24 March Sunday

ഒരു വടക്കൻ കൊറിയൻ വിജയഗാഥ

ഡോ. ജോസഫ് ആന്റണിUpdated: Thursday Jun 14, 2018


ജൂൺ 12ന് സിംഗപ്പുരിലെ സെൻഡോസാ  ദ്വീപിൽ രചിക്കപ്പെട്ടത്  ഒരു പുതുചരിത്രംതന്നെയാണ്. ആഗോളഭീമനായ അമേരിക്കയ്ക്കു മുകളിൽ ചെറുരാജ്യമായ ഉത്തര കൊറിയ നേടിയ നയതന്ത്രവിജയം. ഒരു രാജ്യത്തിന് ആത്മാഭിമാനത്തോടെ നിലനിൽക്കാനുള്ള അവകാശത്തിനുവേണ്ടി നീണ്ടകാലം നടത്തിയ ധീരോദാത്ത പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും വിജയമാണത‌്. 1948ലെ ജനനംമുതൽ ഇന്നുവരെയുള്ള 70 വർഷം ഉത്തര കൊറിയയുടെ സർവനാശം ആഗ്രഹിച്ച രാഷ്ട്രമാണ‌് അമേരിക്ക. അവർതന്നെ, അന്തസ്സോടെ നിലനിൽക്കാനുള്ള ഉത്തര കൊറിയയുടെ അവകാശം  അംഗീകരിച്ചുവെന്നത് ചരിത്ര നിയോഗമാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ‌് പ്രചാരണവേളയിൽ ഉത്തര കൊറിയയെ തവിടുപൊടിയാക്കുമെന്നാണ് ഡോണൾഡ് ട്രംപ് വീരവാദംമുഴക്കിയത്. അത് എല്ലാ അമേരിക്കൻ പ്രസിഡന്റുമാരുടെയും മനസ്സിലിരിപ്പുമായിരുന്നു. അധികാരത്തിലേറിക്കഴിഞ്ഞും ഭീഷണിയുടെ ഭാഷതന്നെയായിരുന്നു ട്രംപ് പ്രയോഗിച്ചത്. ഈ കണ്ണുരുട്ടലിന് ആണവശക്തി വർധിപ്പിച്ചുകൊണ്ടാണ് കിം ജോങ്‌ അൻ മറുപടിപറഞ്ഞത്. അമേരിക്കൻ സംസ്ഥാനങ്ങളായ അലാസ്കയിലും കാലിഫോർണിയയിലുംവരെ എത്തുന്ന ആണവമിസൈൽ പരീക്ഷിച്ചാണ് ഉത്തര കൊറിയ തങ്ങളുടെ കരുത്തുകാട്ടിയത്.

