06 October Thursday

രാഹുലിന്റേത് അപക്വസ്വരം - കോടിയേരി 
ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

കോൺഗ്രസിന്റെ ഉന്നത നേതാവ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രസംഗവും അതിൽ തെളിയുന്ന രാഷ്ട്രീയവും ജനാധിപത്യശക്തികളെ ദേശീയമായി അമ്പരപ്പിക്കുന്നതാണ്. അതിനപ്പുറം ഈ കക്ഷിയുടെ ഇന്നത്തെ തനിനിറം വെളിപ്പെടുത്തുന്നതുമാണ്. വയനാട്ടിൽനിന്ന്‌ ലോക് സഭയിലെത്തിയ എംപി ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് വയനാട്ടിലെത്തിയത്. അവിടത്തെ ഓഫീസിൽ എസ്എഫ്ഐ വിദ്യാർഥികളുടെ ഭാഗത്തുനിന്ന്‌ സംഭവിക്കാൻ പാടില്ലാത്ത തെറ്റായ അക്രമനടപടി ഉണ്ടായി. അതേത്തുടർന്ന് വയനാട്ടിൽ എത്തിയ അദ്ദേഹം  വണ്ടൂരിൽ നടത്തിയ പ്രസംഗം കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് ഇവിടത്തെ കോൺഗ്രസ് നേതാക്കളെയും കടത്തിവെട്ടുന്നതാണ്. ഒരു നേതാവ് എത്രമാത്രം രാഷ്ട്രീയമായി അപക്വമാണ് എന്നതിന്റെ തെളിവാണ് ആ പ്രസംഗം. കമ്യൂണിസ്റ്റ് വിരുദ്ധതയാണ് തന്റെ പാർടിയുടെ  കൊടിയടയാളമെന്നും കമ്യൂണിസ്റ്റുകാരെ തോൽപ്പിക്കാൻ മോദിയുടെ നാവായി മാറുമെന്നുമുള്ള സന്ദേശമാണ് ഇദ്ദേഹം വിളംബരം ചെയ്തിരിക്കുന്നത്.

കോൺഗ്രസിന്‌ തലയില്ല, വാലുമാത്രം
‘നാഷണൽ ഹെറാൾഡ്' കേസിൽ അഞ്ചുദിവസം നിരന്തരം ഇഡി ചോദ്യംചെയ്തതിനെ വണ്ടൂർ യോഗത്തിൽ രാഹുൽ വിമർശിച്ചു. ഇഡിയുടെ ചോദ്യം ചെയ്യൽ തനിക്ക് ലഭിച്ച അംഗീകാരപ്പതക്കമാണെന്നും അവകാശപ്പെട്ടു. അതിനൊപ്പം എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും കേന്ദ്ര അന്വേഷണ ഏജൻസികൾ സഹായിക്കുകയാണെന്ന നുണയാരോപണവും നടത്തി. ഗുരുതരമായി ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തുകൊണ്ട് മടിക്കുന്നുവെന്ന് ചോദിക്കുംവിധം രാഹുലിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ വിഷം നുരഞ്ഞുപൊന്തി. ബിജെപിക്കും സിപിഐ എമ്മിനും ഇടയിലുള്ള അന്തർധാര സജീവമാണെന്നതിന്റെ ഉദാഹരണമാണ് ഇതെന്ന അസംബന്ധവും അദ്ദേഹത്തിൽ നിന്നുണ്ടായി. രണ്ടുവർഷത്തോളമായി തദ്ദേശഭരണ തെരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ഓടിച്ച് പതംവന്ന റീലാണ് എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വീണ്ടും ഉയർത്തിയിരിക്കുന്ന കഴമ്പില്ലാത്ത ആരോപണങ്ങൾ. ഇതെങ്ങനെ ഗുരുതരമായ കാര്യമാകും. നയതന്ത്ര കള്ളക്കടത്തുകേസിലെ പ്രതിയുടെ പഴകിത്തുരുമ്പിച്ച ആക്ഷേപങ്ങൾ വീണ്ടും മാധ്യമങ്ങളിൽ ആഘോഷപൂർവം കൊണ്ടുവന്നിരിക്കുന്നത് കേന്ദ്രഭരണക്കാരുടെ മുൻകൈയിലാണ്. ഈ അഞ്ചാംപത്തി പണിയിൽ ഇവിടത്തെ കോൺഗ്രസിന്റെ നിലവാരമില്ലാത്ത പ്രവർത്തനങ്ങളിൽ താനും ഒപ്പമുണ്ടെന്ന സന്ദേശമാണ് രാഹുൽ നൽകിയിരിക്കുന്നത്. ഇതിലൂടെ കോൺഗ്രസിന് ഇന്ന് തലയില്ല, വാലേയുള്ളൂ എന്ന് വ്യക്തമായിരിക്കുകയാണ്.

