23 May Thursday

ആര്‍എസ്എസിന്റെ അട്ടിമറി വ്യാമോഹം

കോടിയേരി ബാലകൃഷ്ണന്‍Updated: Tuesday Aug 8, 2017

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനം എടുക്കാവുന്നതാണെന്നാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രസ്താവിച്ചത്. പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഇതു സംസാരിച്ചിട്ടുണ്ടെന്നും  ആര്‍എസ്എസ് നേതാവ് വെളിപ്പെടുത്തി.  ഭരണഘടനയിലെ 365-ാം വകുപ്പ് ആദ്യം പ്രയോഗിച്ചത് 1959ല്‍ കേരളത്തിലെ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടാനാണ്. അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസാണ് അത് ചെയ്തത്. പിന്നീട്  വന്ന കേന്ദ്ര  സര്‍ക്കാരുകള്‍  വിവിധ ഘട്ടങ്ങളില്‍  പ്രതിപക്ഷ പാര്‍ടികളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്നാല്‍, സുപ്രീംകോടതി എസ് ആര്‍ ബൊമ്മെ കേസില്‍ പുറപ്പെടുവിച്ച വിധിന്യായം ശ്രദ്ധേയമായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാരിന് തോന്നുംപോലെ പിരിച്ചുവിടാന്‍ സാധിക്കുകയില്ല. ഈ വകുപ്പ് ദുരുപയോഗപ്പെടുത്തുന്നതിനെതിരെ  കോണ്‍ഗ്രസ് ഭരണകാലത്ത് ശക്തമായി പ്രതികരിച്ച കൂട്ടരാണ് ആര്‍എസ്എസ്. ഇപ്പോള്‍ അവര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് അവര്‍ സ്വീകരിച്ച അന്ധമായ സിപിഐ എം വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ്.

"ഒരു രാജ്യം, ഒരു സംസ്ഥാനം, ഒരു പാര്‍ടി'' എന്ന മുദ്രാവാക്യമാണ് ആര്‍എസ്എസ് കോയമ്പത്തൂര്‍ ദേശീയസമ്മേളനം മുന്നോട്ടുവച്ചത്. അതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഭരണമാണ് അവര്‍ വിഭാവനം ചെയ്തത്. 18 സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നിലവില്‍ വന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍ സ്ഥാനങ്ങള്‍ ആര്‍എസ്എസുകാര്‍ ഏറ്റെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ എങ്ങനെയെങ്കിലും ഭരണം കൈയടക്കി ഇന്ത്യയിലാകെ ഒരു പാര്‍ടി ഭരണം എന്ന ലക്ഷ്യത്തിലെത്താനാണ് ആര്‍എസ്എസ് ശ്രമം. 

ഗോവ, മണിപ്പുര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി ജനവിധി അട്ടിമറിച്ച് എംഎല്‍എമാരെ കാലുമാറ്റി ബിജെപി ഭരണം സ്ഥാപിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ  വിജയിപ്പിക്കാന്‍ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നതിന്  കേന്ദ്രഭരണം ദുരുപയോഗിക്കുന്നു. കാലുമാറ്റനിരോധന നിയമം പ്രഹസനമാക്കി. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട ബിജെപി ഭരണപങ്കാളിത്തത്തിന് അവസരവാദ നിലപാട് സ്വീകരിച്ച് കേന്ദ്രഭരണത്തിന്റെ ദുരുപയോഗത്തിലൂടെയാണ് നിതീഷ്കുമാറിനെ കൂടെചേര്‍ത്ത് ബിജെപി ഭരണപങ്കാളിത്തത്തിലേക്ക് നുഴഞ്ഞുകയറിയത്.

