23 April Friday

പൊതുമേഖലയ്‌ക്കുമേൽ അവസാനത്തെ ആണിയും - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Wednesday Feb 10, 2021


കിഫ്‌ബിയെ അപഹസിക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിനും കുരുക്കുമായി നടക്കുന്ന എജിക്കും ഇഡിക്കും സിബിഐക്കും മുഖമടച്ച മറുപടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ നൽകിയിട്ടുണ്ട്‌. പശ്ചാത്തല സൗകര്യവികസനത്തിന്‌ അഞ്ചുലക്ഷം കോടി രൂപ പ്രത്യേക വായ്‌പാ ഏജൻസി ഉണ്ടാക്കി വിപണിയിൽനിന്ന്‌ വായ്‌പയെടുക്കും.

പ്രാരംഭചെലവുകൾക്കായി 20,000 കോടി രൂപ നീക്കിവയ്‌ക്കുന്നു. ഇതൊക്കെ തന്നെയല്ലേ 2016–-17ലെ സംസ്ഥാന ബജറ്റിൽ ഡോ. തോമസ്‌ ഐസക് പറഞ്ഞതും കേരളത്തിൽ വിജയകരമായി നടപ്പാക്കിവരുന്നതും. ബജറ്റിനുവെളിയിലുള്ള വായ്‌പയാണ്‌ അഞ്ചുലക്ഷം കോടിരൂപ. ബജറ്റ്‌ മുഖേന എടുക്കുന്ന വായ്‌പ 15 ലക്ഷം കോടിയാണ്‌. ആകെ 20 ലക്ഷം കോടി. കഴിഞ്ഞ വർഷം ബജറ്റ്‌ മുഖേന 18.44 ലക്ഷം കോടി വായ്‌പയെടുത്തു. അതോടെ ധനകമ്മി ദേശീയ വരുമാനത്തിന്റെ 9.5 ശതമാനമായി വർധിച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ ധനകമ്മി 6.8 ശതമാനമാക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌‌. ദേശീയ വരുമാനം 14 ശതമാനവും നികുതിവരുമാനം 16.7 ശതമാനമായും വർധിക്കുമെന്ന ദിവാസ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ്‌ ആ കണക്ക്‌. ഭാവി ആർക്കും പ്രവചിക്കാനാകില്ലല്ലോ.

ഏതു വിധേനയും ധനകമ്മി മൂന്ന്‌ ശതമാനത്തിൽ ഒതുക്കിനിർത്തണം എന്നുള്ള ധന ഉത്തരവാദിത്ത നിയമത്തിലെ വ്യവസ്ഥ കോവിഡ്‌–-19 കാറ്റിൽപ്പറത്തി ധനകമ്മി ചുരുക്കേണ്ടതില്ല, എന്നല്ല, എന്തു ത്യാഗവും സഹിച്ചും മൂന്നു ശതമാനത്തിൽ ഒതുക്കണമെന്ന നിർബന്ധം കേന്ദ്രസർക്കാരിന്‌ ഉപേക്ഷിക്കേണ്ടിവന്നു. ആഗോളവൽക്കരണത്തിന്റെ സാധ്യത വിപുലപ്പെടുത്തുക എന്ന നിഗൂഢലക്ഷ്യത്തോടെ 1989ൽ ഐഎംഎഫും ലോകബാങ്കും അമേരിക്കൻ ട്രഷറിയും സംയുക്തമായി യോഗംചേർന്ന്‌ രൂപീകരിച്ച പത്തുകൽപ്പനയിൽ ഒന്നാണ്‌ സർക്കാർ ചെലവുകൾ വെട്ടിക്കുറച്ച്‌ ധനകമ്മി നിയന്ത്രണത്തിലാക്കുക എന്നത്‌.

