06 October Thursday

സാംസ്കാരിക പ്രവർത്തനത്തിന്റെ ദിശ - പ്രൊഫ. വി എൻ മുരളി എഴുതുന്നു

പ്രൊഫ. വി എൻ മുരളിUpdated: Wednesday Jun 9, 2021


പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നതിന് തൊട്ടുമുമ്പ് അവതരിപ്പിച്ച സംഗീതശിൽപ്പം കേരളത്തിന്റെ ഇന്നലെകൾ എങ്ങനെ ആയിരുന്നു എന്നുള്ള ഓർമപ്പെടുത്തലായിരുന്നു. പാട്ടും സംഗീതവും നാടകവും കഥാപ്രസംഗവുമെല്ലാം നമ്മുടെ നാടിനെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ‘പാട്ടുകാരനാണ് നാളെയുടെ ഗാട്ടുകാരൻ... എന്നറിയിക്കുന്നതായിരുന്നു ആ കാവ്യശിൽപ്പം. അത് കേരളത്തിന്റെ ചരിത്രവൽക്കരണമായി മാറി. ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തെ രൂപപ്പെടുത്തിയത് പോരാട്ടങ്ങളാണെന്നും അത്തരം സമരങ്ങളിൽ സംഗീതവും സാഹിത്യവും വിവിധ കലാരൂപങ്ങളും ഒപ്പമുണ്ടായിരുന്നുവെന്നും ഓർമിച്ചെടുക്കാൻ ആ സാംസ്കാരിക പരിപാടി സഹായകമായി. രണ്ടാം പിണറായി സർക്കാർ മുമ്പുള്ളതുപോലെതന്നെ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് തുടർച്ച കുറിക്കുമെന്നും തെളിയിക്കപ്പെട്ടു. ഇടതുപക്ഷ തുടർഭരണമെന്ന ചരിത്രയാഥാർഥ്യത്തിനു മുന്നിൽ കേരളീയരുടെയെല്ലാം അഭിമാനക്കൊടി ഉയർന്നുപാറി.

അധികാരമേറ്റ പിണറായി സർക്കാർ കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ ഒരു ഗതിമാറ്റത്തിന് അടിത്തറയിടുകയാണ്. കേരള സമ്പദ്‌ഘടനയെ ജ്ഞാനസമ്പദ്‌ഘടന (നോളജ്‌ ഇക്കണോമി)യിലേക്ക് പരിവർത്തിപ്പിക്കുമ്പോൾ അതിനനുസരണമായി സാംസ്കാരികരംഗവും മാറേണ്ടതുണ്ട്. അടിത്തറയിൽ വരുന്ന ഈ മാറ്റം സാംസ്കാരിക മേൽപ്പുരയിലും പ്രതിഫലിക്കണം. പുതിയൊരു സാംസ്കാരികനയവും പ്രവർത്തന പദ്ധതിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്ത്യ പഴയ നാടുവാഴിത്തത്തിൽനിന്ന്‌ ആധുനിക ദിശയിലേക്ക് മാറിയ കാലത്ത് വലിയ മാറ്റങ്ങളാണ് കലയുടെയും സാഹിത്യത്തിന്റെയും രംഗത്തുണ്ടായത്. ഫ്യൂഡൽ സാങ്കേതികവിദ്യകളെയും സാഹിത്യ മാതൃകകളെയും നിരസിച്ചുകൊണ്ട് അന്ന് പുതിയ സാഹിത്യ കലാരൂപങ്ങൾ ഉണ്ടായി. 1936ൽ പിറവികൊണ്ട അഖിലേന്ത്യാ പുരോഗമന സാഹിത്യമാണ് അന്ന് മാറ്റത്തിന് നാന്ദികുറിച്ചത്. ഇന്ത്യൻ ഭാഷകളിലെല്ലാം രാജകീയ പാരമ്പര്യങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങി. സാഹിത്യത്തിന്റെയും കലയുടെയും കേന്ദ്ര സ്ഥാനത്ത് ‘സാമൂഹ്യമനുഷ്യ‘നെ പ്രതിഷ്ഠിച്ചു. ‘മനുഷ്യത്വത്തിന് ആര് കാവൽ നിൽക്കും’ എന്ന മാക്സിം‌ഗോർക്കിയുടെ ചോദ്യത്തിന് ഉത്തരം തേടി ഇന്ത്യയിലെ എഴുത്തുകാരും രംഗത്തുവന്നു. കേരളത്തിലും 1937ൽ ജീവൽ സാഹിത്യസംഘടനയിലൂടെ ഈ ദിശാമാറ്റം വന്നുചേർന്നു. ചങ്ങമ്പുഴ മുതലുള്ള കവികളും ദേവ്, തകഴി, ബഷീർ തലമുറയിലെ ഗദ്യസാഹിത്യകാരന്മാരും എം പി പോൾ, മുണ്ടശ്ശേരി തുടങ്ങിയ നിരൂപകന്മാരും വലിയമാറ്റങ്ങൾ വരുത്തി. മതനിരപേക്ഷതയിലും മാനവികതയിലും ഊന്നിയ സാഹിത്യവും കലയും ശക്തമായി. ഇത്തരത്തിൽ പുതിയൊരു നവോത്ഥാനം സാംസ്കാരികമേഖലയിൽ സൃഷ്ടിക്കുകയാണ് ഇന്നത്തെ ആവശ്യം.

