26 March Tuesday

കര്‍ഷക ഐക്യത്തിന്റെ മഹാവിജയം: സിക്കര്‍ സമരവിജയത്തെപ്പറ്റി സമരനായകന്‍ അമ്രാ റാം സംസാരിക്കുന്നു

എം പ്രശാന്ത്Updated: Tuesday Oct 10, 2017

അമ്രാ റാം (ഇടത്ത് ) ഫോട്ടോ: കെ എം വാസുദേവന്‍

പതിമൂന്ന് നാള്‍ നീണ്ട പോരാട്ടം. 13 മണിക്കൂര്‍ നേരത്തെ മാരത്തണ്‍ ചര്‍ച്ച. 11 ഇന ആവശ്യങ്ങളും നേടിയെടുത്ത് ആഗസ്ത് 13 ന് പുലര്‍ച്ചെ ഒരു മണിക്ക് ജയ്പ്പൂരിലെ കൃഷിഭവനില്‍ നിന്ന് കിസാന്‍സഭ നേതാക്കള്‍ പുറത്തിറങ്ങുമ്പോള്‍ ആവേശത്തോടെ വരവേല്‍ക്കാന്‍ നൂറുകണക്കിന് സ്ത്രീകളടക്കം ആയിരങ്ങളാണ് ഉറക്കമൊഴിച്ച് കാത്തിരുന്നത്. ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗമെന്ന് രാജ്യത്തെ കര്‍ഷക സമൂഹത്തെയാകെ ബോധ്യപ്പെടുത്തിയ രാജസ്ഥാനിലെ ഐതിസാഹിക സമരത്തിന് നേതൃത്വം നല്‍കിയത് കിസാന്‍സഭയുടെ അഖിലേന്ത്യാ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ അമ്രാ റാം. ഹിസാറില്‍ ചേര്‍ന്ന കിസാന്‍സഭയുടെ അഖിലേന്ത്യാ സമ്മേളനത്തിനിടെ അമ്രാ റാം തന്റെ സമരാനുഭവങ്ങള്‍ ദേശാഭിമാനിയുമായി പങ്കുവെച്ചു.

രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ കര്‍ഷക സമരമായിരുന്നു രാജസ്ഥാനിലേത്. ലക്ഷകണക്കിന് കര്‍ഷകരെ തെരുവില്‍ അണിനിരത്തിയുള്ള ഈ സമരത്തിനായി പ്രത്യേകമായ തയ്യാറെടുപ്പോ ഒരുക്കങ്ങളോ കിസാന്‍സഭ നടത്തിയിരുന്നോ?
അത്തരത്തില്‍ പ്രത്യേകമായ തയ്യാറെടുപ്പുകള്‍ ഉണ്ടായില്ല. എന്നാല്‍ രാജസ്ഥാനിലെ കര്‍ഷകര്‍ രാജ്യത്ത് മറ്റെവിടുത്തെയും പോലെ തന്നെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിലതകര്‍ച്ച പോലുള്ള കാരണങ്ങളാല്‍ അസ്വസ്ഥരായിരുന്നു. സംസ്ഥാനത്തെ വസുന്ധരരാജെ സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ മോഡി സര്‍ക്കാരിന്റെയും കര്‍ഷകവിരുദ്ധ നടപടികള്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് ആക്കം പകര്‍ന്നു. ഈ വര്‍ഷം തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെതിരായി കര്‍ഷകര്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് സര്‍ക്കാരിന് നിരക്കുവര്‍ധനവ് പിന്‍വലിക്കേണ്ടി വന്നു.

ഉല്‍പ്പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്ന് കൃഷി തീര്‍ത്തും നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രക്ഷോഭ മാര്‍ഗത്തിലേക്ക് കര്‍ഷകര്‍ക്ക് നീങ്ങേണ്ടി വന്നത്. കടബാധ്യത പെരുകിയതോടെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഒരേ പോലെ ദുരിതത്തിലായി. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാതെ വന്നതോടെ കര്‍ഷക രോഷം തീവ്രമായി. പല ഘട്ടങ്ങളിലായാണ് സമരം ചൂടുപിടിച്ചത്. സമരത്തിന് നേതൃത്വം നല്‍കാന്‍ കിസാന്‍സഭ രംഗത്തെത്തിയതോടെ കര്‍ഷകര്‍ കൂട്ടമായി അണിചേരുകയായിരുന്നു. ജൂണ്‍ 17 ന് സംസ്ഥാനവ്യാപകമായി മൂന്നു മണിക്കൂര്‍ റോഡു തടയല്‍ സമരത്തിന് കിസാന്‍സഭ ആഹ്വാനം ചെയ്തു. ഈ പ്രതിഷേധം വലിയ വിജയമായി. തുടര്‍ന്ന് ജൂലൈ 17 ന് നാലു മണിക്കൂര്‍ കര്‍ഷക കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതല്‍ 12 വരെ എല്ലാവിധ കാര്‍ഷിക വൃത്തികളില്‍ നിന്നും കര്‍ഷകര്‍ വിട്ടുനിന്നു. വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിയില്ല. സംസ്ഥാനവ്യാപകമായി മണ്ടികളാകെ (കൃഷിചന്ത) സ്തംഭിച്ചു. ഇത്തരമൊരു പ്രതിഷേധം രാജസ്ഥാനില്‍ ആദ്യമായിരുന്നു.