സാമ്പത്തിക അസമത്വം വർധിപ്പിക്കും
രാജ്യത്ത്‌ അനുദിനമെന്നോണം രൂക്ഷമാകുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ച്‌ ബജറ്റ്‌ കനത്ത നിശ്ശബ്‌ദത പുലർത്തുന്നു. അതെക്കുറിച്ച്‌ ദൂരെക്കൂടിയുള്ള ഒരു പരാമർശവും ബജറ്റിലില്ല. മാത്രവുമല്ല, സാമ്പത്തിക സർവേയിൽ ഒരു അധ്യായം പൂർണമായും അസമത്വത്തെ ന്യായീകരിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും ഏതെങ്കിലും സാമ്പത്തിക സർവേ അസമത്വം ചർച്ചാവിഷയമാക്കുന്നത്‌. വാസ്‌തവത്തിൽ കോവിഡ്‌ കാലത്ത്‌ ജനങ്ങൾ ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുകയും സമ്പദ്‌വ്യവസ്ഥ സ്‌തംഭനത്തിലേക്ക്‌ നീങ്ങുകയും ചെയ്‌തപ്പോൾ, വൻകിട മുതലാളികൾ അവരുടെ ആസ്‌തിയും ലാഭവും വർധിപ്പിച്ചുകൊണ്ടേയിരുന്നു. 2021 ലെ ഓക്‌സ് ഫാം കണക്കുപ്രകാരം, 2020 മാർച്ചിൽ കോവിഡ്‌–-19 ആരംഭിച്ചശേഷം രാജ്യത്തെ നൂറു ശതകോടീശ്വരന്മാർ അവരുടെ ആസ്‌തി 12.97 ലക്ഷം കോടി വർധിപ്പിച്ചു.


 

‘അസമത്വ രോഗാണു’ എന്നാണ്‌ ഓക്‌സ്‌ ഫാം 2021ലെ റിപ്പോർട്ടിന്‌ പേരുനൽകിയിട്ടുള്ളത്‌. കോവിഡിനോട്‌ കിടപിടിക്കുന്നതാണ്‌ സാമ്പത്തിക സമത്വം എന്നാണ്‌ ധ്വനി. കോവിഡ്‌മൂലം ഒന്നേമുക്കാൽ കോടി ആളുകൾക്ക്‌ തൊഴിൽ നഷ്ടമായി എന്ന വസ്‌തുത ബജറ്റ്‌ വിസ്‌മരിക്കുന്നു. രാജ്യത്തെ ജനങ്ങളിൽ 85 ശതമാനവും അസംഘടിതമേഖലയിലാണെന്ന സത്യവും ബജറ്റ്‌ വിസ്‌മരിക്കുന്നു. അവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കുകയാണ്‌ പരമപ്രധാനം. കോവിഡ്‌മൂലം പതിനായിരക്കണക്കിന്‌ ഇതരസംസ്ഥാന തൊഴിലാളികൾ തൊഴിൽരഹിതരായി. ധാരാളംപേർ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൻകീഴിൽ നാമമാത്രക്കൂലിക്ക്‌ തൊഴിൽ തേടി. കൂടുതൽ ദിവസങ്ങൾ കൂടുതൽ പേർക്ക്‌ തൊഴിൽ നൽകത്തക്കവിധം പദ്ധതി വിപുലീകരിക്കുകയാണ്‌ അടിയന്തരമായി ചെയ്യേണ്ടത്‌. ആയതിന്‌ കൂടുതൽ തുക വകയിരുത്തണം. ‘പരാജയത്തിന്റെ നിത്യസ്‌മാരകം’ എന്ന്‌ നരേന്ദ്ര മോഡി വിശേഷിപ്പിച്ച തൊഴിലുറപ്പുപദ്ധതിയോട്‌ അലിവില്ലാത്ത നിലപാടാണ്‌ ബജറ്റ്‌ സ്വീകരിക്കുന്നത്‌. കൗതുകമുണർത്തുന്നതാണ്‌ ഫണ്ട്‌ വകയിരുത്തലിന്റെ ചിത്രം. 2019–-2020ൽ 71,687 കോടിരൂപ ചെലവിട്ടു. അടുത്ത സാമ്പത്തിക വർഷത്തിൽ (2020–-21ൽ) കൂടുതൽ തുക വകയിരുത്തിയില്ല. തുക കുറച്ചു. 61,500 കോടിരൂപ. ഏതായാലും പുതുക്കിയ എസ്‌റ്റിമേറ്റ്‌ അനുസരിച്ച്‌ ചെലവിട്ടത്‌ 1,11,500 കോടി രൂപ. ആ സ്ഥിതിക്ക്‌ അത്രയും തുകയോ അതിൽ കൂടുതലോ ഇപ്പോഴത്തെ ബജറ്റിൽ ഉൾക്കൊള്ളിക്കണമായിരുന്നു. എന്നാൽ, വകയിരുത്തുന്നതാകട്ടെ 73,000 കോടിമാത്രം.

