19 September Saturday

‘ഹിന്ദുരാഷ്ട്ര' പിന്താങ്ങികള്‍ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Aug 7, 2020


അയോധ്യയിൽ ബാബ്റി മസ്‌ജിദ്‌ പൊളിച്ചിടത്ത് രാമക്ഷേത്രം നിർമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശില പാകിയതോടെ രാജ്യം അതിതീവ്രമായ ചേരിതിരിവിന്റെ അടിയൊഴുക്കിലേക്ക് നിപതിച്ചിരിക്കുകയാണ്. ആർഎസ്എസ് ലക്ഷ്യമിടുന്ന “ഹിന്ദുരാഷ്ട്ര’ത്തിലേക്ക് ഇന്ത്യയെ ഹിംസാത്മകമായി മാറ്റാനുള്ള രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ് രാമക്ഷേത്രം പടുത്തുയർത്തൽ. ഇതിനെ അനുകൂലിക്കുന്നവർ, പ്രതികൂലിക്കുന്നവർ എന്ന വിധത്തിലുള്ള വേർതിരിവ് ഉണ്ടായിരിക്കുകയാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പള്ളി പൊളിച്ചിടത്ത് സർക്കാർ നേതൃത്വത്തിൽ അമ്പലം പണിയുന്നതിനെ പിന്തുണയ്‌ക്കുന്നതിലൂടെ, അത്തരക്കാർ ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രവാദത്തിന്റെ വാലിൽ തൂങ്ങികളാകുകയാണ്.

സുപ്രീംകോടതി വിധിയുടെ മറവിൽ കേന്ദ്രത്തിലെയും യുപിയിലെയും ബിജെപി സർക്കാരുകളുടെ നേതൃത്വത്തിൽ രാമക്ഷേത്രം നിർമിക്കുന്നതിലൂടെ മതനിരപേക്ഷതയ്ക്ക് ഗുരുതര പരിക്കേൽപ്പിച്ചിരിക്കുകയാണ്. ഹിന്ദുത്വശക്തികളെ കോൺഗ്രസ് പിന്തുണച്ചതിലൂടെ, ആ കക്ഷിയുടെ പ്രതിച്ഛായ അമ്പേ ഇടിഞ്ഞിരിക്കുന്നു. അത് ഒരു പ്രതിച്ഛായ തകർച്ചയിൽ അവസാനിക്കുന്നതല്ല. ഗൗരവമായ രാഷ്ട്രീയതുടർചലനങ്ങൾക്ക് ഇടയാകുന്നതാണ്. അതിന്റെ പൊട്ടിത്തെറിയും അനന്തര സംഭവഗതികളും യുഡിഎഫിലും സ്വാഭാവികമായി ഉണ്ടാകും. നേതൃത്വവും അണികളും രണ്ട് തട്ടിലാകുന്ന പ്രതിസന്ധിയിലേക്ക് വളരും. പ്രധാനമന്ത്രിയായിരിക്കെ നരസിംഹറാവുവിന്റെ സഹകരണത്തോടെ കാവിസംഘം 1992 ഡിസംബർ 6ന് ബാബ്റി മസ്ജിദ് തകർത്തതുപോലെ കോൺഗ്രസിന്റെ ഒത്താശയോടെ രാമക്ഷേത്ര നിർമാണം സംഘപരിവാർ മോഡിയുടെ നേതൃത്വത്തിൽ തുടങ്ങിയിരിക്കുകയാണ്.


 

മോഡിയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേതൃത്വം നൽകിയ ഭൂമിപൂജ  മതനിരപേക്ഷ വിശ്വാസികൾക്ക് നൽകുന്നത് വേദനയും കയ്പുമാണ്. ഭരണഘടനയുടെ ആമുഖത്തിൽ സെക്കുലർ രാജ്യമാണ് ഇന്ത്യയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷത എന്നാൽ സർക്കാരും മതവും രണ്ട് വ്യത്യസ്തസ്ഥാപനമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കണം എന്നതാണ്.  ഏതെങ്കിലും മതങ്ങളെ എതിർക്കലോ ഒരുമതത്തെ അനുകൂലിക്കലോ അല്ല. ഇവിടെ സുപ്രീംകോടതി വിധിയുടെ മറപറ്റി രാഷ്ട്രീയത്തിൽ മതം കലർത്തുകയും സർക്കാർ ഒരു മതത്തിനുവേണ്ടി അധികാരം ദുരുപയോഗിക്കുകയും ചെയ്യുന്നു. സുപ്രീംകോടതി വിധിപ്രകാരം രാമക്ഷേത്രം നിർമിക്കാൻ സർക്കാരിനെയല്ല, ട്രസ്റ്റിനെയാണ് ചുമതലപ്പെടുത്തിയത്‌. എന്നാൽ, ആർഎസ്എസുമായി ചേർന്ന് ബിജെപി സർക്കാരുകൾ ആ പണി ഏറ്റെടുത്തിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് മോഡി ശിലപാകിയ നടപടി നിയമവ്യവസ്ഥയ്ക്കും കോടതിവിധിക്കും എതിരാണെന്ന് സിപിഐ എം ചൂണ്ടിക്കാട്ടുന്നത്.


 

ഇന്ത്യ എന്ന മതനിരപേക്ഷ രാഷ്ട്രത്തെ ദുർബലമാക്കുന്ന ഭരണകൂട വിദ്വേഷ പ്രകടനമാണ് ശിലാന്യാസത്തിലൂടെ മോഡി നടത്തിയിരിക്കുന്നത്. കാത്തിരിപ്പിന് അവസാനമായി എന്നും രാമനെ ജൻമസ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും മോഡി ശിലാസ്ഥാപന പ്രസംഗത്തിൽ പറയുമ്പോൾ അത് ലാക്കാക്കുന്നത് ഒരു മതവിഭാഗത്തെയും മതേതര വിശ്വാസികളെയും ആണെന്നത് ആർക്കും മനസ്സിലാകും. ഇത് രാമഭക്തിയല്ല, അന്യമത വിദ്വേഷമാണെന്ന് ഉറക്കെ പറയാനുള്ള കെൽപ്പ്‌ കോൺഗ്രസിന് ഇല്ലാതെപോയി. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ്, ദിഗ് വിജയ്സിങ്‌, മനീഷ് തിവാരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കു പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ക്ഷേത്രനിർമാണത്തെയും ഭൂമിപൂജയെയും അനുകൂലിച്ച് രംഗത്തിറങ്ങി. രാഹുൽഗാന്ധിയും അനുകൂലിച്ചു. പൂജയ്ക്ക് മോഡി ഇരിക്കുംമുമ്പേ കമൽനാഥ് പൂജ നടത്തി. യുപിയിലും മധ്യപ്രദേശിലും കോൺഗ്രസ് നേതൃത്വത്തിൽ പ്രത്യേക ഭൂമിപൂജകൾ സംഘടിപ്പിച്ചു. രാമന് അമ്പലം പണിയാനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരം എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

ക്ഷേത്രനിർമാണം സ്വാതന്ത്ര്യസമരത്തിന് തുല്യമെന്ന് മോഡി അഭിപ്രായപ്പെട്ടതിലൂടെ അന്ന് വെള്ളക്കാരെ പുറത്താക്കിയതുപോലെ ഇന്ത്യയിലെ ചില ജനവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നുവെന്നാണോ അർഥമാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദ് ചെയ്ത കരിനിയമം ചുട്ടെടുത്ത ദിവസത്തിന്റെ വാർഷികത്തിൽത്തന്നെ രാമക്ഷേത്ര നിർമാണത്തിന് തുടക്കംകുറിച്ച സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡ എന്തേ കോൺഗ്രസ് നേതാക്കൾ തിരിച്ചറിയുന്നില്ല. കശ്മീർ, മുത്തലാഖ്, പൗരത്വഭേദഗതി തുടങ്ങിയ ബിജെപി ഭരണത്തിന്റെ വർഗീയ വിഷയങ്ങളിൽ ഉൾപ്പെടുന്നതാണ് അയോധ്യയും. ഇനി നോട്ടമിടുന്നത് ഏകീകൃത സിവിൽ കോഡിലേക്കാണ്. ഈ ഓരോ വിഷയത്തിലും ജനങ്ങളിൽ ഒരു വിഭാഗത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് ഹിന്ദുവോട്ടിന്റെ മൊത്തവ്യാപാരം ഏറ്റെടുക്കുകയെന്നതാണ് ബിജെപി ലക്ഷ്യം. അതിനുവേണ്ടി കോവിഡ് പ്രതിരോധത്തിന് മൂന്നാം സ്ഥാനവും രാമക്ഷേത്രത്തിന് ഒന്നാം സ്ഥാനവും മോഡി സർക്കാർ നൽകി.

പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും മുന്നിൽ മതനിരപേക്ഷതയുടെ കാര്യത്തിൽ ജവാഹർലാൽ നെഹ്റുവിന്റെയും രാജീവ്‌ഗാന്ധിയുടെയും മാതൃകകളുണ്ട്. അതിൽ അച്ഛൻ സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയത്തെയാണ് പ്രിയങ്കയും രാഹുലും കോൺഗ്രസും മുറുകെ പിടിക്കുന്നതെന്ന് അവരുടെ അയോധ്യ സമീപനം വ്യക്തമാക്കുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദുവോട്ട് നേടിയെടുക്കാനുള്ള സൂത്രപ്പണിയായാണ് ബാബ്റി മസ്ജിദ് ഹിന്ദുത്വ ശക്തികൾക്ക് തുറന്നുകൊടുത്തത്. വിനാശകരമായ ആ നടപടിക്ക് തുടർച്ചയായി വിവാദഭൂമിയിൽ ശിലാന്യാസം നടത്താൻ ഹിന്ദു തീവ്രവാദികളെ അനുവദിച്ചു. ഇതോടെയാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അയോധ്യയും രാമക്ഷേത്രവും പ്രധാന രാഷ്ട്രീയ മുതലെടുപ്പ് അജൻഡയാക്കി മാറ്റുകയും അതിന്റെ ബലത്തിൽ ബിജെപിക്ക് പാർലമെന്റിൽ സീറ്റ് ഉയർത്തുകയും ചെയ്തത്. മതസൗഹാർദം തകരാൻ ഇടവരുത്തിയ രാജീവ് നയം വിപുലപ്പെടുത്തുകയായിരുന്നു ബാബ്റി പള്ളി പൊളിക്കാൻ പ്രധാനമന്ത്രിപദവിയെ ദുരുപയോഗപ്പെടുത്തിയതിലൂടെ നരസിംഹറാവു ചെയ്തത്.

വർഗീയതയെ വർഗീയതകൊണ്ട് നേരിടുക എന്ന ഇന്നത്തെ കോൺഗ്രസ് നയമല്ല, വർഗീയതയെ മതനിരപേക്ഷതകൊണ്ട് നേരിടുകയെന്നതായിരുന്നു രാജീവ്ഗാന്ധിയുടെ മുത്തച്ഛനായ ജവാഹർലാൽ നെഹ്റുവിന്റെ നയമെന്ന് പ്രിയങ്കയും രാഹുലും ഇന്നത്തെ കോൺഗ്രസും മറന്നുപോകുന്നു. നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ 1949 ഡിസംബർ 22ന് അർധരാത്രി ബാബ്റി മസ്ജിദ് കുത്തിത്തുറന്ന് രാമൻ, ലക്ഷ്മണൻ, സീത എന്നിവരുടെ ബിംബങ്ങൾ അവിടെ സ്ഥാപിച്ചു. രാമൻ ജനിച്ച സ്ഥലമാണെന്നും അവിടെനിന്ന ക്ഷേത്രം ബാബർ പൊളിച്ച് പള്ളിയാക്കിയതുമാണെന്ന പ്രചാരണം കെട്ടഴിച്ചുവിട്ടു. എന്നാൽ, നെഹ്റു കൽപ്പിച്ചത് ബലാൽക്കാരമായി കടത്തിക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ച ബിംബങ്ങളെ സരയൂനദിയിൽ എറിയാനാണ്. എന്നാൽ, അന്നത്തെ യുപി മുഖ്യമന്ത്രി ഗോവിന്ദ്‌ വല്ലഭ്‌ പന്തിന് അത് നടപ്പാക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി ആടിക്കളിച്ചു. അവിടത്തെ കലക്ടർ കെ കെ നായർ എന്ന മലയാളി വർഗീയവാദികൾക്ക് ചൂട്ടുപിടിച്ച് കൊടുത്തതോടെ നിയമക്കുരുക്കുമായി.