അമേരിക്കയ്ക്ക് കരുത്തിന്റെ ഭാഷമാത്രമേ മനസ്സിലാകൂ. അമേരിക്കൻ ജനങ്ങളും ശാന്തസമുദ്രത്തിലെ തങ്ങളുടെ കോളനിയായ ഗുവാം, കിഴക്കനേഷ്യയിലെ സഖ്യശക്തികളായ ദക്ഷിണ കൊറിയ, ജപ്പാൻ മുതലായ രാജ്യങ്ങളും ഉത്തര കൊറിയ ഉയർത്തുന്ന ആണവഭീഷണിയുടെ നിഴലിലാണെന്ന തിരിച്ചറിവാണ് ട്രംപിനെ ചർച്ചയിലേക്ക‌് കൊണ്ടുവന്നത്. ഒന്നിനുപുറകെ ഒന്നായി പ്രഖ്യാപിച്ച ഉപരോധങ്ങളെയും ഉത്തര കൊറിയ അതിജീവിക്കുമെന്ന‌് മനസ്സിലായപ്പോഴാണ് ചർച്ചയുടെ പാത സ്വീകരിക്കാൻ അമേരിക്ക സന്നദ്ധമായത്. മുടന്തൻന്യായങ്ങളുന്നയിച്ച് ആ ചർച്ചയിൽനിന്നുപോലും പിന്മാറാൻ ട്രംപ് ശ്രമിച്ചതും ലോകം കണ്ടു. ഈ അഭ്യാസങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് സിംഗപ്പുരിലേക്ക് വിമാനം കയറാൻ ട്രംപ് തയ്യാറായത്. അമേരിക്കയുടെ കിരാതനടപടികളാൽ ആണവപാത തെരഞ്ഞെടുക്കാൻ നിർബന്ധിതമായ ഒരു രാജ്യത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കാനുള്ള ആദ്യത്തെ ചുവടാണ് ട്രംപിന്റെ സിംഗപ്പുർ യാത്ര.
ഏതുരാജ്യത്തെയുംപോലെ നിലനിൽപ്പും സുരക്ഷയും വികസനവും ഉത്തര കൊറിയയുടെയും ജന്മാവകാശമാണ്. ഉത്തര കൊറിയ രൂപീകൃതമായ കാലംമുതൽ അതിനെ എങ്ങനെയും അട്ടിമറിക്കാൻ അമേരിക്കയും സഖ്യശക്തികളും നടത്തിയ ഹീനശ്രമങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

അതിന്റെ ഏറ്റവും ഹീനമായ അധ്യായമാണ് 1950 ﹣53ലെ കൊറിയൻയുദ്ധം. 'പരിമിതയുദ്ധം’ എന്ന് അമേരിക്ക വിളിച്ച കൊറിയൻയുദ്ധം, ഉത്തര കൊറിയയിൽ വിതച്ച കൊടിയ വിനാശമാണ് അവരെ  ആണവവൽക്കരണത്തിലേക്ക‌് നയിച്ചതെന്ന് ഇന്നത്തെ വിമർശകർ മനസ്സിലാക്കുന്നില്ല. ലക്ഷക്കണക്കായ ജനങ്ങളെയും വ്യവസായശാലകളെയും സ്കൂളുകളെയും ആകാശാക്രമണങ്ങളിലൂടെ ഇല്ലാതാക്കുകമാത്രമല്ല, എപ്പോൾവേണമെങ്കിലും അമേരിക്കയുടെ നേതൃത്വത്തിൽ  സംഭവിക്കാവുന്ന ഒരു ആണവാക്രമണം എന്ന ഭീതിയും വിതച്ചുകൊണ്ടാണ്, അമേരിക്ക യുദ്ധം അവസാനിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ജപ്പാനിൽ ഉണ്ടാക്കിയ നാശനഷ്ടത്തേക്കാൾ വലുതായിരുന്നു ഉത്തര കൊറിയയിൽ നടത്തിയത് എന്നത്  ഒരിക്കലും മറന്നുകൂടാ. രണ്ടാം ലോകയുദ്ധത്തിൽ 5,03,000 ടൺ ബോംബാണ് ജപ്പാനിൽ വിക്ഷേപിച്ചതെങ്കിൽ, 32,500  ടൺ നാപാം ബോംബുകളുൾപ്പെടെ 6,35,000 ടൺ ബോംബാണ് ഉത്തര കൊറിയയെ തകർക്കാൻ അമേരിക്ക വിക്ഷേപിച്ചത്. യുദ്ധത്തിൽ മരിച്ച 30 ലക്ഷം ആളുകളിൽ മഹാഭൂരിപക്ഷവും ഉത്തര കൊറിയക്കാരാണ്.

