23 May Thursday

ജീർണരാഷ്ട്രീയം ഉപേക്ഷിക്കൂ

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jul 6, 2018


ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തെതുടർന്ന് കേരള രാഷ്ട്രീയത്തിൽ ഗുണകരമായ മാറ്റങ്ങളുടെ അടിയൊഴുക്കുകൾ സംഭവിക്കുകയാണ്. കോൺഗ്രസ‌് നേതൃത്വം നൽകുന്ന യുഡിഎഫിലും യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിലും ഒരുപോലെ നാൾക്കുനാൾ പ്രതിസന്ധി വളരുകയാണ്. ബിജെപിയിലാകട്ടെ ഒരു സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തുന്നതിന് ഒട്ടകം സൂചിക്കുഴൽ കടക്കുന്നതിനേക്കാൾ പ്രയാസകരമായി കാര്യങ്ങൾ മാറി. മലക്കംമറിഞ്ഞ് യുഡിഎഫിലെത്തിയ കേരളത്തിലെ ആർഎസ‌്‌പിയുടെ വലതുപക്ഷയാത്ര ദുരന്തഫലം നേരിടുകയാണ്. അതിന്റെ പ്രത്യാഘാതം ആ പാർടിയുടെ കേരളഘടകത്തെ പിടിച്ചുലയ്ക്കുന്നുണ്ട്. സംസ്ഥാനത്ത് കോൺഗ്രസിനുള്ളിലൊരു ബദൽ കോൺഗ്രസും ആർഎസ‌്‌പിക്കകത്ത് ഒരു ബദൽ ആർഎസ്‌പിയും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ വലതുപക്ഷ രാഷ്ട്രീയം സംസ്ഥാനത്ത് അഗാധമായ പ്രതിസന്ധിയിലേക്ക് മുതലക്കൂപ്പ് നടത്തുകയാണ്.

