18 June Tuesday

സദ്ഭരണം

കോടിയേരി ബാലകൃഷ്ണൻUpdated: Friday Feb 15, 2019

ഇന്ത്യയുടെ  ഭാവി നിർണയിക്കുന്ന അതിപ്രധാന സന്ദർഭത്തിലാണ് "കേരള സംരക്ഷണ യാത്ര' ഇന്നലെ സമാരംഭിച്ചത്. എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ മുഖ്യമായി ഉയർത്തുന്ന മുദ്രാവാക്യം മൂന്നാണ്. ബിജെപി സർക്കാരിനെ പുറത്താക്കി രാജ്യത്തെ രക്ഷിക്കുകയെന്നതാണ് അടിയന്തര കടമ. വികസനം, സമാധാനം, സാമൂഹ്യപുരോഗതി എന്നിവ മുന്നോട്ടുവയ്ക്കുന്നു.

ജനപക്ഷം ഇടതുപക്ഷമാണെന്ന സന്ദേശവും നൽകുന്നു. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്നതുപോലെ തന്നെ കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുകയെന്നതും പ്രധാനമാണ്. അതിന് ഇടതുപക്ഷത്തിന്റെ പാർലമെന്റിലെ ശക്തി വർധിപ്പിക്കണം.

മോഡി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ
ഇന്ത്യയുടെ മഹത്തായ സമ്പത്താണ് മതനിരപേക്ഷതയും ഫെഡറലിസവും. അഞ്ചാണ്ട് തികയ്ക്കുന്ന മോഡി ഭരണം ഇതിന്റെ അടിക്കല്ലിളക്കുന്നു.  ജനവിരുദ്ധനയങ്ങൾമൂലം കർഷക ആത്മഹത്യ, തൊഴിലില്ലായ്മ, വാണിജ്യ വ്യവസായ മേഖലയിലെ തകർച്ച, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇവയെല്ലാം ഭീമമായ തോതിലായി. കോർപറേറ്റുകൾ ഭരണം നിയന്ത്രിക്കുന്നു. വർഗീയതയുടെ അധിനിവേശം സമൂഹത്തിന്റെ സമാധാനവും ഭദ്രതയുമില്ലാതാക്കി. അഴിമതിയുടെ അതിപ്രസരമായി. അതാണ് റഫേൽ പോർവിമാന ഇടപാടിൽ തെളിയുന്നത്. ഈ സാഹചര്യത്തിൽ, ബിജെപി ഭരണത്തെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഏതൊരു ദേശാഭിമാനിയും ഉയർത്തേണ്ടതാണ്.

ഭരണബാഹ്യ ശക്തിയായ ആർഎസ്എസ് നേരിട്ട് രാജ്യഭരണത്തെ കഴിഞ്ഞ അഞ്ചാണ്ടായി നിയന്ത്രിക്കുകയായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും വരുതിയിലാക്കാൻ കരുനീക്കം ശക്തിപ്പെടുത്തി. ഗോവധ നിരോധം, ആൾക്കൂട്ട കൊലപാതകം, ഘർവാപ്പസി തുടങ്ങിയവയിലൂടെ പുതിയ സംഘർഷമുഖങ്ങൾ തുറന്നുവച്ചു. മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ദിവസം ബലിദാനി ദിനമായി ആചരിക്കുകയും ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിജിയെ വീണ്ടും പ്രതീകാത്മകമായി വെടിവച്ചു കൊല്ലുകയുംചെയ്യുന്ന തരത്തിൽ ഹിന്ദുത്വ വർഗീയതയെ ആളിക്കത്തിച്ചിരിക്കുന്നു. ഭരണപരാജയത്തിൽനിന്ന് മോഡി ഭരണത്തേയും ബിജെപിയേയും രക്ഷിക്കാൻ വർഗീയതയെ കൂടുതൽ കുത്തിയിളക്കുകയാണ്. അതിനുവേണ്ടി അയോധ്യയുടെയും ശബരിമലയുടെയും പേരിൽ വർഗീയത ആളികത്തിക്കുന്നു. അയോധ്യയിൽ പള്ളി പൊളിച്ചിടത്ത് രാമക്ഷേത്രം നിർമിക്കുമെന്ന ക്യാമ്പയിൻ കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിക്കാൻ മാസങ്ങൾ ശേഷിക്കെ സംഘപരിവാർ തീവ്രമാക്കി. ഇതേ തീവ്രവർഗീയനയം മറ്റൊരുവിധത്തിൽ ശബരിമല വിഷയത്തിലൂടെ കേരളത്തിലും പ്രയോഗിക്കുകയാണ്. ഇക്കാര്യത്തിൽ ബിജെപിയും ആർഎസ്എസും ഒരു ഭാഗത്തും കോൺഗ്രസും യുഡിഎഫും മറ്റൊരു വശത്തും നിന്നുകൊണ്ട് പരസ്പര സഹകരണത്തോടെ എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്താൻ നീങ്ങുകയാണ്. ഇത്തരം നെറികെട്ട ഗൂഢരാഷ്ട്രീയത്തെ എൽഡിഎഫ് ജാഥകൾ തുറന്നുകാട്ടും.

