26 June Wednesday

കൊല്ലത്തിന്റെ പാരമ്പര്യത്തിന് മാറ്റുകൂട്ടുന്ന ചുവടുവയ്പ്

കെ ജെ തോമസ്/ ജനറൽ മാനേജർUpdated: Sunday Mar 10, 2019

സാധാരണക്കാരായ തൊഴിലാളികളുടെ തട്ടകമായ കൊല്ലത്ത് പത്താം എഡിഷൻ ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ ‘ദേശാഭിമാനി’വളർച്ചയുടെ മറ്റൊരു പടവുകൂടി കയറുകയാണ്. നവകേരളത്തിനു വിളംബരം കുറിക്കുന്ന ഈ വേളയിൽ, കൊല്ലത്ത് പുതിയ എഡിഷൻ വരുന്നതിന് പ്രത്യേക പ്രാധാന്യം ഉണ്ട്.  പുന്നപ്ര–-വയലാർ വിപ്ലവഭൂമിയിൽ ദേശാഭിമാനിയുടെ പുതിയ എഡിഷൻ യാഥാർഥ്യമായത് 2018 ജൂൺ 19നാണ്.  എട്ടുമാസം പിന്നിടുമ്പോൾ ദേശിംഗനാട്ടിലെ ജനങ്ങളുടെ കൈകളിലേക്ക‌് സ്വന്തം മണ്ണിൽനിന്ന‌്  അച്ചടിച്ച് ദേശാഭിമാനി എത്തുന്നു. പ്രചാരമല്ല; വിശ്വാസ്യതയാണ് പത്രത്തിന്റെ യഥാർഥ വലിപ്പമെന്ന് തെളിയിക്കുന്നതാണ് ദേശാഭിമാനിയുടെ വളർച്ച.

ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ജില്ലയാണ് കൊല്ലം. തൊഴിലാളിവർഗപ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരുറപ്പുള്ള കൊല്ലത്തിന്റെ മണ്ണിന് സാംസ്കാരികമായി ഏറെ ഔന്നത്യമുണ്ട്. കടലും കായലും കയറും കശുവണ്ടിയും കൃഷിയും വനവും വിനോദസഞ്ചാരവുമെല്ലാം കൊല്ലം ജില്ലയുടെ പ്രത്യേകതയാണ്. ഇന്ത്യയിൽ ആദ്യത്തെ അച്ചുകൂടം 1556 സെപ്തംബർ ആറിന് ഗോവയിലാണ് സ്ഥാപിച്ചത്. രണ്ടാമത്തെ അച്ചുകൂടം (കല്ലച്ച്) സ്ഥാപിച്ചത് 1573 ഒക്ടോബർ 28ന് കൊല്ലത്ത് തങ്കശേരിയിലായിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു.  ഫാ. ഫാരിയാസ് സ്ഥാപിച്ച ‘ദിവ്യരക്ഷകന്റെ കലാലയം’ എന്ന പേരിലുള്ള സെമിനാരിയിലായിരുന്നു അച്ചടി. 16 പേജ് മാത്രമുണ്ടായിരുന്ന ഈ പുസ്തകം മിഷനറി പ്രവർത്തനത്തിനു വേണ്ടിയാണ് അച്ചടിച്ചത്.  ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം ജില്ലയിൽ അച്ചടിശാലയുണ്ടാകുന്നത് പരവൂരിലാണ്. 1877ൽ പരവൂർ കേശവൻ ആശാനാണ് പ്രസ് സ്ഥാപിച്ചത്. പത്രപ്രസിദ്ധീകരണ രംഗത്തെ കൊല്ലത്തിന്റെ കടിഞ്ഞൂൽ പിറവിയായി സുജനാനന്ദിനി 1891ൽ ഇവിടെ അച്ചടിച്ച്  ഇറങ്ങി. ചാതുർവർണ്യത്തിനെതിരായ ആയുധമായിരുന്നു സുജനാനന്ദിനി. 1905ലെ നായർ–- ഈഴവ ലഹളയെത്തുടർന്ന് കേശവൻ ആശാന്റെ വീടും അതിനോടു ചേർന്ന പത്രം ഓഫീസും തീയിട്ടു നശിപ്പിച്ചു. തുടർന്ന് നിലച്ചുപോയ പത്രം വാരികയായി ആരംഭിച്ചു. കുമാരനാശാന്റെ ഈഴവചരിത്രം ഖണ്ഡശഃ പ്രസിദ്ധീകരിച്ചത് സുജനാനന്ദിനിയിലാണ്. അങ്ങനെ പത്രപ്രസിദ്ധീകരണരംഗത്തും ഉജ്വല പൈതൃകം അവകാശപ്പെടുന്ന കൊല്ലത്ത് ദേശാഭിമാനിയുടെ യൂണിറ്റ് എത്തുന്നത് അഭിമാനത്തോടെയാണ് ജനം സ്വീകരിക്കുന്നത്.