രാഹുലും നെഹ്റുവും
കോൺഗ്രസിന്റെ തറവാടായിരുന്ന യുപി ഉൾപ്പെടെ ഇന്ത്യയിലെ മറ്റൊരിടത്തും ജയിക്കാൻ കഴിയാത്ത ‘ജനപിന്തുണ’യുള്ള നേതാവിന് ലോക്സഭയിലെത്താൻ കനിഞ്ഞത് വയനാടാണ്. ഇവിടെനിന്ന്‌ ഇനിയും മത്സരിക്കാൻ ഉദ്ദേശിക്കുന്നതുകൊണ്ടാകണം അദ്ദേഹത്തിന്റെ  ദേശീയ രാഷ്ട്രീയം സിപിഐ എമ്മിനെ തറപറ്റിക്കുക എന്നതായി ചുരുങ്ങിയിരിക്കുന്നത്‌. കോൺഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനം ജവാഹർലാൽ നെഹ്റുവിൽനിന്ന്‌ രാഹുലിൽ എത്തുമ്പോൾ എത്രമാത്രം ജീർണിച്ചുപോയി എന്നതാണ് ഈ നിലപാട് വെളിപ്പെടുത്തുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ്‌ നേതാക്കൾക്കെതിരെ വ്യക്തിപരമായി അഴിമതി ആക്ഷേപങ്ങൾവരെ ഉന്നയിക്കാൻ ഇവിടത്തെ കോൺഗ്രസുകാർ മുമ്പും മടികാണിച്ചിട്ടില്ല. ഇ എം എസ്, എ കെ ജി, കെ സി ജോർജ്, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, ജോസഫ് മുണ്ടശ്ശേരി, അഴീക്കോടൻ രാഘവൻ തുടങ്ങി എത്രയെത്ര നേതാക്കൾക്കെതിരെയാണ് ആക്ഷേപങ്ങൾ ചൊരിഞ്ഞത്. ഒരുവേള എ കെ ജിക്കെതിരെ കൈക്കൂലി ആക്ഷേപംവരെ ഉന്നയിച്ചു. പാർലമെന്റിലെ പ്രതിപക്ഷ നേതാവിന് 150 രൂപ കൈക്കൂലി കിട്ടുമെങ്കിൽ പ്രധാനമന്ത്രിക്ക് എത്രയാ കിട്ടുകയെന്ന മറുചോദ്യം ഇ എം എസ് ഉന്നയിച്ചു.


 

പാർലമന്റിലേക്ക്‌ മത്സരിച്ച എ കെ ജിയെ തോൽപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രി നെഹ്റു പലവട്ടം പര്യടനം നടത്തി. നെഹ്റുവിനെ കാണാൻ കൂടിയ ആളുകളും തനിക്ക് വോട്ടുചെയ്യുമെന്ന് എ കെ ജി പറഞ്ഞു. വോട്ടെണ്ണിയപ്പോൾ എ കെ ജി ജയിച്ചു. പാർലമെന്റിലെത്തിയ എ കെ ജിയെ പ്രതിപക്ഷ നേതാവെന്ന ബഹുമതിയോടെ സമീപിക്കാനും ആദരവേകാനും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലകൽപ്പിക്കാനും നെഹ്റു തയ്യാറായി. വിമോചനസമരത്തെ തുടർന്ന് ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ട കറുത്ത അധ്യായം ഉള്ളപ്പോൾത്തന്നെ ഈ ഗുണം ഉപേക്ഷിച്ചില്ല. അന്ന് കോൺഗ്രസിന് ഇന്ത്യയിൽ സർവാധിപത്യമുണ്ടായിരുന്ന കാലമാണ്. എന്നാലിന്ന് ദേശീയമായി തകർന്നടിഞ്ഞ കോൺഗ്രസിനെ നയിക്കുന്ന രാഹുൽ തന്റെ മുതുമുത്തച്ഛന്റെ രാഷ്ട്രീയസമീപനത്തിന്റെ ബാലപാഠമെങ്കിലും പഠിക്കണം.

