04 June Sunday

കിഫ്‌ബിക്കൂട്ടില്‍ ഇ.ഡി.ക്ക് ആര്‍ബിഐ വക ഇടി

കെ ജി ബിജുUpdated: Friday Mar 3, 2023


ഇഡിക്കൂട്ടില്‍ കിഫ്‌ബിയും. അതായിരുന്നു, 2020 നവംബര്‍ 23ന്‍റെ മനോരമയുടെ സൂപ്പര്‍ലീഡ്. തലക്കെട്ടും വാര്‍ത്തയും ചമച്ചൊരുക്കുമ്പോള്‍ പത്രാധിപരുടെ ഹൃദയം പെരുമ്പറ തുള്ളിയിരിക്കണം. കാരണം, ഇടതുമുന്നണി സര്‍ക്കാരിന്‍റെ പ്രഗത്ഭ പദ്ധതിയിലാണല്ലോ കുരുക്കുവീഴുന്നത്.

മനോരമത്തറവാട്ടില്‍ വീഞ്ഞുസല്‍ക്കാരം പൊടിപൊടിക്കാന്‍ ഇതില്‍പ്പരമൊരു ദിവസം വേറെയില്ല. പക്ഷേ, എന്തു ചെയ്യാം... ആദ്യതലക്കെട്ടിന്‍റെ ആവേശമൊക്കെ പതിയെപ്പതിയെ ചോര്‍ന്നുപോകുന്ന സങ്കടകരമായ കാഴ്ചയായിരുന്നു പിന്നീട്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ പതിനേഴാം തീയതി എട്ടാം പേജിന്‍റെ മൂലയ്ക്കൊരു മൂന്നുകോളം വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ, 'മസാല ബോണ്ട്: 2018 നവംബറില്‍ എന്‍ഒസി നല്‍കിയെന്ന് റിസര്‍വ് ബാങ്ക്'. അതോടെ എല്ലാ സംശയങ്ങള്‍ക്കും പരിസമാപ്തിയായി.

ഇ ഡിക്കൂട്ടില്‍ കിഫ്‌ബി യും എന്ന പഴയ മനോരമ വാര്‍ത്തയുടെ മൂന്നാം പാരഗ്രാഫില്‍ ഇങ്ങനെ വായിക്കാം. 'ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്ത് പണം സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നോ എന്ന് ചോദിച്ച് റിസര്‍വ് ബാങ്കിന് ഇ ഡി കത്തു നല്‍കിയിരുന്നു'. ആ ചോദ്യത്തിന്‍റെ ഉത്തരമാണ് തൊട്ടുമുകളില്‍ ഉദ്ധരിച്ച തലക്കെട്ട്. അനുമതിയൊക്കെ 2018 നവംബറില്‍ത്തന്നെ കിട്ടി. പക്ഷേ, ആ വിവരം മനോരമയില്‍ വായിക്കാന്‍ രണ്ടു വര്‍ഷവും മൂന്നു മാസവും നാം കാത്തിരുന്നു. അതിനിടയില്‍ മനോരമയും സഖ്യകക്ഷികളും എത്രയെത്ര മനക്കോട്ടകള്‍ എവിടെയെല്ലാം കെട്ടി!

മസാല ബോണ്ട് കിഫ്‌ബി സ്വീകരിച്ചതും ആ പണം വിനിയോഗിച്ചതും കേരള വികസനത്തിനാണ്. ആ ശ്രമത്തെ മനോരമ അന്ന് എങ്ങനെയാണ് വിലയിരുത്തിയത് എന്ന് നോക്കൂ. 'യുഎഇയിലേയ്ക്കും തിരികെയും അക്കൗണ്ടു വഴിയും അല്ലാതെയും പണം കടത്തിയതിന് സ്വപ്നയും സരിത്തുമടക്കമുള്ള സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ഇ ഡി ഫെമ വകുപ്പുകള്‍ ചുമത്തിയിരുന്നു. സമാനമായ അന്വേഷണമാണ് ഇപ്പോള്‍ കിഫ്‌ബി യ്ക്കെതിരെയും നടത്തുന്നത്'.

