18 February Monday

അംഗീകരിക്കപ്പെട്ട കർഷക ആവശ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018

ലോങ് മാർച്ചിന്റെ വിജയകരമായ പര്യവസാനത്തിൽ 2018 മാർച്ച് 12ന് മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ മഹാരാഷ്ട്ര കിസാൻസഭയും സംസ്ഥാന സർക്കാരും തമ്മിൽ എത്തിച്ചേർന്ന കരാറിന്റെ പൂർണരൂപം. ഈ കരാറാണ് 2018 മാർച്ച് 13ന് മഹാരാഷ്ട്ര മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ രേഖാമൂലം അവതരിപ്പിച്ചത്.  

1. വനാവകാശനിയമത്തിന്റെ സമയബന്ധിതമായ നടപ്പാക്കൽ
● അവശേഷിക്കുന്ന പ്രശ്നങ്ങളിന്മേലുള്ള പരിഹാരങ്ങൾ ആറുമാസത്തിനുള്ളിൽ അതിവേഗാടിസ്ഥാനത്തിൽ കൈകാര്യംചെയ്യും.
● യഥാർഥ അവകാശത്തേക്കാൾ കുറവാണ് നൽകിയിട്ടുള്ള ഭൂമി എന്ന സാഹചര്യത്തിൽ, ഇത് പുതുതായി അളന്നുതിട്ടപ്പെടുത്തുകയും 2006ലെ പട്ടികജാതികളുടെയും മറ്റു പരമ്പരാഗത വനവാസികളുടെയും (വനാവകാശം) നിയമപ്രകാരം പരമാവധി നാല് ഹെക്ടർ ഭൂമിവീതം നൽകുകയും ചെയ്യും.
● ഈ പ്രക്രിയകളുടെ കൃത്യമായ നടത്തിപ്പിനും മേൽനോട്ടം വഹിക്കുന്നതിനുംവേണ്ടി ഫലപ്രദമായ ഒരു സംവിധാനം സ്ഥാപിക്കും.
2. അറേബ്യൻ ഉൾക്കടലിലേക്ക് ഒഴുകുന്ന നർ‐പാർ, ദാമൻഗംഗ, വാഗ, പിഞ്ഞാൾ എന്നീ നദികളിൽ ഡാം കെട്ടുകയും അതുവഴി ജലം ഗിരാന‐ഗോദാവരി താഴ്വരയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുക; നിയമപരമായി മഹാരാഷ്ട്രയ്ക്ക് അവകാശപ്പെട്ട ജലം ഗുജറാത്തിന് നൽകാതിരിക്കുക
● അറേബ്യൻ ഉൾക്കടലിലേക്ക് ഒഴുകുന്ന നർ‐പാർ, ദാമൻഗംഗ, വാഗ, പിഞ്ഞാൾ എന്നീ നദികളിൽ ഡാമുകൾ കെട്ടുന്നതിനും ജലം ഗിരാന‐ഗോദാവരി താഴ്വരയിലേക്ക് വഴിതിരിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ദേശീയ ജലവികസന അതോറിറ്റി പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നു.
● ഇതിന്മേലുള്ള കരാറിന്റെ കരട് 2017 സെപ്തംബർ 22ന് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ഈ കരാർപ്രകാരം, താഴ്വരയിലെ മഹാരാഷ്ട്രയുടെ ജലം മഹാരാഷ്ട്രയിൽതന്നെ കെട്ടിനിർത്തുകയും അത് സംസ്ഥാനത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യണം.
● മേൽപ്പറഞ്ഞ പ്രോജക്ട് പൂർത്തിയാക്കുന്നതിനുവേണ്ടി മഹാരാഷ്ട്ര സർക്കാർ സമയബന്ധിതമായി ഇടപെടണം.
● 31 ചെറുകിട ജലസേചനപദ്ധതികൾ/കൽവാൻ‐സർഗാന പ്രദേശത്ത് കൊലാപുർ രീതിയിലുള്ള അണകൾ എന്നിവ അതിന്റെ പ്രായോഗികത ഉറപ്പുവരുത്തിയതിനുശേഷം പ്രോജക്ടിൽ ഉൾപ്പെടുത്തും.