സിബിഐ, ആദായനികുതി വകുപ്പ്, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവ ആയുധമാക്കിയാണ് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്നതും ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയും ചെയ്യുന്നത്. ഇതിന്റെ ഭാഗമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ബിജെപിയുടെ പടപ്പുറപ്പാട്. കേന്ദ്ര രാജ്യരക്ഷാ മന്ത്രി അരുണ്‍ ജെയ്റ്റ്ലി തിരുവനന്തപുരത്തുവന്ന് ബിജെപിയുടെ കുതന്ത്രങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അവരെ കൂടുതല്‍ അക്രമോത്സുകരാക്കി.  അമിത്ഷാ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നൂറുകിലോമീറ്റര്‍ യാത്ര നടത്താന്‍ പോകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവസ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും യാത്രയില്‍ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ തയ്യാറെടുപ്പിന് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് കേരളം സന്ദര്‍ശിക്കുന്നുണ്ട്.  രണ്ടാം 'വിമോചന' സമരത്തിന് കളമൊരുക്കുകയാണ് ബിജെപി എന്ന് വ്യക്തം.

മറ്റു സംസ്ഥാനങ്ങളില്‍ ഇടപെടുന്നതുപോലെ രാഷ്ട്രീയ കുതിരക്കച്ചവടം വഴി കേരളത്തില്‍ ഭരണമാറ്റം സാധ്യമല്ലെന്നും ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടപെട്ട് ഒന്നാം ശക്തിയാകാന്‍ 104 സമുദായസംഘടനകളുമായി യോജിച്ച് മത്സരിച്ചു. ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോള്‍ കുറെ സംഘടനകളെ ചേര്‍ത്ത് ബിഡിജെഎസ് എന്ന പാര്‍ടിയുണ്ടാക്കി. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വിശാല സഖ്യമായി എന്‍ഡിഎ മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് സഹായത്തോടെ നിയമസഭയില്‍ നേടാന്‍ കഴിഞ്ഞത്. കണക്കില്ലാത്ത പണം, കേന്ദ്രഭരണം, കേന്ദ്രമന്ത്രിമാര്‍, സമുദായ നേതാക്കള്‍ എന്നിവയെല്ലാമുണ്ടായിട്ടും 15ശതമാനം വോട്ട് മാത്രമാണ് ബിജെപി മുന്നണിക്ക് കിട്ടിയത്. മതപരമായ ധ്രുവീകരണം നടത്താന്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ വര്‍ഗീയലഹള സൃഷ്ടിക്കുന്ന തന്ത്രം കേരളത്തില്‍ വിജയിക്കില്ലെന്നതിന് കഴിഞ്ഞകാല അനുഭവങ്ങള്‍ തന്നെയാണ് തെളിവ്.  മുസ്ളിം, ക്രിസ്ത്യന്‍ വിരുദ്ധ പ്രചാരണം കൊണ്ട് കേരളത്തില്‍ നേട്ടമുണ്ടാക്കുക പ്രയാസമാണെന്ന തിരിച്ചറിവില്‍ ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താനുള്ള മോഹവുമായി മതമേലധ്യക്ഷന്മാരുമായി കൂടിയാലോചനകള്‍ക്ക് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തിറങ്ങി.  അത് പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് കണ്ടപ്പോഴാണ് സിപിഐ എം കേന്ദ്രങ്ങള്‍ ആക്രമിക്കുകയെന്ന പദ്ധതി ആര്‍എസ്എസ് ബൈഠക് വിപുലീകരിച്ച് തയ്യാറാക്കിയത്. ഇതുവഴി സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തി മതന്യൂനപക്ഷങ്ങളില്‍ ഭീതിപരത്തി ന്യൂനപക്ഷങ്ങളെ കീഴ്പ്പെടുത്തുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം.  മതനിരപേക്ഷ പ്രസ്ഥാനം ദുര്‍ബലമാകുമ്പോള്‍ ഭീതിയിലാകുന്ന ന്യൂനപക്ഷം തങ്ങളുടെ  കൂടെ നില്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്. ജമ്മു കശ്മീരില്‍ പിഡിപിയെ കൂടെനിര്‍ത്താന്‍ കഴിഞ്ഞതുപോലെ ചില സംഘടനകളെ സ്വാധീനിക്കാന്‍ കഴിയുമെന്നും ആര്‍എസ്എസ് കരുതുന്നു. ഇതിന് തടസ്സം പിണറായി വിജയന്‍ സര്‍ക്കാരാണ്. മറ്റു സംസ്ഥാനങ്ങളിലെ ഗോരക്ഷകരോ ആന്റി റോമിയോ സേനയോ പോലെയുള്ള സ്വകാര്യ സേനകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അടുക്കളയില്‍ കയറി ഭക്ഷണപ്പാത്രങ്ങള്‍ പരിശോധിക്കാന്‍ ഒരു ആര്‍എസ്എസുകാരനും ഇവിടെ കഴിയില്ല. മതപരമായ വസ്ത്രംം ധരിച്ച്  യാത്ര ചെയ്യുന്നവര്‍ ആക്രമിക്കപ്പെടുന്നില്ല. പശുവിന്റെ പേരില്‍ 32 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍  കേരളത്തില്‍ അത്തരം സംഭവങ്ങളില്ല.  ഇതില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്നു പോകണമെന്നാണ് ആര്‍എസ്എസ് നേതൃത്വം കരുതുന്നത്. അതിന്റെ ഭാഗമാണ് കേരളത്തെക്കുറിച്ച് രാജ്യവ്യാപകമായി  നടത്തുന്ന ദുഷ്പ്രചാരവേല. കേരളം ഭീകരവാദികളുടെ നാടാണെന്നും പാക്കിസ്ഥാനാണെന്നും പ്രചരിപ്പിക്കുന്നത് ബിജെപിയാണ്.  'കലാപനാട്' എന്ന് പ്രചരിപ്പിക്കുമ്പോള്‍ ആര്‍എസ്എസ് തന്നെ കലാപം സൃഷ്ടിക്കുന്ന വിചിത്രമായ കാഴ്ചയാണ് ഇവിടെ.