ദുഷ്‌കൃത്യങ്ങളുടെ അന്തമില്ലാത്ത ഘോഷയാത്ര കോൺഗ്രസിൽ അടിക്കടിയുണ്ടാകുന്നുവെന്നാണ് കോൺഗ്രസ് നേതാവ് വി എം സുധീരൻ ആവർത്തിക്കുന്നത്. ജനാധിപത്യം ഉപേക്ഷിച്ച കോൺഗ്രസിൽ നോമിനേഷനും നേതാവിന്റെ ഏകാധിപത്യവുമാണ്. ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ പ്രവർത്തകർക്കോ കമ്മിറ്റികൾക്കോ ഒരു അധികാരവുമില്ല. ഉമ്മൻചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയാക്കി ആന്ധ്രയുടെ ചുമതല നൽകി. അതേസമയം, ശ്രീനിവാസൻ എന്നയാളെ എഐസിസി സെക്രട്ടറിയാക്കി തെലങ്കാനയുടെ ചാർജും കൊടുത്തു. അതോടെ ആരാണ് ഈ ശ്രീനിവാസൻ എന്ന ചോദ്യവുമായി വി എം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തിറങ്ങി. പ്രിയങ്കയുടെ ഭർത്താവ് വധേരയുടെ കമ്പനി ഡയറക്ടറാണ് ശ്രീനിവാസൻ. കോൺഗ്രസ് സംഘടനയിൽ ജനാധിപത്യമില്ല. നേതാവിന്റെ ഇഷ്ടക്കാരെ നിയമിക്കുന്ന നോമിനേഷൻ സമ്പ്രദായമാണ്. ഈ ഇഷ്ടദാന രീതിയുടെ മറ്റൊരു രൂപമാണ്, കോൺഗ്രസിന്റേതെന്ന് കോൺഗ്രസ് പ്രവർത്തകർ കരുതുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ‌് എമ്മിന് ദാനംചെയ്ത നടപടി. രാജ്യസഭാ സീറ്റ് ദാനത്തിൽ ഉമ്മൻചാണ്ടി‐ചെന്നിത്തല അച്ചുതണ്ടിന്റെ നടപടിയെ സുധീരൻ പരസ്യമായി തള്ളിപ്പറയുകയാണ‌് ഇപ്പോഴും. മുസ്ലിംലീഗ് നേതാവ്  കുഞ്ഞാലിക്കുട്ടിയുമായി ചേർന്ന് നടത്തിയ കള്ളക്കളിയാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സംഭവിച്ചതെന്നും കോൺഗ്രസ‌് നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഘടന അകപ്പെട്ടിരിക്കുന്ന  ആഭ്യന്തര അപചയത്തിനു പുറമെ, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ എണ്ണിയാലൊടുങ്ങാത്ത വൻ കുംഭകോണങ്ങളെപ്പറ്റിയും അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ പത്രസമ്മേളനം നടത്തി നാടിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ബാർ കുംഭകോണം, അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖ കരാർ നൽകിയതിലെ ക്രമക്കേട്, വൻകിട തോട്ടം ഉടമകൾക്കുവേണ്ടി നടത്തിയ ഭൂമിതട്ടിപ്പ് തുടങ്ങിയതെല്ലാം വസ്തുതകൾ നിരത്തിയാണ് സുധീരൻ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഇതിന്മേൽ ഇതുവരെ പ്രതികരിക്കാൻ ആരോപണവിധേയനായ ഉമ്മൻചാണ്ടിക്ക‌് ധൈര്യമോ ധാർമികതയോ ഉണ്ടായില്ല. കോൺഗ്രസ് ഹൈക്കമാൻഡിനെയും കെപിസിസിയെയും മറികടന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാർ അദാനിക്ക് നൽകാൻ ഉമ്മൻചാണ്ടി ഒപ്പിട്ടതെന്ന് സുധീരൻ വെളിപ്പെടുത്തി. 29,217 കോടി രൂപയുടെ അധികവരുമാനം ഈ കരാറിലൂടെ അദാനിക്ക് കിട്ടുമെന്ന സിഐജി റിപ്പോർട്ട് ഇതിനൊപ്പം കൂട്ടിവായിക്കണം. എന്നിട്ടും ഉമ്മൻചാണ്ടി മൗനം ഭജിക്കുകയാണ്. ഈ മൗനംകൊണ്ട് സുധീരൻ ഉന്നയിച്ചിരിക്കുന്ന നഗ്നമായ അഴിമതി കുറ്റകൃത്യമല്ലാതാകില്ല. ഇതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നയിച്ച പരസ്യ ആക്ഷേപങ്ങൾ നിയമനീതിന്യായ സംവിധാനങ്ങളുടെ മുന്നിൽ കൊണ്ടുവരാൻ സുധീരൻ തയ്യാറാകുമോ? ഒരു വശത്ത് സംഘടനയ്ക്കുള്ളിൽ ജനാധിപത്യത്തിനുവേണ്ടിയും മറുവശത്ത് ഭരണം അഴിമതിക്കുവേണ്ടി മാറ്റിയ കേരളത്തിലെ സ്വന്തം പാർടിയുടെ നേതാക്കൾക്കെതിരായും നടത്തുന്ന പോരാട്ടം സുധീരൻ തുടരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. ഈ പോരാട്ടം തുടരുകയാണെങ്കിൽ അത് ഗുണകരമാണ്.

