18 June Friday

ചരിത്രവിജയം 
സമ്മാനിക്കാൻ കേരളജനത - കോടിയേരി ബാലകൃഷ്‌ണൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 1, 2021

തെരഞ്ഞെടുപ്പ്‌രംഗം ചൂടുപിടിച്ചതോടെ ചികിത്സയും വിശ്രമവുമൊക്കെ മാറ്റിവച്ച്‌ 
കോടിയേരി ബാലകൃഷ്‌ണൻ  പ്രചാരണത്തിൽ‌ സജീവമായി. തിരുവനന്തപുരം ജില്ലയിലെ പര്യടനങ്ങളും സമ്മേളനങ്ങളും പൂർത്തിയാക്കിയ കോടിയേരി, ഇപ്പോൾ കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലെ പ്രചാരണത്തിരക്കിലാണ്‌. ‘എൽഡിഎഫിന്‌ വേണ്ടി പ്രചാരണം ജനങ്ങളാകെ ഏറ്റെടുത്തിരിക്കുമ്പോൾ ഒരാൾക്കും മാറിനിൽക്കാൻ കഴിയില്ല. മുൻകാലങ്ങളിൽ പ്രവർത്തകരാണ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ ഇറങ്ങാറ്‌. പക്ഷേ, ഇത്തവണ അങ്ങനെയല്ല, മുൻപന്തിയിൽ ജനങ്ങളാണ്‌. കേരളമെങ്ങും കാണാൻ കഴിയുന്ന ഈ ആവേശവും തിളങ്ങിനിൽക്കുന്ന ഊർജവും തന്നെയാണ്‌ കരുത്ത്‌. എൽഡിഎഫിന്‌ ചരിത്രവിജയം സമ്മാനിക്കാൻ കേരളജനത ഒരുങ്ങിക്കഴിഞ്ഞു’– കോടിയേരി വിലയിരുത്തി. എത്ര ആരോപണങ്ങളും 
വിവാദങ്ങളും ഉയർത്തിയാലും എൽഡിഎഫ്‌ സൂര്യതേജസ്സിൽ മങ്ങലേൽപ്പിക്കാൻ കഴിയില്ല’ കോടിയേരിയുടെ 
ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. തയ്യാറാക്കിയത്‌ : കെ ശ്രീകണ്‌ഠൻ

 

എൽഡിഎഫിന്‌ തുടർഭരണ സാധ്യതയെന്നാണല്ലോ പൊതുവായ നിഗമനം
ഇത്തവണ തുടർഭരണം ഉണ്ടാകുക തന്നെ ചെയ്യും. അതിനുള്ള അവസരം ജനങ്ങൾ പാഴാക്കില്ല. കഴിഞ്ഞ അഞ്ചു വർഷം സർക്കാർ ചെയ്‌ത കാര്യങ്ങൾക്ക്‌ തുടർച്ച വേണം. അതാണ്‌ ജനങ്ങളുടെ ആഗ്രഹവും. ഭരണത്തുടർച്ചയെന്ന മനോഭാവം ഓരോ ദിവസവും കൂടുതൽ ശക്തിപ്പെട്ടുവരികയാണ്‌. അങ്ങനെയൊരു വികാരം രൂപപ്പെടുത്തിയത്‌ എൽഡിഎഫ്‌ അല്ല. ജനങ്ങളിൽ നിന്ന്‌ ഉയർന്നുവന്നതാണ്‌. ആ അഭിപ്രായത്തിന്‌ എൽഡിഎഫ്‌ രൂപം നൽകിയതേയുള്ളൂ. അതാണ്‌ നാട്ടിലെമ്പാടും പ്രകടമാകുന്നത്‌. ഒരു പുതിയ ചരിത്രം സൃഷ്‌ടിക്കും.