 

ഇവിടെ കാണേണ്ട ഒരു സാദൃശ്യമുണ്ട്. അന്ന് ഹിന്ദുമഹാസഭക്ക്‌ കൂട്ടുനിന്ന കെ കെ നായർ റിട്ടയർ ചെയ്തശേഷം ജനസംഘം ടിക്കറ്റിൽ പാർലമെന്റംഗമായി. ഇന്ന് അയോധ്യയിൽ പള്ളിനിന്ന ഭൂമിയിൽ അമ്പലം പണിയാൻ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ചശേഷം മോഡി സർക്കാരിന്റെ നോമിനിയായി രാജ്യസഭാംഗമായിരിക്കുന്നു. ഇപ്രകാരം എല്ലാ കാലത്തും വളഞ്ഞ വഴികളടക്കം തേടി നിയമവ്യവസ്ഥയുടെ പവിത്രതയെ കളങ്കപ്പെടുത്തിയാണ് ആർഎസ്എസ് വിജയം നേടുന്നത്. ഇത്തരം സത്യങ്ങൾ തുറന്നുപറയാൻ ആർജ്ജവം കാട്ടാതെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജൻഡയിൽ കോൺഗ്രസ് തൂങ്ങുന്നതും രാമക്ഷേത്ര നിർമാണത്തിൽ പങ്കുപറ്റാനിറങ്ങുന്നതും തികച്ചും വഞ്ചനാപരമാണ്‌.

പകൽപോലെ വ്യക്തമാകുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ വഞ്ചനയോട് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിലെ കക്ഷികൾ എങ്ങനെ പ്രതികരിക്കുമെന്ന് ജനാധിപത്യ വിശ്വാസികൾ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. പള്ളി പൊളിച്ചപ്പോൾ നരസിംഹറാവുഭരണം കൈയുംകെട്ടി നിന്നതിനെത്തുടർന്ന് മന്ത്രിസഭയിൽനിന്ന്‌ വിട്ടുനിൽക്കാൻ അന്ന് മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. ആ തീരുമാനം അട്ടിമറിച്ചതിനെത്തുടർന്ന് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ് ആ പാർടി വിട്ട് പുതിയ പാർടി രൂപീകരിക്കുന്നതുവരെ കാര്യങ്ങൾ എത്തി.  മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതുപോലെ, പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള ആർഎസ്എസിന്റെയും മോഡി സർക്കാരിന്റെയും അധാർമികതയ്ക്ക് കൂട്ടുനിൽക്കുന്നതിലൂടെ കോൺഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനുംമേൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ യുഡിഎഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽനിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. ലീഗിന്റെ നേതൃയോഗം ചേർന്ന് കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണ്. പ്രിയങ്കയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വനയത്തിൽ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയിൽ ഒതുക്കുകവഴി കോൺഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണ്. കോൺഗ്രസ് വഞ്ചനയിൽ സമസ്തയും അവരുടെ മുഖപത്രവും ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. ചന്ദ്രികയുടെ മുഖപ്രസംഗത്തിലെ വികാരത്തോടുപോലും നീതിപുലർത്താത്ത തീരുമാനമാണ് ലീഗ് നേതൃത്വത്തിൽനിന്ന്‌ ഉണ്ടായിരിക്കുന്നത്.

എൽഡിഎഫിനെ മറികടന്ന് സംഘപരിവാർ ചായ്‌വുള്ള കോൺഗ്രസുകാരെ അധികാരത്തിൽ കൊണ്ടുവരിക, അതിനുശേഷം കർണാടകത്തിലും മധ്യപ്രദേശിലുമൊക്കെ ചെയ്തതുപോലെ കൂട്ടകാലുമാറ്റം നടത്തി ഭരണമുണ്ടാക്കുക. അതാണ് സംഘപരിവാർ പദ്ധതി. ഈ പശ്ചാത്തലത്തിൽ വേണം ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം അണിഞ്ഞിരിക്കുന്ന ചെന്നിത്തലയുടെ വാക്കും പ്രവൃത്തിയും വിലയിരുത്തേണ്ടത്.

