  ജോലി ലഭിച്ചു. 1982 ഫെബ്രുവരി 26ന്  കമ്പനിയിൽനിന്ന് ആദ്യറീൽ പേപ്പർ പുറത്തുവന്നു.

സ്ഥാപനം പതുക്കെ വളർന്ന് രാജ്യത്തെ ഒന്നാം നമ്പർ പേപ്പർ കമ്പനിയായി. 90 കോടി രൂപവരെ ലാഭം നേടിയ വർഷങ്ങളുണ്ട്. ഏകദേശം 1700  സ്ഥിരം ജീവനക്കാർ,  ഏകദേശം1200  കാഷ്വൽ–-കോൺട്രാക്ട് തൊഴിലാളികൾ എന്നിവരും പരോക്ഷമായി ജോലി ലഭിച്ചവർ ഉൾപ്പെടെ പതിനായിരത്തോളം പേർക്ക്  ജോലി നൽകി. ഹിന്ദുസ്ഥാൻ കമ്പനിക്ക് ‘മിനിരത്' പദവി ലഭിച്ചു. 1990 കളിലെ നവ ഉദാരവൽക്കരണ നയങ്ങളാണ് കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. പഴയ സാങ്കേതിക വിദ്യയുമായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് നിലനിൽപ്പിനായി പ്രയാസപ്പെട്ടു. ന്യൂസ്‌ പ്രിന്റിന്റെ ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞതും തിരിച്ചടിയായി.

2002ൽ വാജ്പേയി സർക്കാർ എച്ച്എൻഎൽ വിൽക്കാൻ താൽപ്പര്യപത്രം ഇറക്കി. തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിന്മാറി. 2016ൽ മോദി സർക്കാർ വീണ്ടും  വിൽപ്പന നടപടി ആരംഭിച്ചു. ഈ നയത്തിനെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി സമരമാരംഭിച്ചു. വിൽപ്പനയെ  എൽഡിഎഫ് സർക്കാർ എതിർത്തു. കേരളത്തിന് ടെൻഡറിൽ പങ്കെടുക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. 2017 ഏപ്രിൽ 13ന് ന്യൂസ് പ്രിന്റ് വിൽപ്പനയ്‌ക്കെതിരെ  നിയമസഭ  പ്രമേയം പാസാക്കി. പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ  പരിപാടിയിൽ എച്ച്എൻഎൽ ഏറ്റെടുക്കാൻ  സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

2019 ജൂണിൽ മാതൃസ്ഥാപനമായ  ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ലിക്വിഡേഷൻ ആരംഭിച്ചതോടെ എച്ച്എൻഎൽ   പ്രതിസന്ധിയിലായി. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നിയമിച്ച ലിക്വിഡേറ്ററെ സമീപിച്ച് വിലപേശിയാണ്  സംസ്ഥാനസർക്കാർ ഉടമസ്ഥതയിലാക്കിയത്. സംസ്ഥാന  ഉടമസ്ഥതയിൽ ലഭിച്ചശേഷം  അറ്റകുറ്റപ്പണി ആരംഭിച്ചു. മെയ് 19ന് കമ്പനി  പുനരാരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.  2022 നവംബർ ഒന്നിന് വാണിജ്യാടിസ്ഥാനത്തിലുള്ള  ഉൽപ്പാദനം ആരംഭിച്ചു. വിൽപ്പന നടത്തിയിരുന്നെങ്കിൽ ഈ ഫാക്ടറിയുടെ  780 ഏക്കറും സ്വകാര്യ കുത്തകകളുടെ കൈയിലേക്ക് മാറുമായിരുന്നു.


