20 January Wednesday

നുണകളാൽ എല്‍ഡിഎഫിനെ തകർക്കാനാകില്ല - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jul 10, 2020

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് ഗൗരവമുള്ളതും അന്തർദേശീയ മാനങ്ങളുള്ളതുമാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ പേര് മറയാക്കിയുള്ള കള്ളക്കടത്ത് കസ്റ്റംസ് പിടികൂടിയതിനെത്തുടർന്ന് "രാഷ്ട്രീയ ഭൂകമ്പം' സൃഷ്ടിക്കാനുള്ള തുരപ്പൻ പണി തീവ്രമാക്കിയിട്ടുണ്ട്. യുഎഇ നയതന്ത്ര കാര്യാലയത്തിലെ അറ്റാഷെയുടെ പേരിലെത്തിയ ബാഗിൽ നിന്നാണ് 30 കിലോ സ്വർണം പിടിച്ചത്. അതുകൊണ്ടുതന്നെ ഈ കേസിൽ രാജ്യസുരക്ഷ, സാമ്പത്തിക തട്ടിപ്പ് തടയൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. എന്നാൽ, അതെല്ലാം വിട്ട് എൽഡിഎഫ് സർക്കാരിനെ അടിക്കാനുള്ള വടിയായി  ഉപയോഗിക്കാൻ എല്ലാ ഇടതുപക്ഷ വിരുദ്ധരും ചില അധികാരകേന്ദ്രങ്ങളും ആലയിൽ തീക്കട്ട കാച്ചുകയാണ്.

നാല് വർഷമായി ഭരണം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്ന പിണറായി വിജയൻ സർക്കാർ കോവിഡ് കാലത്താകട്ടെ ജനഹൃദയങ്ങളിൽ കൂടുതൽ ഇടം നേടി. ഈ സന്ദർഭത്തിലാണ് "കനക' കേസിനെ എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള സുവർണാവസരമായി കണ്ട് കള്ളക്കഥകൾ ചമച്ച് കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപിയും ഏകോദര സഹോദരങ്ങളെപ്പോലെ ഇറങ്ങിയിരിക്കുന്നത്. ഈ നീക്കം സാമാന്യനീതിക്ക് നിരക്കുന്നതല്ല. നയതന്ത്ര ലേബലുള്ള ബാഗിൽ സ്വർണക്കടത്ത് നടത്തിയ കൊടുംകുറ്റകൃത്യത്തിൽ പങ്കുള്ള എല്ലാപേരെയും നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്നതാണ് എൽഡിഎഫ് സർക്കാരിന്റെയും സിപിഐ എമ്മിന്റെയും ദൃഢമായ അഭിപ്രായം. ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിലെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരാനും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ്. കള്ളക്കടത്തുകാരെ ശിക്ഷിക്കുന്നതിലാണ്, രക്ഷിക്കുന്നതിലല്ല എൽഡിഎഫ് സർക്കാരിനും മുന്നണിക്കും താൽപ്പര്യം. അതുകൊണ്ടുതന്നെ ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ കസ്റ്റംസിന് എല്ലാ സഹായവും കേരള പൊലീസ് നൽകും.

യുഡിഎഫിന്റെ ശൈലിയല്ല എൽഡിഎഫിന്‌
യുഎഇ കോൺസുലേറ്റിൽനിന്ന് ഒഴിവാക്കപ്പെട്ട പിആർഒ സരിത്ത്‌ കുമാറിനെ കസ്റ്റംസ് അറസ്റ്റുചെയ്ത് തെളിവെടുത്തപ്പോൾ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷും ബിജെപി ബന്ധമുള്ള സന്ദീപ് നായരും കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതായി കസ്റ്റംസ് കണ്ടെത്തി.സ്വപ്നയെ പ്രതിചേർക്കപ്പെടുംമുമ്പുതന്നെ ഇവരുമായി സൗഹൃദബന്ധമുണ്ടെന്ന് ആക്ഷേപം വന്നതുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി നടപടിയെടുത്തു. ഈ ഉദ്യോഗസ്ഥന്‌ സ്വർണക്കടത്തിന് കൂട്ടോ പങ്കാളിത്തമോ ഉള്ളതായി ഒരു ആക്ഷേപവും വന്നിട്ടില്ല. എന്നിട്ടുപോലും ശക്തമായ ഇത്തരമൊരു നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജവം കാട്ടി. ഇതിലൂടെ യുഡിഎഫിൽനിന്ന് വ്യത്യസ്തമാണ് എൽഡിഎഫിന്റെ ഭരണശൈലിയെന്ന് തെളിഞ്ഞു.