എല്‍ഡിഎഫ് അധികാരത്തില്‍വന്ന് കഴിഞ്ഞ 15 മാസത്തിനിടയില്‍ 13 കൊലപാതകങ്ങളാണ്  ആര്‍എസ്എസ് കേരളത്തില്‍ നടത്തിയത്.  ഇതില്‍ 10 പേര്‍ സിപിഐ എം പ്രവര്‍ത്തകരാണ്. തൃശൂരില്‍ കോണ്‍ഗ്രസുകാരനായ സുരേഷ് കൊല ചെയ്യപ്പെട്ടു. കാസര്‍കോട്ട് പള്ളിയില്‍ കയറി  മദ്രസ അധ്യാപകന്‍ റിയാസ് മൌലവിയെയും മലപ്പുറത്ത് മതംമാറിയ കൊടിഞ്ഞി ഫൈസലിനെയും കൊലപ്പെടുത്തിയത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടായിരുന്നു. സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം  ഉദ്ദേശ്യം നടന്നില്ല. എല്‍എഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം 394 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് ആക്രമണങ്ങളില്‍ പരിക്കേറ്റു. 160 വീടും അമ്പതിലേറെ പാര്‍ടി ഓഫീസുകളുമാണ് തകര്‍ത്തത്. അമ്പതിലേറെ വാഹനങ്ങള്‍ തകര്‍ത്തു. മൂന്ന്  ആംബുലന്‍സുകള്‍ കത്തിച്ചു. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മൂന്നുമാസം മുമ്പ് നടത്തിയ സമാധാന ശ്രമങ്ങളുടെ ഫലമായി  സംഘര്‍ഷ സ്ഥലങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. എന്നാല്‍, കണ്ണൂരില്‍ സമാധാനയോഗം കഴിഞ്ഞ ദിവസംതന്നെ പൊയിലൂരില്‍ ആര്‍എസ്എസുകാര്‍ സിപിഐ എം പ്രവര്‍ത്തകനെയും പിന്നീട്  തലശേരിയില്‍ ശ്രീജന്‍ ബാബുവിനെയും മൃഗീയ ആക്രമണത്തിനിരയാക്കിയതും സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളായിരുന്നു. പാനൂരില്‍ അരവിന്ദനെ ആക്രമിച്ചതും രാമന്തളിയില്‍ ധന്‍രാജ് ദിനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരെ വഴിയില്‍ ബോംബെറിഞ്ഞതും പയ്യന്നൂരിലെ കുന്നരുവില്‍ നിരവധി വീടുകള്‍ തകര്‍ത്തതും  വീണ്ടും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. കോഴിക്കോട്ട് സിപിഐ എം ജില്ലാ സെക്രട്ടറി മോഹനനെ ലക്ഷ്യമിട്ട് ഓഫീസില്‍ സഖാവ് വന്നിറങ്ങിയപ്പോള്‍ ബോംബെറിഞ്ഞതും കോഴിക്കോട് ജില്ലാകമ്മിറ്റിഅംഗം ദിനേശിന്റെ വീടിനു നേരെ ആക്രമണം നടത്തിയതും പ്രകോപനം സൃഷ്ടിക്കാനായിരുന്നു. കോട്ടയം സിഐടിയു ജില്ലാകമ്മിറ്റി ഓഫീസും മറ്റ് ഓഫീസുകളും  ആക്രമിച്ച് ആക്രമണം അവിടെ വ്യാപിപ്പിച്ചു. പന്തളത്ത് ഓഫീസിന് നേരെയും ആക്രമണമുണ്ടായി.

