26 June Wednesday

പൊരുതുന്ന സൗന്ദര്യം: സാംസ്കാരിക ഓർമയിലെ കൊല്ലം

എം എ ബേബിUpdated: Sunday Mar 10, 2019

അറബിക്കടലും അഷ്ടമുടിക്കായലും ആലിംഗനംചെയ്യുന്ന ജില്ലയാണ് കൊല്ലം. കേരളപ്പിറവിയുടെ നാളുകളിൽ ഒപ്പമുണ്ടായിരുന്ന കുറച്ചധികം ഭൂവിഭാഗങ്ങൾ ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ വന്നതോടെ അവയുടെ ഭാഗമായി. കൊല്ലത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സ്മരണകളിൽ അതുകൊണ്ടുതന്നെ പിൽക്കാല അതിർത്തി ഭേദങ്ങൾ ഓർക്കണമെന്നില്ല.  മയ്യനാട്ട‌് പിറന്ന സി കേശവന്റെ കോഴഞ്ചേരി പ്രസംഗവും ‘ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു’ എന്ന അമ്പരപ്പിക്കുന്ന ചിന്താധീരതയും കൊല്ലത്തിന‌് സ്വന്തം. ചരിത്രമുറങ്ങുന്ന മയ്യനാടിന്റെ മണ്ണിൽനിന്നും "ദേശാഭിമാനി' കൊല്ലം എഡിഷൻ സമാരംഭിക്കുന്ന അഭിമാന മുഹൂർത്തമാണിത്.

