04 October Wednesday

കാലം തെറ്റിയ കിരീടധാരണം

വി ബി പരമേശ്വരൻUpdated: Saturday May 6, 2023

ചാൾസ്‌ മൂന്നാമൻ ബ്രിട്ടനിലെ (യുകെ) രാജാവായി ശനിയാഴ്‌ച ഇന്ത്യൻസമയം പകൽ മൂന്നരയോടെ കിരീടധാരണം നടത്തും. ആംഗ്ലിക്കൻ സഭയുടെ ആസ്ഥാനമായ വെസ്റ്റ്‌ മിനിസ്റ്റർ ആബെയിൽവച്ചാണ്‌ ‘വിശുദ്ധരാജ്യ’ത്തിന്റെയും ‘രാജകീയ പൗരോഹിത്യ’ത്തിന്റെയും മേധാവിയായി ചാൾസ്‌ മൂന്നാമൻ ചുമതലയേൽക്കുന്നത്‌. ബ്രിട്ടനിലെ ജനങ്ങൾ അതിവേഗം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന രാജഭരണത്തെയും പള്ളിയെയും വീണ്ടും ജനങ്ങളുടെ മനസ്സിൽ പ്രതിഷ്‌ഠിക്കാനുള്ള അവസരമായാണ്‌ റോയലിസിസ്റ്റുകളും (രാജവാഴ്‌ചയെ പിന്തുണയ്‌ക്കുന്നവർ) അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ശ്രമിക്കുന്നത്‌.

മതരഹിത സമൂഹത്തിലേക്ക്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യമാണ്‌ ഇന്ന്‌ ബ്രിട്ടൻ. 2018ലെ ബ്രിട്ടീഷ്‌ സോഷ്യൽ ആറ്റിറ്റ്യൂഡ്‌ സർവേ അനുസരിച്ച്‌ 52 ശതമാനം ജനങ്ങളും ഒരുമതത്തിലും വിശ്വസിക്കാത്തവരാണ്‌. 18നും 24നും ഇടയിൽ പ്രായമുള്ളവരിൽ ക്രിസ്‌ത്യൻ മതവിശ്വാസികളായിട്ടുള്ളത്‌ ഒരു ശതമാനംമാത്രമാണ്‌. ക്രിസ്‌ത്യൻ മതത്തിൽ വിശ്വസിക്കുന്നവരുടെ ശതമാനം രണ്ടു ദശാബ്ദംമുമ്പ്‌ 66 ശതമാനം ആയിരുന്നെങ്കിൽ ഇന്നത്‌ 33 ശതമാനംമാത്രമാണ്‌. രാജവാഴ്‌ചയെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം ഈ രീതിയിൽ കുറഞ്ഞെന്ന്‌ പറയാനാകില്ലെങ്കിലും വർഷംതോറും അവരുടെ സഖ്യയും പിറകോട്ടാണ്‌. കടുത്ത രാജപക്ഷപാതികളെന്ന്‌ പറയാവുന്നവർ ഏഴു ശതമാനം മാത്രമാണ്‌ എന്നാണ്‌ അടുത്തിടെ  പ്രസിദ്ധീകരിച്ച സർവേ പറയുന്നത്‌. എന്നാൽ, 60 ശതമാനത്തോളം ജനങ്ങളും നിയന്ത്രിത രാജവാഴ്‌ചയെന്ന സംവിധാനത്തെ അംഗീകരിക്കുന്നുവെന്ന്‌ അടുത്തിടെ പ്രസിദ്ധീകരിച്ച മറ്റൊരു സർവേ ഫലം വ്യക്തമാക്കിയിട്ടുമുണ്ട്‌ (ദ ഹിന്ദു, മെയ്‌ 4).