തിരുവനന്തപുരം ജില്ലയില്‍ എസ്എഫ്ഐക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം നിഷേധിച്ച എംജി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ആര്‍എസ്എസിന്റെ അസഹിഷ്ണുത വലിയ തോതില്‍ പുറത്തുവന്നത്. വീരണകാവ് പാര്‍ടി ഓഫീസും  നെടുമങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സന്റെയും  കാട്ടാക്കട ശശി, കരമന ഹരി, പുഷ്പലത, എസ് എ സുന്ദര്‍, റസിയ, ഐ പി ബിനു എന്നീ നേതാക്കളുടെയും  വീടുകള്‍ ആക്രമിച്ച് തകര്‍ക്കുകയും സിപിഐ എം  സംസ്ഥാന സെക്രട്ടറി താമസിക്കുന്ന വീടിനു നേരെ ആക്രമണം നടത്തിയതും പ്രകോപനം സൃഷ്ടിച്ച് ആക്രമണം വ്യാപിപ്പിക്കാനുള്ള ബിജെപി - ആര്‍എസ്എസ് പദ്ധതി നിസ്സംശയം തെളിയിക്കുന അനുഭവങ്ങളാണ്.  പ്രകോപനത്തില്‍ പെട്ടുപോകാതെ  ആത്മസംയമനം പാലിക്കാനാണ് ഈ ഘട്ടത്തില്‍ സിപിഐ എം ആഹ്വാനം നല്‍കിയത്.

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചവരെ സിപിഐ എം പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും  സംഭവത്തെ പരസ്യമായി അപലപിക്കുകയും ചെയ്തു. എന്നാല്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ വീട് ആക്രമിച്ചവര്‍ക്കെതിരെ  എന്തെങ്കിലും നടപടി സ്വീകരിക്കാനോ അപലപിക്കാനോ ബിജെപി തയ്യാറായില്ല. ആക്രമണങ്ങള്‍ ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായ ഒരനുഭവമാണത്.  ശ്രീകാര്യത്ത്  ആര്‍എസ്എസ്  പ്രവര്‍ത്തകനായ രാജേഷ് ഇതിനിടയില്‍ വ്യക്തിപരമായ ശത്രുതയാല്‍  കൊല ചെയ്യപ്പെട്ട സംഭവം സിപിഐ എമ്മിനുമേല്‍  ആരോപിച്ച് അര്‍ധരാത്രി സംസ്ഥാനത്ത് വ്യാപകമായി  ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കേരളമാകെ ആക്രമണം വ്യാപിപ്പിക്കാനായിരുന്നു. ഈ സംഭവം ദേശവ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടാണ് കേരളം കൊലപാതക സംസ്ഥാനമെന്നും ക്രമസമാധാനം തകര്‍ന്നുവെന്നും വരുത്തിത്തീര്‍ക്കുന്നത്.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലാണ്. 2016ല്‍ കേന്ദ്രം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം  ഏറ്റവും കുറഞ്ഞ കൊലപാതകം നടക്കുന്നത് കേരളത്തിലാണ്. യുപി - 4700, മഹാരാഷ്ട്ര- 2599, മധ്യപ്രദേശ്- 2381, രാജസ്ഥാന്‍- 1589, ഗുജറാത്ത്- 1228, കേരളം- 355 എന്നിങ്ങനെയാണ് ഉണ്ടായത്.  കേരളമൊഴിച്ച് ബാക്കിയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. യുപിയില്‍ യോഗി ആദിത്യനാഥിന്റെ നാട്ടില്‍ കൊലകള്‍ 2017 മാര്‍ച്ച്- 396, ഏപ്രില്‍- 399. ബലാത്സംഗം: 2017 മാര്‍ച്ച് 375,  ഏപ്രില്‍- 393. 1970നു ശേഷം കേരളത്തില്‍ 969 രാഷ്ട്രീയ കൊലപാതകങ്ങള്‍  നടന്നതായാണ് ഔദ്യോഗികമായ പ്രസിദ്ധീകൃത കണക്ക്.  ഇതില്‍ 527  സിപിഐ എം പ്രവര്‍ത്തകരും 442 മറ്റുള്ളവരുമാണ്. ഈ മറ്റുള്ളവരില്‍ 185 പേരാണ് ആര്‍എസ്എസുകാര്‍. രണ്ടായിരത്തിനും 2017നുമിടയില്‍  സിപിഐ എമ്മിന്റെ 85 പേരാണ് കൊല ചെയ്യപ്പെട്ടത്. ആര്‍എസ്എസിന്റെ 65 പേരും. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ക്ക് ഇരയായ പാര്‍ടിയെയാണ് ഭീകരവാദപ്രസ്ഥാനമായി ചിത്രീകരിച്ച് വേട്ടയാടുന്നത്.

