20 June Thursday

ജനസാമാന്യത്തിന്റെ താൽപ്പര്യങ്ങൾക്ക‌് പ്രാമുഖ്യം ലഭിച്ചു

ഡോ. കെ എന്‍ പണിക്കര്‍Updated: Saturday Feb 23, 2019


ഒരു ഭരണത്തിന്റെ നേട്ടങ്ങൾ വിലയിരുത്താൻ പല മാനദണ്ഡങ്ങളും ഉപയോഗിച്ച് കാണാറുണ്ട്. ഭരണനിർവഹണത്തിലുണ്ടായ നേട്ടങ്ങൾക്ക് സാധാരണഗതിയിൽ പ്രാധാന്യം ലഭിക്കുന്നു. ഏറ്റെടുത്ത പദ്ധതികൾ, നിറവേറ്റിയ വാഗ‌്ദാനങ്ങൾ, പൂർത്തിയാക്കിയ വികസനപ്രവർത്തനങ്ങൾ എന്നിവ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു.  ഈ മേഖലകളിലൊക്കെ കഴിഞ്ഞ മൂന്നു കൊല്ലത്തെ നേട്ടങ്ങൾ ആപേക്ഷികമായും വസ‌്തുതാപരമായും വിലയിരുത്തപ്പെട്ടിട്ടുമുണ്ട്.  പക്ഷേ, ഈ 1000 ദിനങ്ങളുടെ പ്രാധാന്യം വസ‌്തുതാ വിവരങ്ങളിൽ മാത്രം അടങ്ങിനിൽക്കുന്നതല്ല. ഒരു ‘പ്രവർത്തിക്കുന്ന’ ഭരണം നടപ്പിൽവരുത്തുകയും ജനസാമാന്യത്തിന്റെ താൽപ്പര്യങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുകയും ചെയ‌്തിരിക്കുന്നത‌് എടുത്തുപറയേണ്ട കാര്യമാണ്.  കോർപറേറ്റ് മുതലാളിത്തം വാണരുളുന്ന ഒരു കാലഘട്ടത്തിൽ മറ്റൊരു പാത സാധ്യമാണെന്ന ശ്രമകരമായ പരിപാടി മുന്നോട്ടുവയ‌്ക്കാൻ കഴി‍ഞ്ഞുവെന്നത് ഒരു ചെറിയ കാര്യമല്ല.  ഭരണസംവിധാനങ്ങളിൽ പലപ്പോഴും ദൃശ്യമാകുന്ന അനിശ്ചിതത്വത്തിനും ജനവിരുദ്ധ സമീപനത്തിൽനിന്നും വ്യത്യസ‌്തമായ കണിശമായ ദ്രുതഗതിയിലുള്ള തീരുമാനമെടുക്കാനും അവയെ പ്രാവർത്തികമാക്കാനും ഔദ്യോഗിക ചട്ടക്കൂടിനെ ഉപയോഗപ്പെടുത്താനുമുള്ള  പ്രയത‌്നങ്ങൾ ഈ ഭരണത്തിന്റെ മുഖമുദ്രയായി  കണക്കാക്കപ്പെടുന്നു. ഭരണസംസ‌്കാരം ഒരു  ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതുകൊണ്ട് പുതിയ സാമ്പത്തിക സാമൂഹ്യനയങ്ങൾക്ക് രൂപംനൽകാനുള്ള കാൽവയ‌്പുകളുണ്ടായി. 