അമിതാധികാര ‐ കേന്ദ്രീകരണ പ്രവണത  മോഡി ഭരണത്തിന്റെ മുഖമുദ്രയാണ്. ഇതിന്റെ ഭാഗമായി ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ്. നക്സൽ മുദ്രകുത്തി ബുദ്ധിജീവികളേയും, ദളിത് നവോത്ഥാന പ്രവർത്തകരേയും ഭരണകൂടം വേട്ടയാടുന്നു. സിബിഐയെ എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനേയും ടി വി രാജേഷിനേയും അരിയിൽ ഷുക്കൂർ കൊലക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ച സിബിഐ നടപടി. ഇതിനുപിന്നിൽ കേരളത്തിലെ കോൺഗ്രസിന്റെയും ബിജെപി ‐ ആർഎസ്എസിന്റെയും സഹകരണവും ഗൂഢാലോചനയുമുണ്ട്. ഇത്തരം നെറികേടുകൾക്കെതിരെ ജനശബ്ദം ശക്തിയായി ഉയർത്തിക്കൊണ്ടുവരാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

ഹിന്ദു വർഗീയതയുടെ പ്രതിരൂപമായ മോഡി സർക്കാരിന്റെ അസഹിഷ്ണുത ഓരോ ദിനത്തിലും ഓരോ സംഭവങ്ങളിലും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സമീപ ആഴ്ചകളിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം. മറ്റൊരു മതത്തിന്റെ അധിപനും ഒരു രാജ്യത്തിന്റെ ഭരണാധികാരിയും കൂടിയായ  മാർപാപ്പയെ ഒരു മുസ്ലിംരാജ്യം എങ്ങനെ സഹിഷ്ണുതയോടെ സ്വീകരിച്ചുവെന്ന് ലോകം കണ്ടു. മാർപാപ്പയെ സ്വീകരിക്കാനെത്തിയവരിൽ നല്ലൊരു പങ്ക് ഇന്ത്യക്കാരാണ്. ബംഗ്ലാദേശ്, മ്യാൻമാർ തുടങ്ങിയ ഇന്ത്യയുടെ അയൽരാജ്യങ്ങൾ മാർപാപ്പ സമീപകാലങ്ങളിൽ തന്നെ സന്ദർശിച്ചിരുന്നു. എന്നാൽ, മോഡി സർക്കാർ ഔദ്യോഗിക ക്ഷണം നൽകാത്തതുകൊണ്ടുമാത്രം താൽപ്പര്യമുണ്ടായിട്ടും മാർപാപ്പയ്ക്ക് ഇന്ത്യയിലെത്താൻ കഴിഞ്ഞില്ല. ഹിന്ദു വർഗീയത്ക്ക് കീഴ്പ്പെട്ട ഭരണമായതുകൊണ്ടാണ് ഇന്ത്യക്ക് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ഈ സന്ദർഭത്തിൽ സദ്ഭരണമാണ് ഇനി നമുക്ക് നേടിയെടുക്കാനുള്ളത്. അക്കാര്യത്തിൽ ബിജെപിയുടെ ഭരണവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുൻകാല ഭരണങ്ങളും പരാജയമാണ്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ ശക്തി പാർലമെന്റിൽ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം. ആഗോളവൽക്കരണ ‐ ഉദാരവൽക്കരണ  സാമ്പത്തിക നയത്തേയും വർഗീയതയേയും നിരാകരിക്കുന്നതാകണം കേന്ദ്രഭരണം. അതിനുള്ള മുഖ്യ ഉപാധി ഇടതുപക്ഷത്തിന്റെ കരുത്താണ്.