 

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരെ എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതുപോലുള്ള നിലപാട് രാജ്യത്തെ മറ്റൊരു സർക്കാരുകളും സ്വീകരിക്കുന്നില്ല. പൊതുമേഖലാ സംരക്ഷണത്തിൽ മാത്രമല്ല, മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യനീതി, ഫെഡറലിസം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനും കേരള സർക്കാർ സ്വീകരിക്കുന്ന ഉറച്ച നിലപാടുകൾ കേന്ദ്ര നയങ്ങൾക്കെതിരായി സമരം നടത്തുന്ന ജനങ്ങൾക്കാകെ ആവേശം നൽകുന്നതാണ്. എൽഡിഎഫ് സർക്കാർ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, വികസിപ്പിക്കുക എന്നീ നയങ്ങളാണ് കൈക്കൊള്ളുന്നത്. കേന്ദ്ര പൊതുമേഖലാ കമ്പനിയായ ബിഎച്ച്ഇഎൽ, കാസർകോട്ടെ സംസ്ഥാന പൊതുമേഖലാ കമ്പനിയായ ‘കെല്ലു'മായി സംയുക്തസംരംഭം ഉണ്ടാക്കിയിരുന്നു. കരാറിൽനിന്ന് ബിഎച്ച്ഇഎൽ ഏകപക്ഷീയമായി പിന്മാറി. അടച്ചുപൂട്ടലിലേക്ക് നീങ്ങുമായിരുന്ന ‘കെല്ലി'നെ സംസ്ഥാന വ്യവസായവകുപ്പ് ഇടപെട്ട് സംരക്ഷിക്കുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.

പാലക്കാട് ‘ഇൻസ്ട്രുമെന്റേഷൻ' എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കം സംസ്ഥാന സർക്കാർ എതിർക്കുകയും  ഏറ്റെടുത്തു നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഈ ഒറ്റക്കാരണത്താൽ ‘ഇൻസ്ട്രുമെന്റേഷൻ' എന്ന സ്ഥാപനം  അടച്ചുപൂട്ടിയിട്ടില്ല.  കേരളത്തിന് ഏൽപ്പിക്കാൻ കേന്ദ്രം പൂർണാനുമതി നൽകിയിട്ടില്ല.

പാലക്കാട് കഞ്ചിക്കോട്ടെ ‘ബിഇഎംഎൽ’ എന്ന കേന്ദ്രമേഖലാ കമ്പനിയും സ്വകാര്യവൽക്കരണ ഭീഷണിയിലാണ്. കേരള സർക്കാർ പാട്ടത്തിനു നൽകിയ 300 ഏക്കറിലാണ് പ്രവർത്തിക്കുന്നത്. സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ തൊഴിലാളികൾ ഒന്നിച്ചു സമരത്തിലാണ്.  സ്വകാര്യവൽക്കരണത്തെ കേരള സർക്കാരും പ്രതിരോധിക്കുന്നുണ്ട്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ‘ഹിന്ദുസ്ഥാൻ ലൈഫ് കെയർ', എൻടിസിയുടെ അഞ്ച്‌ മിൽ എന്നിവയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. എൻടിസി മില്ലുകൾ  പൂട്ടിക്കിടക്കുകയാണ്. മൂവായിരത്തോളംപേർ തൊഴിൽരഹിതരായി. 2011നു ശേഷം വ്യവസായരംഗത്ത് ഒരു കേന്ദ്രനിക്ഷേപവും കേരളത്തിൽ വന്നിട്ടില്ല.

എൽഡിഎഫ് സർക്കാരുകൾ എക്കാലത്തും പൊതുമേഖലാ സംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധമാണ്.  പരമ്പരാഗതമേഖലയിലെ തൊഴിൽ സംരക്ഷിക്കാനും നടപടികൾ സ്വീകരിച്ചുവരുന്നു. ഇതുവരെയുള്ള നേട്ടങ്ങൾ കണക്കിലെടുത്ത് നവകേരള സൃഷ്ടിക്കായി സർക്കാർ ശ്രമിക്കുകയാണ്.  സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനും ഗവർണറെ ഉപയോഗിച്ച് അട്ടിമറി നടത്താനുമാണ് കേന്ദ്രസർക്കാരും  സംഘപരിവാറും ശ്രമിക്കുന്നത്. ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പൊരുതുമ്പോൾ അവർക്ക് ആത്മവിശ്വാസം നൽകുന്നു എൽഡിഎഫ് സർക്കാർ നടപടികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top