കോൺഗ്രസിന്റെ ദേശീയ നിലപാടിനെ തള്ളിപ്പറയാൻ യുഡിഎഫിനെ നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് കഴിയില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ പ്രസിഡന്റ് കെ മുരളീധരനുമെല്ലാം രാമക്ഷേത്ര നിർമാണത്തിന് കൈയടിച്ചിരിക്കുകയാണ്. ചെന്നിത്തലയാകട്ടെ കോൺഗ്രസിന്റെ സർസംഘ് ചാലകാണല്ലോ. ഇത്തരം ഒരു വിശേഷണം ഈ പംക്തിയിൽ നേരത്തേ നൽകിയതിന്റെ പ്രസക്തി ഇപ്പോൾ വർധിക്കുകയാണ്. കേരളത്തിൽ ബിജെപി ഭരണം കൊണ്ടുവരിക എന്നത് മോഡി–-അമിത് ഷാ ടീമിന്റെ ലക്ഷ്യമാണ്. എന്നാൽ, ഇടതുപക്ഷത്തിന്റെ ശക്തി ഇവിടെ അത്രപെട്ടെന്ന് ചോർത്താൻ ആകില്ല. അതുകൊണ്ട് കോൺഗ്രസുമായി കൂടിച്ചേർന്ന് രാഷ്ട്രീയ അട്ടിമറി നടത്താനാണ് ബിജെപി നീക്കം. എൽഡിഎഫിനെ മറികടന്ന് സംഘപരിവാർ ചായ്‌വുള്ള കോൺഗ്രസുകാരെ അധികാരത്തിൽ കൊണ്ടുവരിക, അതിനുശേഷം കർണാടകത്തിലും മധ്യപ്രദേശിലുമൊക്കെ ചെയ്തതുപോലെ കൂട്ടകാലുമാറ്റം നടത്തി ഭരണമുണ്ടാക്കുക. അതാണ് സംഘപരിവാർ പദ്ധതി. ഈ പശ്ചാത്തലത്തിൽ വേണം ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം അണിഞ്ഞിരിക്കുന്ന ചെന്നിത്തലയുടെ വാക്കും പ്രവൃത്തിയും വിലയിരുത്തേണ്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും നാടിന്റെ വികസനപ്രക്രിയയിലും ഇന്ത്യക്കുതന്നെ മാതൃകയായി കേരളത്തെ മാറ്റിത്തീർത്ത പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിനെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബിജെപിയുടെ ഉച്ചഭാഷിണിയായി പ്രതിപക്ഷനേതാവ് തരംതാണിരിക്കുന്നത് അതുകൊണ്ടാണ്.

ആർഎസ്എസ് അനുകൂല ഹിന്ദുത്വനയം സ്വീകരിക്കുന്നവരായി കോൺഗ്രസിലെ നല്ലൊരു പങ്ക് നേതാക്കളും മാറുന്നു. അതുകൊണ്ടാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ആർഎസ്എസിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തത്. ആർഎസ്എസുകാർ കൊല്ലപ്പെട്ട കേസുകളിൽ സിപിഐ എം പ്രവർത്തകർക്കെതിരെ യുഎപിഎ, സിപിഐഎം നേതാക്കൾ കൊല്ലപ്പെട്ട കേസുകളിലാകട്ടെ ആർഎസ്എസുകാർക്കെതിരെ യുഎപിഎ ഇല്ല, പൊലീസുകാരനെ കൊല്ലാൻ ശ്രമിച്ച ആർഎസ്എസുകാരന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി പൊലീസിൽ നിയമനം, ഇങ്ങനെ എത്രയെത്ര നടപടികൾ.

രാമക്ഷേത്രത്തിനോ രാമനെ അവതാരപുരുഷനായി കാണേണ്ടവർക്ക് അങ്ങനെ കാണുന്നതിനോ കമ്യൂണിസ്റ്റുകാർ എതിരല്ല. അമ്പലത്തിനൊപ്പം മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യയിൽ പള്ളി നിന്നിടത്ത് അമ്പലം പണിയുന്നതിന് സർക്കാർ നേതൃത്വം നൽകുന്നതിന്റെ ആപത്ത് കമ്യൂണിസ്റ്റുകാർ വിളിച്ചറിയിക്കുകയാണ്. ഈ വിഷയത്തിൽ കലാ–-സാംസ്കാരിക–-വിദ്യാഭ്യാസ–- ചരിത്ര മേഖലകളിലുള്ളവരുടെ അടക്കം കൂട്ടായ്മകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്നതിന് നാട് മുന്നോട്ടുവരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top