കേരളത്തിൽ തൊഴിലാളിവർഗ രാഷ്ട്രീയം പിച്ചവച്ചുതുടങ്ങിയ ഘട്ടത്തിൽത്തന്നെ അതിന്റെ പ്രതിഫലനങ്ങൾ മാധ്യമരംഗത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ബോൾഷെവിക് വിപ്ലവത്തിന്റെ ആവേശം ഉൾക്കൊണ്ട് തൊഴിലാളി–-കർഷക വിഭാഗത്തെ സംഘടിപ്പിച്ച് കോൺഗ്രസ് സോഷ്യലിസ്റ്റുകാർ പ്രവർത്തനം ആരംഭിച്ചു. ഈ സംഘടനയ്ക്കെതിരായി വലിയ തോതിലുള്ള പ്രചാരണങ്ങൾ നടന്നു. ഇതു നേരിടാൻ ഒരു മാധ്യമത്തിന്റെ ആവശ്യം പ്രവർത്തകർക്ക് ബോധ്യമായി. അതിന്റെ  പരിണതഫലമായിട്ടാണ‌് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പത്രമായ പ്രഭാതം പിറവി എടുക്കുന്നത്. 1935 ജനുവരി ആദ്യത്തിലാണ് പത്രത്തിന്റെ ആദ്യലക്കം പുറത്തിറങ്ങിയത്. ചെറിയ കാലയളവിലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും കേരളത്തിലെ സാമൂഹ്യമുന്നേറ്റത്തിൽ പ്രഭാതം ചെലുത്തിയ സ്വാധീനം ചെറുതല്ല.

സാമൂഹ്യമുന്നേറ്റത്തിന് ഇടയാക്കിയ ഇത്തരം പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാനാണ് സർക്കാർ മുതിർന്നത്. തൽഫലമായി പ്രഭാതം നിരോധിച്ചു. പത്രം പ്രക്ഷോഭകനും സംഘാടകനും ഒക്കെയായി തീരുക എന്ന മാർക്സിസ്റ്റ് കാഴ്ചപ്പാട് അക്ഷരംപ്രതി പ്രാവർത്തികമാക്കിയ പത്രമായിരുന്നു പ്രഭാതം. 1938ൽ കോഴിക്കോട്ടുനിന്ന് വീണ്ടും പ്രഭാതം പ്രസിദ്ധീകരണം തുടങ്ങി. എങ്കിലും രണ്ടാംലോകയുദ്ധം ആരംഭിച്ചതോടെ പ്രസിദ്ധീകരണ അനുമതി പിൻവലിക്കപ്പെട്ടു.
 ഇങ്ങനെ സ്വന്തമായി ഒരു പത്രം പോലും നടത്തുന്നതിന് തടസ്സമുണ്ടായിരുന്ന കാലത്തെ അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പാർടി അതിന്റെ ആശയപ്രചാരണം മുന്നോട്ട് കൊണ്ടുപോയത്.

1942 സെപ്തംബർ ആറിനാണ് കോഴിക്കോട്ടുനിന്ന് ദേശാഭിമാനി വാരികയായി പുറത്തിറങ്ങുന്നത്. അക്കാലത്തെ രാഷ്ട്രീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടാണ് ദേശാഭിമാനി പ്രവർത്തിച്ചത്. 1943 മാർച്ച് 29ന് കയ്യൂർ സഖാക്കളെ തൂക്കിക്കൊന്നതിനെ തുടർന്ന് ‘തൂക്കുമരത്തിന്റെ വിളി’ എന്ന മുഖപ്രസംഗം ദേശാഭിമാനി പ്രസിദ്ധീകരിച്ചു. ഇത് ബ്രിട്ടീഷുകാരെ പ്രകോപിതരാക്കി. 1000 രൂപ പിഴ വിധിച്ചു. ഇത് പിരിച്ചെടുക്കുന്നതിന് ബഹുജനപിന്തുണ ആർജിച്ച ദേശാഭിമാനിക്ക് വലിയ പ്രയാസം ഉണ്ടായില്ല.  വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ദേശാഭിമാനി ജനവിശ്വാസം ആർജിച്ചാണ് കേരളത്തിലെ ഏറ്റവുമധികം ജനസ്വാധീനമുള്ള പത്രമായി ഉയരുന്നത്.