എൽഡിഎഫ്സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആയിരം നാവുള്ള അനന്തന്റെ നാവ് കടംവാങ്ങിയാലും ബിജെപി–-കോൺഗ്രസ് നേതാക്കൾക്ക് കഴിയില്ല. മടിയിൽ കനമില്ലാത്തതുകൊണ്ടുതന്നെ ഈ ഭരണത്തിനും അതിന്റെ സാരഥികൾക്കും ആരുടെയും മുന്നിൽ ഭയക്കുകയോ മുട്ടുമടക്കുകയോ ചെയ്യേണ്ട കാര്യമില്ല

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളിൽനിന്ന്‌ ഏറ്റവും ശക്തമായ അന്വേഷണം ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിലൂടെയെല്ലാം ഈ കേസിൽ കുറ്റക്കാർ ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നും ഉപ്പുതിന്നവർ ആരായാലും അവർ വെള്ളം കുടിക്കണമെന്നുമുള്ള നിലപാട് എൽഡിഎഫ് പ്രകടിപ്പിച്ചിരിക്കുകയാണ്. സോളാർ കേസിൽ സംഭവിച്ചതുപോലെ കുറ്റവാളികളെ രക്ഷിക്കുന്നതിന് ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന യുഡിഎഫ് ഭരണരീതിയല്ല ഇന്നത്തേത്. എൽഡിഎഫ്സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആയിരം നാവുള്ള അനന്തന്റെ നാവ് കടംവാങ്ങിയാലും ബിജെപി–-കോൺഗ്രസ് നേതാക്കൾക്ക് കഴിയില്ല. മടിയിൽ കനമില്ലാത്തതുകൊണ്ടുതന്നെ ഈ ഭരണത്തിനും അതിന്റെ സാരഥികൾക്കും ആരുടെയും മുന്നിൽ ഭയക്കുകയോ മുട്ടുമടക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഈ വിഷയത്തിൽ കുറ്റങ്ങളും വീഴ്ചകളും നിരത്തിയാൽ അതിൽ മറുപടി പറയേണ്ടത് മുഖ്യമായും കേന്ദ്രസർക്കാരും കേന്ദ്രഏജൻസികളുമാണ്. അത് എന്തെന്ന് സൂചിപ്പിക്കാം.

ഒന്ന്‌: രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം കേന്ദ്രസർക്കാരിന്റെ കീഴിലാണ്. അവിടങ്ങളിൽ നടക്കുന്ന എല്ലാ നിയമവിരുദ്ധ കാര്യങ്ങളും തടയേണ്ട പ്രഥമ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്. അതായത് കള്ളക്കടത്ത് തടയേണ്ട ചുമതല കേന്ദ്രസർക്കാരിന്റെ കസ്റ്റംസ് വിഭാഗത്തിനാണ്. കള്ളക്കടത്ത് സാധനം വന്നത് യുഎഇ കോൺസുലേറ്റിനുള്ള പാഴ്‌സലായാണ്. അല്ലാതെ കേരള സർക്കാരിന്റെ ഏതെങ്കിലും ഏജൻസിക്കല്ല. ഈ സാധനങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചത് യുഎഇ കോൺസുലേറ്റിന്റെ അധികാരപത്രം ഉപയോഗിച്ചാണ്.  കള്ളക്കടത്ത് സാധനം റിലീസ് ചെയ്യിപ്പിക്കാൻ ബിജെപിയുടെ ട്രേഡ് യൂണിയൻ നേതാക്കളടക്കം കസ്റ്റംസിൽ സമ്മർദം ചെലുത്തിയെന്ന് ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടി നൽകേണ്ടത്  ബിജെപിയാണ്.