ആര്‍എസ്എസ് ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും തങ്ങളുടെഭാഗത്തുണ്ടായ ചെറുത്തുനില്‍പ്പില്‍ സിപിഐ എമ്മുകാര്‍ മരണപ്പെട്ടതാണെന്നും ഇത് മാനുഷികമാണെന്നുമാണ് ആര്‍എസ്എസ് നേതാവ് ദത്താത്രേയ അഭിപ്രായപ്പെട്ടത്. സിപിഐ എമ്മിന്റെ 213 പ്രവര്‍ത്തകരെ  ആര്‍എസ്എസുകാര്‍ 1970നുശേഷം കൊലപ്പെടുത്തിയിട്ടുണ്ട്. ഇതിനെയെല്ലാം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കേരളത്തെ കലാപഭൂമിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി- ആര്‍എസ്എസ് നേതൃത്വം.  സമാധാനം തകര്‍ക്കാനുള്ള നീക്കമാണിത്. എന്തുവില കൊടുത്തും സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് സിപിഐ എം ഉദ്ദേശിക്കുന്നത്. അക്രമം കൊണ്ട് ഒരു പ്രസ്ഥാനത്തെയും നശിപ്പിക്കാന്‍ കഴിയില്ല.  ഇത്രയേറെ ആക്രമണങ്ങള്‍ക്കിരയായിട്ടും കേരളത്തില്‍ സിപിഐ എം തകരാതെ കൂടുതല്‍ ജനപിന്തുണ നേടി മുന്നേറുന്നത് അതിന്റെ തെളിവാണ്. അക്രമികളെ ജനപിന്തുണ തേടി ഒറ്റപ്പെടുത്തുകയാണ് സിപിഐ എം ലക്ഷ്യം. ഒരു കൊലപാതകത്തിന്റെ പേരില്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആര്‍എസ്എസ് ആവശ്യം കേരളജനത അംഗീകരിക്കുകയില്ല. സ്വന്തം നാട്ടിലെ ക്രമസമാധാനം ഭദ്രമാക്കാന്‍ കഴിയാത്ത ബിജെപി മുഖ്യമന്ത്രിമാരാണ് സമാധാനം പഠിപ്പിക്കാന്‍ ഇങ്ങോട്ടെഴുന്നള്ളുന്നത്. ഈ ഭീഷണി കേരളത്തില്‍ വിലപ്പോകില്ല. ആര്‍എസ്എസിന്റേത് വ്യാമോഹം മാത്രമാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top