07 August Friday

ദൈവനാമംമുതൽ ആനക്കള്ളംവരെ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 12, 2020

കൊറോണക്കാലത്ത് പുലർത്തേണ്ട രാഷ്ട്രീയ സദാചാരം കാറ്റിൽ പറത്തി എൽഡിഎഫ് സർക്കാരിനെതിരെ കടിഞ്ഞാൺ തെറിച്ച ചക്രംപോലെ ലക്കുകെട്ട് തിരിയുകയാണ് കേരളത്തിലെ വലതുപക്ഷമെന്ന് ദിനംപ്രതിയുള്ള സംഭവങ്ങൾ തെളിയിക്കുകയാണ്. വരാൻ പോകുന്ന തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ലാക്കാക്കിയാണ് ഈ കച്ചമുറുക്കൽ. ഒക്ടോബറിലെ പ്രാദേശിക തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ നിയമസഭാ വോട്ടെടുപ്പാണ്. ഇടതുപക്ഷത്തിന് തുടർഭരണം സംസ്ഥാന ചരിത്രത്തിൽ നടാടെ നേടാനുള്ള രാഷ്ട്രീയ സാമൂഹിക മുന്നേറ്റം ഇന്നുണ്ട്.

കൊറോണ പ്രതിരോധത്തിലടക്കമുള്ള പ്രവർത്തനങ്ങളിലൂടെ എൽഡിഎഫ് സർക്കാരിന്റെ സ്വീകാര്യത വളരെയധികം വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളിൽ വലതുപക്ഷത്തിന്റേതെന്ന് കരുതുന്ന ‘പൊന്നാപുരം' കോട്ടകൾ പോലും തകർന്നുവീഴുമെന്ന ആശങ്ക അവർക്കുണ്ട്. പക്ഷേ, നാളത്തെ തെരഞ്ഞെടുപ്പ് വിധിക്കല്ല, മനുഷ്യജീവനുകളുടെ രക്ഷയ്ക്കാണ് ഇന്ന് പ്രാമുഖ്യം നൽകേണ്ടത്. ആ തിരിച്ചറിവ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനും ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിക്കും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് എൽഡിഎഫ് സർക്കാരിനെയും കേരളത്തെയും അപകീർത്തിപ്പെടുത്താനും തരംതാഴ്ത്താനുമുള്ള യജ്ഞത്തിൽ കേന്ദ്രമന്ത്രിമാരും മുൻമന്ത്രിമാരും ഉൾപ്പെടെയുള്ള വലതുപക്ഷ നേതാക്കൾ അരയുംതലയും മുറുക്കിയിരിക്കുന്നത്.