അതുപോലെ നിരാശാജനകമാണ്‌ മറ്റു പല പ്രധാന ഇനങ്ങളിലുമുള്ള വകയിരുത്തൽ. ആഘോഷ സമന്വിതമാണല്ലൊ പീയുഷ്‌ ഗോയൽ പിഎം കിസാൻ പദ്ധതി പ്രഖ്യാപിച്ചത്‌. കാർഷിക കുടുംബത്തിന്‌ പ്രതിവർഷം മൂന്ന്‌ ഗഡുവായി 6000 രൂപ. 10 ലക്ഷം കർഷകരെയാണ്‌ തുടക്കത്തിൽ ലക്ഷ്യമിട്ടത്‌. പിന്നീട്‌ 14 ലക്ഷമാക്കി ഉയർത്തി. കൃഷിക്കാരുടെ എണ്ണം കൂടുമ്പോൾ തുകയും കൂടണമല്ലൊ. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 75,000 കോടി രൂപ വകയിരുത്തിയിരുന്നു. ചെലവിട്ടത്‌ പതിനായിരം കോടി കുറച്ച്‌ 65,000 കോടി. ഇപ്പോഴത്തെ ബജറ്റ്‌ വകയിരുത്തുന്നത്‌ 65,000 കോടി രൂപമാത്രം. തുക കൂട്ടിയില്ലെന്നു മാത്രമല്ല, എല്ലാ കർഷകരെയും ഉൾപ്പെടുത്തുകയും കർഷകത്തൊഴിലാളികൾക്കുകൂടി ബാധകമാക്കണമെന്ന ആവശ്യം നിരാകരിക്കുകയുംചെയ്‌തു. പാചകവാതകത്തിനുള്ള സബ്‌സിഡി ക്രമാനുഗതമായി ഒഴിവാക്കാനുള്ള നിഗൂഢനീക്കം ബജറ്റിൽ വെളിപ്പെടുത്തുന്നുണ്ട്‌. 2019–-20ലെ ബജറ്റ്‌ വർഷത്തിൽ നേരിട്ടുള്ള സബ്‌സിഡി വിതരണത്തിനു ചെലവിട്ടത്‌ 29,628 കോടി രൂപയായിരുന്നു. നടപ്പുവർഷത്തിൽ ചെലവിട്ടത്‌ 25,521 കോടിമാത്രം. പുതിയ ബജറ്റ്‌ തുക വീണ്ടും കുറച്ചു. 12,480 കോടിരൂപ. അഥവാ നേർ പകുതി.

കൃഷിക്കും അനുബന്ധമേഖലകൾക്കും വിഹിതം കുറച്ചു
കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില സ്ഥിരം സംവിധാനമാക്കണമെന്നാണല്ലൊ കർഷകരുടെ ആവശ്യം. അഗ്രികൾച്ചർ പ്രൊഡ്യൂസ്‌ മാർക്കറ്റ്‌ കമ്മിറ്റിയുടെ തുടർച്ചയുമായി ബന്ധപ്പെട്ടതാണത്‌. കർഷകർ എപിഎംസി മുഖേന താങ്ങുവിലയ്‌ക്ക്‌ ഫുഡ്‌കോർപറേഷന്‌ ധാന്യങ്ങൾ വിൽക്കുകയാണ്‌ പതിവുരീതി. ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയിൽനിന്ന്‌ വായ്‌പയെടുത്താണ്‌ എഫ്‌സിഐക്ക്‌ തുക നൽകുന്നത്‌. കടം ഇപ്പോൾ 2.54 ലക്ഷംകോടി രൂപ കടന്നു. ഭക്ഷ്യ സബ്‌സിഡിക്ക്‌ ബജറ്റിൽ 4.22 ലക്ഷം കോടി വകയിരുത്തുന്നുവെങ്കിലും എഫ്‌സിഐക്കുള്ള കടബാധ്യത തീർക്കുന്നതോടെ വളരെക്കുറച്ച്‌ മാത്രമേ ഭക്ഷ്യസബ്സിഡി ഇനത്തിൽ അവശേഷിക്കൂ. അതായത്‌, സബ്‌സിഡി വൻതോതിൽ വെട്ടിക്കുറയ്‌ക്കപ്പെടും. വിലകൾ കൂടുകയും ചെയ്യും. സാക്ഷം അംഗൻവാടിക്കും പോഷൻ 2നും തുക വകയിരുത്തുന്നത്‌ അങ്കണവാടിയുമായി ബന്ധപ്പെട്ട നൂറുപദ്ധതിയെ സംയോജിപ്പിച്ചാണ്‌. ആയതിലേക്കുള്ള ബജറ്റ്‌ വിഹിതം 5000 കോടി രൂപ കുറച്ചിരിക്കുന്നു.