ഇതിനിടെ എസ്ഡിപിഐക്കാരും അവരുടെ വിദ്യാർഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടുകാരും ചേർന്ന് മഹാരാജാസ് കേളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ അരുംകൊല ചെയ്തത് ഒരു വലിയ രാഷ്ട്രീയവിഷയമായി പരിണമിച്ചിരിക്കുകയാണ്. ഇതിൽ കോൺഗ്രസ് നേതാവ് എ കെ ആന്റണി നടത്തിയ പ്രതികരണം കോൺഗ്രസ് ഇന്ന് ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയജീർണതയുടെ വിളംബരമാണ്.  വിദ്യാർഥി സംഘടനകളുടെ മറവിൽ ക്യാമ്പസിൽ മതതീവ്രവാദ സംഘടനകൾ  കടന്നുവരുന്നതിന്റെ ആപത്ത് വലുതാണ്. ഇത് തുറന്നുകാട്ടുന്നതിനും മതനിരപേക്ഷ ചിന്താഗതിക്കാരുടെ യോജിപ്പ് വളർത്തുന്നതിനുമാണ് മഹാരാജാസ് കോളേജിലെ സംഭവം ജാഗ്രതപ്പെടുത്തുന്നത്. ധീരനായ വിദ്യാർഥി നേതാവ് അഭിമന്യുവിന്റെ നീചമായ കൊലപാതകത്തെ അപലപിക്കുന്നതിനു പകരം എസ്എഫ‌്ഐയെ പഴിചാരുന്നതിനാണ് ആന്റണി തയ്യാറായത്. കേരളത്തിലെ കലാലയങ്ങളിൽ ഏറ്റവും കൂടുതൽ അക്രമം നടത്തുന്നത് എസ്എഫ്ഐ ആണെന്ന കുറ്റാരോപണം, അഭിമന്യുവിന്റെ ചുടുരക്തം കലാലയമുറ്റത്ത് വീണതിന്റെ നനവ് മാറുംമുമ്പ് നടത്താൻ ആന്റണി തുനിഞ്ഞത് രാഷ്ട്രീയ അധാർമികതയാണ്. സംസ്ഥാനത്തെ കലാലയങ്ങളിൽ വിവിധ കാലങ്ങളിലായി കൊല്ലപ്പെട്ടത് 36 വിദ്യാർഥികളാണ്. അതിൽ അഭിമന്യു ഉൾപ്പെടെ 33 പേരും എസ്എഫ്ഐ പ്രവർത്തകരാണ്. 1971 ഒക്ടോബർ എട്ടിന് തിരുവനന്തപുരത്ത് എസ്എഫ‌്ഐ റാലിയിലേക്ക് വണ്ടികയറ്റി കൊന്ന ദേവപാലിനും 1974ൽ പട്ടാമ്പിയിൽ കോൺഗ്രസുകാരും സംഘപരിവാറുകാരും ചേർന്ന് ഇരുമ്പുവടിക്ക‌് തലയ്ക്കടിച്ചുകൊന്ന സെയ്താലിയും കൊല്ലം എസ്എൻ കോളേജിലെ ശ്രീകുമാറും പന്തളം എൻഎസ്എസ് കോളേജിലെ ജി ഭുവനേശ്വരനും തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ പി കെ രാജനും എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജനും ആ 33 പേരുടെ രക്തസാക്ഷി പട്ടികയിൽ വരുന്നു. തലശേരി ബ്രണ്ണൻ കോളേജിലെ അഷ‌്റഫിനെ കഠാരയ്ക്ക് ഇല്ലാതാക്കിയാണ് കെഎസ്‌യു കൊലപാതക രാഷ്ട്രീയത്തിന് തുടക്കംകുറിച്ചത്. മഹാരാജാസ് കോളേജിൽ കെഎസ‌്‌യുക്കാരുടെ കുത്തേറ്റ സൈമൺ ബ്രിട്ടോ ‘ജീവിക്കുന്ന രക്തസാക്ഷിയാണ്'.