അതിനായി ദൈവനാമത്തിലും ആനയുടെ പേരിലുമെല്ലാം ആനക്കള്ളങ്ങൾ ചമയ്ക്കുന്നു. പന്നിയെ കൊല്ലാൻ വച്ചതെന്നു കരുതുന്ന സ്ഫോടകവസ്തു നിറച്ച കൈതച്ചക്ക കഴിച്ച് പരിക്കേറ്റ ഗർഭിണിയായ ആന  ചരിഞ്ഞ ഏറെ ദുഃഖകരവും ക്രൂരവുമായ സംഭവമുണ്ടായി. എല്ലാവരെയും നൊമ്പരപ്പെടുത്തുന്ന ഈ വിഷയത്തിന്റെ മറവിൽ ആനക്കള്ളം ചമച്ച് സംഭവത്തെ വർഗീയവൽക്കരിക്കുകയും മലപ്പുറം വിദ്വേഷവും കേരള വിരുദ്ധതയും പരത്തുകയും ചെയ്തു. അതിന് ബിജെപിയുടെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറും മുൻകേന്ദ്രമന്ത്രി മനേക ഗാന്ധിയും നേതൃത്വം നൽകി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ് ആന ചരിഞ്ഞത്. എന്നാൽ, അതിന്റെ പഴിയും മലപ്പുറം ജില്ലയ്ക്കായി. ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച ജില്ലയാണ് മലപ്പുറമെന്നും സ്ത്രീകളെ കൊല്ലുന്നതടക്കമുള്ള കുറ്റകൃത്യങ്ങളും സാമുദായിക ലഹളകളും ഇവിടെ പതിവാണെന്നും മലപ്പുറത്തെ സംസ്ഥാന സർക്കാർ പേടിക്കുകയാണെന്നും മനേക ആരോപിച്ചു. വ്യത്യസ്ത ജാതിമത സമുദായങ്ങളിൽപ്പെട്ടവർ സാഹോദര്യത്തോടെ കഴിയുന്ന പ്രദേശമാണ് കേരളത്തിലെ ഇതര സ്ഥലങ്ങളെപ്പോലെ മലപ്പുറം ജില്ലയും. അതായത് ഇവിടെ ഏതെങ്കിലുമൊരു സമുദായത്തിൽപ്പെട്ടവർ മാത്രമല്ല പാർക്കുന്നത്. എന്നാൽ, മുസ്ലിം സമുദായത്തിൽപ്പെട്ടവർ ജനസംഖ്യയിൽ അൽപ്പം കൂടുതലാണ്. അത് വലിയൊരു പാതകമായി കണ്ട് ഒരു ജില്ലയ്ക്കെതിരെ ആനക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുസ്ലിം വിദ്വേഷം മാത്രമല്ല കമ്യൂണിസ്റ്റ് വിരോധവുമുണ്ട്. ഏതെങ്കിലും ജില്ലയുടെ പേരുനോക്കി ഭരണനടപടിയും പൊലീസ് ഇടപെടലും സ്വീകരിക്കുന്ന സ്വഭാവം എൽഡിഎഫ് സർക്കാരിനില്ല. ഒരു ജില്ലയിൽ വസിക്കുന്ന ജനങ്ങളുടെ സാമുദായിക അംഗബലം കണക്കിലെടുത്ത് ക്രമസമാധാന പ്രശ്നങ്ങളെയും കുറ്റകൃത്യങ്ങളെയും സമീപിക്കുന്നത് ബിജെപിയുടെ സ്വഭാവമാണ്. ഗർഭിണി ആന കൊല്ലപ്പെട്ടതിനെ വർഗീയവൽക്കരിച്ച് വിദ്വേഷ പ്രചാരണത്തിലൂടെ രാഷ്ട്രീയനേട്ടത്തിന് കേരളത്തിൽ സംഘപരിവാർ ഇറങ്ങിയത് ഒറ്റപ്പെട്ട ഒന്നല്ല.


 

കേരള സെക്രട്ടറിയറ്റിൽ കാവിക്കൊടി പാറിക്കുമെന്നത് ബിജെപി –-ആർഎസ്എസ് കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ 70+1 എന്ന നിലയിൽ നിയമസഭാ സീറ്റ് നേടി അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ചത് അന്നത്തെ ബിജെപി പ്രസിഡന്റായ അമിത് ഷായാണ്. കുമ്മനം രാജശേഖരൻ അത് ആവർത്തിച്ചു. അത് നടപ്പാക്കാൻ നരേന്ദ്ര മോഡി–- അമിത് ഷാ കൂട്ടുകെട്ട് പലകുറി രഥത്തിലേറിയും അല്ലാതെയും യാത്രകൾ നടത്തി. കണ്ണൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള അമിത് ഷായുടെ യാത്രാപുറപ്പാടും  വഴിക്ക്‌ തിരിച്ചുപോയി അന്ത്യഘട്ടത്തിൽ പങ്കുചേർന്നതുമെല്ലാം ഓർക്കേണ്ടതാണ്. അന്ന് എസ്എൻഡിപിയും മറ്റ് സാമുദായിക, സാമൂഹ്യ സംഘടനകളെയും കാവിക്കൊടിയിൽ കുത്തിക്കെട്ടാൻ മോഡി ഭരണത്തണലിൽ വഴികൾ പലത് തേടി. അതിനുമുമ്പായി ബിഡിജെഎസ് രൂപീകരിച്ച് എസ്എൻഡിപി അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ നോക്കി. ബിഡിജെഎസിനെ മുൻനിർത്തി ഹിന്ദുസംഘടനകളെയും ചെറു പാർടികളെയും കൂട്ടിച്ചേർത്ത് ഹിന്ദുത്വ ധ്രുവീകരണത്തിന് കരുനീക്കി. പക്ഷേ, നിയമസഭാ ഫലം വന്നപ്പോൾ ഒരു സീറ്റിൽ ബിജെപിക്ക് ഒതുങ്ങേണ്ടിവന്നു. കോൺഗ്രസ് വോട്ട്‌ കച്ചവടച്ചരക്കായി വാങ്ങിയെടുത്താണ് ഒരു സീറ്റിൽ വിജയിച്ചതു തന്നെ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റം തടയാൻ അന്ന് കേരളത്തിനു കഴിഞ്ഞത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ കെട്ടുറപ്പുകൊണ്ടാണ്.