 

പല പ്രധാനപ്പെട്ട മേഖലകൾക്കുമുള്ള ബജറ്റ്‌ വിഹിതം കൂട്ടുകയും കുറയ്‌ക്കുകയുമാണ്‌ ചെയ്‌തിട്ടുള്ളത്‌. കൃഷിക്കും അനുബന്ധമേഖലകൾക്കും മുൻബജറ്റ്‌ 1.54 ലക്ഷം കോടി രൂപ വകയിരുത്തിയപ്പോൾ, ഇപ്പോഴത്തെ ബജറ്റ്‌ 1.48 ലക്ഷം കോടിയായി ചുരുക്കി. വിദ്യാഭ്യാസമേഖലയ്‌ക്ക്‌ തൊണ്ണൂറ്റി ഒമ്പതിനായിരം കോടി ആയിരുന്നത്‌ 93,000 ആക്കി കുറച്ചു. സാമൂഹ്യക്ഷേമത്തിന്റേത്‌ 53000 കോടി ആയിരുന്നത്‌ നാൽപ്പത്തി എണ്ണായിരം കോടിയാക്കി.

തന്ത്രപരമായ വിൽപ്പന
ബജറ്റിലുടനീളം മുഴച്ചുനിൽക്കുന്നത്‌ സ്വകാര്യവൽക്കരണത്തോടുള്ള അതിരുകടന്ന ആഭിമുഖ്യമാണ്‌. ഇന്ത്യൻ സമ്പദ്‌‌‌വ്യവസ്ഥയുടെ നട്ടെല്ലാണ്‌ പൊതുമേഖലാ സ്ഥാപനങ്ങൾ. അവ സ്വകാര്യവൽക്കരിക്കാനുള്ള അനവധി നിർദേശങ്ങൾ ബജറ്റിലുടനീളമുണ്ട്‌. രാജ്യത്തെ നികുതി സമാഹരണം ദുർബലപ്പെടുത്തി, ഓഹരിവിൽപ്പന ത്വരിതപ്പെടുത്തുക എന്ന തന്ത്രമാണ്‌ സർക്കാർ പയറ്റുന്നത്‌. ഉദാഹരണമായി തന്നാണ്ടിലെ കോർപറേറ്റ്‌ നികുതി പിരിവ്‌ ലക്ഷ്യമിട്ടതിനേക്കാൾ 34.5 ശതമാനം കുറവാണ്‌. ആദായനികുതി 28 ശതമാനവും കസ്‌റ്റംസ്‌ വരുമാനം 18.8 ശതമാനവും ചരക്കുസേവന നികുതി വരുമാനം 25.4 ശതമാനവും കുറവാണ്‌. വിവിധയിനം എക്‌സൈസ്‌ തീരുവകൾ മാത്രമാണ്‌ ചരക്കുസേവന നികുതിയിൽ ലയിപ്പിച്ചത്‌. അതിന്റെ നിരക്ക്‌ കേന്ദ്രത്തിനോ സംസ്ഥാന സർക്കാരുകൾക്കോ ഏകപക്ഷീയമായി വർധിപ്പിക്കാനാകില്ല. ചരക്കു–- സേവന നികുതി കൗൺസിലിന്റെ അനുമതി വേണം. എന്നാൽ, മറ്റു നികുതികളുടെ സ്ഥിതി അതല്ല. കേന്ദ്രസർക്കാരിന്‌ യഥേഷ്‌ടം മാറ്റം വരുത്താം. പ്രധാന നികുതിവരുമാന സ്രോതസ്സായ കോർപറേറ്റ്‌ നികുതി നിരന്തരമെന്നോണം കുറയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ ബജറ്റിൽത്തന്നെ, 30 ശതമാനമായിരുന്ന കോർപറേറ്റ്‌ നികുതിനിരക്ക്‌ 22 ശതമാനമായി ചുരുക്കി വൻകിടക്കാരെ സഹായിച്ചു. പുതിയ കമ്പനികളുടെ നികുതി 30 ശതമാനത്തിൽനിന്ന്‌ 15 ശതമാനമാക്കി. ഏറ്റവും കുറഞ്ഞ കോർപറേറ്റ്‌ നികുതി നിരക്കുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജർമനിയിൽ 30 ശതമാനമാണ്‌. ജപ്പാനിൽ 31 ശതമാനവും. യുഎഇ–-ൽ 55 ശതമാനവുമാണ്‌‌.