17 January Sunday

തദ്ദേശം: വികസനത്തുടർച്ചയ്‌ക്ക്‌ എൽഡിഎഫ്‌ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Nov 6, 2020തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാടിന്റെ രാഷ്ട്രീയവും വികസനക്ഷേമനയങ്ങളും മാറ്റുരയ്ക്കുന്നതാണ്. അതിൽ എല്ലാ തലങ്ങളിലുമുള്ള ഭരണങ്ങളുടെയും മുൻഭരണങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തൽ ഉണ്ടാകും. യുഡിഎഫിന്റെയും ബിജെപിയുടെയും ഭരണം വന്നാൽ ഗ്രാമങ്ങളും നഗരങ്ങളും പിന്നോട്ടടിക്കപ്പെടും. അഴിമതി കൊടികുത്തി വാഴും. അഞ്ചുവർഷത്തെ പ്രാദേശികഭരണങ്ങൾ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ പൊതുവിൽ പുതുജീവൻ നേടി. അത് നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള ജനവിധിയാണ് എൽഡിഎഫ് തേടുന്നത്.

രണ്ട് പ്രളയം, നിപാ, കോവിഡ് എന്നിവയെ അഭിമുഖീകരിച്ചതിന്റെ അനുഭവം വിലയിരുത്തിയാകും പ്രാദേശിക സർക്കാരിനെ ഏത് മുന്നണി നയിക്കണം എന്ന് തീരുമാനിക്കുക. ഇക്കാര്യത്തിൽ സങ്കുചിതരാഷ്ട്രീയത്തിലുപരിയായ മനസ്സ് നാട് കാണിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കോവിഡ് വൈറസിനു മുന്നിൽ വൻകിട ഭരണകൂടങ്ങൾപോലും തകരുകയും പതറുകയും ചെയ്തു. ആ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നയിച്ച സർക്കാരും ലോകത്തിന് മാതൃകയായി. ജില്ലാ ആശുപത്രിവരെയുള്ള സർക്കാർ ആതുരാലയങ്ങളുടെ പൊതു മേൽനോട്ടച്ചുമതല തദ്ദേശഭരണസ്ഥാപനങ്ങൾക്കാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ സാമൂഹ്യാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുകയും പ്രവൃത്തിസമയം ഉച്ചവരെ എന്നത് സന്ധ്യവരെ ആക്കുകയും ചെയ്തു. കോവിഡ് ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളെ സജ്ജമാക്കുകയും ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആയിരക്കണക്കിന് കിടക്കകൾ സൗകര്യപ്പെടുത്തുകയും ചെയ്തു. ഡോക്ടർ, നേഴ്സ് ഉൾപ്പെടെ ആരോഗ്യപ്രവർത്തകരെ പുതുതായി നിയമിച്ചു.

കോവിഡ്കാലത്തെ ഏറ്റവും പ്രധാന വെല്ലുവിളി ഉപജീവനപ്രതിസന്ധിയായിരുന്നു. ഇതിനെ നേരിടാൻ 20,000 കോടി രൂപയുടെ പാക്കേജ് ഇന്ത്യയിൽ ആദ്യമായി കേരളം നടപ്പാക്കി. എല്ലാ വീടുകളിലും മാസംതോറും ഭക്ഷ്യ കിറ്റ് സൗജന്യമായി നൽകുന്നു. ഏതു പ്രതിസന്ധിയെയും തരണംചെയ്യാൻ എൽഡിഎഫ് ഭരണംതന്നെ നാടിന് വേണം. അതിന് കരുത്തുപകരുന്നതാകണം പ്രാദേശികഭരണ ജനവിധി. കോവിഡ് പ്രതിരോധത്തിൽപ്പോലും ഞങ്ങളുടെ മറുപക്ഷത്തുള്ള രാഷ്ട്രീയക്കാർ സംസ്ഥാനഭരണത്തോട് സഹകരിച്ചില്ല എന്നു മാത്രമല്ല പൊളിപ്പൻ പണി  നടത്തുകയും ചെയ്തു. കോവിഡ് വ്യാപനത്തിന് വഴിതുറക്കുന്ന പ്രവൃത്തികളാണ് പ്രതിപക്ഷം നടത്തിയത്. ഇതിന്റെ വിചാരണ കൂടിയാകും പ്രാദേശിക തെരഞ്ഞെടുപ്പ്.