കേന്ദ്രഭരണത്തിന്റെ സ്വാധീനം കൂടുതലായി ഉപയോഗിച്ച് മതനിരപേക്ഷ അടിത്തറയിൽ വിള്ളൽ വീഴ്ത്താൻ നിരന്തരം പരിശ്രമിക്കുകയും കുതന്ത്രങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ബിജെപി. ത്രിപുരയിൽ ഇടതുപക്ഷ ഭരണം തകർക്കാമെങ്കിൽ കേരളത്തിലും അത് നടത്താമെന്ന ഹുങ്കോടെയാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ. അക്കാര്യം അമിത് ഷാ ബിജെപി പ്രവർത്തക യോഗങ്ങളിലും പുറത്തും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ ഹുങ്കിന് ശക്തമായ മറുപടിയായിരുന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുഫലം. അവിടെ ജയിക്കാനുദ്ദേശിച്ച് ബിജെപി നിർത്തിയ പി എസ് ശ്രീധരൻപിള്ളയ്ക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പക്ഷേ, ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നും എൽഡിഎഫിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള യുദ്ധം ശക്തിപ്പെടുത്തുകയാണെന്നുമാണ് സമീപകാല സംഭവഗതികൾ വെളിപ്പെടുത്തുന്നത്.


 

ഒരുവേള എൽഡിഎഫ് സർക്കാരിനെയും എൽഡിഎഫിനെയും ദുർബലപ്പെടുത്താൻ ദേശവ്യാപക ക്യാമ്പയിൻ നടത്തിയിരുന്നു. സിപിഐ എമ്മിന്റെ ഡൽഹിയിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് കൈയേറുന്ന തലത്തിൽവരെ സംഘപരിവാർ ആക്രമണമെത്തി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോൾ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള സുവർണാവസരമെന്നുകണ്ട് അക്രമാസക്തപ്രക്ഷോഭം കൂട്ടി. അതിനുവേണ്ടി തെറ്റിദ്ധാരണ സൃഷ്ടിച്ച് വിശ്വാസികളെയും ചില സാമുദായിക സംഘടനകളെയും കാവിത്തണലിലാക്കി, ഇടതുപക്ഷത്തിനെതിരെ പോർമുഖം തുറന്നു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിന്റെ നേട്ടം സംസ്ഥാനത്ത് ബിജെപിക്ക്‌ നേടാൻ കഴിഞ്ഞില്ല. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയെ അത്രവേഗം തകർക്കാൻ ആർഎസ്എസിന് കഴിയാത്തതാണ് അതിനുള്ള പ്രധാന കാരണം.

നവോത്ഥാന നായകരും കമ്യൂണിസ്റ്റ്‌ നേതാക്കളും നായകത്വം വഹിച്ച് അടിത്തറ പാകിയ നവോത്ഥാനമൂല്യങ്ങളുടെ ഈടുറപ്പുള്ള മണ്ണാണ് കേരളം. എന്നാൽ, ആ നവോത്ഥാനമൂല്യങ്ങളുടെ കടയ്ക്കൽ കത്തിവീഴ്ത്താനാണ് കൊറോണക്കാലത്തും ഹിന്ദുത്വവർഗീയ ശക്തികൾ മോഡി ഭരണത്തണലിൽ പ്രവർത്തിക്കുന്നത്. കോവിഡ്–-19 പ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലായാലും വേണ്ടില്ല, രോഗവ്യാപനവും മരണവും ഏറിയാലും വേണ്ടില്ല, പിണറായി വിജയൻ സർക്കാരിന്റെ പ്രതിച്ഛായ ഇടിഞ്ഞാൽ മതിയെന്ന ജീർണ ചിന്തയിലാണ് ബിജെപി –- ആർഎസ്എസ് നേതൃത്വം. ഇതിനെ തുറന്നെതിർക്കാനുള്ള മതനിരപേക്ഷ രാഷ്ട്രീയബോധമാണ് കോൺഗ്രസിനും അവർ നയിക്കുന്ന യുഡിഎഫിനും ഉണ്ടാകേണ്ടത്. ജനങ്ങളുടെ പട്ടിണിമാറ്റാനും ദുരിതം അകറ്റാനുമുള്ള മുൻകരുതൽ എടുക്കാതെയാണ് അടച്ചുപൂട്ടൽ കേന്ദ്ര സർക്കാർ നടപ്പാക്കിയത്. സാധാരണക്കാരുടെ ജീവിതഭാരം വർധിപ്പിച്ച് അടിക്കടി പെട്രോൾ, ഡീസൽ വില കയറ്റുകയുമാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടികൾ തുറന്നുകാട്ടി  16ന്‌ ദേശവ്യാപകമായി സിപിഐ എം പ്രതിഷേധദിനം ആചരിക്കുകയാണ്. ആദായനികുതി പരിധിയിൽ വരാത്ത എല്ലാ കുടുംബത്തിനും മാസം 7500  രൂപ വീതം നൽകുകയെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഉയർത്തുന്നത്. കേരളത്തിൽ അന്ന് സാമൂഹിക അകലം പാലിച്ച് 20 ലക്ഷംപേരെ അണിനിരത്തി പ്രതിഷേധ പരിപാടി നടത്തും.