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന ആകർഷകമാക്കാൻ ആവിഷ്‌കരിച്ചതാണ്‌ തന്ത്രപരമായ വിൽപ്പന. ഓഹരി വിറ്റഴിക്കലിൽനിന്ന്‌ വ്യത്യസ്‌തമായ രീതിയാണത്‌. സ്ഥാപനത്തിന്റെ ഏതാനും ഓഹരികൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുന്നതാണ്‌ ഓഹരിവിൽപ്പന. നേരെമറിച്ച്‌, ബഹുഭൂരിപക്ഷം ഓഹരികളും ഉടമസ്ഥതയും നടത്തിപ്പും സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുന്നതാണ്‌ തന്ത്രപരമായ വിൽപ്പന. ബാങ്കുകളും മറ്റു ധനകാര്യ സേവനങ്ങളും വൈദ്യുതി, പെട്രോളിയം കൽക്കരി, ഗതാഗതം, വാർത്താവിനിമയം, അറ്റോമിക്‌ എനർജി, രാജ്യരക്ഷ, സ്‌പേസ്‌ തുടങ്ങിയ തന്ത്രപ്രധാന മേഖലയിൽ ഗവൺമെന്റിന്റെ മിനിമം ഉടമസ്ഥത ഉറപ്പാക്കി വിൽപ്പന നടത്താനാണ്‌ നീക്കം. അവശേഷിക്കുന്ന തന്ത്രപ്രധാന മേഖലകൾ ഒന്നുകിൽ പൂർണമായും സ്വകാര്യവൽക്കരിക്കും. അല്ലെങ്കിൽ അടച്ചുപൂട്ടും. തന്ത്രപ്രധാനേതര മേഖലകളും സ്വകാര്യവൽക്കരിക്കും. ഭാരത്‌ പെട്രോളിയം, എയർ ഇന്ത്യ, ഷിപ്പിങ്‌ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, ഐഡിബിഐ, ബിഇഎംഎൽ, പവൻ ഹാൻസ്‌, നീൽചൽ ഇസ്‌പത്‌നിഗം തുടങ്ങിയവയുടെ സ്വകാര്യവൽക്കരണം 2021–-22ൽ പൂർത്തിയാക്കും. ഐഡിബിഐക്കുപുറമെ രണ്ടു പൊതുമേഖലാ ബാങ്കും എൽഐസിയും സ്വകാര്യവൽക്കരിക്കും. 12 പ്രമുഖ തുറമുഖത്തിൽ ഏഴെണ്ണം സ്വകാര്യവൽക്കരിക്കും. സ്ഥാപനവും ഭൂമിയും അനുബന്ധ വസ്‌തുവകകളും സ്വകാര്യമേഖലയ്‌ക്ക്‌ വിൽക്കും.

ചുരുക്കത്തിൽ  സർക്കാർ അധികാരമൊഴിയുമ്പോൾ പൊതുമേഖല തന്നെ ഉണ്ടാകില്ല. കോൺഗ്രസ്‌ തുടങ്ങിയ സ്വകാര്യവൽക്കരണം പൂർത്തീകരിച്ച്‌ ബിജെപി ചരിത്രത്തിൽ ഇടംനേടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top