മോദിയും രാഹുലും ഒന്നിക്കുന്നു
ഭരണം അഴിമതിക്ക് എന്നത് കമ്യൂണിസ്റ്റുകാരുടെ രീതിയല്ല. ഒരു കാര്യം എല്ലാവർക്കും ഉറപ്പിക്കാം. എൽഡിഎഫ് മന്ത്രിസഭയെ നയിക്കുന്ന പിണറായി വിജയനോ മന്ത്രിമാരോ ഒരിക്കലും അഴിമതിക്കാരാകില്ല. അതുകൊണ്ടാണ് മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടെന്നും തങ്ങളുടെ പൊതുജീവിതം സംശുദ്ധമാണെന്നും പിണറായി വിജയൻ നിയമസഭയിൽ ശിരസ്സുയർത്തി പറഞ്ഞത്. അഴിമതി നടത്തുകയോ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഭരണമല്ല പിണറായി  സർക്കാരിന്റേതെന്ന്  ഏതൊരു  എൽഡിഎഫ് പ്രവർത്തകനും അഭിമാനപൂർവം അവകാശപ്പെടാം. എന്നാൽ, അതായിരുന്നില്ലല്ലോ രാഹുലിന് മുഖ്യപങ്കുണ്ടായിരുന്ന കേന്ദ്രത്തിലെ കോൺഗ്രസ് നേതൃഭരണത്തിന്റെയും ഇവിടത്തെ യുഡിഎഫ് ഭരണങ്ങളുടെയും സ്ഥിതി.

എൽഡിഎഫ് സർക്കാരിനെതിരെ മോദി സർക്കാരിന്റെ കേന്ദ്ര ഏജൻസികളെ രാഹുൽ ഗാന്ധി മാടിവിളിച്ച സമയത്തിന് പ്രത്യേകതയുണ്ട്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് ഹൈദരാബാദിൽ ചേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയും എൽഡിഎഫ് ഭരണമുള്ള കേരളത്തെ പേരുപറഞ്ഞ് കുറ്റപ്പെടുത്തുകയും ഭാവിയിൽ ഇവിടെ ബിജെപി ഭരണം സ്ഥാപിക്കാനുള്ള മോഹം പ്രകടിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ബിജെപി പ്രവർത്തകരെ ബഹുമാനിക്കണമെന്നും അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് അവർ നേരിടുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. കേരളത്തിലെ ബിജെപി പ്രവർത്തകരെ കൊന്നുതള്ളുന്ന അവസ്ഥയ്ക്ക് അവസാനമുണ്ടാക്കുമെന്നായിരുന്നു നഡ്ഡയുടെ വർത്തമാനം.

ഇങ്ങനെ ബിജെപിയുടെ കണ്ണിലെ കരടാണ് കേരളത്തിലെ എൽഡിഎഫ് ഭരണം. പൗരത്വനിയമം ഉൾപ്പെടെയുള്ള ഹിന്ദുരാഷ്ട്ര സ്ഥാപന അജൻഡകൾ ദേശീയമായിത്തന്നെ നടപ്പാക്കുന്നതിന് പിണറായി സർക്കാരിന്റെ സാന്നിധ്യം മോദി ഭരണത്തിനും സംഘപരിവാറിനും തടസ്സമാണ്. ഈ പശ്ചാത്തലത്തിലാണ് എൽഡിഎഫ് ഭരണത്തെ അസ്ഥിരപ്പെടുത്താൻ മോദിയും രാഹുലും ഒന്നിക്കുന്ന വിചിത്ര കാഴ്ച തെളിയുന്നത്.