● പ്രോജക്ട് നടപ്പാക്കുമ്പോൾ അവിടങ്ങളിലെ ഗോത്ര ഗ്രാമങ്ങൾ ഒഴിപ്പിക്കുകയില്ലെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി പരമാവധി ശ്രദ്ധചെലുത്തും.
3. ദേവസ്ഥാൻ ഭൂമി (അമ്പലം), ഇനാം ഭൂമി, ബിനാമി, ആകാരി പാദ്, വർക്കാസ് ഭൂമി എന്നിവ യഥാർഥ കൃഷിക്കാർക്ക് കൈമാറ്റംചെയ്യുക
● ദേവസ്ഥാൻ, ഇനാം ക്ലാസ് കകക ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച സമിതി 2018 ഏപ്രിലോെടതന്നെ അതിന്റെ റിപ്പോർട്ട് സമർപ്പിക്കും; സമിതിയുടെ ശുപാർശകൾക്കനുസരിച്ചുള്ള നയരൂപീകരണം സർക്കാർ അടുത്ത രണ്ടുമാസങ്ങൾക്കുള്ളിൽ കൈക്കൊള്ളും. ആകാരിപാദും’വർക്കാസ്’ഭൂമിയും അതിന്റെ യഥാർഥ ഉടമകൾക്കോ അവരുടെ അനന്തരാവകാശികൾക്കോ തിരിച്ചുനൽകാൻ സർക്കാർ തീരുമാനമെടുത്തുകഴിഞ്ഞു; അതോടൊപ്പം പ്രസക്തമായ നിയമങ്ങളിലും ചട്ടങ്ങളിലും അതിനനുസരിച്ചുള്ള ഭേദഗതികൾ വരുത്തുന്നതായിരിക്കും. ഈ ആകാരിപാദ് ഭൂമി മൂന്നാമതൊരു കക്ഷി കൈയേറ്റംചെയ്യുന്ന സാഹചര്യമുണ്ടായാൽ ആറുമാസത്തിനകം ഇതിന്മേലുള്ള നയതീരുമാനം സർക്കാർ കൈക്കൊള്ളും.
● ബിനാമി ഭൂമിയുടെ കാര്യത്തിൽ പ്രശ്നം പഠിക്കുന്നതിനുവേണ്ടി നാസിക്കിലെ പ്രാദേശിക കമീഷണറുടെ കീഴിൽ ഒരു സമിതി രൂപീകരിക്കുകയും ഈ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നയരൂപീകരണം നടത്തുകയും ചെയ്യും.
● ഭവനരഹിതർ പുൽത്തകിടികളിൽ അധിവസിക്കുന്നത് നിയമാനുസൃതമാക്കും.
4. സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരം കർഷകർക്ക് സമ്പൂർണവും സമഗ്രവുമായ കടാശ്വാസം അനുവദിക്കുകയും കാർഷികോൽപ്പന്നങ്ങൾക്ക് ഒന്നര ഇരട്ടി വില ഉറപ്പുവരുത്തുകയും ചെയ്യുക
● 46.52 ലക്ഷം കർഷകർക്ക് ഉപകരിക്കുന്നതിനുവേണ്ട ഫണ്ടുകൾ ബാങ്കുകളിലേക്ക് നൽകും.
● ഇന്നേവരെയുള്ള 35.51 ലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കും.
● സ്വാമിനാഥൻ കമീഷൻ ശുപാർശകൾ നടപ്പാക്കുന്നതിന് സമ്മർദം കേന്ദ്ര സർക്കാരിൽ ചെലുത്തും.
● 2001 മുതൽ 2009 വരെയുള്ള കാലയളവിലെ തങ്ങളുടെ ലോൺ കുടിശ്ശികമൂലം 2008ലെ കടാശ്വാസപദ്ധതിയുടെ ഗുണങ്ങൾ ലഭ്യമാകാത്ത കർഷകർക്ക് ഛത്രപതി ശിവജി മഹാരാജ് ഷേത്കാരി സൻമാൻ യോജനയുടെ ഇളവുകൾ അനുവദിച്ചുകൊടുക്കും.