1948ൽ ഉത്തര കൊറിയയുടെ രൂപീകരണത്തിനുശേഷം രണ്ടുവർഷംകൊണ്ടുതന്നെ സോഷ്യലിസ്റ്റ് മാതൃകയിൽ നടത്തിയ രാഷ്ട്രനിർമാണ പ്രക്രിയയിലൂടെ രാഷ്ട്രം സാമ്പത്തികവളർച്ചയിലേക്കുവരാൻ തുടങ്ങിയപ്പോഴാണ് അമേരിക്കയുടെ കമ്യൂണിസ്റ്റുവിരുദ്ധ സംഹാരതാണ്ഡവം ഉത്തര കൊറിയയെ ശവപ്പറമ്പാക്കിയത്. യുദ്ധത്തിന്റെ ആദ്യവർഷത്തിൽത്തന്നെ (1950﹣51) ഉത്തര കൊറിയയിലെ 8700  ഫാക്ടറിയും 5000  സ്കൂളും 1000 ആശുപത്രിയും ആറുലക്ഷം വീടും അമേരിക്ക തവിടുപൊടിയാക്കി. 1952 ആയപ്പോഴേക്കും ബോംബാക്രമണത്തിന‌് ലക്ഷ്യംവയ്ക്കാൻ പ്രാധാന്യമുള്ള സ്ഥലങ്ങളൊന്നുമില്ലാതായി.

അതിനാൽ, അവർ യാലു നദിയുമായി ബന്ധിപ്പിച്ച‌്  കാർഷികാവശ്യങ്ങൾക്കായി നിർമിച്ചിരുന്ന ജലസംഭരണികൾ തകർത്തു. ആയിരക്കണക്കിനു ഹെക്ടർ നെൽപ്പാടം വെള്ളപ്പൊക്കത്തിലടിപ്പെട്ട് നാമാവശേഷമായി. ഉത്തര കൊറിയയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയെയും,  ആ അവസ്ഥയിലും അവരുടെ പരിമിതമായ സമ്പത്തുപയോഗിച്ച് ആണവായുധീകരണത്തിലേക്ക് പോകുന്നതിനെയും വിമർശിക്കുന്നവർ  കണ്ണടയ്ക്കുന്നത് അമേരിക്ക തകർത്തെറിഞ്ഞ ഭൗതികസാഹചര്യങ്ങളെയും അവർ ഉത്തര കൊറിയയിലെ ജനങ്ങളിൽ  സൃഷ്ടിച്ച അരക്ഷിതബോധത്തെയുമാണ്.

1945ൽ കൊറിയയുടെ അയൽരാജ്യമായ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ആണവാക്രമണങ്ങളുടെ ഭീകരത ഒരു നടുക്കുന്ന ദുരന്തക്കാഴ്ചയായി നിൽക്കുമ്പോഴാണ് 1950ൽ  കൊറിയൻയുദ്ധം ആരംഭിക്കുന്നത്. മനുഷ്യത്വരഹിതമായ ബോംബാക്രമണം നടക്കുന്നവേളയിൽ ഉത്തര കൊറിയക്കാർ ഏറെ ഭയന്നത് മറ്റൊരു ആണവാക്രമണമാണ്. 1953ൽ യുദ്ധം അവസാനിച്ചതിനുശേഷവും അമേരിക്കയിൽനിന്ന‌് ആണവായുധ ആക്രമണഭീഷണി ഉണ്ടായേക്കാമെന്ന് അവർ ഭയന്നു. ഈ സാഹചര്യത്തിലാണ‌് സ്വന്തം സുരക്ഷയ്ക്കായി  ഉത്തര കൊറിയയെ ആണവവൽക്കരണത്തിലെത്തിച്ചത്.

ഏതു രാജ്യത്തിന്റെയും പ്രഥമവും പ്രധാനവുമായ ലക്ഷ്യം ആ രാജ്യത്തിന്റെ സുരക്ഷയാണ്. അത് സംരക്ഷിക്കാനുള്ള ഉദ്യമംമാത്രമാണ് ആണവവൽക്കരണത്തിലൂടെ ഉത്തര കൊറിയ നടത്തിയത്. നിലനിൽക്കാനുള്ള ഉത്തര കൊറിയയുടെ അവകാശം അംഗീകരിപ്പിക്കുന്നതിനാണ് സിംഗപ്പുർ സമ്മേളനം സാക്ഷിയായത്. ട്രംപും കിമ്മും നടത്തുന്ന ഒരു ചർച്ചയിലൂടെ കൊറിയൻ ഉപദ്വീപിലെ ആണവവൽക്കരണത്തിന് ഉടൻ പരിഹാരമാകുമെന്ന് ആ മേഖലയുടെ ചരിത്രമറിയുന്നവർ ആരും കരുതില്ല.