ക്ഷേമവും വികസനവും
ദുരന്തവും മഹാമാരിയും നേരിടാൻ ഏത് സർക്കാരും ഒന്നാമതായും മുഖ്യമായും ചെയ്യേണ്ട ജോലി, ബഹുജനങ്ങളുടെയും സർക്കാർ–-സർക്കാരിതര ജീവനക്കാരുടെയും പ്രാദേശികഭരണത്തിന്റെയും പങ്കാളിത്തവും സേവനവും സഹായവും ഉറപ്പാക്കുക എന്നതാണ്. അതു ചെയ്യാൻ പൊതുവിൽ കഴിയുന്നത് എൽഡിഎഫ് ഭരണം സംസ്ഥാനത്ത് ഉള്ളതുകൊണ്ടാണ്. ഏത് പ്രതിസന്ധിയെയും പ്രളയത്തെയും അതിജീവിക്കാനുള്ള വലിയ കപ്പിത്താനായി സംസ്ഥാനത്ത് പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നു. ഇങ്ങനെ ജനകീയ പങ്കാളിത്തത്തോടെ നാടിന്റെ ക്ഷേമവും വികസനവും ഉറപ്പാക്കുന്നത് എൽഡിഎഫ് മാത്രമാണ്. ഈ കാഴ്ചപ്പാടിനും പ്രവർത്തനപരിപാടിക്കുമുള്ള ജനങ്ങളുടെ അംഗീകാരമാണ് എൽഡിഎഫ് തേടുന്നത്. 

ലോഡ്ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത ഭരണമാണ് എൽഡിഎഫിന്റേത്. അഴിമതിരഹിതമാണ് പ്രാദേശികതലംമുതൽ സംസ്ഥാനതലംവരെയുള്ള എൽഡിഎഫ് ഭരണം. റോഡുകളും പാലങ്ങളും സംസ്ഥാനത്ത് ഇതുപോലെ നിർമിച്ച മറ്റൊരു കാലമില്ല. ഇതിന്റെ പ്രയോജനം എല്ലാ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ഏറെക്കുറെ ലഭ്യമായിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ നിർമാണപ്രവർത്തനമാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്. ഒരു ചായക്കാശിന്റെ അഴിമതിപോലും ഉണ്ടായിട്ടില്ല. എന്നാൽ, യുഡിഎഫ് ഭരണം ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നേനെ സ്ഥിതി. അതിന്റെ സംസാരിക്കുന്ന തെളിവാണ് പാലാരിവട്ടത്തെ അഴിമതിപ്പാലം. ഭരണം അഴിമതിക്ക് എന്നത് ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രവർത്തനപരിപാടിയാണ്. എന്നാൽ, ഇതെല്ലാം ചെയ്യുന്നവർ എൽഡിഎഫ് ഭരണത്തെ മോശമാക്കാൻ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയആയുധമാക്കി ഭരണാധികാരികൾക്കും പാർടിനേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമെതിരെ നുണക്കഥകൾ സൃഷ്ടിക്കുകയാണ്. മഹാമേരുവിനെ ചിതൽപ്പുറ്റാക്കാനും ചിതൽപ്പുറ്റിനെ മഹാമേരുവാക്കാനുമുള്ള ജാലവിദ്യ വലതുപക്ഷ രാഷ്ട്രീയത്തിനുവേണ്ടി മാധ്യമങ്ങൾ കാട്ടുന്നു. അതിനുവേണ്ടി കേന്ദ്ര അന്വേഷണ ഏജൻസികളുടെ വാടകനാവുകളായി ഒരു വിഭാഗം മാധ്യമങ്ങൾ മാറിയിട്ടുണ്ട്. 