● 2016‐17 കാലയളവിൽ കുടിശ്ശിക വന്നവരുടെ വിവരങ്ങൾ പരിശോധിക്കുകയും അവർക്ക് ആശ്വാസമാകുന്നതിനുവേണ്ട കൃത്യമായ ഒരു പദ്ധതി രൂപപ്പെടുത്തുകയും ചെയ്യും.
●‘ഭർത്താവോ ഭാര്യയോ അല്ലെങ്കിൽ ഇവർ രണ്ടുപേരും പിന്നെ പ്രായപൂർത്തിയെത്താത്ത കുട്ടികളുമടങ്ങുന്ന കുടുംബങ്ങളുടെ 1,50,000 രൂപവരെയുള്ള കടം എഴുതിത്തള്ളും.
● ഒരു കുടുംബത്തിലെ ഓരോ അംഗത്തെയും ഓരോ സ്വതന്ത്ര അപേക്ഷകനായി പരിഗണിക്കണമെന്ന കിസാൻസഭയുടെ ആവശ്യത്തിന്മേൽ ഇത് നടപ്പാക്കിയാലുണ്ടാകുന്ന സാമ്പത്തികഭാരത്തെക്കുറിച്ച് പരിശോധിച്ച് നിജപ്പെടുത്തിയതിനുശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതിനുവേണ്ടി പ്രത്യേകം സമിതി രൂപീകരിക്കുകയും ഒന്നരമാസത്തിനുള്ളിൽ തീരുമാനമെടുക്കുകയും ചെയ്യും.
● ഛത്രപതി ശിവജി മഹാരാജ് ഷേത്കാരി സൻമാൻ യോജന പദ്ധതിയുടെ നടത്തിപ്പിന്റെ മേൽനോട്ടം നിർവഹിക്കുന്നതിന് ഒരു സമിതി രൂപീകരിക്കും. സമിതിയിൽ അംഗങ്ങളായി മന്ത്രിമാരും സമരംചെയ്യുന്ന കർഷകരുടെ പ്രതിനിധികളും ഉണ്ടാകും.
● കാർഷിക ലോണുകൾക്കുപുറമെ എമുവളർത്തൽ, ഷെഡ്നെറ്റുകൾ, പോളി‐ഹൗസുകൾ എന്നിവയുടെ നിർമാണം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മറ്റു പദ്ധതികൾക്കുള്ള നിശ്ചിതകാല ലോണുകളും പദ്ധതിയിൽ ഉൾപ്പെടുത്തും.
● ഛത്രപതി ശിവജി മഹാരാജ് ഷേത്കാരി സൻമാൻ യോജനയിൽ സമയബന്ധിതമായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് 2018 മാർച്ച് 31 വരെ അപേക്ഷിക്കാൻ സാധിക്കും.
● 70:30 ഫോർമുലയുടെ അടിസ്ഥാനത്തിൽ പാലിന്റെ വില നിർണയിക്കുന്നതിന് പ്രത്യേക യോഗം വിളിക്കും.
● കാർഷിക ചെലവിന്റെയും വിലയുടെയും സംസ്ഥാന കമീഷൻ അതിന്റെ സമഗ്രതയോടുകൂടി രൂപീകരിക്കുകയും കാർഷികോൽപ്പന്നങ്ങൾക്ക് ലാഭകരമായ വില ലഭ്യമാക്കുന്നതിനുള്ള കരുതൽ നടപടികൾ കമീഷനിലൂടെ നടപ്പാക്കുകയും ചെയ്യും. ഒപ്പം പഞ്ചസാര വിലനിയന്ത്രണ കമ്മിറ്റിയും രൂപീകരിക്കും.
● സഞ്ജയ്ഗാന്ധി നിരാധർ യോജന, ശ്രാവൺ ബാലന്ദ് ഇന്ദിരാഗാന്ധി ഓൾഡ് ഏജ് പെൻഷൻ യോജന എന്നിവ നടപ്പാക്കുകയും ഈ പദ്ധതികളിന്മേൽ അനുവദിക്കുന്ന തുക 2000 ആയി വർധിപ്പിക്കുകയും ചെയ്യും.