ഇന്നത്തെ ദേശീയ‐രാഷ്ട്രീയ സാഹചര്യത്തിൽ ഫലപ്രദമായ ചുവടുവയ്പ്പുകൾ നടത്തിയാൽ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ കഴിയുമെന്നത് നൂറുശതമാനം ഉറപ്പ്. ബിജെപി നയിക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പിന് മുമ്പേ ശക്തിക്ഷയത്തിലാണ്. ആന്ധ്രപ്രദേശിലെ ടിഡിപി സഖ്യം വിട്ടു. അസമിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് വഴിതെളിച്ച എജിപി അവരുമായുള്ള കൂട്ടുകെട്ട് വേണ്ടെന്ന് വച്ചു. ബിഹാറിൽ മൂന്ന് കക്ഷി കാവിസഖ്യം വേണ്ടെന്ന് വച്ചു. മഹാരാഷ്ട്രയിൽ ശിവസേന പള്ളയ്ക്ക് കുത്തുകൊടുത്തുകൊണ്ട് കൂടെ നിൽക്കുകയാണ്.  2014 ൽ 31 ശതമാനം വോട്ട് മാത്രം നേടിയിട്ടും അധികാരത്തിലേറാൻ കഴിഞ്ഞത് പ്രതിപക്ഷത്തെ പടലപ്പിണക്കമാണ്. ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ സംസ്ഥാനത്തിനും ഇണങ്ങുന്ന സഖ്യവും ധാരണയും മതനിരപേക്ഷ കക്ഷികൾ തമ്മിലുണ്ടാക്കുന്നതിൽ കമ്യൂണിസ്റ്റ് പാർടി നേതൃത്വങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്.

എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ
2004 ൽ വാജ്പേയി ഭരണത്തെ താഴെയിറക്കി മതനിരപേക്ഷ ഭരണം ഉറപ്പിക്കുന്നതിലും 1996ൽ ഐക്യമുന്നണി സർക്കാരിനെ കൊണ്ടുവരുന്നതിലുമെല്ലാം ഇടതുപക്ഷത്തിന്റെ പങ്ക് നിർണായകമാണ്. അതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ പാർലമെന്റിൽ കഴിയുന്നത്ര കുറയ്ക്കാൻ ബിജെപിയും ആർഎസ്എസും കോർപറേറ്റുകളും കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇവർക്ക് ആലവട്ടവും വെഞ്ചാമരവും വീശിക്കൊടുക്കുകയാണ് കേരളത്തിലെ കോൺഗ്രസും യുഡിഎഫും. മതനിരപേക്ഷ സദ്ഭരണം കേന്ദ്രത്തിലുണ്ടാകണമെങ്കിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ പാർലമെന്റിൽ കഴിയുന്നത്ര വർധിക്കണം. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി ആണെന്നതിനാൽ മതനിരപേക്ഷ വിഭാഗങ്ങൾ കോൺഗ്രസിന് വോട്ടുചെയ്യുന്നത് വലിയ അപകടമാണ്. ബിജെപിക്കുവേണ്ടി എംപിമാരെ വിലയ്ക്കെടുക്കാൻ കോർപറേറ്റുകളും കള്ളപ്പണശക്തികളും ഇറങ്ങും. ഇത്തരം ശക്തികൾക്ക് വിലയിടാൻ കഴിയാത്തത് കമ്യൂണിസ്റ്റ്  ജനപ്രതിനിധികളെ മാത്രമാണ്. പണമിറക്കി എംപിമാരെയും എംഎൽഎമാരെയും സൃഷ്ടിക്കുക. എന്നിട്ടും ലക്ഷ്യം നേടാനാകുന്നില്ലെങ്കിൽ എംപിമാരെയും എംഎൽഎമാരെയും പിടിക്കാൻ പണം നൽകുക. ഈ വൃത്തികേടിന്റെ മുഖമാണ് കർണാടകത്തിൽ കാണുന്നത്. അവിടെ എംഎൽഎമാരെ വിലയ്ക്കെടുക്കാനുള്ള ഓപ്പറേഷൻ താമരയ്ക്കുവേണ്ടി 200 കോടി രൂപയാണ് മാറ്റിയിരിക്കുന്നത്. എട്ടോളം എംഎൽഎമാർ മറുകണ്ടം ചാടിയോയെന്ന സംഭ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഗവർണറെ ഉപയോഗിച്ചും പണമിറക്കിയും നടത്തുന്ന കളിക്ക് യെദിയൂരപ്പ മാത്രമല്ല, പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നേതൃത്വം നൽകുകയാണ്. ഇങ്ങനെ ഇന്ത്യൻ ജനാധിപത്യത്തെ കള്ളപ്പണത്തിന്റെ അടിത്തറയിൽ പ്രതിഷ്ഠിച്ചിരിക്കുമ്പോൾ എന്ത് പ്രലോഭനങ്ങളിലും വീഴാതെ പ്രത്യയശാസ്ത്ര ധീരതയോടെ നിലകൊള്ളുന്നത് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫുകാരുടെ ലോക്സഭയിലെ സാന്നിധ്യമാകും. ഇതാണ് രാജ്യത്തിന്റെ ഭാവിക്കുള്ള ഈട്.