കേരളം ജ്ഞാനസമൂഹമായി (നോളജ്‌ സൊസൈറ്റി) മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അങ്ങനെ മാറുമ്പോൾ ആ സമൂഹത്തിലെ സാംസ്കാരിക നിർമിതിയിലും അടിമുടി മാറ്റം വരണം. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ സാംസ്കാരിക ജ്ഞാന നിർമിതികേന്ദ്രങ്ങളായി മാറണം. പഴയ രീതിയിലുള്ള കവിതാ ക്യാമ്പുകളോ സാഹിത്യമേളകളോ മതിയാകില്ല. സാംസ്കാരിക സിനിമാ കലാപ്രവർത്തനങ്ങൾ ജ്ഞാനോൽപ്പാദനവുമായി ബന്ധപ്പെട്ടാണ്  ഇനി വികസിക്കേണ്ടത്. ഡിജിറ്റൽ ടെക്നോളജി  ഓരോ വ്യക്തിയെയും  ഓരോ ജ്ഞാനോൽപ്പാദന യൂണിറ്റാക്കി മാറ്റിയെടുക്കണം. കലാസാഹിത്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനപരമായ ഗതിമാറ്റമാണ്‌ (പാരഡൈം ഷിഫ്‌റ്റ്‌) ഉണ്ടാകേണ്ടത്. ഇതിനായി പുതിയൊരു മാനിഫെസ്റ്റോ കലയുടെയും സാഹിത്യത്തിന്റെയും മേഖലയിലുണ്ടാകണം.

‘ഇന്ന് സാംസ്കാരികമായ ഇടപെടലുകൾമാത്രം പോരാ; സംസ്കാരത്തിൽ  ഇടപെട്ട് മാറ്റം വരുത്തണം. ജാതിമത വർഗീയതകളിൽനിന്ന്‌ മനുഷ്യമനസ്സിനെ രക്ഷിച്ചെടുക്കാൻ കഴിയുന്ന സാംസ്കാരിക ജ്ഞാനനിർമിതി കേന്ദ്രങ്ങളായി നമ്മുടെ അക്കാദമികൾ മാറണം

പ്രളയദുരിതങ്ങളും നിപാ, കോവിഡുപോലുള്ള പകർച്ചവ്യാധികളും കേന്ദ്ര ഭരണകൂടത്തിന്റെ മതരാഷ്ട്രവാദവുമെല്ലാം കലാകാരന്റെയും എഴുത്തുകാരന്റെയും മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്. കേരളീയ മനസ്സുകളെ മാനവികതയിലും മതനിരപേക്ഷതയിലും ഉറപ്പിച്ചു നിർത്താനുള്ള ചുമതല സാംസ്കാരിക പ്രവർത്തകർ ഏറ്റെടുക്കണം. പഴയ രീതിയിലുള്ള സാഹിത്യസാംസ്കാരിക പ്രവർത്തനശൈലികൾ കാലഹരണപ്പെട്ടു കഴിഞ്ഞു. ഡോ. കെ എൻ  പണിക്കർ പറഞ്ഞതുപോലെ ‘ഇന്ന് സാംസ്കാരികമായ ഇടപെടലുകൾമാത്രം പോരാ; സംസ്കാരത്തിൽ  ഇടപെട്ട് മാറ്റം വരുത്തണം. ജാതിമത വർഗീയതകളിൽനിന്ന്‌ മനുഷ്യമനസ്സിനെ രക്ഷിച്ചെടുക്കാൻ കഴിയുന്ന സാംസ്കാരിക ജ്ഞാനനിർമിതി കേന്ദ്രങ്ങളായി നമ്മുടെ അക്കാദമികൾ മാറണം. സാംസ്കാരിക രാഷ്ട്രീയ (കൾച്ചറൽ പൊളിറ്റിക്‌സ്‌)മെന്ന മത ജാതി വംശീയ രാഷ്ട്രീയം ജനമനസ്സുകളെ വിഘടിപ്പിക്കുന്ന ഇക്കാലത്ത് അതിനെതിരെയുള്ള സാംസ്കാരിക പ്രവർത്തനം അക്കാദമികൾ ഏറ്റെടുക്കണം.