മനുഷ്യമഹത്വത്തിന്റെ പ്രഖ്യാപനം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ വെല്ലുവിളിയുടെയും സ്വാതന്ത്ര്യചിന്തയുടെയും വ്യക്തമായ ഭാഷയിലുള്ള ആദ്യ പ്രഖ്യാപനങ്ങളിലൊന്ന് വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരമാണ്. ആ സ്വാതന്ത്ര്യബോധത്തിന്റെ കാലോചിതമായ പരിവർത്തനം ചൂഷിതരുടെ സംഘബോധമായി, സമൂഹത്തിന്റെ സമഗ്രമായ അഴിച്ചുപണിയെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാടായി, സാംസ്കാരിക ദർശനമായി വികസിച്ചു. ഭരണവർഗങ്ങളോട് ‘നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ ചോദിച്ച കടമ്മനിട്ട രാമകൃഷ്ണനും ‘പാട്ടുകാരൻ നാളെയുടെ ഗാട്ടുകാരനാണ്’ എന്ന‌് ഓർമിപ്പിച്ച ഒ എൻ വി കുറുപ്പും  ‘വരും വരുമെന്ന പ്രതീക്ഷ’ രക്തസഞ്ചാരമായി കൊണ്ടുനടക്കുന്ന കെ ജി ശങ്കരപ്പിള്ളയും ‘കാടിന്ന് ഞാനെന്റെ പേരിടും’ എന്നു പ്രഖ്യാപിച്ച ഡി വിനയചന്ദ്രനും കവിത ഒന്നുമില്ലാത്തവരുടെ ‘അഭയം’കൂടിയാണ് എന്ന് ജീവിതത്തിലൂടെ പ്രഖ്യാപിക്കുന്ന സുഗതകുമാരി ടീച്ചറും  മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ അനാവരണംചെയ്ത കാക്കനാടനും പട്ടത്തുവിള കരുണാകരനും ‘പോർക്കലി’യും ‘സംക്രാന്തി’യും ‘ഇടുക്കി’യും എഴുതിയ എ പി കളയ‌്ക്കാടും ചരിത്ര‐വൈജ്ഞാനിക മേഖലകളിലെ ഇളംകുളം കുഞ്ഞൻപിള്ള, ശൂരനാട‌് കുഞ്ഞൻപിള്ള, പുതുപ്പള്ളി രാഘവൻ, പി ഭാസ്കരനുണ്ണി എന്നിവരും നാടകലോകത്തെ സി എൻ ശ്രീകണ്ഠൻനായരും ചലച്ചിത്രമേഖലയിലെ അടൂർ ഗോപാലകൃഷ്ണൻ, അച്ചാണി രവി, ഷാജി എൻ കരുൺ, റസൂൽ പൂക്കുട്ടി എന്നിവരും അതുല്യ സംഗീതജ്ഞൻ  പരവൂർ ജി ദേവരാജൻ, രവീന്ദ്രൻ, കവിയൂർ രേവമ്മ, മങ്ങാട്ട് നടേശൻ, അടൂർ സുദർശനൻ തുടങ്ങിയവരും കഥാപ്രസംഗ കലയുടെ പര്യായമായി മാറിയ വി സാംബശിവനും ‘കവിതക്കേസു’കാരൻ ഇ വി കൃഷ്ണപിള്ളയും ‘കണ്ണശ്ശരാമായണ’ക്കാരായ നിരണം കവികളും മൂലൂർ പത്മനാഭപ്പണിക്കർ, കെ സി കേശവപിള്ള, രാമചന്ദ്രവിലാസത്തിന്റെ രചയിതാവ് അഴകത്ത് പത്മനാഭക്കുറുപ്പ്, ‘സമത്വവാദി’ പുളിമാന പരമേശ്വരൻപിള്ള, സി വി കുഞ്ഞുരാമൻ, കൊട്ടാരക്കര തമ്പുരാനെന്ന വീരകേരള വർമ (കഥകളിയുടെ പൂർവ രൂപങ്ങളിലൊന്നായ രാമനാട്ടത്തിന്റെ സംഘാടകൻ), അഭിനയ പ്രതിഭകളായ കൊട്ടാരക്കര ശ്രീധരൻനായർ, ഒ മാധവൻ,  ഓച്ചിറ വേലുക്കുട്ടി, കുടവട്ടൂർ ഭരത‌് മുരളി, ആറന്മുള പൊന്നമ്മ, വിജയകുമാരി, അടൂർ ഭവാനി, അടൂർ ഭാസി, അടൂർ പങ്കജം, കഥകളിരംഗത്തെ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, മടവൂർ വാസുദേവൻനായർ, കലാമണ്ഡലം രാജശേഖരൻ, ചിറക്കര മാധവൻകുട്ടി, ചവറ പാറുക്കുട്ടി, തോന്നയ്ക്കൽ പീതാംബരൻ, അരുണ കവികളായ തിരുനല്ലൂർ കരുണാകരൻ, പുതുശ്ശേരി രാമചന്ദ്രൻ, പുനലൂർ ബാലൻ, കായികരംഗത്തെ ഒളിമ്പ്യൻ സുരേഷ് ബാബു, ടി സി യോഹന്നാൻ, പ്രാക്കുളം രഘുനാഥൻ, പുതിയ തലമുറയിലെ സാഹിത്യപ്രതിഭകളായ കെ ആർ മീര, പ്രഭാവർമ, കുരീപ്പുഴ ശ്രീകുമാർ എന്നിങ്ങനെ എടുത്തുപറയേണ്ട പ്രതിഭാശാലികളുടെ ഒരു നീണ്ടനിര ഈ ഭൂപ്രദേശത്തുണ്ട്.