"കേരള സംരക്ഷണം' എന്ന പേര്  ജാഥ എന്തുകൊണ്ട് സ്വീകരിച്ചുവെന്നത് പ്രധാനമാണ്. കേരളത്തിലെ മതനിരപേക്ഷ സ്വഭാവം തകർത്ത് ഒരു ജീർണസമൂഹമായി സംസ്ഥാനത്തെ മാറ്റുകയെന്നത് ഒരു ദേശീയ അജൻഡയായി മോഡിയുടെ നേതൃത്വത്തിൽ സംഘപരിവാർ സ്വീകരിച്ചിരിക്കുകയാണ്. മതനിരപേക്ഷത ഉറപ്പിക്കുന്നതിനൊപ്പം ഉദാരവൽക്കരണ‐ ആഗോളവൽക്കരണ സാമ്പത്തികനയത്തെ നിരാകരിച്ച് ജനപക്ഷ സാമ്പത്തികനയം ഭരണനയമാക്കുകയും വേണം. അതിനുള്ള ഉപാധികളിൽ പ്രധാനപ്പെട്ടതാണ് കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് സംരക്ഷിക്കുകയെന്നത്. എങ്ങനെയായിരിക്കണം ഒരു ഭരണം ജനങ്ങളേയും നാടിനേയും സേവിക്കുകയെന്ന്, കേരളത്തിലെ എൽഡിഎഫ് സർക്കാർ രാജ്യത്തിന് കാട്ടിക്കൊടുക്കുകയാണ്. മഹാപ്രളയത്തെ അതിജീവിക്കാൻ സംസ്ഥാനത്തെ പ്രാപ്തമാക്കിയ പിണറായി വിജയൻ സർക്കാർ നവകേരളം സൃഷ്ടിക്കാനുള്ള ദൃഢമായ ചുവടുവയ്പ്പിലാണ്. ആയിരം ദിനത്തിലെത്തുന്ന സർക്കാർ എങ്ങനെ സദ്ഭരണം കാഴ്ചവയ്ക്കുന്നൂവെന്നതിനുള്ള നൂറ് നൂറ് ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്ത് ആരംഭിച്ച ലോകനിലവാരത്തിലുള്ള അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. അതിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി തോന്നയ്ക്കലിൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനംചെയ്തു.  പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഇത്. ഇന്ത്യയിൽ പുണെയിൽ മാത്രമാണ് ഇങ്ങനെയൊരു വൈറോളജി ലാബുള്ളത്. അതിൽനിന്ന് വ്യത്യസ്തമായി വൈറസ് ബാധ തടയാൻ വേൾഡ് ക്ലാസ് ഡയഗ്നോസ്റ്റിക് ലാബാണ് വന്നിരിക്കുന്നത്. 28 രാജ്യങ്ങളിലെ 45 സെന്ററിലെ വിദഗ്ധരുമായുള്ള ബന്ധവും ഇതിനുണ്ട്.

 

യുഡിഎഫ് അനുകൂല മാധ്യമമായ മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മുഖപ്രസംഗം വളരെ ശ്രദ്ധേയമാണ്. ആ പത്രം ഇങ്ങനെയെഴുതി " ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ നമ്മുടെ ഭരണസംവിധാനത്തിനുള്ള താൽപ്പര്യത്തിന്റെയും താൽപ്പര്യക്കുറവിന്റെയും ഉദാഹരണമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ്് വൈറോളജി. അഞ്ച് വർഷംമുമ്പ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള നിർദേശം അന്നത്തെ സർക്കാരിന് മുന്നിൽ വന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മറ്റ് മന്ത്രിമാരും താൽപ്പര്യമെടുത്തെങ്കിലും ഉന്നത ഉദ്യോഗസ്ഥർ വഴിമുടക്കി. പുതിയ സർക്കാർ അധികാരമേറ്റതുകൊണ്ടാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചതും എട്ടുമാസംകൊണ്ട് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയതും. നേരത്തെ പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ കഴിഞ്ഞവർഷം ഒട്ടെറെ പേരുടെ ജീവൻ അപഹരിച്ച നിപാ ഉൾപ്പെടെയുള്ളവയെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞേനെ'.

ജനങ്ങൾക്കും നാടിനും വേണ്ടി എൽഡിഎഫ് ഭരണം എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ യുഡിഎഫ് ‐ ബിജെപി ഭരണങ്ങളിൽനിന്ന് അത് വ്യത്യസ്തമായി പ്രവർത്തിക്കുന്നൂവെന്ന് ശത്രുപക്ഷത്തുള്ളവർക്കുപോലും സമ്മതിക്കേണ്ടിവരുന്നു. ഈ അനുഭവങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിലകൊള്ളാൻ നാടിനെ സ്നേഹിക്കുന്ന എല്ലാവരും മുന്നോട്ടുവരും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top