ആഗസ്ത് ഒന്ന് മുതല്‍ കര്‍ഷകര്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരം ആരംഭിച്ചു. ജില്ലാതലങ്ങളില്‍ കളക്ടറേറ്റുകള്‍ വളഞ്ഞായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കര്‍ഷകര്‍ തടഞ്ഞു. ആഗസ്ത് ഒമ്പതിന് സംസ്ഥാനവ്യാപകമായി വഴിതടയല്‍ സമരം നടന്നു. രാജസ്ഥാനിലെ ദേശീയ പാതകളും സംസ്ഥാന പാതകളുമെല്ലാം സ്തംഭിച്ചു. സമരത്തിന്റെ സിരാകേന്ദ്രമായ സിക്കറില്‍ മാത്രം ലക്ഷകണക്കിന് കര്‍ഷകര്‍ തെരുവിലിറങ്ങി. പുരോഗമപ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമില്ലാത്ത ജില്ലകളില്‍ പോലും പതിനായിരങ്ങള്‍ സമരത്തില്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിയുടെ ശവം വഹിച്ചുള്ള പ്രതീകാത്മക ശവയാത്രകള്‍ സംസ്ഥാനവ്യാപകമായി നടന്നു. ആഗസ്്ത് ഒമ്പത് മുതല്‍ സമരത്തിന്റെ ഭാവമാകെ മാറി. ഒരു ഘട്ടത്തില്‍ തെക്ക് റൂറല്‍ ജയ്പ്പൂര്‍ മുതല്‍ വടക്ക് ഗംഗാനഗര്‍ വരെ 500 കിലോമീറ്ററോളം ദൂരം പൂര്‍ണമായും കര്‍ഷകരുടെ നിയന്ത്രണത്തിലായി. റോഡുഉപരോധം അനിശ്ചിതമായി തുടര്‍ന്നതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാവുകയായിരുന്നു.

കിസാന്‍സഭയുടെ മാത്രം വിജയമായി ഈ സമരത്തെ കാണാനാകുമോ?
അങ്ങനെ അവകാശപ്പെടുന്നില്ല. രാഷ്ട്രീയഭേദമെന്യെ ഇത് രാജസ്ഥാനിലെ കര്‍ഷക ജനതയുടെയാകെ വിജയമാണ്. എന്നാല്‍ ഒരു സംഘടനയെന്ന നിലയില്‍ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത് കിസാന്‍സഭയാണ്. സമരം വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് കണ്ടതോടെ മറ്റുചില സംഘടനകള്‍ കൂടി വിജയത്തിന്റെ പങ്ക് പറ്റുന്നതിനായി സമരത്തില്‍ പങ്കാളികളാകാന്‍ ശ്രമം നടത്തി. എന്നാല്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി കിസാന്‍സഭയ്ക്ക് പിന്നില്‍ അണിനിരന്നു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതും കിസാന്‍സഭ പ്രതിനിധികളെ മാത്രമാണ്. കര്‍ഷകര്‍ക്ക് കിസാന്‍സഭയിലുള്ള വിശ്വാസത്തിന് തെളിവ് കൂടിയാണ് സമരവിജയം.