ബ്രിട്ടനിലെ ആദ്യ സ്റ്റുവർട്ട്‌ രാജാവ്‌ ജെയിംസ്‌ ഒന്നാമനാണ്‌ രാജ്യവും മതവും ഭരിക്കാൻ ദൈവംതന്നെയാണ്‌ തങ്ങളെ ഭരണാധികാരികൾ ആക്കിയിരിക്കുന്നതെന്ന ‘ദൈവദത്താവകാശ സിദ്ധാന്തം’ അവതരിപ്പിച്ചത്‌. അതിന്റെ തുടർച്ചയും ആവർത്തനവുമെന്നപോലയാണ്‌ ചാൾസ്‌ മൂന്നാമന്റെ കിരീടധാരണവും അരങ്ങേറുന്നത്‌. എന്നാൽ, കഴിഞ്ഞ നാല്‌ നൂറ്റാണ്ടുകൾക്കിടയിൽ ബ്രിട്ടനിൽ ഒരുപാട്‌ മാറ്റമുണ്ടായി. ജനാധിപത്യം പിറവികൊണ്ട നാടായി അത്‌ അറിയപ്പെടാൻ തുടങ്ങി. അതിൽ അഭിമാനിക്കുമ്പോൾത്തന്നെയാണ്‌ ഫ്യൂഡലിസത്തിന്റെ ദുഷിച്ച അവശിഷ്ടമായ രാജവാഴ്‌ചയുടെ കെട്ടുകാഴ്‌ചകൾക്ക്‌  ലണ്ടൻ ഇന്ന്‌ സാക്ഷ്യംവഹിക്കുന്നത്‌. ചാൾസിന്റെ കിരീടധാരണവേളയിൽ പൊതുജനത്തിന്‌ പങ്കെടുക്കാവുന്ന ഒരു ചടങ്ങുണ്ട്‌. രാജാവിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും കൂറ്‌ പ്രഖ്യാപിക്കുന്നതാണ്‌ ആ പുതിയ ചടങ്ങ്‌. ഫ്യൂഡൽ അവശിഷ്ടമല്ലാതെ മറ്റൊന്നുമല്ല ഇത്‌. ജനാധിപത്യത്തിൽ ജനങ്ങളോട്‌ ഭരണാധികാരിയാണ്‌ കൂറ്‌ പ്രഖ്യാപിക്കേണ്ടത്‌ മറിച്ചല്ല എന്ന്‌ ഇനിയാരാണ്‌ ചാൾസിനെ, ബ്രിട്ടനെ ബോധ്യപ്പെടുത്തുക.

എന്തിനായാണ്‌ ഈ കിരീടധാരണമെന്ന ചോദ്യം ഉയർത്തുന്നത്‌  ബ്രിട്ടനിലെ പ്രമുഖ ലിബറൽ മാധ്യമമായ ‘ഗാർഡിയനാ’ണ്‌. കഴിഞ്ഞവർഷം സെപ്‌തംബർ എട്ടിന്‌ എലിസബത്ത്‌ –-2  മരിച്ചപ്പോൾത്തന്നെ ചാൾസ്‌ രാജാവായി അധികാരമേറ്റിരുന്നു. പാർലമെന്റ് പാസാക്കുന്ന എല്ലാ നിയമത്തിലും ഒപ്പുവയ്‌ക്കാനും തുടങ്ങിയിരുന്നു. പിന്നെ എന്തിനാണ്‌ നികുതിദായകരുടെ കീശയിൽനിന്നും 100 ദശലക്ഷം പൗണ്ട്‌ (ഒരു പൗണ്ട്‌–- 102.97 രൂപ) എടുത്തുകൊണ്ടുള്ള ഈ കിരീടധാരണമെന്ന ചോദ്യമാണ്‌ ‘ഗാർഡിയൻ’ ഉയർത്തുന്നത്‌. ഈ കിരീടധാരണംവഴി ബ്രിട്ടിഷ്‌ ഭരണത്തലവനെന്ന നിലയിൽ എന്തെങ്കിലും കുടുതൽ അധികാരങ്ങളോ യോഗ്യതയോ രാജാവിന്‌ ലഭിക്കുന്നുമില്ല.  ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ മഹിമ നിലനിന്ന ഘട്ടത്തിലാണെങ്കിൽ അത്‌ ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ഇത്തരമൊരു ആഘോഷംകൊണ്ട്‌ കഴിയുമായിരിക്കാം. എന്നാൽ, സാമ്പത്തിക–- സൈനിക മേഖലയിൽ ഏറെ പിന്നോട്ട്‌ പോയിക്കൊണ്ടിരിക്കുന്ന ബ്രിട്ടന്‌ അതിനുള്ള ശേഷിയും ഇന്നില്ല. പിന്നെ എന്തിനായിട്ടാണ്‌ കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന ഈ ഘട്ടത്തിൽ പണമൊഴുക്കിയുള്ള ഈ അനാവശ്യ ആർഭാടമെന്ന ചോദ്യമാണ്‌ ബ്രിട്ടനിലെ ഉൽപ്പതിഷ്‌ണുക്കളായ ജനങ്ങൾ ഉയർത്തുന്നത്‌. കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ നിത്യജീവിതം മുന്നോട്ടുകൊണ്ടു പേകാനാകാതെ നഴ്‌സുമാരും റെയിൽവേ ജീവനക്കാരും അധ്യാപകരും മറ്റും സമരപതാക ഉയർത്താൻ നിർബന്ധിക്കപ്പെട്ട സാഹചര്യത്തിലാണ്‌ പണം വാരിവിതറിയുള്ള  കിരീടധാരണമെന്നതും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നുണ്ട്‌.