രണ്ട്‌: സ്വപ്‌ന സുരേഷ് എന്ന വിവാദവനിത ഔദ്യോഗിക പദവികളിൽ വന്നുചേർന്നത് എങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്. ആദ്യം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യയുടെ എയർഇന്ത്യ സാറ്റ്‌സിൽ അവർ ഉദ്യോഗസ്ഥയായതെങ്ങനെ ? അക്കാര്യത്തിൽ ഉത്തരം പറയാനുള്ള ബാധ്യത പ്രതിപക്ഷത്തിനുണ്ട്.

ഐടി വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിൽ താൽക്കാലിക കരാർ നിയമനത്തിൽ വിവാദ യുവതി കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ വന്നതിനാൽ, ഇക്കാര്യത്തിൽ നിജസ്ഥിതി അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.  യുഎഇ കോൺസുലേറ്റിൽനിന്ന് പുറത്തുവന്ന യുവതി ഐടി വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിലെ പ്രോജക്ടിൽ സ്‌പേസ് സെല്ലിങ്‌ അഥവാ മാർക്കറ്റിങ്ങിന്റെ ചുമതലയിലാണ് നിയമിക്കപ്പെട്ടത്. ഈ ജോലിയിൽ അവരെ എടുത്തത് പ്ലേസ്‌മെന്റ് ഏജൻസി വഴിയാണ്. ഇതൊരു താൽക്കാലിക കരാർ നിയമനമാണ്. ഇത്തരം നിയമനങ്ങൾ വിവിധ പ്രോജക്ടുകളിൽ കേന്ദ്ര-–-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. അതായത് ഈ രീതിയിലെ ഒരു നിയമനം പുതുമയുള്ളതല്ല. ഇത്തരം നിയമനങ്ങൾ കേന്ദ്രത്തിൽ പ്രധാനമന്ത്രിയോ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരോ അറിയുന്ന സമ്പ്രദായമില്ല. 

വിവാദ വനിത സ്‌പേസ് പാർക്കിൽ കയറിപ്പറ്റിയത് യുഎഇ കോൺസുലേറ്റിലെയും എയർ ഇന്ത്യ സാറ്റ്‌സിലെയും ഉദ്യോഗപരിചയത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ബന്ധപ്പെട്ട ഏജൻസികൾ നൽകുന്ന വിശദീകരണം. സ്‌പേസ് പാർക്കുമായി ബന്ധപ്പെട്ട കാര്യമല്ലെങ്കിലും ഒരു കുറ്റകൃത്യത്തിൽ പേരുവന്നതിനെത്തുടർന്ന് കരാർ നിയമനം റദ്ദാക്കാൻ ഐടി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനം നടപടിയെടുത്തു.

മൂന്ന്‌: വിവാദവനിത ഉൾപ്പെട്ട സ്വർണക്കടത്തുകേസിനെ യുഡിഎഫ് ഭരണകാലത്തെ സരിത കേസുമായി ബന്ധിപ്പിക്കാൻ ബോധപൂർവമായ രാഷ്ട്രീയശ്രമം നടക്കുന്നുണ്ട്. അന്ന് സരിതയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ സഹായികളായിരുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടും അവരെ പേഴ്‌സണൽ സ്റ്റാഫിൽനിന്ന്‌ ഒഴിവാക്കാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആദ്യം തയ്യാറായില്ല. നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് മൂന്നുപേരെ പേഴ്‌സണൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിന്റെ പേര് വിവാദ വനിതയുമായി ബന്ധപ്പെട്ട് ആക്ഷേപമായി ഉയർന്നപ്പോൾത്തന്നെ ആ ഉദ്യോഗസ്ഥനെ ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിന്റെ അന്തസ്സിന്റെ കേന്ദ്രമാണ്. അവിടെ ഒരുവിധത്തിലുള്ള കളങ്കവും പറ്റാൻ അനുവദിക്കില്ലെന്ന വിളംബരമാണ് ശിവശങ്കറിനെ നീക്കിയതിലൂടെ മുഖ്യമന്ത്രി നടത്തിയത്.