 

അവിശുദ്ധ രാഷ്‌ട്രീയത്തിന്റെ തലതൊട്ടപ്പൻ
കാര്യങ്ങൾ പഠിക്കാതെ പ്രതികരിക്കുന്നതിൽ മുന്നിലാണ് രാഹുലെന്ന് ആവർത്തിച്ച് തെളിയുകയാണ്. അതുകൊണ്ടാണ് ബഫർ സോൺ വിഷയത്തിൽ താൻ അയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് വയനാട് വന്നു പറഞ്ഞത്. ജൂൺ എട്ടിന് രാഹുൽ എഴുതിയ കത്ത് 13ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. 23ന് അതിൽ മറുപടി നൽകി. സുപ്രീംകോടതി വിധിക്കുശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കാൻ രാഹുലിനോട് മുഖ്യമന്ത്രി അഭ്യർഥിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച് ആഴ്ചകൾക്കുശേഷം അതേപ്പറ്റി അജ്ഞത പ്രകടിപ്പിച്ച ജനപ്രതിനിധിയുടെ നിരുത്തരവാദിത്വമാണ് ഇവിടെ തെളിയുന്നത്.

സിപിഐ എം എന്താണെന്ന് മനസ്സിലാക്കുന്നതിൽ രാഹുൽ സമ്പൂർണ പരാജയമാണ്. ഞങ്ങളുടേത് ഒരു കമ്യൂണിസ്റ്റ് പാർടിയാണ്. ഈ പാർടി, നിരന്തരം നടക്കുന്ന വിമർശ–- സ്വയംവിമർശങ്ങളിലൂടെയാണ് വളർന്നത്. ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ ആദ്യവർഷങ്ങളിൽ രാജ്യത്ത് അങ്ങിങ്ങായി കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ രൂപംകൊണ്ടതുമുതൽക്ക് ഇതുവരെ രാജ്യത്തു നടന്ന സംഭവങ്ങൾ, അവയിൽ കമ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് എന്നിവ സ്വയംവിമർശപരമായി പരിശോധിച്ച് തെറ്റുകളും കുറവുകളും പരിഹരിച്ചാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. കോൺഗ്രസ് സംഘടനയിൽ മേധാവിത്വം വഹിച്ച വലതുപക്ഷ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഇടതുപക്ഷ ഗ്രൂപ്പുകളിലൊന്നായിട്ടാണ് സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ ആദ്യംതന്നെ പ്രവേശനം ചെയ്തത്. സോഷ്യലിസം, മതനിരപേക്ഷത, മാനവികത തുടങ്ങിയ ആശയങ്ങളാണ് ഞങ്ങളെ നയിക്കുന്നത്. കമ്യൂണിസ്റ്റ് നിലപാടുകളിൽ പലതിനോടും ആ കാലഘട്ടത്തിൽ യോജിപ്പ്‌ പ്രകടിപ്പിച്ച നേതാവായിരുന്നു നെഹ്റു എന്നത് രാഹുൽ മനസ്സിലാക്കണം. കേരളത്തിൽ കമ്യൂണിസത്തെ മുഖ്യശത്രുവായി കണ്ട് സിപിഐ എമ്മിനും മുഖ്യമന്ത്രിക്കും എതിരെ കോൺഗ്രസിനെയും യുഡിഎഫിനെയും ക്രിമിനലുകളെയും അണിനിരത്തുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കാനുള്ള വിവേകമുണ്ടാകുമോ? 