സംവരണത്തിലെ എൽഡിഎഫ് നയം
സംവരണത്തിലെ എൽഡിഎഫ് സർക്കാർനയം പ്രാദേശിക തെരഞ്ഞെടുപ്പിലും സ്വാഭാവികമായി ചർച്ചയാകും. മുന്നോക്കക്കാർക്കും പിന്നോക്കക്കാർക്കും ഏറെക്കുറെ തൃപ്തി കൈവരിക്കത്തക്കവിധമുള്ള നടപടിയാണ്  സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇരു കൂട്ടത്തിലെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പാവപ്പെട്ടവരെയും ഇടത്തരക്കാരെയും  യോജിപ്പിക്കാനുള്ള ഐക്യമന്ത്രമാണ് എൽഡിഎഫിന്റെ സംവരണനയം. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും സംവരണം ഇതുവരെ ലഭിക്കാത്ത വിഭാഗത്തിൽപ്പെട്ടവർക്കും ആദ്യമായി ഉദ്യോഗസംവരണം ലഭിക്കുകയാണ്.

ഏതൊരു നാടിന്റെയും വികസനത്തിന് സമാധാനജീവിതമുള്ള സമൂഹവും മികച്ച ക്രമസമാധാനവും പ്രധാനമാണ്. ഇത് നിലനിർത്താൻ കഴിയുന്നു എന്നതാണ് എൽഡിഎഫ് ഭരണത്തിന്റെ പ്രത്യേകത. വർഗീയ കുഴപ്പമുണ്ടാക്കി കേരളത്തെ അശാന്തമാക്കുക എന്നത് തീവ്ര വർഗീയ ശക്തികളുടെ അജൻഡയാണ്. ഇക്കാര്യത്തിൽ ആർഎസ്എസ് മുന്നിലാണ്. മറുവശത്ത് മുസ്ലിം തീവ്രവാദസംഘടനയായ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ളവരും ഉണ്ട്. ഈ ശക്തികളെ പ്രതിനിധാനം ചെയ്യുന്നതാണ് യുഡിഎഫും ബിജെപി മുന്നണിയും. യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പ് തകർന്ന മുന്നണിയായിരിക്കുകയാണ്. “മുങ്ങുന്ന കപ്പലാ’ണെന്ന തിരിച്ചറിവിൽ കൂടുതൽ കക്ഷികളും നേതാക്കളും പ്രവർത്തകരും യുഡിഎഫ് വിടുകയാണ്. നയപരിപാടികളിലുള്ള അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷമാണ് ശരിയെന്ന തിരിച്ചറിവോടെ കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയത്. ഇതേത്തുടർന്ന്, ജമാഅത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയകക്ഷിയെയും യുഡിഎഫിന്റെ ഭാഗമാക്കിയിരിക്കുകയാണ്. എൽഡിഎഫിന്റെ മതനിരപേക്ഷതയാണോ യുഡിഎഫിന്റെയും ബിജെപിയുടെയും വർഗീയതയാണോ നാടിന് ആവശ്യം എന്ന വലിയ ചോദ്യമാണ് ഈ തെരഞ്ഞെടുപ്പിൽ ഉയരുന്നത്.


 

എൽഡിഎഫ്, യുഡിഎഫ് എന്നീ മുന്നണികൾ തമ്മിലാണ് മുഖ്യമത്സരമെങ്കിലും ബിജെപി സാന്നിധ്യം സജീവവുമാണ്. ഇപ്രകാരം നോക്കുമ്പോൾ മത്സരം ഇടതുപക്ഷവും വലതുപക്ഷവും തമ്മിലാണ്. അധികാരവികേന്ദ്രീകരണം സംരക്ഷിക്കാനും നാടിന്റെ വികസനത്തിനും ജനജീവിതത്തിന്റെ രക്ഷയ്ക്കും ഏതു മുന്നണിയെ പ്രാദേശിക സർക്കാരുകളുടെ ഭരണമേൽപ്പിക്കണം എന്നതാണ് കാതലായ വിഷയം. നാലേകാൽ വർഷം പിന്നിട്ട  സർക്കാർ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ നടപടികളുമാണ് സ്വീകരിച്ചത്. ഇവ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ പ്രാദേശിക സർക്കാരുകളുടെ ഭരണം എൽഡിഎഫിന്റെ കരങ്ങളിലേൽപ്പിക്കുകയാണ് അഭികാമ്യം.