 

ബ്രിട്ടീഷ്‌ ജനത എന്തിനുവേണ്ടിയാണ്‌ രാജവാഴ്‌ചയുടെ ഭാരം ചുമക്കുന്നതെന്ന ചോദ്യമുയർത്തിക്കൊണ്ട്‌ ‘ഗാർഡിയൻ’ പത്രം ‘കോസ്‌സ് ഓഫ്‌ ദ ക്രൗൺ’ എന്നപേരിൽ കഴിഞ്ഞമാസം ഒരുപരമ്പര തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലൂടെ പുറത്തുവരുന്ന വിവരങ്ങൾ ആരുടെയും കണ്ണ്‌ തുറപ്പിക്കുന്നതാണ്‌. ചാൾസ്‌ രാജാവിന്‌ മാത്രമുളള സമ്പാദ്യം 1.8 ബില്യൺ പൗണ്ടാണ്‌. കോളനികളെ ചൂഷണം ചെയ്‌തും അടിമവ്യാപാരത്തെ പ്രോത്സാഹിപ്പിച്ചുമാണ്‌ ഈ സമ്പാദ്യമത്രയും വാരിക്കൂട്ടിയത്‌ എന്നാണ്‌ പതിനഞ്ചോളം റിപ്പോർട്ടർമാർ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകളിൽ കാണുന്നത്‌. അടിമവ്യാപാരത്തിൽ ഏർപ്പെട്ട റോയൽ ആഫ്രിക്കൻ കമ്പനിയിൽ എഡ്വേർഡ്‌ മൂന്നാമന്  1000 പൗണ്ടിന്റെ ഓഹരി ഉണ്ടായിരുന്നെന്ന വാർത്ത ഈ അന്വേഷണത്തിന്റെ ഭാഗമായി പത്രം പുറത്തുവിടുകയുണ്ടായി.  കോടിക്കണക്കിന്‌ പൗണ്ടിനുള്ള നൂറിലധികം വിശേഷ ആഭരണങ്ങളും ലോകത്തിന്റെ  വിവിധ രാജ്യത്തായി പതിനെട്ടിലധികം സ്വത്തുവകകളും ഷെൽ കമ്പനികളിൽ ഓഹരി നിക്ഷേപവും രാജകുടുംബാംഗങ്ങൾക്കുണ്ട്‌. ഇതിൽനിന്നെല്ലാമായി വൻ തുക വാർഷിക വരുമാനവും ഇവർക്കുണ്ട്‌. രാജകുടുംബത്തിന്‌ 1.2 ബില്യൺ പൗണ്ടിന്റെ വാർഷികവരുമാനം ഉണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇതിനുപുറമെ 86 ദശലക്ഷം പൗണ്ട്‌ എല്ലാ വർഷവും ബ്രിട്ടീഷ്‌ സർക്കാർ ഗ്രാന്റായി രാജകുടുംബത്തിന്‌ നൽകുന്നുമുണ്ട്‌. ഇതുകൊണ്ട്‌ ബ്രിട്ടന്‌ എന്ത്‌ പ്രയോജനമാണ്‌ ലഭിക്കുന്നത്‌ എന്നാണ്‌ രാജവാഴ്‌ചയെ ശക്തമായി എതിർക്കുന്ന റിപ്പബ്ലിക്കന്മാരും കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ പുരോഗമനവാദികളും ചോദിക്കുന്നത്‌. ജനാധിപത്യ ബ്രിട്ടന്‌ അനുയോജ്യമല്ലാത്ത പഴഞ്ചൻ ഫ്യൂഡൽ വിഴുപ്പുഭാണ്ഡം ഇനിയും തലയിലേറ്റി നടക്കണമോ എന്ന ചിന്ത ബ്രിട്ടീഷ്‌ ജനതയിലും അതിവേഗം പടരുകയണ്‌. കിരീടധാരണത്തിന്റെ ഭാഗമായി ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന്‌ വെസ്റ്റ്‌ മിനിസ്റ്റർ ആബേയിലേക്ക്‌ ചാൾസും ഭാര്യ കാമിലയും ഘോഷയാത്രയായി കടന്നുപോകുമ്പോൾ ചാൾസ്‌ ഒന്നാമൻ രാജാവിന്റെ പ്രതിമയ്‌ക്ക്‌ മുന്നിൽ ഒത്തുകൂടി ‘നോട്ട്‌ മൈ കിങ് (എന്റെ രാജാവല്ല) എന്ന മുദ്രാവാക്യം ഉയർത്താൻ റിപ്പബ്ലിക്കന്മാർ തീരുമാനിച്ചത്‌ ഇതിന്റെ ഭാഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top