കൊലപാതകം ഏറ്റവും കൂടുതൽ നടത്തിയത് കോൺഗ്രസുകാരും സംഘപരിവാറുകാരുമാണ്. ആ ഗണത്തിലാണ് എൻഡിഎഫും എസ്ഡിപിഐയും. ന്യൂനപക്ഷ മതത്തിന്റെ മറവിലുള്ള ഈ തീവ്രവാദി സംഘടന താലിബാൻ മോഡൽ കൊലപാതക രാഷ്ട്രീയമാണ് നടത്തിവരുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വെല്ലുവിളിയും ഭീഷണിയും എസ്എഫ്ഐ നേതൃത്വത്തിനുനേരെ നടത്തിയശേഷമാണ് ആസൂത്രിതമായി അഭിമന്യുവിനെ അരുംകൊല ചെയ്തത്. അക്രമികളുടെ കുത്തേറ്റ് എസ്എഫ്ഐയുടെ മറ്റൊരു നേതാവ് അർജുൻ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ട എസ്എഫ്ഐയെ അക്രമിസംഘമെന്ന് മുദ്രകുത്താനുള്ള ആന്റണിയുടെ ഈ ശ്രമം ഗൂഢമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. ഒരുവശത്ത് സംഘപരിവാറിനെയും മറുവശത്ത് എസ്ഡിപിഐയെയും പ്രീണിപ്പിച്ച് എൽഡിഎഫിനും എൽഡിഎഫ് സർക്കാരിനുമെതിരെ മഹാസഖ്യമുണ്ടാക്കാനുള്ള ഗൂഢരാഷ്ട്രീയത്തിലാണ് ആന്റണി.
അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാനോ അക്രമികളെ തുറന്നുകാട്ടാനോ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അധ്യക്ഷൻ അമിത‌് ഷാ കേരളത്തിൽ രണ്ടുദിവസം തങ്ങിയിട്ടും തയ്യാറായില്ല. ആന്റണിയുടെ പ്രതികരണത്തെയും അമിത് ഷായുടെ മൗനത്തെയും കൂട്ടിവായിക്കേണ്ടതാണ്. പക്ഷേ, ഇത്തരം അവിശുദ്ധ രാഷ്ട്രീയത്തെ തിരിച്ചറിയാനുള്ള പ്രബുദ്ധത കേരള ജനതയ്ക്കുണ്ട്. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയവിപത്തിനെ തടയാൻ നട്ടെല്ലുള്ള രാഷ്ട്രീയനിലപാടെടുക്കാത്ത കോൺഗ്രസ് മറ്റ് തീവ്രവർഗീയശക്തികൾക്കും കീഴടങ്ങുകയാണ്. ഈ രാഷ്ട്രീയം യുഡിഎഫിനെ കൂടുതൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലെത്തിക്കും.

