17 February Sunday

തണ്ടൊടിഞ്ഞ താമര

കോടിയേരി ബാലകൃഷ്ണൻUpdated: Friday Dec 14, 2018


ഇന്ത്യൻ രാഷ്ട്രീയ ഗതിമാറ്റ സൂചന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാൻ കഴിയുമെന്ന നല്ല പ്രതീക്ഷയ്ക്ക് ഇത് ഇടംനൽകുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയായി കണക്കാക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും തെക്കേ ഇന്ത്യയിലെ തെലങ്കാനയിലും ബിജെപിക്ക് വൻ തകർച്ചയുണ്ടായി. മിസോറമിൽ പ്രാദേശികകക്ഷിക്കാണ് ഭരണം ലഭിച്ചത്. ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെ ഇന്ത്യയൊട്ടാകെ വീശിയടിക്കുന്ന ജനവികാരത്തിന്റെ കാറ്റാണ് ഇവിടങ്ങളിൽ വീശിയത്.

നാലര വർഷംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ്പോൾ ഫലങ്ങളെപ്പോലും കടത്തിവെട്ടി ബിജെപി പാർലമെന്റിൽ കേവലഭൂരിപക്ഷം നേടി. അതോടെ മോഡി‐ അമിത് ഷാ കൂട്ടുകെട്ടിന്റെ മാജിക്കിനെപ്പറ്റിയും ആർഎസ്എസിന്റെ അധീശത്തെപ്പറ്റിയും നിഗമനങ്ങളിലെത്താനുള്ള മാധ്യമ മത്സരമുണ്ടായി. എന്നാൽ, മോഡി‐ അമിത് ഷാ മാജിക് കാലഹരണപ്പെട്ടെന്നാണ് ഇപ്പോഴത്തെ ജനവിധി വിളംബരം ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിൽ ജയിക്കാനല്ല, തോൽക്കാനാണ് "മോഡി പ്രഭാവം' ഉപകരിക്കുകയെന്ന് വ്യക്തമാകുന്നു. 15 വർഷമായി കാവിഭരണം തുടരുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരം നിലനിർത്തുമെന്നും രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നുമുള്ള അവകാശവാദമാണ് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ഉയർത്തിയത്. എന്നാൽ, വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും താമരയുടെ തണ്ടൊടിഞ്ഞു.