പ്രതിഭകളുടെ സംഗമ ഭൂമി 

സ്വാതന്ത്ര്യപ്രസ്ഥാനത്തിലും സാമൂഹ്യ അനാചാരങ്ങൾക്ക് എതിരായ കീഴാള ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും തിരിച്ചടിയുടെയും ഭാഗമായ പോരാട്ടങ്ങളിലും ആവേശകരമായ ഏടുകൾ ഇവിടം എഴുതിച്ചേർത്തിട്ടുണ്ട്. കടയ‌്ക്കൽ സമരം, കല്ലുമാല സമരം, ശൂരനാട‌് പോരാട്ടം, കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിത്വം തുടങ്ങിയവ ഉദാഹരണം. തോപ്പിൽ ഭാസിയുടെ മിക്ക രചനകളെയും ഈ സമരങ്ങളുടെ ത്രസിപ്പിക്കുന്ന അനുഭവലോകം സ്വാധീനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമായ ‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ ആദ്യമായി അവതരിപ്പിക്കുന്നത് ചവറയിലെ ഒരു കൊട്ടകയിലാണ്. അതിന്റെ ആദിരൂപമായ ‘എന്റെ മകനാണ് ശരി’ അഡ്വ. ജി ജനാർദനക്കുറുപ്പ്, പുനലൂർ രാജഗോപാലൻനായർ, എൻ ശ്രീധരൻ, പുനലൂർ ബാലൻ എന്നിവരൊക്കെ കൂടിയാണ് അവതരിപ്പിച്ചത്. കേരളീയ സമൂഹത്തെയും സാംസ്കാരിക ജീവിതത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും ഏറ്റവും അഗാധമായി സ്വാധീനിച്ച ഒരു കലാസൃഷ്ടി എന്ന പദവി കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് അവകാശപ്പെട്ടതാണ്. ഒ എൻ വി–- ദേവരാജൻ ടീമിന്റെ ഗാനങ്ങൾ പണ്ഡിത–-പാമര ഭേദമെന്യേ സകലരുടെയും ഇഷ്ടഗാനങ്ങളായി. കാളിദാസ കലാകേന്ദ്രവും ശ്രദ്ധേയങ്ങളായ നാടകങ്ങൾ സംഭാവന ചെയ്തു.കൊല്ലം കസ്ബ പൊലീസ് സ്റ്റേഷനും നമ്മുടെ സാഹിത്യ–- സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിക്കുന്നു. ‘വിധ്വംസക’ സാഹിത്യമെഴുതിയതിന്റെ പേരിൽ ദേശദ്രോഹക്കുറ്റം ചുമത്തി വൈക്കം മുഹമ്മദ് ബഷീറും പൊൻകുന്നം വർക്കിയും മറ്റും അവിടെ കൊതുകിനും മൂട്ടയ്ക്കും ഭക്ഷണമായി ദീർഘകാലം കഴിഞ്ഞിട്ടുണ്ട്. അവിടെനിന്ന് ബഷീർ പോഞ്ഞിക്കര റാഫിക്കയച്ച കത്തുകൾ പ്രസിദ്ധമാണ്. കേസരി ബാലകൃഷ്ണപിള്ളയ‌്ക്കും കൊല്ലവുമായി ബന്ധമുണ്ട‌്. കൊല്ലത്ത് അമ്മാവന്റെ വീട്ടിൽ താമസിച്ചാണ് ബാലകൃഷ‌്ണപിള്ള ഗവ. ബോയ്സ് ഹൈസ്കൂളിൽ പഠിച്ചത്. പ്രസിദ്ധ കാർട്ടൂണിസ്റ്റ് അബു എബ്രഹാം കുറെനാൾ പഠിച്ചത് തേവള്ളിയിലുള്ള ഒരു കായലോര വസതിയിൽ താമസിച്ചാണ്. ഇടപ്പള്ളി രാഘവൻപിള്ളയെ സംസ‌്കരിച്ചത‌്  മുളങ്കാടകത്തെ ശ‌്മശാനത്തിലാണ‌്.

അച്ചടിക്ക് ജന്മം നൽകിയ നാട്

ഇന്ത്യൻ ഭാഷയിലെ ആദ്യ പുസ്തകം അച്ചടിച്ചതും കൊല്ലത്തായിരുന്നു. പോർച്ചുഗീസുകാരനായ ഫാ. ഫാരിയാസ് ആരംഭിച്ച ‘ദിവ്യരക്ഷകന്റെ കലാലയം’ എന്ന സെമിനാരി സ്ഥാപിച്ച അച്ചുകൂടത്തിൽ 1573 ഒക്ടോബർ 28ന് അച്ചടിച്ച വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെ ‘ഡോക്ട്രീനാ ക്രിസ്റ്റീന’ എന്ന പുസ്തകത്തിന്റെ തമിഴ് പതിപ്പായിരുന്നു അത്.

