14 June Monday

ഇന്ത്യൻ സിനിമയിലെ മയക്കോവ്സ്കി - കോയമുഹമ്മദ് എഴുതുന്നു

കോയമുഹമ്മദ്Updated: Friday Jun 11, 2021

photo from wikipedia

സത്യജിത് റേയുടെ കാവ്യാത്മക മാനുഷികതയും മൃണാൾ സെന്നിന്റെ വിക്ഷുബ്ധ രാജനീതിയും സമ്മേളിക്കുന്നതാണ് ബുദ്ധദേബ്  ദാസ് ഗുപ്തയുടെ സിനിമയെന്നു പറയാറുണ്ട്. ബുദ്ധദേബ്  ഇന്ത്യൻ സിനിമയിലെ കവിയാണ്. വിട്ടുവീഴ്ചയില്ലാത്ത കവി. ചെറുപ്പത്തിലേ സിനിമയോട് ആഭിമുഖ്യം പുലർത്തുകയും പിന്നീട് കൽക്കത്ത ഫിലിം സൊസൈറ്റിയുടെ സ്ക്രീനിങ്ങുകൾ വിടാതെ പിന്തുടരുകയും ചെയ്തിരുന്നുവെങ്കിലും കവിയെന്നനിലയ്‌ക്ക്‌ ലബ്ധപ്രതിഷ്ഠനായ ശേഷമാണ് അദ്ദേഹം സിനിമയിലേക്കു കടക്കുന്നത്. അതും ഹ്രസ്വചിത്രത്തിലൂടെ. മുഴുനീള ഫീച്ചർ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച് ഹ്രസ്വചിത്രത്തിലൊതുങ്ങിയതായിരുന്നില്ല അത്. "സ്നേഹത്തിന്റെ ഉള്ളടക്കം' (1968) എന്ന പത്തുമിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഒറ്റയടിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് കാണികളെ വിസ്മയിപ്പിക്കാൻ തുനിഞ്ഞത് സാഹസമായെങ്കിലും തനിക്ക് സിനിമ വഴങ്ങുമെന്ന് അതോടെ ബുദ്ധദേബ്  മനസ്സിലാക്കി; കലയുടെ എല്ലാ സിദ്ധിയും സാക്ഷാൽകൃതമാകുന്ന ഒരു മാധ്യമമായി സിനിമയെ കണ്ടറിഞ്ഞു. പത്ത്‌ വർഷത്തിനുശേഷമാണെങ്കിലും തന്റെ പ്രഥമ മുഴുനീള ഫീച്ചർ ചിത്രം "ദൂരത്വ'(അകലം) പുറത്തിറക്കുകയും മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. പിന്നീടുണ്ടായത് ഇന്ത്യൻ സിനിമയുടെ രാജ്യാന്തര മുന്നേറ്റത്തിന്റെതന്നെ ചരിത്രം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ അതിവേഗം വർധിച്ചുവന്ന ഭീമമായ അന്തരമാണ് കവിയെന്നതിനു പുറമെ ധനശാസ്ത്ര വിദ്യാർഥിയും അധ്യാപകനുമായിരുന്ന ബുദ്ധദേബിന്റെ ചലച്ചിത്ര കൃതികളിൽ മിക്കതിന്റെയും അന്വേഷണ വിഷയം. ആദ്യമാദ്യം റേയുടേതിനോടു സാദൃശ്യമുള്ള ശൈലിയിലായിരുന്നു ഈ പര്യവേക്ഷണമെങ്കിലും പിന്നെപ്പിന്നെ ആ ഭാഷ ഗാഢവും കൂടുതൽ തീവ്രവുമായി.