സ്വര്‍ണക്കള്ളക്കടത്തു സംഘത്തിന്‍റെ പ്രവര്‍ത്തനത്തിന് സമാനമായിരുന്നു അന്ന് മനോരമയ്ക്ക് കിഫ്‌ബി യുടെ പ്രവര്‍ത്തനം. നാട്ടില്‍ റോഡും പാലവുമുണ്ടാകുന്നതിനും ആശുപത്രികളും സ്കൂളുകളും പുതിയ സൗകര്യങ്ങളും സാങ്കേതികമികവും കൈവരിക്കുന്നതിനുമൊക്കെ നിക്ഷേപം സ്വീകരിക്കുന്നതും 'യുഎഇയിലേയ്ക്കും തിരികെയും അക്കൗണ്ടു വഴിയും അല്ലാതെയും പണം കടത്തിയതും' ഒന്നുപോലെയാക്കുന്ന വ്യാഖ്യാനമിടുക്കിന്‍റെ ലക്ഷ്യം വ്യക്തമാണ്. എങ്ങനെയെങ്കിലും സര്‍ക്കാരിനെക്കുറിച്ച് അവമതിപ്പു സൃഷ്ടിക്കുക.

അതിനാവശ്യമായ തലക്കെട്ടുകളും വ്യാഖ്യാനങ്ങളും ചമച്ച് സ്വയം ആസ്വദിക്കുക. ഇതൊക്കെ വായിക്കുന്ന ജനം സര്‍ക്കാരിനെതിരാവുമെന്നും അതിന്‍റെ രാഷ്ട്രീയലാഭം തങ്ങള്‍ പാലൂട്ടി വളര്‍ത്തിയവര്‍ രുചിക്കുമെന്നും മനക്കോട്ട കെട്ടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, ആ മനക്കോട്ടയുടെ അസ്ഥിവാരവും ആരൂഢവുമാണ് ഇടിഞ്ഞു പൊളിഞ്ഞ് താഴെ കിടക്കുന്നത്.

ആര്‍ബിഐയുടെ സത്യവാങ്മൂലം ഇ ഡിയുടെ എല്ലാ വാദങ്ങളുടെയും അടി തെറ്റിക്കുന്നതാണ്. മസാല ബോണ്ടിന് ആര്‍ബിഐയുടെ അനുമതിയുണ്ടായിരുന്നു. അപേക്ഷിച്ചതും ലോണ്‍ അക്കൗണ്ട് നമ്പര്‍ അനുവദിച്ചതുമൊക്കെ ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു. കൈപ്പറ്റിയ പണം ചെലവഴിച്ചത് സംബന്ധിച്ച് ആര്‍ബിഐ നിഷ്കര്‍ഷിച്ച പ്രകാരമുള്ള കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നുവെച്ചാല്‍ യാതൊരു വിധ ഫെമ ലംഘനങ്ങളും കിഫ്‌ബിനടത്തിയിട്ടില്ലെന്നാണ് അര്‍ത്ഥം. അതായത് ഇഡി നിരത്തുന്ന ആരോപണങ്ങളുടെ ആപ്പീസു പൂട്ടി താക്കോല്‍ ഹൈക്കോടതിയുടെ മേശപ്പുറത്തു വെച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

ഹൈക്കോടതി ചോദിച്ച വേറൊരു ചോദ്യം കേട്ടില്ലെന്ന് നടിച്ച് ഒളിച്ചു കളിക്കുകയാണ് ഇഡി. മസാല ബോണ്ട് വഴി പണം സമാഹരിച്ച മറ്റ് ഏജന്‍സികളെക്കുറിച്ച്  നടത്തുന്ന അന്വേഷണങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ ഇ.ഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത് 2022 സെപ്തംബര്‍ രണ്ടിനാണ്. സെപ്തംബര്‍ 18നകം സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു വിധി.

സെപ്തംബറും ഒക്ടോബറും കഴിഞ്ഞു. നവംബറും ഡിസംബറും കഴിഞ്ഞു. ജനുവരിയിലും ഫെബ്രുവരിയിലും ഒരു മറുപടിയും ഇ ഡിക്കില്ല. അടുത്ത മാസം പത്താം തീയതി കേസില്‍ ഹൈക്കോടതി വിധി പറയും. ഇ ഡിയുടെ ഈ മൗനം വിധിയിലെങ്ങനെ പ്രതിഫലിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നിയമവിദഗ്ധര്‍.