അധികാരവികേന്ദ്രീകരണത്തിൽ ലോകത്തിനുതന്നെ മാതൃകയായ പ്രവർത്തനമാണ് കമ്യൂണിസ്റ്റ് നേതൃ സർക്കാരുകൾ കാഴ്ചവച്ചത്. കോവിഡ് പ്രതിരോധപ്രവർത്തനത്തിലും അത് തെളിഞ്ഞിട്ടുണ്ട്. 1957ൽ ഇ എം എസ് സർക്കാർ തുടങ്ങിവച്ച ഈ ദിശയിലേക്കുള്ള പ്രവർത്തനത്തിന്റെ ഭാഗമായുള്ള നല്ല ചുവടുവയ്പ് നായനാരുടെയും വി എസ് അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള സർക്കാരുകളും കാഴ്ചവച്ചു. ആ പ്രവർത്തനങ്ങളുടെ അനുഭവംകൂടി ഉൾക്കൊണ്ട് വളരെയധികം മുന്നോട്ടുപോകാൻ പിണറായി സർക്കാരിന് കഴിഞ്ഞു. എന്നാൽ, അധികാരവികേന്ദ്രീകരണത്തിനെ അട്ടിമറിക്കുക എന്നതാണ് ഏതൊരു കാലത്തെയും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ ചെയ്തിട്ടുള്ളത്.

1962 മുതൽ 1969 വരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ല.  1984ൽ ആകട്ടെ പഞ്ചായത്ത് ഭരണസമിതികൾ പിരിച്ചുവിട്ട് മൂന്ന്‌ വർഷത്തേക്ക് ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തി. 1987ലെ നായനാർ സർക്കാർ കൊണ്ടുവന്ന ജില്ലാകൗൺസിൽ 1991ൽ അധികാരത്തിൽ വന്ന യുഡിഎഫ് അട്ടിമറിച്ചു. നായനാർ സർക്കാർ നടപ്പാക്കിയ ലോകം ശ്രദ്ധിച്ച ജനകീയാസൂത്രണത്തെ 1991ലെ യുഡിഎഫ് സർക്കാർ ക്ഷീണിപ്പിക്കുകയും പകരം  “കേരള വികസനപദ്ധതി’ എന്ന ആത്മാവില്ലാത്ത പരിപാടി കൊണ്ടുവരികയും ചെയ്തു. പക്ഷേ, ‘ജനകീയാസൂത്രണം’ അതിനകംതന്നെ വേരുപിടിച്ചതിനാൽ അത് പിഴുതെറിയാൻ യുഡിഎഫ് ഭരണത്തിന് കഴിഞ്ഞില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രാദേശികതലത്തിൽ ജനങ്ങളെ അണിനിരത്തുക എന്നതാണ് എൽഡിഎഫ് കാഴ്ചപ്പാട്.


 

വാക്കു പാലിച്ച്‌ എൽഡിഎഫ്
എന്നാൽ, നാടിന്റെയോ ജനങ്ങളുടെയോ രക്ഷയോ വികസനമോ അല്ല യുഡിഎഫ് –-ബിജെപിക്ക് ഉള്ളത്. യുഡിഎഫ് ഭരണത്തിൽ തദ്ദേശഭരണവകുപ്പിനെത്തന്നെ മൂന്നായി വെട്ടിമുറിച്ച് മൂന്നു മന്ത്രിമാരുടെ കീഴിലാക്കി. ഫണ്ട് അനുവദിക്കുന്നതിൽ വെട്ടിക്കുറവ് വരുത്തി. എന്നാൽ, ഇത്തരം പാപകർമങ്ങൾ എൽഡിഎഫ് സർക്കാർ ഇല്ലാതാക്കി. “എല്ലാവർക്കും വീട്’ എന്നത് എൽഡിഎഫിന്റെ മുദ്രാവാക്യമാണ്. ഇതിനാണ് ലൈഫ് പദ്ധതി നടപ്പാക്കിയത്. ഇതിനകം രണ്ടരലക്ഷം വീട്‌ നൽകി. പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടി അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ മാനഭംഗത്തിനിരയായി യുഡിഎഫ് ഭരണത്തിൽ കൊല്ലപ്പെട്ടു. അത്തരം അവസ്ഥയ്ക്ക് അറുതിവരുത്താനാണ് “എല്ലാവർക്കും അടച്ചുറപ്പുള്ള വീട’ എന്ന പദ്ധതി പിണറായി സർക്കാർ നടപ്പാക്കിയത്. ഇതിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഭൂരഹിതരായ എല്ലാ ഭവനരഹിതർ ഉൾപ്പെടെയുള്ളവർക്ക് കിടപ്പാടം നൽകും. ഇത് നടപ്പാക്കാൻ തദ്ദേശഭരണസ്ഥാപനങ്ങളിൽ എൽഡിഎഫ് ഭരണം വരണം.