തുടർ ഭരണമുണ്ടായാൽ സർവനാശം എന്നാണല്ലോ മുതിർന്ന നേതാവ്‌ എ കെ ആന്റണി അഭിപ്രായപ്പെട്ടത്‌.
എ കെ ആന്റണിക്ക്‌ കാര്യം മനസ്സിലായത്‌ കൊണ്ടാണ്‌ ഈ വെപ്രാളം കൊള്ളുന്നത്‌. ആന്റണിയടക്കമുള്ളവർ രാഷ്‌ട്രീയമായി കാര്യങ്ങൾ പറയുന്നതിന്‌ പകരം മറ്റു പലതും പറയുന്നത്‌ ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ്‌. ഭരണത്തുടർച്ചയുണ്ടായാൽ സർവനാശമല്ല, സർവതല സ്‌പർശിയായ വികസനമായിരിക്കും. അതിനാണ്‌ നമ്മുടെ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്‌. ആന്റണിയുടെയും മറ്റും പ്രചാരണവും എൽഡിഎഫിന്‌ സ്ഥിതി അനുകൂലമാക്കുന്നു.
ഭക്ഷ്യക്കിറ്റ്‌, ക്ഷേമ പെൻഷൻ എന്നിവ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന്‌ ഭയക്കുന്നത്‌ കൊണ്ടാണോ പ്രതിപക്ഷം എതിർക്കുന്നത്‌.
അഞ്ചു വർഷത്തെ ജനക്ഷേമ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സർക്കാരിന്റെ നിലപാട്‌ എല്ലാവരിലും മതിപ്പുളവാക്കി. ദുരന്തമുഖത്ത്‌ പതറിപ്പോയില്ല. നിപാ, ഓഖി, ഇപ്പോഴിതാ കോവിഡ്‌. എല്ലാ ദുരന്തങ്ങളെയും സർക്കാർ നേരിടുകയാണ്‌ ചെയ്‌തത്‌. ഈ ഘട്ടത്തിലെല്ലാം പ്രതിപക്ഷം നിരുത്തരവാദപരമായ സമീപനമാണ്‌ പുലർത്തിയത്‌. ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു പൈസപോലും കൊടുക്കരുതെന്നാണ്‌ അവർ പറഞ്ഞത്‌. പ്രളയകാലത്തുപോലും മുഖം തിരിച്ചു നിന്നു. കോവിഡ്‌ പടർത്തി സർക്കാരിനെതിരെ ജനവികാരം ഇളക്കാനാണ്‌ നോക്കിയത്‌. ഇതെല്ലാം ജനങ്ങൾ മറക്കില്ല.

കേന്ദ്ര ഏജൻസികളും യുഡിഎഫും ബിജെപിയും ഒരുമിച്ചാണല്ലോ സർക്കാരിനെ നേരിടുന്നത്‌
ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള നീക്കം ജനങ്ങൾ തിരിച്ചറിഞ്ഞു. പശ്ചിമബംഗാളിൽ 2011ൽ വിശാല സഖ്യമുണ്ടാക്കിയാണ്‌ എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിച്ചത്‌. പിന്നീടുള്ള അവിടുത്തെ അനുഭവം എന്താണ്‌ എന്ന്‌ ഇപ്പോൾ കണ്ടല്ലോ. ഇടതുഭരണത്തിൽ വർഗീയവാദികൾക്ക്‌ തലപൊക്കാൻ കഴിഞ്ഞില്ല. പത്ത്‌ വർഷം കൊണ്ട്‌ വർഗീയ വിഘടന വാദികൾ അരങ്ങുതകർക്കുന്നു. ആർഎസ്‌എസിന്‌ കടന്നുവരാൻ അവസരം ലഭിച്ചു. അതാണ്‌ ബംഗാളിലെ സ്ഥിതി. കേരളത്തിൽ ഇടതുപക്ഷം ദുർബലമായാൽ ബംഗാളുപോലെയാകും. അത്‌ തിരിച്ചറിഞ്ഞ മതന്യൂനപക്ഷ വിഭാഗങ്ങളും പിന്നോക്കക്കാരും കൃഷിക്കാരും യുവാക്കളും ഇടതുപക്ഷത്ത്‌ അണിനിരന്നിരിക്കുകയാണ്‌. ആർഎസ്‌എസിന്‌ മുസ്ലിങ്ങളോട്‌ മാത്രമല്ല ശത്രുത. സവർണ മേധാവിത്വവും കോർപറേറ്റ്‌വൽക്കരണവുമാണ്‌ അവർ നടപ്പാക്കുന്നത്‌. യുവാക്കൾക്കും സ്‌ത്രീകൾക്കും തൊഴിലാളികൾക്കും എതിരാണ്‌. ഇതൊക്കെ പ്രിയങ്ക ഗാന്ധിയും മറ്റും മറച്ചുവയ്‌ക്കുകയാണ്‌. അത്‌ ബിജെപിയെ എതിർക്കാൻ കഴിയാത്തത്‌ കൊണ്ടാണ്‌. യാഥാർഥ്യം ജനം തിരിച്ചറിഞ്ഞു. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ പ്രചാരണ സംഘമാണ്‌. ഒരേ ലക്ഷ്യമാണ്‌ എല്ലാവർക്കും. അത്‌ വിജയിക്കാൻ പോകുന്നില്ല.