പത്രമാധ്യമരംഗത്ത് കൊല്ലത്തിന്റെ കന്നി പ്രസിദ്ധീകരണമാണ് പരവൂർ കേശവനാശാൻ 1891‐92ൽ ആരംഭിച്ച ‘സുജനാനന്ദിനി’. സാമൂഹ്യഅനാചാരങ്ങൾക്കെതിരെ ഈ പ്രസിദ്ധീകരണം ശക്തമായ നിലപാടെടുത്തു . നായരീഴവ ലഹളക്കാലത്ത് പത്രം ആക്രമിക്കപ്പെടുകയും പത്രാധിപരുടെ വീട് ചുട്ടുകരിക്കപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കുമാരനാശാൻ കവിതയെഴുതുകയുമുണ്ടായി. ഈ ലഹളയെക്കുറിച്ച് ശ്രീനാരായണ ഗുരുവിന്റെ ദാർശനികധ്വനിയുള്ള ഫലിതമാണ് ‘‘അടിക്കാൻ വേണ്ടിയെങ്കിലും അവരടുക്കുമല്ലോ’’ എന്നത‌്. തങ്കശേരിയിൽനിന്ന‌്  ഇ വി രാമനുണ്ണിത്താൻ തുടങ്ങിയ ‘മലയാളി’ക്ക് ഒരു പ്രശസ്തിയുണ്ട്. ‘രാമചന്ദ്രവിലാസം’മഹാകാവ്യം ഇതിലാണ് അച്ചടിച്ചുവന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഇതിൽ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. കൊല്ലത്തുനിന്നുള്ള ആദ്യ ദിനപത്രം ടി കെ നാരായണന്റെ ‘പാഞ്ചജന്യ’മാണ്.

സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകനേതാവ് കെ ജി ശങ്കറിന്റെ പത്രാധിപത്യത്തിൽ കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന പ്രധാന ദിനപത്രമായിരുന്നു എന്റെ സ്കൂൾ ജീവിതകാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന ‘മലയാള രാജ്യ’വും വർണചിത്രത്തോടുകൂടിയ ‘മലയാളരാജ്യം’ വാരികയും. ഈ പത്രത്തിന്റെ എഡിറ്ററായിരുന്ന മുൻ സ്പീക്കർ വി ഗംഗാധരൻ പത്രം വിമോചനസമരത്തെ വഴിവിട്ട് അനുകൂലിക്കുന്ന സമീപനം പിന്തുടർന്നപ്പോൾ അതിൽ പ്രതിഷേധിച്ച് രാജിവച്ച് പോകുകയുണ്ടായി. ആർ ശങ്കർ ആരംഭിച്ച  ‘ദിനമണി’, എ കെ ഭാസ്കരന്റെ ‘നവഭാരതം’, കോശി–-ഡാനിയൽ സഹോദരന്മാരുടെ ‘കേരളം’, തങ്ങൾകുഞ്ഞ‌്  മുസലിയാരുടെ ‘പ്രഭാതം’, ഡോക്ടർ വേലുക്കുട്ടി അരയന്റെ ‘അരയൻ’ തുടങ്ങിയവ കൊല്ലത്തിന്റെ പ്രസിദ്ധീകരണചരിത്രത്തിന്റെ ഭാഗമാണ്. കൊല്ലത്ത് മയ്യനാട്ട‌് പ്രസിദ്ധീകരണം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തേക്കു മാറിയ ‘കേരള കൗമുദി’ ഇന്നത്തെ പ്രമുഖ ദിനപത്രങ്ങളിലൊന്നാണ്. തുടക്കം കുറിച്ചത് സി വി കുഞ്ഞുരാമനും എഡിറ്റർ മൂലൂർ എസ് പത്മനാഭപ്പണിക്കരുമായിരുന്നു. പത്രാധിപർ എന്ന പേരിൽ അറിയപ്പെടുന്ന കെ സുകുമാരനും കൗമുദി വാരികയുടെ പത്രാധിപരായി പ്രസിദ്ധനായ കെ ബാലകൃഷ്ണനും ഇവിടെ പ്രത്യേക പരാമർശം അർഹിക്കുന്നു.