പദ്ധതി പ്രഖ്യാപിക്കുകയും നടപ്പാക്കാതെ പറ്റിക്കുകയും ചെയ്യുക യുഡിഎഫ്–- ബിജെപി സ്വഭാവമാണ്. “ഗരീബി ഹഠാവോ’ മുതൽ ‘സാർവത്രിക പെൻഷൻ’ വരെയുള്ള ഇക്കൂട്ടരുടെ വാഗ്ദാനങ്ങൾ ഗതികിട്ടാപ്രേതങ്ങളായത് അതുകൊണ്ടാണ്. സാർവത്രിക പെൻഷൻ എന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അത് ജലരേഖയായി. യുഡിഎഫ് ഭരണകാലത്ത് 600 രൂപ പെൻഷൻ അനുവദിച്ചത് 32 ലക്ഷം പേർക്ക്. അതാകട്ടെ ഒന്നോ ഒന്നരയോ വർഷം കൂടുമ്പോൾ നൽകിയാലായി നൽകിയില്ലെങ്കിലായി. എന്നാൽ, 60 വയസ്സുകഴിഞ്ഞ അർഹരായ എല്ലാവർക്കും 1400 രൂപ പ്രതിമാസം പെൻഷൻ എൽഡിഎഫ് സർക്കാർ നൽകുന്നു. മാസംതോറും സഹകരണബാങ്കുകൾ മുഖാന്തരം തുക പാവപ്പെട്ടവരുടെ വീടുകളിലെത്തിക്കുന്നു. ഇങ്ങനെ 56 ലക്ഷം പേർക്ക് മാസംതോറും പെൻഷൻ കിട്ടുന്നു. സാമൂഹ്യപെൻഷൻ ലഭിക്കുന്നവരുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ എൽഡിഎഫിന്റെ പ്രാദേശികഭരണങ്ങൾ നടപടി എടുക്കും.


 

യുവാക്കൾക്കും സ്ത്രീകൾക്കും ജോലി നൽകാനും കുടുംബശ്രീ കൂടുതൽ ശക്തിപ്പെടുത്താനും എൽഡിഎഫ് ജയിക്കണം. എന്ത്‌ ഇടങ്കോലിടൽ ഉണ്ടായാലും സാധാരണജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വലിയ തൊഴിൽസാധ്യത സൃഷ്ടിക്കുന്നതാണ്. ക്ലാസ്‌മുറികൾ ഹൈടെക് ആക്കിയതടക്കമുള്ള നടപടി പ്രാദേശികഭരണത്തിന്റെ ഉദ്ദേശ്യങ്ങളെ ബലപ്പെടുത്തുന്നതാണ്.

മാലിന്യമുക്തകേരളം എന്നത്  യാഥാർഥ്യമാക്കാനും ഹരിതനാടിനുവേണ്ടിയും പിണറായി വിജയൻ സർക്കാരിനോളം പ്രതിബദ്ധത കാട്ടിയ മറ്റൊരു സർക്കാരില്ല. ഈ നാടിനെ എല്ലാ അർഥത്തിലും സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കാൻ എൽഡിഎഫ് ഭരണം പ്രാദേശികമായി നിലവിൽ വരണം. ഐശ്വര്യപൂർണവും ജനാധിപത്യപൂർണവുമായ കേരളം കെട്ടിപ്പടുക്കുന്നതിന് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top