വിവാദങ്ങളിലാണോ പ്രതിപക്ഷം കേന്ദ്രീകരിക്കുന്നത്‌
വികസന നേട്ടങ്ങളെ മറച്ചുപിടിക്കാനാണ്‌ വിവാദങ്ങൾ ഉയർത്തുന്നത്‌. പക്ഷേ, അതിനെല്ലാം അൽപ്പായുസ്സ്‌ മാത്രം. ജീവിതാനുഭവമാണ്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്‌. എല്ലാ വീടുകൾക്കും എൽഡിഎഫ്‌ സർക്കാർ കൈത്താങ്ങായാണ്‌ നിൽക്കുന്നത്‌. മറ്റ്‌ പ്രചാരണങ്ങളിലൂടെ അട്ടിമറിക്കാൻ കഴിയില്ല. ശബരിമല തെരഞ്ഞെടുപ്പ്‌ വിഷയമല്ല. സുപ്രീംകോടതി വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്‌തേ മുന്നോട്ടുപോകുവെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയല്ലോ. പിന്നെയും രാഷ്‌ട്രീയ ലക്ഷ്യത്തിനായി വിശ്വാസികളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്‌. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫ്‌ പ്രതിജ്‌ഞാ ബദ്ധമാണ്‌. ബാബ്‌റി മസ്‌ജിദും ഒഡിഷയിൽ ക്രിസ്‌ത്യൻ പള്ളികൾ തകർത്തപ്പോഴും ശക്തമായി രംഗത്ത്‌ വന്നത്‌ സിപിഐ എമ്മും ഇടതുപക്ഷവുമാണ്‌. അതത്‌ മതവിശ്വാസവും ആചാരാനുഷ്‌ഠാനങ്ങളും വച്ചുപുലർത്താൻ എല്ലാവർക്കും അവകാശമുണ്ട്‌. സർക്കാർ അതിൽ ഇടപെടുന്ന സ്ഥിതിയില്ല. ഇനിയുണ്ടാവുകയുമില്ല.

യുഡിഎഫ്‌, ബിജെപി രഹസ്യധാരണ പല മണ്ഡലങ്ങളിലുമുണ്ടല്ലോ
ആർഎസ്‌എസ്‌ രഹസ്യ അജൻഡയാണ്‌ സുരേഷ്‌ഗോപിയുടെ പ്രസ്‌താവനയിൽക്കൂടി പുറത്തുവന്നത്‌. ബിജെപി എംപിയും സ്ഥാനാർഥിയുമാണ്‌ സുരേഷ്‌ ഗോപി. ഇതിൽ നിന്ന്‌ വ്യക്തമാകുന്നത്‌ 91–- ലേത്‌ പോലെ കോലീബി സഖ്യം രൂപപ്പെട്ടിരിക്കുകയാണ്‌. ഇത്‌ പുറത്തുവരാതിരിക്കാനാണ്‌ ഉമ്മൻചാണ്ടി എഴു സീറ്റുകളിൽ ഡീൽ പറയുന്നത്‌. ആ ഏഴു സീറ്റുകൾ ഏതൊക്കെയാണെന്ന്‌ വെളിപ്പെടുത്താൻ ഉമ്മൻചാണ്ടിയെ വെല്ലുവിളിക്കുകയാണ്‌. ആർഎസ്‌എസിന്റെ സഹായം കൊണ്ടേ ജയിക്കൂവെങ്കിൽ ഒരു സീറ്റും ഇടതുപക്ഷത്തിന്‌ വേണ്ട. മതനിരപേക്ഷ സമൂഹത്തിന്റെ പിന്തുണയാണ്‌ ഇടതുപക്ഷം ആഗ്രഹിക്കുന്നത്‌. കഴിഞ്ഞ തവണ നേമത്ത്‌ നടത്തിയ പരീക്ഷണം കൂടുതൽ സ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിച്ചതായി വ്യക്തമാണ്‌.