രാഷ്ട്രീയ ഗതിമാറ്റം

മധ്യപ്രദേശിലെ തോൽവിയുടെ ആഘാതം ചെറുതല്ല. സംഘപരിവാറിന് രാജ്യത്തെ ഏറ്റവും ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണത്. ആർഎസ്എസിന്റെ ഘടകങ്ങളും വളന്റിയർമാരും ഗ്രാമ‐നഗര വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നയിടമാണ്. ജനസ്വാധീനമുള്ള മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാൻ എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. ആർഎസ്എസിന്റെ ശക്തികേന്ദ്രമായ ഇൻഡോറിലും ഉജ്ജയിനിയിലും ഭോപാലിലുമെല്ലാം ബിജെപിക്ക് കാലിടറി. മധ്യപ്രദേശിൽ ബിജെപി തോറ്റ് തൊപ്പിയിടുക എന്നതിനർഥം, ഇന്ത്യയിൽ മറ്റേതൊരു പ്രദേശത്തും മണ്ണ് കപ്പുമെന്നാണ്. സംസ്ഥാന ഭരണത്തിനൊപ്പം, ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ ജനരോഷം കേന്ദ്രഭരണത്തോട് ജനങ്ങൾക്കുണ്ടായി. അതുകൊണ്ടാണ് മോഡിയുടെ കോടികൾ ചെലവഴിച്ചുള്ള പ്രചാരണ പരിപാടികൾ  തിരിച്ചടിയായത്. കേന്ദ്ര‐സംസ്ഥാന ഭരണങ്ങളോടുള്ള ജനങ്ങളുടെ രോഷമാണ് ജനവിധിയിൽ തെളിഞ്ഞത്. മോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തിൽ ശതകോടികൾ ചെലവിട്ട് പ്രചാരണം നടത്തിയിട്ടും അഞ്ചിൽ ഒരിടത്തുപോലും കാവിക്കൊടി പാറിക്കാൻ കഴിഞ്ഞില്ലെന്നത് രാഷ്ട്രീയ ഗതിമാറ്റത്തിന്റെ ദിശാസൂചികയാണ്.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപിയുടെ ജനദ്രോഹനയങ്ങൾക്കുമാത്രമല്ല, വർഗീയ‐വിധ്വംസക ഭരണനയങ്ങൾക്കുമെതിരായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. നോട്ട് നിരോധനം, ഇന്ധന വിലവർധന, ജിഎസ്ടി, കാർഷിക വിലത്തകർച്ച, തൊഴിലില്ലായ്മ തുടങ്ങി റഫേൽ അഴിമതിവരെ ജനമനസ്സുകളെ മാറ്റിയിരിക്കുന്നു. ഉദാരവൽക്കരണ സാമ്പത്തികനയം തീവ്രമായി നടപ്പാക്കിയതും, വർഗീയ വിദ്വേഷ ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേൽപ്പിച്ചതും മോഡി ഭരണത്തെ ജനങ്ങളിൽനിന്ന് അകറ്റിയിരിക്കുന്നു. ജനവികാരത്തിന് സംഘടിതരൂപം നൽകുന്നതിന് ഇടതുപക്ഷത്തിന്റെ മുൻകൈയിൽ കർഷകരും തൊഴിലാളികളും ബഹുജനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രക്ഷോഭ സമരങ്ങൾ വലിയ പങ്കാണ് വഹിച്ചത്. രാജസ്ഥാൻ, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകസമര മുന്നേറ്റങ്ങൾ മുഖാന്തരം, ബിജെപിയുടെ കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികനയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് കർഷകരിലും ബഹുജനങ്ങളിലും രൂപപ്പെടുത്തി. ഇപ്രകാരം ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന ബഹുജന സമരങ്ങളുടെ ഫലമായിട്ടുകൂടിയാണ് ബിജെപി തോറ്റമ്പിയത്.

ബിജെപിക്ക് ബദലായി കോൺഗ്രസിതര കക്ഷികളുള്ള സംസ്ഥാനങ്ങളിൽ ആ കക്ഷികളെ ജനങ്ങൾ സ്വീകരിച്ചു. അതാണ് തെലങ്കാനയിലും മിസോറമിലും കണ്ടത്. രാജസ്ഥാനിലെ ശ്രീദുഗാർഗഢിലും ഭാന്ദ്രയിലും സിപിഐ എമ്മിന്റെ വിജയം അഭിമാനകരമാണ്. കർഷകസമരങ്ങളിലൂടെ ആർജിച്ച ജനപിന്തുണയാണ് വിജയത്തിന് അടിസ്ഥാനം. കഴിഞ്ഞതവണ ബിജെപി ജയിച്ച മണ്ഡലങ്ങളാണ് സിപിഐ എം നല്ല ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തത്. സിപിഐ എം, സിപിഐ ഉൾപ്പെടെ ഏഴ് പാർടികൾ ചേർന്ന "ലോക് താന്ത്രിക് മോർച്ച' രാജസ്ഥാനിൽ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ജനങ്ങളുടെ ദുരിതങ്ങൾക്ക് അറുതിവരുത്താനും അവരുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്താനും സംസ്ഥാന ഭരണം ഏൽക്കുന്ന കോൺഗ്രസ് നടപടിയെടുക്കുമോയെന്നതാണ് പ്രശ്നം. ഇതുവരെ തുടർന്നുവന്ന ഉദാരവൽക്കരണ സാമ്പത്തിക നയവും മൃദു ഹിന്ദുത്വ നയവും ഉപേക്ഷിക്കുന്നതിനെപ്പറ്റി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനവിധിക്കുശേഷം നടത്തിയ മാധ്യമ സമ്മേളനത്തിലും പരാമർശിച്ചിട്ടില്ല. അനുഭവത്തിൽനിന്ന് പാഠം പഠിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഭരണവിരുദ്ധ വികാരം ശക്തമായിട്ടും എന്തുകൊണ്ട് ഛത്തീസ്ഗഢ് ഒഴികെ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് കേവല ഭൂരിപക്ഷം നേടാൻ കഴിയാതെ വന്നൂവെന്നത് ആ പാർടി പരിശോധിക്കേണ്ടതാണ്. 10 വർഷമായി ഭരണമുണ്ടായിരുന്ന മിസോറമിലാകട്ടെ കോൺഗ്രസ് തകർന്നടിഞ്ഞു. നാൽപ്പതംഗ നിയമസഭയിൽ കോൺഗ്രസിന് അഞ്ച് സീറ്റുമാത്രം. 26 സീറ്റുമായി മിസോ ദേശീയ മുന്നണി (എംഎൻഎഫ്) അധികാരം പിടിച്ചെടുത്തു. ഭരണം നടത്തുന്ന കോൺഗ്രസ് ജനരോഷത്തിന് പാത്രമാകും എന്നതിന് തെളിവാണ് മിസോറം. ഇതോടെ വടക്കു‐കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തും കോൺഗ്രസിന് ഭരണമില്ലാത്ത അവസ്ഥയായി. സ്വന്തം പാർടിയിൽനിന്നുപോലും എതിർപ്പുകൾ നേരിട്ടാണ് വസുന്ധരരാജെ സിന്ധ്യ രാജസ്ഥാനിൽ ഭരണത്തുടർച്ചയ്ക്കുവേണ്ടി ബിജെപിയെ നയിച്ചത്. കാവി സംഘത്തിലെ പടലപ്പിണക്കമുണ്ടായിട്ടും രാജസ്ഥാനിൽ കേവലഭൂരിപക്ഷം നേടാൻ കോൺഗ്രസിന് കഴിയാതെ വന്നത് എന്തുകൊണ്ട്?

ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ
അതുപോലെ ചന്ദ്രബാബു നായിഡുവിന്റെ തെലുഗ് ദേശം പാർടിയെ കൂട്ടുപിടിച്ച് മഹാസഖ്യമുണ്ടാക്കി കോൺഗ്രസ് മത്സരിച്ചിട്ടും തെലങ്കാനയിൽ ചന്ദ്രശേഖർറാവു നയിച്ച തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വൻ ഭൂരിപക്ഷം നേടി. കാലാവധി തീരാൻ ഒമ്പത് മാസം ശേഷിക്കെയാണ് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയത്. ടിആർഎസുമായി ചങ്ങാത്തം കൂടാൻ ബിജെപി നടത്തിയ കളികളിൽ ചന്ദ്രശേഖർറാവു വീണതുമില്ല. തെലങ്കാനയിൽ തിരിച്ചുവരവ് പ്രതീക്ഷിച്ച കോൺഗ്രസിന് കനത്ത ആഘാതം നേരിട്ടു. 119 സീറ്റിൽ 88 കരസ്ഥമാക്കി അഞ്ചിൽ നാല് ഭൂരിപക്ഷം ടിആർഎസ് നേടി. എന്നാൽ, കോൺഗ്രസ്് 19 സീറ്റിൽ ഒതുങ്ങി. കോൺഗ്രസിനെ സഖ്യകക്ഷിയാക്കിയ ആന്ധ്രയിലെ ഭരണകക്ഷിയായ ടിഡിപിക്ക് രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോൺഗ്രസുമായി കൂട്ടുകൂടി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ സമാജ് വാദി പാർടിക്ക് യുപിയിൽ നേരിട്ട പിന്നോട്ടടി തെലങ്കാനയിൽ ടിഡിപിക്കും അനുഭവിക്കേണ്ടി വന്നു. കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ചില സംസ്ഥാനങ്ങളിൽ എതിർ രാഷ്ട്രീയ മുന്നണിക്കോ പാർടിക്കോ ഗുണം ചെയ്യുന്നു. ഈ പ്രവണത ചർച്ച ചെയ്യപ്പെടേണ്ടതാണ്.

