21 February Thursday

ചരിത്രമായി കിം ട്രംപ‌് ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Saturday Dec 29, 2018

സാമ്രാജ്യത്വ അധിനിവേശം തുടരാൻ ആക്രമണോത്സുകതയോടെ ഇറങ്ങിപ്പുറപ്പെട്ട ഡോണൾഡ് ട്രംപിനെ വൈറ്റ്ഹൗസിൽനിന്ന് സിംഗപ്പുരിലേക്ക് എത്തിക്കാൻ ഉത്തരകൊറിയക്ക്ഹ കഴിഞ്ഞു. ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് അന്നിനെ ലോകത്തിന് ഭീഷണിയായ ഭ്രാന്തനെന്നും പക്വതയില്ലാത്തവനെന്നും അധിക്ഷേപിച്ച  ട്രംപിന്ഷ സിംഗപ്പുരിലെത്തി കിമ്മിന് കൈകൊടുക്കേണ്ടിവന്നു. രാജ്യസ്നേഹിയായ പ്രതിഭാശാലിയെന്ന് വിശേഷിപ്പിക്കേണ്ടിവന്നു.

ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് അന്നും സമാധാനശ്രമങ്ങളോട് അങ്ങേയറ്റം പ്രതിബദ്ധത പ്രഖ്യാപിച്ച് സിംഗപ്പൂരിൽനിന്ന് മടങ്ങി. കൊറിയൻ ഉപദ്വീപിന്റെ സമ്പൂർണ ആണവനിരായുധീകരണത്തിനുവേണ്ടി പ്രവർത്തിക്കാൻ അചഞ്ചലമായ സന്നദ്ധത കിം പ്രകടിപ്പിച്ചു. ഇതിനുപകരമായി ഉത്തരകൊറിയക്ക് സുരക്ഷ ഉറപ്പാക്കാനും ഉപരോധങ്ങൾ നീക്കാനും ട്രംപും സമ്മതമറിയിച്ചു. ഉച്ചകോടി പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമാണെന്ന് ഇരുനേതാക്കളും സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി. 

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കാൻ അമേരിക്ക സമ്മതിച്ചു. അധിനിവേശത്തിനുള്ള റിഹേഴ്സലെന്ന് വിശേഷിപ്പിച്ച സൈനികാഭ്യാസം നിർത്തണമെന്ന് ഉത്തരകൊറിയ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. അതേസമയം, ദക്ഷിണകൊറിയയിൽ ഉൾപ്പെടെ മേഖലയിലെ അമേരിക്കയുടെ സൈനികസാന്നിധ്യം പൂർണമായി അവസാനിപ്പിക്കുന്നത്ര സംബന്ധിച്ച് കരാറിൽ വ്യക്തതയില്ല. നടപടികളിൽ പുരോഗതി വ്യക്തമാകുന്നതുവരെ ഉത്തരകൊറിയക്കെതിരായ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തടവുകാരെയും കാണാതായവരെയും കണ്ടെത്താനും കൈമാറാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.

ട്രംപും കിമ്മും ദ്വിഭാഷികളുടെമാത്രം സാന്നിധ്യത്തിൽ 45 മിനിറ്റോളം നേരിട്ട് ചർച്ച നടത്തിയശേഷമാണ് മുതിർന്ന നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രതിനിധിതല ചർച്ച നടന്നത്. ഇതിനുശേഷം മാധ്യമപ്രവർത്തകർക്കുമുന്നിലെത്തി ഇരുവരും സംയുക്തപ്രസ്താവനയിൽ ഒപ്പിട്ടു. സിംഗപ്പൂരിലെ ക്യാപെല്ല ഹോട്ടലിൽ ഉച്ചവിരുന്നിനുശേഷമാണ് ഉച്ചകോടി പിരിഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ബന്ധം സ്ഥാപിക്കുന്നതിനും കൊറിയൻ ഉപദ്വീപിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനും സമഗ്രവും ആത്മാർഥവും ആഴത്തിലുള്ളതുമായ ആശയവിനിമയമാണ് കിമ്മും ട്രംപും നടത്തിയതെന്ന് സംയുക്തമായി പ്രസ്താവിക്കുകയും ചെയ്തു.


പ്രധാന വാർത്തകൾ
 Top