ശിവശങ്കറിനെ ഓരോ സ്ഥാനത്തും നിയമിച്ചത് സിവിൽ സർവീസിലെ സീനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ്. ഇദ്ദേഹവുമായുള്ള പരിചയബന്ധത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഈ വനിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു ബന്ധവും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ കസ്റ്റംസിനെ സ്വാധീനിക്കാൻ ഫോൺ വിളികളുണ്ടായിട്ടുണ്ട് എന്ന നുണ എതിർരാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാൽ, അങ്ങനെയൊരു വിളിയും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കസ്റ്റംസിന് വന്നിട്ടില്ലെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ കസ്റ്റംസ് ഓഫീസർ വ്യക്തമാക്കിയതോടെ നുണബോംബ് നനഞ്ഞ പടക്കമായി. സ്വർണക്കടത്ത് കേസിനെ എൽഡിഎഫ് സർക്കാരിനെതിരായ മറ്റൊരു ശബരിമല വിഷയമാക്കാമെന്ന ലാക്കോടെ ഒരുപിടി മാധ്യമങ്ങളുടെ പിന്തുണയോടെ കമ്യൂണിസ്റ്റ് വിരുദ്ധശക്തികൾ കരുനീക്കുന്നുണ്ട്. അതിനായി മോഡി സർക്കാർ, അവരുടെ കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്താൻ നോക്കിയേക്കും.