കോൺഗ്രസിന് ശക്തിയുണ്ടെന്നു കരുതുന്ന സംസ്ഥാനങ്ങളിൽപ്പോലും ബിജെപിയെ തോൽപ്പിക്കാൻ ആ പാർടിക്ക് തനിച്ചാകില്ല. അത് മനസ്സിലാക്കി വിശാലമായ നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഹിന്ദുത്വശക്തിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശ് ജനരോഷത്തിൽ കുലുങ്ങിയിട്ടും കോൺഗ്രസിന് നല്ല വിജയം കൈവരിക്കാൻ കഴിയാതെ പോയത് അതുകൊണ്ടുകൂടിയാണ്. രണ്ട് സീറ്റേ നേടിയിട്ടുള്ളൂവെങ്കിലും  ബഹുജൻ സമാജ്വാദി പാർടിയുമായും ഒരു സീറ്റ് നേടിയ എസ്പിയുമായും തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ടോ, ധാരണയോ ഉണ്ടാക്കാൻ കോൺഗ്രസ് തയ്യാറായിരുന്നെങ്കിൽ ബിജെപി സീറ്റിന്റെ എണ്ണം താഴേയ്ക്ക് കൊണ്ടുവരാമായിരുന്നു.

ഭരണനേട്ടത്തിന്റെ അവകാശവാദം ജനങ്ങളിൽ ഏശില്ലെന്ന് ബോധ്യമായ ബിജെപി ആർഎസ്എസ് വർഗീയ അജൻഡയെ ഈ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചു. രാമക്ഷേത്ര നിർമാണം, പശു സംരക്ഷണം തുടങ്ങിയവ അതിന്റെ ഭാഗമാണ്.  എന്നാൽ, ഇതിനെ തുറന്ന് എതിർക്കുന്നതിനല്ല, ഹിന്ദുത്വ അജൻഡയുടെ വാലിൽ തൂങ്ങുന്നതിനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും തയ്യാറായത്. രാഹുലിന്റെ ക്ഷേത്രദർശനങ്ങൾ, മധ്യപ്രദേശിൽ മാട്ടിറച്ചി നിരോധിച്ചത് സംബന്ധിച്ച ദ്വിഗ്വിജയ് സിങ്ങിന്റെ അവകാശവാദം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗോശാലകൾ സ്ഥാപിക്കുമെന്ന കമൽനാഥിന്റെ വാഗ്ദാനം തുടങ്ങിയതെല്ലാം തെളിയിച്ചത് സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയോട് അതേ ട്രാക്കിൽ മത്സരിക്കാനുള്ള കോൺഗ്രസിന്റെ ഉത്സാഹമാണ്. ആർഎസ്എസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് അതേ നാണയത്തിന്റെ മറുവശമാകുകയാണ് കോൺഗ്രസ്. ദളിത് വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഉൾപ്പെടെ വിശ്വാസത്തിലെടുത്ത് മതനിരപേക്ഷ രാഷ്ട്രീയ ബദലാവുകയാണ് വേണ്ടത്. അതിനുള്ള ആർജവം കോൺഗ്രസിനില്ലെന്ന് നാടിനെ ആവർത്തിച്ച് ബോധ്യപ്പെടുത്തി.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷത്തിന്റെ വിശാലമായ യോജിപ്പ് വേണമെന്ന സിപിഐ എം പാർടി കോൺഗ്രസിന്റെ തീരുമാനം ശരിവയ്ക്കുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. ആ യോജിപ്പിന് ഏതെങ്കിലും പാർടിയുടെ തൻപ്രമാണിത്തം തടസ്സമാകരുത്. എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ, ദേശീയമായി ഏകീകൃത രൂപത്തിലുള്ള മുന്നണിയോ സഖ്യമോ പ്രായോഗികമല്ല. എന്നാൽ, ബിജെപിയെ തോൽപ്പിക്കുകയെന്നത് മുഖ്യ ലക്ഷ്യത്തോടെ സംസ്ഥാനങ്ങളിലുള്ള നീക്കുപോക്കും ധാരണയുമാണ് വേണ്ടത്. ബിജെപിയെ അധികാരത്തിൽനിന്ന് നീക്കാനുള്ള ഭരണസംവിധാന നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമാകും രൂപംകൊള്ളുക. സിപിഐ എമ്മിന്റെ ഈ രാഷ്ട്രീയനയത്തിന് കരുത്ത് പകരുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top