ജ്ഞാനസമൂഹത്തിൽ സാങ്കേതികവിദ്യക്കും നൈപുണി വികസനത്തിനും പ്രാധാന്യമുണ്ട്. സാംസ്കാരികമായ നൈപുണി വികസനത്തെക്കുറിച്ചും മാനസികോന്നമനത്തിനുവേണ്ട കാര്യപരിപാടികളെക്കുറിച്ചും ചിന്ത ഉണ്ടാകണം. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയിരിക്കുന്ന ജാതിമതനിരപേക്ഷമായ ദിശാബോധം സാംസ്കാരിക പ്രവർത്തനത്തിന്റെ ശക്തിയായി മാറണം. ഒരു കാലത്ത് പുരോഗമന സാഹിത്യവും സംഗീതവും മറ്റ് കലാരൂപങ്ങളും എത്ര വലിയ കലാപ്രതിഭകളെയാണ് സംഭാവന ചെയ്തിട്ടുള്ളതെന്ന് നമുക്കറിയാം. എന്നാൽ, ഇടക്കാലത്ത് അതിന് കുറവു വന്നു. ഇന്ന് ജനങ്ങളെ ഗോമൂത്രപാനത്തിലേക്കും ചാണകസ്നാനത്തിലേക്കും മറ്റ് അസംബന്ധ വിശ്വാസങ്ങളിലേക്കും മറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ കഴിയുന്ന എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രചോദനവും വേദികളും നൽകുന്ന സാംസ്കാരിക സ്ഥാപനങ്ങളാണ് നമുക്കാവശ്യം.  1936 കാലത്ത് ഇന്ത്യയിലെ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പ്രവർത്തിച്ചത് ജനപക്ഷത്തുനിന്നുകൊണ്ടാണ്. നവോത്ഥാനാശയങ്ങളും മാനവികതയും മതനിരപേക്ഷതയും മനുഷ്യ പുരോഗതിയെക്കുറിച്ചുള്ള ദീപ്തമായ വിശ്വാസവുമൊക്കെ ആയിരുന്നു അവരുടെ കൈമുതൽ. ജനങ്ങൾ അവരുടെ രചനകളെ ഏറ്റുവാങ്ങിയിരുന്നു.

എന്നാൽ, 1960കളിൽ മധ്യവർഗത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങളായിത്തീർന്നു കലാനിർമിതികൾ. ജനസ്വീകാര്യതയെ അപഹസിച്ചും നിരസിച്ചും അപരവൽക്കരിക്കപ്പെട്ടു. ജനങ്ങളെ പ്രാന്തവൽക്കരിക്കുകയും അരാഷ്ട്രീയവൽക്കരിക്കുകയും ചെയ്തു. എന്നാൽ, ഇന്നത്തെ പ്രളയവും കോവിഡുമെല്ലാം മാറിച്ചിന്തിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നു. ജനങ്ങളെ ഭയപ്പെടുത്തുന്ന വർഗീയ പ്രചാരണങ്ങളെയും ആ വഴിക്കുള്ള പ്രവർത്തനങ്ങളെയും തള്ളിക്കളയണമെന്ന ചിന്ത പൊതുവിൽ വളരുന്നു. ഈ സന്ദർഭത്തിൽ നിർഭയരായി നിലകൊള്ളാൻ ജനങ്ങൾക്ക് ആത്മധൈര്യം പകരുന്ന കലയും സാഹിത്യവും ഉണ്ടാകണം. മനുഷ്യരുടെ ഉൽക്കണ്ഠയും വിഷാദവും ദൂരീകരിക്കാൻ സാംസ്കാരിക കലാപ്രവർത്തനങ്ങൾക്ക് കഴിയണം. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് ശൈലിയെ തോൽപ്പിക്കാൻ അടിത്തട്ടിലുള്ള സാംസ്കാരിക പ്രവർത്തനങ്ങളാണ് വേണ്ടത്. നിരന്തരമായ ജനാധിപത്യ സാംസ്കാരിക പ്രവർത്തനമാണ് ഇന്നത്തെ അടിയന്തര കടമ.

കേരളത്തിലെ രാഷ്ട്രീയ തലമുറമാറ്റം ഇന്ത്യയിൽത്തന്നെ ഒരു കേരള മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മറ്റു രാഷ്ട്രീയ പാർടികളെല്ലാം കുടുംബാധിപത്യപരവും വ്യക്ത്യാധിപത്യപരവുമായി മാറിയിരിക്കുന്നു. മുപ്പതും നാൽപ്പതും വർഷം ജനപ്രതിനിധികളായി അസംബ്ലിയിലും പാർലമെന്റിലും ഭരണജീവിതം നയിക്കുന്ന ആധുനിക നാടുവാഴികളാണ് ഇന്ത്യൻ രാഷ്ട്രീയക്കാർ. അതിനൊരു ഗതിമാറ്റം വരുത്തിയിരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷം. പദവികളിൽ സുസ്ഥിരമുഖങ്ങളെ പ്രതിഷ്ഠിക്കുന്ന രീതി മാറ്റിയിരിക്കുന്നു. ഈയൊരു പരിവർത്തനം സാംസ്കാരിക മേഖലയിലും കൊണ്ടുവരണം. പുതിയ കാഴ്ചപ്പാടും പ്രവർത്തനശേഷിയുമുള്ള പുതുതലമുറ കടന്നുവരട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top