അത് മനസ്സിലാക്കിയതുകൊണ്ടാകണം ചർച്ചയുടെ ഉപാധിയായി, ഉത്തര കൊറിയ ഉടൻതന്നെ ആണവനിരായുധീകരണത്തിന‌് തയ്യാറാകണമെന്ന ട്രംപിന്റെ ആവശ്യം അദ്ദേഹംതന്നെ പരിഷ്കരിച്ച്, ചർച്ചകൾ അതിലേക്കുള്ള ആദ്യചുവടുമാത്രമാണെന്ന് അംഗീകരിച്ചത്. ചർച്ചചെയ്യപ്പെടേണ്ട പ്രധാനവിഷയങ്ങൾ, മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുള്ള സ്ഥിരവും നിലനിൽക്കുന്നതുമായ സംവിധാനവും ആണവനിരായുധീകരണവുമാണെന്നതാണ് ഉത്തര കൊറിയയുടെ നിലപാട്. ഇതാണ‌് കിം ജോങ്‌ അൻ സിംഗപ്പുരിലെ ‘സമാധാനത്തിന്റെ ദ്വീപ്’ എന്നറിയപ്പെടുന്ന സെൻഡോസയിൽ മുന്നോട്ടുവച്ചത്. ഈ നിലപാടുകൾ പൊതുവിൽ അംഗീകരിക്കപ്പെട്ടു.

ചർച്ചകളുടെ അവസാനം അംഗീകരിച്ച കരാർ ഇരുരാജ്യങ്ങളുടെ ഇടയിൽ നിൽക്കുന്ന തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള പൊതുനിർദേശങ്ങൾ മാത്രമാണ്. അംഗീകരിക്കപ്പെട്ട നാലുകാര്യങ്ങളിൽ മൂന്നും ഉത്തര കൊറിയ ഏറെനാളായി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളാണ്.

ഒന്ന്. കൊറിയൻമേഖലയിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുക.

രണ്ട‌്. കൊറിയൻ ഉപദ്വീപിനെ പൂർണമായും ആണവമുക്തമേഖലയാക്കുക.

മൂന്ന്. ഉത്തര കൊറിയയിലെയും അമേരിക്കയിലെയും ജനങ്ങൾക്ക് ശാന്തിയും സമൃദ്ധിയും ഉറപ്പുവരുത്തുക.

ജൂൺ 12  ചരിത്രദിനമാകുന്നത് ഉത്തര കൊറിയയുടെ അസ്തിത്വത്തെ അംഗീകരിക്കാൻ അമേരിക്ക നിർബന്ധിതമായ ദിനമെന്നനിലയ്ക്കാണ്. കിഴക്കൻ ഏഷ്യയുടെയും കൊറിയൻ ഉപദ്വീപിന്റെയും ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നതിനുള്ള ആദ്യ ചുവടുമാത്രമാണ് ട്രംപ്‐കിം കരാർ. അതിൽ വടക്കൻ കൊറിയക്ക‌് നിർണായക പങ്കുണ്ടെന്ന അംഗീകാരം, ത്യാഗപൂർണമായ പോരാട്ടത്തിലൂടെയാണ് നേടിയത്. അതുകൊണ്ടാണ് സിംഗപ്പുർ ഉന്നതതലസമ്മേളനം ഒരു വടക്കൻ കൊറിയൻ വിജയഗാഥയാകുന്നത്.

പ്രധാന വാർത്തകൾ
 Top