കോൺഗ്രസിൽ മാത്രമല്ല, യുഡിഎഫിലെ ഓരോ ഘടകകക്ഷികളിലും രാഷ്ട്രീയനയത്തെ ആസ്പദമാക്കി പ്രതിസന്ധി രൂക്ഷമാകുകയാണ്. അത് യുഡിഎഫിൽ ചേക്കേറിയ ആർഎസ‌്‌പിയുടെ കേരള ഘടകത്തിൽ പ്രത്യേകിച്ചും. ഇടതുപക്ഷ ഐക്യത്തിന്റെ നിലപാടാണ് ആർഎസ്‌പി ദേശീയതലത്തിൽ സ്വീകരിച്ചിട്ടുള്ളത്. അപ്രകാരം ബംഗാളിലും ത്രിപുരയിലും ആർഎസ്‌പി ഇടതുപക്ഷ മുന്നണിയിലാണ്. സിപിഐ എം‐സിപിഐ പാർടി കോൺഗ്രസുകളെ അഭിവാദ്യം ചെയ്യാൻ ആർഎസ്‌പി നേതാക്കൾ എത്തിയിട്ടുണ്ടായിരുന്നു. ഇടതുപക്ഷ ഐക്യത്തെ തുരങ്കംവയ്ക്കുന്ന ആർഎസ്‌പി കേരളഘടകത്തിന്റെ സമീപനം മാറ്റണമെന്ന് രണ്ട് കമ്യൂണിസ്റ്റ‌് പാർടികളുടെയും കോൺഗ്രസുകൾ അഭ്യർഥിച്ചിട്ടുണ്ട്. അപ്രകാരം യുഡിഎഫ് വിട്ട‌് വന്നാൽ ആർഎസ്‌പിയെ ഉൾക്കൊള്ളാൻ എൽഡിഎഫ് തയ്യാറാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിനുവേണ്ടി ഇടതുപക്ഷ നയവും മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയവും വഞ്ചകമുന്നണിക്ക‌് പണയപ്പെടുത്തി. ഇതിനെതിരെ ആ പാർടിയിൽ ഉയർന്നുവന്ന പോരാട്ടത്തിന്റെ ഭാഗമായി നേതാക്കളിലും അണികളിലും ഒരുവിഭാഗം പുറത്തുവന്ന് ഇടതുപക്ഷചേരിയിൽ നിലയുറപ്പിച്ചു. സിപിഐ എമ്മിൽ ചേർന്ന നേതാക്കളും പ്രവർത്തകരും ധാരാളമാണ്. ആർഎസ്‌പി ലെനിനിസ്റ്റ് പാർടി എൽഡിഎഫുമായി സഹകരിക്കുകയും എൽഡിഎഫ് സ്ഥാനാർഥിയായി കോവൂർ കുഞ്ഞുമോൻ മത്സരിച്ച് നിയമസഭാംഗമാവുകയും ചെയ്തു. എന്നാൽ, യുഡിഎഫിൽ ചേർന്ന ആർഎസ്‌പിയുടെ എല്ലാ സ്ഥാനാർഥികളെയും ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനെത്തുടർന്ന് കോൺഗ്രസ് മുന്നണി വിടണമെന്ന അഭിപ്രായം ആർഎസ്‌പിയിൽ ശക്തിപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ ഐക്യത്തിന്റെ കൊടി ഉയർത്തണമെന്ന് പരസ്യമായി പറയാൻ ചില നേതാക്കൾ തയ്യാറായിട്ടുണ്ട്. ഈ നേതാക്കളുടെ ശബ്ദം കേൾക്കാനും യുഡിഎഫ് വിട്ട് പുറത്തുവരാനുമുള്ള രാഷ്ട്രീയതീരുമാനം ആർഎസ്‌പി കേരളഘടകം എടുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ആ പാർടി വലിയ തകർച്ച നേരിടും. ഒരു പാർലമെന്റ് സീറ്റിനുവേണ്ടി രാഷ്ട്രീയനയം അടിയറവ് വച്ചതിന്റെ ദുരന്തമാണ് ആ പാർടി ഇന്ന് നേരിടുന്നത്.

ആഭ്യന്തര സംഘർഷത്തിൽ ആടിയുലയുന്ന കോൺഗ്രസ് നേതൃത്വത്തിന് മുന്നണിയെ നയിക്കാനുള്ള കെൽപ്പില്ല. യുഡിഎഫ് മുങ്ങുന്ന കപ്പലാണ്. എന്നാൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി ആശയപരമായും സംഘടനാപരമായും കരുത്തോടെ മുന്നോട്ടുപോകുന്ന മുന്നണിയാണ്. എൽഡിഎഫുമായി സഹകരിക്കാനും ഒന്നിച്ച് പ്രവർത്തിക്കാനും കൂടുതൽ കക്ഷികളും ഗ്രൂപ്പുകളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ട്. ഈ രാഷ്ട്രീയ അന്തരീക്ഷത്തിൽ ജനാധിപത്യവും മതനിരപേക്ഷതയും പുലരാൻ താൽപ്പര്യമുള്ള കോൺഗ്രസിലെയും ആർഎസ്‌പിയിലെയും നേതാക്കളും പ്രവർത്തകരുമടക്കം വീണ്ടുവിചാരത്തിന് തയ്യാറാകണം.

പ്രധാന വാർത്തകൾ
 Top