കേരള നവോത്ഥാനത്തിന്റെ പുതിയ ഘട്ടവും മുന്നേറ്റവും
ഇന്ത്യയുടെ ഭരണവ്യവസ്ഥിതിയുടെ സുപ്രധാനമായ അടിസ്ഥാന തത്വങ്ങൾ ഫെഡറലിസവും മതേതരത്വവുമാണ്.  കഴിഞ്ഞ മൂന്ന‌ു കൊല്ലങ്ങളിൽ ഇവയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള നടപടികൾക്ക് പ്രാമുഖ്യം ലഭിച്ചു.  നോട്ട‌് നിരോധനത്തിനും ചരക്കു നികുതിക്കുമെതിരായി കേരളം വഹിച്ച നേതൃപരമായ പങ്ക് അഭിമാനകരമായ ഉദാഹരണങ്ങളാണ്.  ഒരു മുതലാളിത്ത വ്യവസ്ഥയുടെ ചട്ടക്കൂടിൽ പ്രവർത്തിക്കുമ്പോൾ പുരോഗമന കക്ഷികൾക്ക് ദ്വിമുഖ കടമ നിറവേറ്റേണ്ടിവരുമെന്ന് ഇ എം എസ് നമ്പൂതിരിപ്പാട് 1957ൽ തന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായിട്ടുണ്ട്. ഒരേസമയത്ത് ഭരണകർത്തവ്യം നിറവേറ്റുകയും പ്രതിലോമശക്തികൾക്കും ആശയങ്ങൾക്കുമെതിരായി സമരം ഏറ്റെടുക്കുകയും ചെയ്യുകയെന്ന ദൗത്യം. അത്തരമൊരു ഭൂമിക സ‌്തുത്യർഹമായി നിറവേറ്റിയതിന്റെ മകുടോദാഹരണമാണ്  ശബരിമല പ്രക്ഷോഭത്തെ സമീപിച്ച രീതി.

ജനാധിപത്യശക്തികൾക്കും ലിംഗസമത്വത്തിനും അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിജയമാണ് ശബരിമല പ്രശ്നത്തെ ഭരണം കൈകാര്യംചെയ‌്ത രീതി

ഭരണത്തിൽ നിക്ഷിപ്തമായ കടമ കൃത്യമായി നിർവഹിക്കുകയും സമാധാനം പരിപാലിക്കുകയെന്ന ഭരണകർത്തവ്യം ഏറ്റെടുക്കുകയും ചെയ്തു.  ജനാധിപത്യശക്തികൾക്കും ലിംഗസമത്വത്തിനും അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിജയമാണ് ശബരിമല പ്രശ്നത്തെ ഭരണം കൈകാര്യംചെയ‌്ത രീതി.  അതേസമയംതന്നെ യാഥാസ്ഥിതികയ‌്ക്കും പുരുഷമേധാവിത്വത്തിനും ഏറ്റ വലിയ തിരിച്ചടിയും, കേരള നവോത്ഥാനത്തിന്റെ പുതിയ ഘട്ടവും മുന്നേറ്റവുമായി ഈ ഭരണത്തിന്റെ നയത്തെ വിലയിരുത്തുന്നതിൽ അപാകതയുണ്ടെന്നു തോന്നുന്നില്ല. 

ഈ മന്ത്രിസഭയുടെ കാര്യക്ഷമതയെയും ജനകീയ സ്വഭാവത്തെയും സംശയമെന്യേ അടയാളപ്പെടുത്തിയത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായ പ്രളയത്തോടുള്ള പ്രതികരണമാണ്.  കേന്ദ്രഭരണത്തിന്റെ നിസ്സഹകരണവും ശത്രുതാഭാവവും മറികടന്നുകൊണ്ട് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ നേതൃത്വത്തിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. കേരളത്തിന്റെ പുനർനിർമാണ‌ പ്രവർത്തനങ്ങൾ ഒരു മാതൃകയായി പലരും പ്രകീർത്തിച്ചിരിക്കുന്നു. 

കഴിഞ്ഞ മൂന്ന‌ു കൊല്ലങ്ങളിൽ കേരളം ഒരു പുതിയ കുതിപ്പിന് സാക്ഷ്യംവഹിച്ചിരിക്കുന്നു.  ഒരു ആധുനിക കേരള സൃഷ്ടിയുടെ നിർണായകമായ കാലഘട്ടമാണിത്.  ഈ ചരിത്രദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന ഭരണത്തിന് ക്രിയാത്മകവും യുക്തിഭദ്രവുമായ പിന്തുണ ജനസമൂഹത്തിൽനിന്ന് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top