കൊല്ലത്തുനിന്ന് ലോക‌്സഭയിലേക്ക് തെരഞ്ഞെടുത്ത കമ്യൂണിസ്റ്റ് എംപി വി പി നായരുടെ ഉടമസ്ഥതയിൽ ആരംഭിച്ച ‘കേരളശബ്ദ’മാണ് കൃഷ്ണസ്വാമി റെഡ്യാരുടെ ഉടമസ്ഥതയിൽ നാന, കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളായി വികസിച്ചത‌്. ഒരു മേഘജ്യോതിസ്സുപോലെ വന്നുമറഞ്ഞ എസ് കെ നായരുടെ  ‘മലയാളനാട്’ വാരിക നമ്മുടെ വായനസംസ്കാരത്തിൽ സവിശേഷമുദ്ര പതിപ്പിച്ചു. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ വലിയ കോളിളക്കമുണ്ടാക്കി. നമ്മുടെ സാഹിത്യാസ്വാദന നിലവാരത്തെ പരീക്ഷണവിധേയമാക്കി.

ജനയുഗം പത്രം, വാരിക, സിനിരമ തുടങ്ങിയവയെയും  കാമ്പിശ്ശേരി കരുണാകരനെയും മറക്കാൻ കഴിയില്ല. ബിമൽ മിത്രയുടെയും ശങ്കറിന്റെയും രചനകളുടെ പരിഭാഷകൻ എം എൻ സത്യാർഥി ബംഗാളിലെ കൽക്കത്ത മഹാനഗരവും വംഗനാടൻ ഗ്രാമങ്ങളും  അവിടത്തെ ജീവിത വൈവിധ്യങ്ങളും നമുക്ക് സുപരിചിതമാക്കി.സുബ്ബയ്യാ തെന്നാട് റെഡ്ഢി സ്ഥാപിച്ച എസ് ടി റെഡ്യാർ പ്രസ‌് എഴുത്തച്ഛന്റെയും കുഞ്ചൻനമ്പ്യാരുടെയും ഉൾപ്പെടെ ഒട്ടേറെ എഴുത്തുകാരുടെ രചനകൾ താങ്ങാവുന്ന വിലയ‌്ക്ക് ഉത്സവപ്പറമ്പുകളിലും പുസ്തകശാലകളിലും വിൽപ്പനയ‌്ക്കെത്തിച്ചു. വായനയുടെ വ്യാപനത്തിന് എസ‌് ടി റെഡ്യാരുടെ സംഭാവന ചെറുതല്ല. അദ്ദേഹത്തിന് കച്ചവടലാഭമായിരുന്നു പ്രേരണയെന്നത് മറ്റൊരു കാര്യം.

പത്രാധിപച്ചുമതല ഏറ്റെടുക്കാൻ വന്ന് കൊല്ലക്കാരനായി മാറിയ വൈക്കം ചന്ദ്രശേഖരൻനായരും അധ്യാപകനായെത്തി കൊല്ലം രണ്ടാം ഗൃഹമാക്കിയ നിരൂപകപ്രതിഭ കെ പി അപ്പൻസാറും വൈക്കം മുഹമ്മദ് ബഷീറിന്റെ അനർഘനിമിഷങ്ങൾ പകർത്തിയ നിശ്ചല ഛായാഗ്രഹണ പ്രതിഭ പുനലൂർ രാജനും കോട്ടൺമിൽ തൊഴിലാളികളുടെയും റിക്ഷാക്കാരുടെയും ജീവിതം നിരീക്ഷിച്ച് ചിന്നക്കടയിലെ ലോഡ്ജിലിരുന്ന് ‘ഓടയിൽ നിന്ന്’ അവിസ്മരണീയമായ നീറുന്ന അനുഭവങ്ങൾ കണ്ടെടുത്ത പി കേശവദേവും മറ്റും നമ്മുടെ സാംസ്കാരിക–- രാഷ്ട്രീയ ജീവിതത്തിന് ചൂടും വെളിച്ചവും പകർന്നവരാണ്.