റേയെയും സെന്നിനെയുംപോലെ 1970കളിലെ കൽക്കത്തയെ ബുദ്ധദേബും ചലച്ചിത്രത്തിൽ ആവിഷ്കരിച്ചു. ഒരുവേള അവർ രണ്ടു പേരേക്കാളും രൂക്ഷമായ ഭാഷയിലും ശൈലിയിലും. "ഗൃഹയുദ്ധ' യിലെ ബിജൻ ഒരു ശരാശരി മനുഷ്യനാണ്. സുഹൃത്ത് പ്രബീറിനൊപ്പം അയാൾ തീവ്രനിലപാടുള്ള തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലേർപ്പെടുന്നു. പ്രബീർ കൊല്ലപ്പെടുകയും ഭരണകൂടത്തിന്റെ ഒത്താശയോടെ വ്യവസായ മേലാളന്മാർ കൊടിയ ഭീകരത അഴിച്ചുവിടുകയും ചെയ്യുന്നതോടെ ബിജൻ തന്റെ വിശ്വാസ പ്രമാണങ്ങൾ വെടിഞ്ഞ് സഹപ്രവർത്തകർക്കെതിരെ നിലകൊള്ളുന്നു. മനുഷ്യന്റെ ജീവിതസമരം പക്ഷേ കെട്ടടങ്ങുന്നില്ല. പ്രബീറിന്റെ സഹോദരി നിരുപമയുമായി ബിജൻ പ്രേമത്തിലായിരുന്നു. അയാൾ നിരുപമയോട് വിവാഹാഭ്യർഥന നടത്തുകയും ആദ്യം അവൾ അതു സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ, താൻ പ്രേമിച്ച മനുഷ്യനല്ല ഇതെന്നു തിരിച്ചറിഞ്ഞ നിരുപമ തന്റെ തീരുമാനം മാറ്റുന്നു. സമരവും ജീവിതവും മുന്നോട്ടു പോകുന്നു. ബിജൻ ഒറ്റപ്പെടുന്നു. പക്ഷിവിൽപ്പനക്കാരനെക്കുറിച്ചുള്ള നാടോടിസ്വഭാവമുള്ള കഥ പറയുമ്പോഴുമുണ്ട് ബുദ്ധദേവിന് ലോകജീവിതം ദുരിതപൂർണമാക്കുന്ന ശക്തികളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട്. ഒരു പക്ഷേ ഈ ചലച്ചിത്രകാരന്റെ പശ്ചാത്തലത്തിന്റെയും ഇതിവൃത്തത്തിന്റെയും വൈജാത്യം കവിയുടെ കാഴ്ചപ്പാട് എന്നതിനപ്പുറം ആശയവിനിമയത്തിന്റെ സാഫല്യം കണ്ടുകൊണ്ടുകൂടിയാണ് എന്നും കരുതണം.

ബുദ്ധദേബ് മലയാളി പ്രേക്ഷകർക്ക് സത്യജിത് റേയെപ്പോലെയും മൃണാൾ സെന്നിനെപ്പോലെയുംതന്നെ സുപരിചിതനും പ്രിയങ്കരനുമാണ്. ഫിലിം സൊസൈറ്റി സ്ക്രീനിങ്ങുകളിലൂടെ ആരംഭിച്ച ഈ ബന്ധം ഫിൽമോൽത്സവ് 88 മുതൽ കേരളത്തിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലൂടെ ദൃഢതരമായി. 1988ലെ മികച്ച മലയാള ചിത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനായിരുന്ന അദ്ദേഹം അത്തവണത്തെ അവാർഡുനിർണയത്തെച്ചൊല്ലി ഉയർന്ന വിമർശങ്ങളോട് സഫലമായി പ്രതികരിച്ചതും അർഥവത്തായ സിനിമയെ നെഞ്ചേറ്റുന്ന മലയാളികൾക്ക് മറക്കാനാകില്ല. സിനിമയും കവിതയും തമ്മിൽ ഒരു സംഘർഷവും വൈരുധ്യവുമില്ലെന്നാണ് താൻ കരുതുന്നതെന്ന് 1988-ലെ തിരുവനന്തപുരം ഫിൽമോത്സവ് വേളയിലെ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഉപോൽബലകമായി മയക്കോവ്സ്കിയുടെ വാക്കുകൾ ഉദ്ധരിക്കുകയും ചെയ്തു: "എനിക്കിന്ന് ആശയങ്ങൾ സ്വരൂപിക്കണം. സിനിമ ദശലക്ഷങ്ങളെ ആകർഷിക്കുന്നുവെങ്കിൽ എനിക്ക്‌ സിനിമയിൽ എന്റെ കാവ്യപ്രതിഭ ആവിഷ്കരിക്കണം'. ഈ ഉദ്ധരണി യാദൃച്ഛികമായിരുന്നില്ലെന്ന് ഈ ചലച്ചിത്രകാരന്റെ സാക്ഷാൽക്കാരങ്ങൾ പരിശോധിച്ചാൽ നമുക്ക്‌ ബോധ്യമാകും.
കവിതയെ കൈയൊഴിഞ്ഞുകൊണ്ടുമായിരുന്നില്ല സിനിമയിലെ വ്യവഹാരം. ഇന്ത്യൻ സിനിമയിൽ റേയ്ക്കും സെന്നിനും ഒപ്പം രാജ്യാന്തര ഖ്യാതി നേടിക്കൊണ്ടിരുന്നപ്പോഴും ബംഗാളിയിൽ ബുദ്ധദേബിന്റെ കവിതകൾ പുറത്തിറങ്ങുകയും പുരസ്കൃതമാകുകയും ചെയ്തുപോന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top