 

കേന്ദ്രസർക്കാരിന്റെ ജനദ്രോഹത്തിനെതിരെ ബഹുജനവികാരം ഉണർത്തുന്നതിനല്ല, കോൺഗ്രസിനും യുഡിഎഫിനും താൽപ്പര്യം. എൽഡിഎഫ് സർക്കാരിനെയും കേരളത്തെയും അപമാനിക്കുന്നതിന് സംഘപരിവാറിനേക്കാൾ മുന്നിലാണെന്ന്‌ ബോധ്യപ്പെടുത്തുന്നതിനാണ് മത്സരം. ദൈവത്തിന്റെ പേരിലും കോൺഗ്രസ്‌ –- ബിജെപി കൂട്ടുകെട്ട് പ്രകടമാണ്. മദ്യക്കടകളും ഷോപ്പിങ്‌ മാളുകളും തുറക്കാമെങ്കിൽ എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറന്നുകൂടാ എന്നുചോദിച്ചവരിൽ കേന്ദ്ര മന്ത്രി വി മുരളീധരനുമുണ്ട്. കോൺഗ്രസ് എംപി കെ മുരളീധരൻ നടത്തിയ ഒരു പ്രസ്താവന ബിജെപി നേതാവ് മുരളീധരന്റെ പേരിലാണ് ഒരു പ്രമുഖ പത്രം അച്ചടിച്ചത്. അതിന് ആ പത്രത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.

എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നതിൽ രണ്ടുകൂട്ടർക്കും ഒരേ നാവാണ്. ആരാധനാലയങ്ങളുടെ മറവിലാണ് ഹിന്ദുത്വശക്തികൾ കൊറോണക്കാലത്ത് ന്യൂനപക്ഷ വിരുദ്ധത ശക്തമാക്കിയത്. രോഗവ്യാപനത്തിന് മുസ്ലിങ്ങളെ പഴിക്കുകയും ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തെ തെളിവായി പ്രചരിപ്പിക്കുകയും ചെയ്തു. ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ നിർദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് അതിൻമേൽ കർശന നിയന്ത്രണത്തോടെ അനന്തരനടപടി കേരളം സ്വീകരിച്ചത്. അതിനുമുമ്പായി മതപണ്ഡിതന്മാരുമായും മതമേലധ്യക്ഷന്മാരുമായും സർക്കാർ ആശയവിനിമയം നടത്തിയിരുന്നു. ആരാധനാ സ്വാതന്ത്ര്യം മൗലിക അവകാശമാണെന്നും ക്ഷേത്രങ്ങളും പള്ളികളും തുറക്കണമെന്നുമായിരുന്നു കോൺഗ്രസ് –-ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്ര സർക്കാർ നിർദേശം വന്നിട്ടും സംസ്ഥാനത്ത് ആരാധനാലയങ്ങൾ  നിയന്ത്രണങ്ങൾക്കു വിധേയമായി തുറന്നില്ലെങ്കിൽ പിണറായി വിജയൻ സർക്കാരിനെതിരെ മറ്റൊരു ശബരിമല പ്രക്ഷോഭമായിരുന്നു ഇക്കൂട്ടർ ലക്ഷ്യമിട്ടിരുന്നത്. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതിനെ തുടർന്ന് നിരാശയിലായ വലതുപക്ഷം പ്ലേറ്റ് മാറ്റിയിരിക്കുകയാണ്. രോഗവ്യാപനം സംഭവിക്കുമ്പോൾ ആരാധനാലയങ്ങളെ കുറ്റപ്പെടുത്തുന്നതിനുള്ള അടവാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സഹമന്ത്രിയും കെപിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. ഇമ്മാതിരി തകിടംമറിയലുകൾ രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top