മുസ്ലിംലീഗ്, കേരള ആർഎസ്‌പി തുടങ്ങിയ പാർടികളെയും ജാതി–- മത സംഘടനകളെയും മാത്രമല്ല, ബിജെപിയെയും കൂട്ടി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാനാണ് കോൺഗ്രസ് നോക്കുന്നത്. ഈ അവിശുദ്ധ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായി മാറിയിരിക്കുകയാണ് രാഹുൽ ഗാന്ധി. എന്നിട്ടാണ് താനൊരു ബിജെപി വിരുദ്ധ ചാമ്പ്യനാണെന്ന നാട്യം. ബിജെപിക്ക് എംപിമാരെയും എംഎൽഎമാരെയും മൊത്തമായി സംഭാവന ചെയ്യുന്ന കോൺഗ്രസ് ബിജെപിയുടെ ഹൈദരാബാദ് ദേശീയ എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം ബിജെപി ഭരണം ഇവിടെ കൊണ്ടുവരുന്നതിനുള്ള അഞ്ചാംപത്തി പണിയിലേക്കല്ലേ  പോകുന്നത്. ഇതുകൊണ്ടാണ് എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ രാഷ്ട്രീയശത്രുക്കളുടെ നടപടിയിൽ പരസ്യമായി പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകാതിരുന്നത്. എ കെ ജി സെന്ററിനു നേരെ എന്തിനാണ് അർധരാത്രിയിൽ ബോംബെറിഞ്ഞത്? അതും രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിൽ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ വയനാട്ടിലെത്തുന്നതിന് തൊട്ടുമുമ്പായിത്തന്നെ. ഒരു രാഷ്ട്രീയ പാർടിയുടെയും ഓഫീസ് ആക്രമിക്കാൻ പാടില്ല എന്നതാണ് സിപിഐ എമ്മിന്റെ വ്യക്തമായ നയം. 

ഇത്തരം അക്രമസംഭവങ്ങളുണ്ടായാൽപ്പോലും സിപിഐ എം രാഷ്ട്രീയനിലപാടിലെ വിശുദ്ധി കൈവിടില്ല. അതുകൊണ്ടാണ് എസ്ഡിപിഐയുമായി എ കെ ജി സെന്ററിൽ കൂടിക്കാഴ്ചയ്ക്ക് സിപിഐ എം തയ്യാറാകാതിരുന്നത്. ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചാൽ, ഭൂരിപക്ഷ വർഗീയതയെ ഫലപ്രദമായി ഒറ്റപ്പെടുത്താൻ കഴിയില്ല. ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നതുകൊണ്ട് ന്യൂനപക്ഷ വർഗീയതയുമായി സന്ധിയാകാമെന്ന നയം ശരിയല്ല. അതുകൊണ്ടാണ് എസ്ഡിപിഐയുമായി ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാകാതിരുന്നത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്ഡിപിഐ നേതാക്കൾ സന്ദർശിക്കുകയും കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ തെളിയുന്നത് സിപിഐ എമ്മിന്റെയും കോൺഗ്രസിന്റെയും വ്യത്യസ്ത രാഷ്ട്രീയമാണ്. മൃദുഹിന്ദുത്വനയം സ്വീകരിച്ചിരിക്കുന്ന കോൺഗ്രസിനെ തിരിച്ചറിയാൻ ന്യൂനപക്ഷങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് കഴിയുന്നില്ലെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങൾ അതു മനസ്സിലാക്കുന്നുണ്ട്.

ഗാന്ധിജിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്തിട്ടുള്ള നേതാവ് കോൺഗ്രസുകാർ നടത്തിയ കൊടിയ ഗാന്ധിനിന്ദയെപ്പറ്റി അന്വേഷിച്ച് നടപടി എടുക്കുമോയെന്ന ഏറ്റവും പ്രസക്തമായ ചോദ്യംകൂടി ഉന്നയിക്കുകയാണ്. വയനാട്ടിലെ എംപി ഓഫീസിൽ ചുവരിലിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിയരച്ച് നശിപ്പിച്ച കോൺഗ്രസിന്റെ നടപടിയെപ്പറ്റി രാഹുലിന് എന്താണ് പറയാനുള്ളത്. ഗാന്ധിജിയോട് അശേഷം മമതയുണ്ടെങ്കിൽ, മാപ്പർഹിക്കാത്ത കുറ്റംചെയ്ത കോൺഗ്രസുകാരെ  നിമിഷങ്ങൾക്കുള്ളിൽ ആ പാർടിയിൽനിന്ന്‌ പുറത്താക്കാൻ രാഹുൽ തയ്യാറാകുമോ ?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top