● ഇതിന്—സർക്കാർ അനുകൂലമാണ്. ഈ പദ്ധതികൾക്കുകീഴിൽ എത്ര തുക വർധിപ്പിക്കാമെന്നതിന്മേൽ ഒരു പുനഃപരിശോധന നടത്തുകയും നിയമസഭയുടെ വരുന്ന മൺസൂൺ സെഷനിൽ തീരുമാനമെടുക്കുകയും ചെയ്യും. ഇതിനായി പരമാവധി വേഗത്തിൽ താലൂക്കുതല കമ്മിറ്റികൾ രൂപീകരിക്കും.
● സഞ്ജയ്ഗാന്ധി നിരാധർ പദ്ധതിക്കും ശ്രാവൺ ബാലന്ദ് പദ്ധതിക്കും വേണ്ടി എല്ലാ ജില്ലയിലും മാസത്തിൽ ഒരു ദിവസം പ്രായംതെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് നിശ്ചയിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ എംബിബിഎസ് ഡോക്ടർമാരായിരിക്കും ഈ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യുന്ന അധികാരികൾ.
5. പഴയ റേഷൻ കാർഡുകളുടെ മാറ്റവും സമ്മിശ്ര റേഷൻ കാർഡുകളുടെ വിഭജനവും
● സർക്കാർ അടുത്ത ആറുമാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്ന ഉറപ്പ് തന്നതുവഴി ഇതിനോട് അനുകൂലമായിരിക്കുന്നു. ന്യായമായ വിലയ്ക്ക് പൊതുവിതരണകേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത സംബന്ധിച്ചുള്ള പരാതികളിൽ ചീഫ് സെക്രട്ടറി ദ്രുതഗതിയിൽ അന്വേഷണം നടത്തും.
6. സമൃദ്ധി മഹാമാർഗും ബുള്ളറ്റ് ട്രെയിൻ പ്രോജക്ടുകളുമടക്കമുള്ള വികസനപ്രവർത്തനങ്ങളുടെ പേരിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാതിരിക്കുക
● ഈ വികസനപ്രവർത്തനങ്ങൾക്കുള്ള ഭൂമി കർഷകരുടെ പൂർണസമ്മതത്തോടെമാത്രമേ ഉപയോഗിക്കൂ.
7. പരുത്തിയെ ബാധിക്കുന്ന കീടാക്രമണത്തിലും കൊടുങ്കാറ്റിലുംപെട്ട് കൃഷിനശിച്ച കർഷകർക്ക് ഏക്കറിന് 40,000 രൂപവീതം നഷ്ടപരിഹാരം
● ഈ ദുരിതങ്ങളുടെ നഷ്ടം നികത്തുന്നതിന് തീരുമാനമെടുക്കുകയും 2018 ഫെബ്രുവരി 28ന് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര സർക്കാരിനും ഒരു അഭ്യർഥന  അയച്ചിരുന്നു. എന്തുതന്നെയായാലും അതിന്റെ തീരുമാനത്തിന് കാത്തിരിക്കാതെ, ദുരിതബാധിതരായ എല്ലാ കർഷകർക്കും ദ്രുതഗതിയിൽതന്നെ നഷ്ടപരിഹാരം നൽകും.
● ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള ഗ്രാമസഭയുടെ അനുമതിയുടെ അവസ്ഥ വളരെ സർവപ്രധാനമായ പൊതുപദ്ധതിയുടെ കാര്യത്തിൽമാത്രം 'പെസ' റദ്ദാക്കിയിരിക്കുന്നു. എന്തുതന്നെയായാലും ബന്ധപ്പെട്ട കർഷകരുടെ സമ്മതം ലഭ്യമാക്കണം. സ്വകാര്യപദ്ധതികളുടെയോ മറ്റു പദ്ധതികളുടെയോ കാര്യത്തിൽ ഗ്രാമസഭയുടെ അംഗീകാരത്തിന്റെ അവസ്ഥ എന്താണോ അതുതന്നെ തുടരും●
 

പ്രധാന വാർത്തകൾ
 Top