ഇരട്ട വോട്ട്‌ വാദം പ്രതിപക്ഷത്തിന്റെ മുൻകൂർ ജാമ്യം എടുക്കലാണോ
എൽഡിഎഫ്‌ വിജയിക്കുമ്പോഴെല്ലാം കള്ള വോട്ട്‌ കൊണ്ടാണെന്ന്‌ ആക്ഷേപവുമായി വരികയാണ്‌ ചെയ്യാറ്‌. വിജയം അംഗീകരിക്കാനുള്ള മനസ്സ്‌ കോൺഗ്രസിന്‌ ഇല്ലാത്തതാണ്‌ മുഖ്യപ്രശ്‌നം. യുഡിഎഫിന്റെ പരാജയം വോട്ടെടുപ്പിന്‌ മുമ്പേ ഉറപ്പായതിനാലാണ്‌ ഇപ്പോൾ വ്യാജ വോട്ട്‌ ആക്ഷേപം നേരത്തേ ഉയർത്തുന്നത്‌. വോട്ടർ പട്ടിക തയ്യാറാക്കിയത്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ആണ്‌. അതിൽ സർക്കാരിനോ എൽഡിഎഫിനോ പങ്കില്ല. ഇരട്ട വോട്ടുകാരിൽ കോൺഗ്രസുകാരാണ്‌ കൂടുതലെന്ന്‌ തെളിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കുടുംബാംഗങ്ങൾക്ക്‌ തന്നെ ഇരട്ട വോട്ടുണ്ട്‌. യുഡിഎഫിന്റെ നിരവധി സ്ഥാനാർഥികളും വ്യാജ വോട്ടുകാരാണ്‌. ആ ആക്ഷേപം കോൺഗ്രസിന്‌ ബൂമറാങ് ആയിരിക്കുകയാണ്‌.

ആഴക്കടൽ വിവാദത്തിന്‌ പിന്നിൽ ഗൂഢാലോചനയുണ്ടോ
തീരദേശത്ത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ വിവാദം. ആഴക്കടൽ മത്സ്യബന്ധനത്തിന്‌ അനുമതി കൊടുക്കാൻ സംസ്ഥാന സർക്കാരിന്‌ ഒരു അധികാരവുമില്ല. കേന്ദ്രത്തിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണ്‌. പിന്നെ എങ്ങനെയാണ്‌ സംസ്ഥാന സർക്കാർ കരാറുണ്ടാക്കുന്നത്‌. അനുമതി കൊടുത്തുവെന്ന പ്രചാരണം ദുരുപദിഷ്‌ടമാണ്‌. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്‌ അനിയന്ത്രിതമായി വിദേശ കപ്പലുകൾക്ക്‌ ഇന്ത്യൻ കടൽത്തീരത്ത്‌ മത്സ്യ ബന്ധനത്തിന്‌ അനുമതി കൊടുത്തത്‌. ഇപ്പോഴും 270 വിദേശ കപ്പലുകൾ അത്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അനുമതി റദ്ദാക്കാൻ ബിജെപി തയ്യാറായിട്ടില്ല. അന്ന്‌ അനുമതി കൊടുത്തത്‌ തെറ്റായിപ്പോയെന്ന്‌ തുറന്നുപറയാൻ രാഹുൽ ഗാന്ധിയും രമേശ്‌ ചെന്നിത്തലയും തയ്യാറായിട്ടില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന്‌ വിദേശ ട്രോളറുകളെ അനുവദിക്കുന്നത് ബിജെപിയുടെയും കോൺഗ്രസിന്റെയും നയമാണ്‌. കടൽ സമ്പത്ത്‌ മത്സ്യത്തൊഴിലാളികൾക്ക്‌ അവകാശപ്പെട്ടതാണ്‌ എന്ന നിലപാടാണ്‌ എൽഡിഎഫിന്‌ എക്കാലവും. അതിന്മേൽ കൈവയ്‌ക്കാൻ ഒരാളെയും അനുവദിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top