ഹൃദയത്തുടിപ്പായി ഇടതുപക്ഷ രാഷ്ട്രീയം

ഇടതുപക്ഷരാഷ്ട്രീയവും സംസ്കാരവും ഈ പ്രദേശത്തിന്റെ ഹൃദയമിടിപ്പിനൊപ്പമുണ്ട്. എൻ ശ്രീധരൻ എന്ന അതുല്യനായ കമ്യൂണിസ്റ്റ് നേതാവാണ് എന്റെ തലമുറയ്ക്ക് രക്ഷാകർത്താവിനെപ്പോലെ ഇടതുപക്ഷ വഴികാട്ടിയത്. അതിനുമുമ്പ് വ്യത്യസ്ത രാഷ്ട്രീയനിലപാടുകൾ പിന്തുടർന്ന മഹാരഥന്മാർ ഇവിടെയെത്തുകയോ  ഇവിടെത്തന്നെനിന്നു പ്രവർത്തിക്കുകയോ ചെയ്തു. മഹാത്മാഗാന്ധിയെയും രബീന്ദ്രനാഥ ടാഗോറിനെയും ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പിസ്വാമിയെയും മഹാത്മാ അയ്യൻകാളിയെയും ചങ്ങനാശേരി പരമേശ്വരൻ പിള്ളയെയും കുമാരനാശാനെയും സി കേശവനെയും ടി എം വർഗീസിനെയും  കുമ്പളത്ത‌് ശങ്കുപ്പിള്ളയെയും പോലുള്ളവർ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തയിടം.ഇ എം എസ്, എ കെ ജി, ഹരീന്ദ്രനാഥ ചതോപാധ്യായ, കിഷൻ ചന്ദർ, കെ എ അബ്ബാസ്, ബിപിൻ ചന്ദ്ര, അലി അക്ബർ ഖാൻ, മൃണാൾ സെൻ, നോം ചോംസ‌്ക്കി എന്നിങ്ങനെ നമ്മുടെ സമീപകാല ഓർമയിൽ ജ്വലിച്ചുനിൽക്കുന്നവർ നമുക്ക് ഉണർവ് പകർന്ന സന്ദർശന സ്മരണകളും ഒപ്പമുണ്ട്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായതും സമത്വപൂർണവുമായ ഒരു ഭാവിക്കുവേണ്ടിയുള്ള തുടർസമരങ്ങളിൽ ഏർപ്പെടാൻ പ്രതിജ്ഞാബദ്ധരായ നമുക്ക് കൊല്ലത്തിന്റെ ചരിത്രസ്മരണ ആത്മവിശ്വാസം പകരും.

പാവങ്ങളുടെയും ചൂഷിതരുടെയും പടവാളും വെളിച്ചവുമായ ‘ദേശാഭിമാനി’ കൊല്ലത്ത‌് മയ്യനാട്ടുനിന്ന‌് പ്രസിദ്ധീകരണം ആരംഭിക്കുന്നത‌് ആവേശവും ശുഭപ്രതീക്ഷയും പകരുന്നു. ജനാധിപത്യ മതേതര പുരോഗമന മൂല്യങ്ങളും നവോത്ഥാന മുന്നേറ്റവും പുതിയ കുതിപ്പുകൾ നടത്തേണ്ട കാലഘട്ടത്തിൽ ‘ദേശാഭിമാനി’യുടെ കൊല്ലം പതിപ്പ‌് നിർണായക സംഭാവന നൽകുമെന്ന‌് ഉറപ്പാണ‌്.


പ്രധാന വാർത്തകൾ
 Top