എൻഐഎയോ സിബിഐയോ ഏത്‌ അന്വേഷണവും ആകാം
പക്ഷേ, ഈ കേസിൽ എൽഡിഎഫിനോ സർക്കാരിനോ ഒളിക്കാനോ മറയ്ക്കാനോ ഒന്നുമില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിനു പിന്നിലെ എല്ലാ ശക്തികളെയും കുറ്റവാളികളെയും പുറത്തുകൊണ്ടുവരുന്നതിന് സംസ്ഥാനസർക്കാർ എല്ലാ സഹായവും ചെയ്യും. കേന്ദ്രസർക്കാരിന് എൻഐഎ എങ്കിൽ എൻഐഎ, സിബിഐ എങ്കിൽ സിബിഐ, അല്ല ഇന്റർപോൾ എങ്കിൽ ഇന്റർപോൾ - ഇങ്ങനെ ഫലപ്രദമായ ഏത് അന്വേഷണത്തിനും എൽഡിഎഫ് സർക്കാരും സിപിഐ എമ്മും എതിരല്ല. എന്നാൽ, സിബിഐ അന്വേഷണത്തിന് സംസ്ഥാന മന്ത്രിസഭ യോഗംചേർന്ന് കേന്ദ്രത്തിന് ശുപാർശ നൽകണമെന്ന ആവശ്യം ചില ബിജെപി–-കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യം അർഥമില്ലാത്തതാണ്. 2019 മെയ് 13ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത്  കസ്റ്റംസ് പിടിച്ച കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. സംസ്ഥാനമന്ത്രിസഭ ആവശ്യപ്പെട്ടാലേ സിബിഐ കേസ് ഏറ്റെടുക്കൂ എന്ന വാദം നിലനിൽക്കുന്നതല്ല. കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ഏത് സ്ഥാപനത്തിലെയും കുറ്റകൃത്യം ഏത് ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്ന് നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്. ഇപ്പോൾ കസ്റ്റംസ് അന്വേഷണത്തിൽ പലരുടെയും പേരുകൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ബിജെപി നേതാക്കളുടേതടക്കം. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് പുതിയ വാദഗതികൾ ഉയർത്തുന്നത്. സിബിഐ അടക്കം യുക്തമായ ഏജൻസികളുടെ അന്വേഷണമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരം പറയേണ്ടത്‌ കേന്ദ്രം
നയതന്ത്ര സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണത്തിൽ ഒരു പങ്ക് തീവ്രവാദപ്രവർത്തനങ്ങൾക്കും വിധ്വംസക ശക്തികൾക്കും പോകുന്നുവെന്നാണ് ഒരു ബിജെപി നേതാവ് അഭിപ്രായപ്പെട്ടത്. ഇതിനുമുമ്പും നയതന്ത്ര ലേബലിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടെന്നും പറയുന്നു. യഥാർഥത്തിൽ സ്വർണക്കടത്തിന്റെ രണ്ട് ശതമാനത്തിൽ താഴെമാത്രമാണ് പിടിക്കപ്പെടുന്നതെന്ന് ചില പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 98 ശതമാനം കള്ളക്കടത്തും സുരക്ഷിതമായി പുറത്തേക്കുപോകുന്നു. കേന്ദ്ര ഏജൻസികളും കേന്ദ്രസർക്കാരുമാണ് ഇതിന് ഉത്തരം പറയേണ്ടത്. കള്ളക്കടത്തിന് പച്ചക്കൊടി കാട്ടിക്കൊടുക്കുന്നവർ സംസ്ഥാന സർക്കാരിനെതിരെ തിരിയുന്നത് പരിഹാസ്യമാണ്. ഒരു സ്ത്രീയെ കേന്ദ്രീകരിച്ചുകൊണ്ട് പ്രചാരണ കോലാഹലം നടത്തി യഥാർഥ പ്രശ്‌നങ്ങളെ ലഘൂകരിക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. ഇതിന്റെ ഭാഗമാണ് കേന്ദ്രമന്ത്രി മുരളീധരന്റെ അഭിപ്രായപ്രകടനം. ഡിപ്ലമാറ്റിക് പാഴ്‌സലല്ല കള്ളക്കടത്ത് ബാഗ് എന്ന മുരളീധരന്റെ പ്രസ്താവന കേസിന്റെ ഗൗരവം ചോർത്താനാണ്. 

സ്വർണക്കേസിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനുനേരെ കോൺഗ്രസ് പ്രതിപക്ഷവും ബിജെപിയും എറിയുന്ന ആക്ഷേപങ്ങളുടെയും നുണകളുടെയും കല്ലുകളേറ്റ് തകരുന്ന പളുങ്കുപാത്രമല്ല, എൽഡിഎഫും സർക്കാരും. നാല് വർഷത്തിനിടയിൽ കേരള ജനത  പിന്തിരിപ്പൻ ശക്തികളുടെമേൽ ആവർത്തിച്ചുള്ള വിജയം എൽഡിഎഫിന് നൽകി. ആ പ്രവണതയെ തടയാൻ ഇപ്പോഴത്തെ നുണക്കാറ്റുകൾക്ക് കഴിയില്ല. കോവിഡ്‌ വിപത്തിൽ നിന്നും രക്ഷിക്കാൻ നാട്‌ ഒന്നായി നിന്ന്‌ പോരാടുകയാണ്‌. അത്‌ വിസ്‌മരിച്ചു കൊണ്ട്‌ കെട്ടുകഥകൾ ചമച്ച്‌ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിനിറങ്ങുന്നത്‌  കേരള ജനതയുടെ ജീവൻ പന്താടലാണ്‌. ഈ രാഷ്‌ട്രീയക്കളിയിൽ നിന്ന്‌ പ്രതിപക്ഷം പിൻമാറണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top