എ കെ ജി വിവിധരാജ്യങ്ങളിൽനിന്നു സമാഹരിച്ച ഫണ്ടും ഇ എം എസിന്റെ സ്വത്ത് വിറ്റുകിട്ടിയ തുകയും പി കൃഷ്ണപിള്ളയുടെ കൈ–-മെയ് മറന്നുള്ള പ്രയത്നവുമാണ് ദേശാഭിമാനിയുടെ അടിത്തറ.  സിലിണ്ടർ പ്രസുമായാണ് ദേശാഭിമാനി  ദിനപത്രം ആരംഭിക്കുന്നത്. പിന്നീട്  റോട്ടറി പ്രസ് വാങ്ങാൻ ധനശേഖരണം നടത്തിയത് ദേശാഭിമാനി മേളകൾ നടത്തിയാണ‌്. മറ്റൊന്നും നൽകാനില്ലാത്തതിനാൽ തന്റെ പശുക്കിടാവിനെ സംഭാവന നൽകിയ പാലോറ മാത കേരളത്തിന്റെ പ്രതീകമായി മാറി. 1946 ജനുവരി 18ന് ദേശാഭിമാനി ദിനപത്രമായി മാറി. ഇതിനിടയിൽ കൊച്ചി ഗവൺമെന്റ് ഒരുതവണയും തിരുവിതാംകൂറിലെ ദിവാൻഭരണം രണ്ടുതവണയും ദേശാഭിമാനിയെ നിരോധിച്ചിരുന്നു. തൊഴിലാളിവർഗത്തിനും ജനങ്ങൾക്കും ജനാധിപത്യത്തിനുംവേണ്ടി വാദിച്ചതുമാത്രമാണ് ഈ പത്രം ചെയ്ത ‘കുറ്റം’.

അടിയന്തരാവസ്ഥയിൽ ഏറെ ത്യാഗം സഹിച്ചാണ് ദേശാഭിമാനി പുറത്തിറക്കിയത്. എല്ലാ ഘട്ടത്തിലും പിടിച്ചെഴുന്നേൽപ്പിക്കാൻ നീണ്ടത് അധ്വാനിക്കുന്ന ജനങ്ങളുടെ കരങ്ങളാണ്. ആ കരങ്ങൾ തന്നെയാണ് ഇന്നും ദേശാഭിമാനിയുടെ കരുത്ത്. ഇന്ന് കൂടുതൽ ആകർഷകമായ രൂപഭാവങ്ങളോടെയാണ് ദേശാഭിമാനി ജനങ്ങളിൽ എത്തുന്നത്. സ്കൂൾ–- കോളേജ് വിദ്യാർഥികൾക്കായി അക്ഷരമുറ്റം, കിളിവാതിൽ എന്നീ പ്രത്യേക പംക്തികൾ വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും അഭിമാനമാണ്. വനിതകൾക്കായി ‘സ്ത്രീ’, കോളേജ് വിദ്യാർഥികൾക്ക് ‘ക്യാമ്പസ്’, തൊഴിൽ അന്വേഷകർക്കായി ‘തൊഴിൽ’ എന്നീ പംക്തികളും ദേശാഭിമാനി വായനക്കാരിൽ എത്തിക്കുന്നു. എല്ലാ ജനവിഭാഗങ്ങളുടെയും ദൈനംദിന അവകാശങ്ങളുടെ സംരക്ഷകനും നാവുമായി മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന ഈ തൊഴിലാളിവർഗ പത്രം ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ദിനപത്രമാണ്. ജനകീയ ഉടമസ്ഥതയിൽ, നാനാവിഭാഗത്തിലുള്ള ജനങ്ങളുടെ പിന്തുണയിൽ, കമ്യൂണിസ്റ്റ് പാർടിയുടെ നിയന്ത്രണത്തിലുള്ള നമ്മുടെ പത്രത്തിന്റെ വളർച്ച ഏതൊരു തൊഴിലാളിക്കും അഭിമാനം നൽകുന്നു. ഒപ്പം മാധ്യമ ചരിത്രത്തിലെ അത്ഭുതവുമാണ്.
മികച്ച തൊഴിൽ സംസ്കാരത്തിലേക്ക് സമൂഹത്തെ ആകെ നയിച്ച സമാനതകളില്ലാത്ത സമരങ്ങളുടെ പ്രഭാകേന്ദ്രമായ ഭൂമികയാണ് കൊല്ലം. സംഘടിത തൊഴിലാളി മുന്നേറ്റങ്ങൾക്ക് ഊർജം പകർന്ന നാട്. ദേശാഭിമാനിയുടെ വളർച്ചയ‌്ക്ക് ഒട്ടേറെ സംഭാവന നൽകിയ സിപിഐ എം നേതാവ് എൻ ശ്രീധരന്റെ പ്രധാന കർമഭൂമിയായിരുന്നു ഇവിടം. അദ്ദേഹത്തിന്റെ ഓർമകൾ ജ്വലിക്കുന്ന മണ്ണിലേക്കാണ് ദേശാഭിമാനി കൂടുതൽ മികവോടെ എത്തുന്നത്. കാലഘട്ടത്തിന്റെ സ്പന്ദനവും അക്ഷരങ്ങളുടെ മൂർച്ചയും പ്രതിരോധശേഷിയും ആവാഹിച്ച് ഒരു ജനതയുടെ പോരാട്ടചരിത്രത്തിന് മിഴിവേകിയ കൊല്ലത്തിന്റെ പത്രപ്രവർത്തന പാരമ്പര്യത്തിന്  ദേശാഭിമാനിയുടെ ചുവടുവയ്പ് കൂടുതൽ മാറ്റുകൂട്ടും.


പ്രധാന വാർത്തകൾ
 Top