സമര വിജയം ആഘോഷിക്കുന്ന സിക്കറിലെ കര്‍ഷകര്‍

സമര വിജയം ആഘോഷിക്കുന്ന സിക്കറിലെ കര്‍ഷകര്‍

ബഹുജന പിന്തുണ സമരത്തിനുണ്ടായിരുന്നോ? അതോ കര്‍ഷകര്‍ മാത്രമായാണോ സമരം മുന്നോട്ടു കൊണ്ടുപോയത്?
ആഗസ്തില്‍ സമരം തീവ്രമായതോടെ ബഹുജനങ്ങളില്‍ നിന്ന് വലിയ പിന്തുണയുണ്ടായി. പ്രത്യേകിച്ച് സ്ത്രീകളും വിദ്യാര്‍ത്ഥികളും യുവാക്കളും വലിയതോതില്‍ സമരത്തില്‍ അണിനിരന്നു. സിക്കറില്‍ മാത്രം പതിനായിരകണക്കിന് സ്ത്രീകള്‍ സമരത്തില്‍ പങ്കാളികളായി. യുവാക്കളും വിദ്യാര്‍ത്ഥികളും സാമൂഹികമാധ്യമങ്ങളിലൂടെ സമരത്തിന് വലിയ പ്രചാരണമേകി. വ്യാപാരികള്‍ സ്വമേധയാ കടകളടച്ച് സമരത്തിന് പിന്തുണയേകി. തൊഴിലാളികള്‍, അഭിഭാഷകര്‍, ജീവനക്കാര്‍, കന്നുകാലി വ്യാപാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും സമരത്തിന് പിന്തുണ ലഭിച്ചു. അനിശ്ചിതകാല ഉപരോധം തുടങ്ങിയ ഘട്ടത്തില്‍ സമരകാര്‍ക്ക് ഭക്ഷണവും മറ്റ് സൌകര്യങ്ങളും ഒരുക്കാന്‍ വിവിധ വിഭാഗം ജനങ്ങള്‍ മല്‍സരിക്കുകയായിരുന്നു. ക്ഷീരകര്‍ഷകര്‍ സൌജന്യമായി പാല്‍ വിതരണം നടത്തി. വ്യാപാരികള്‍ അരിയും പലവ്യഞ്ജനങ്ങളും നല്‍കി. ആഘോഷവേളകളില്‍ സംഗീതവിരുന്നൊരുക്കുന്ന ഡിജെ ട്രക്കുകള്‍ കൂട്ടത്തോടെ സമരവേദികളിലെത്തി കര്‍ഷകര്‍ക്ക് ആവേശമേകി. ആട്ടോ ടാക്സി ഡ്രൈവര്‍മാര്‍, ബസ്ട്രക്ക് ഡ്രൈവര്‍മാര്‍, മെഡിക്കല്‍ പ്രതിനിധികള്‍, സര്‍പഞ്ചുകള്‍ തുടങ്ങി വിവിധ വിഭാഗം ആളുകള്‍ ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ നടത്തി. സംസ്ഥാന വ്യാപകമായി ലക്ഷങ്ങള്‍ അണിനിരന്ന സമരമായിട്ടും ഒരു ചെറിയ സംഘര്‍ഷം പോലും എവിടെയുമുണ്ടായില്ലെന്നത് അഭിമാനകരമാണ്. ഹിന്ദുക്കളും മുസ്ളീങ്ങളും ഒരേ മനസ്സോടെ സമരത്തില്‍ അണിനിരന്നു. ജാതിമത ചിന്തകള്‍ക്കപ്പുറം തികഞ്ഞ വര്‍ഗബോധം കര്‍ഷകര്‍ പ്രകടമാക്കി.

കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളന വേദിയില്‍ ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരിനൊപ്പം അമ്രാ റാം

കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളന വേദിയില്‍ ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരിനൊപ്പം അമ്രാ റാം

സര്‍ക്കാര്‍ അംഗീകരിച്ച 11 ഇന ആവശ്യങ്ങള്‍ നടപ്പാക്കി തുടങ്ങിയോ? അതോ സമരത്തിലേക്ക് വീണ്ടും തിരിയേണ്ടി വരുമോ?
അമ്പതിനായിരം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. ഇതിനായി ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 20000 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഒരു മാസത്തെ സാവകാശം കൂടി സര്‍ക്കാരിന് നല്‍കും. അതിനകം നടപടിയില്ലെങ്കില്‍ സമരമാര്‍ഗത്തിലേക്ക് വീണ്ടും നീങ്ങും. കര്‍ഷക പെന്‍ഷന്‍ 500 ല്‍ നിന്ന് 2000 ആയി ഉയര്‍ത്തല്‍, എസ്‌സി-എസ്ടി, ഒബിസി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് കുടിശിക വിതരണം ചെയ്യല്‍, കുറഞ്ഞ താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ തന്നെ ധാന്യങ്ങളും മറ്റും സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതെല്ലാം നടപ്പാക്കുമെന്ന് ഉറപ്പുവരുത്തും.

പ്രധാന വാർത്തകൾ
 Top