3000 കോടിയുടെ മസാല ബോണ്ടിറക്കിയ നാഷണല്‍ ഹൈവേ അതോറിട്ടി, 4000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച എന്‍ടിപിസി, 6300 കോടി സ്വീകരിച്ച എച്ച്ഡിഎഫ്സി, 1950 കോടി രൂപ സ്വീകരിച്ച ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്പ്മെന്‍റ് ഏജന്‍സി ലിമിറ്റഡ് എന്നിവയൊക്കെ മസാല ബോണ്ടു വഴി നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.

ഇവിടെയെല്ലാം പാലിച്ച നടപടിക്രമങ്ങള്‍ കിഫ്‌ബി യും പാലിച്ചിട്ടുണ്ട്. അപ്പോള്‍ കിഫ്‌ബി യുടെ നിക്ഷേപത്തിനു മാത്രമായി എങ്ങനെ ഫെമ ലംഘനം ചുമത്തും? അങ്ങനെയൊരു ചോദ്യം ഹൈക്കോടതി തങ്ങളുടെ മുഖത്തു നോക്കി ചോദിക്കുമെന്നും ഉത്തരം പറയാന്‍ നിര്‍ബന്ധിക്കുമെന്നും ഇ ഡി തീരെ പ്രതീക്ഷിച്ചില്ല.

ഈ ചോദ്യം പല തവണ പത്രസമ്മേളനങ്ങളായും ലേഖനങ്ങളായും പ്രസംഗമായും ഫേസ്ബുക്ക് കുറിപ്പായും പലരും പലതവണ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, വിശ്വസനീയമായ ഒരു മറുപടിയും ഇ ഡിയോ അവരുടെ ഏറാന്‍മൂളികളായ മാധ്യമപ്രവര്‍ത്തകരോ നല്‍കിയിട്ടില്ല. ഒടുവില്‍ ഹൈക്കോടതിയും ചോദിച്ചു. മൗനം തന്നെയാണ് ഇ ഡിയുടെ മുഖംമൂടി.

ഇ ഡിക്കൂട്ടില്‍ കിഫ്‌ബി യെന്ന തലക്കെട്ട് മാധ്യമങ്ങളില്‍ വരുത്താന്‍ വാട്സാപ്പ് സാഹിത്യം മതി. പക്ഷേ, കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആ ബുദ്ധി പോര. കേരള സര്‍ക്കാരും കിഫ്‌ബി യും മുന്‍ ധനകാര്യമന്ത്രി ഡോ. ടി എം  തോമസ് ഐസക്കും പൊതുസമൂഹത്തിനു മുന്നില്‍ നിരന്തരം പറഞ്ഞ കാര്യങ്ങള്‍ തന്നയാണ് കോടതിക്കു മുന്നിലും ഉന്നയിച്ചത്. ആ ചോദ്യങ്ങളെ അവഗണിച്ചവരാണ് കോടതിയില്‍ ഉത്തരംമുട്ടി വിയര്‍ത്തു കുളിച്ചു നില്‍ക്കുന്നത്.

ചെയ്തതെല്ലാം നിയമപരവും നടപടിക്രമങ്ങള്‍ പാലിച്ചുമാണെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിനും കിഫ്‌ബി ക്കും തോമസ് ഐസക്കിനും ഉള്ളത്. അതുകൊണ്ടു തന്നെ ഇ ഡിയെന്നല്ല, അവര്‍ക്കു പിന്നില്‍ ചരടുവലിക്കുന്ന യജമാനന്മാരെയും ഭയക്കേണ്ട കാര്യവുമില്ല. പക്ഷേ, ഇ ഡിയുടെ ചെയ്തികള്‍ക്ക് നിയമത്തിന്‍റെയോ നടപടിക്രമങ്ങളുടെയോ പരിരക്ഷയില്ല. അതുകൊണ്ടാണ് തങ്ങളുടെ ചെയ്തികളെ സാധൂകരിക്കുന്ന ഒരു വാചകം പോലും അവര്‍ക്ക് കോടതിയ്ക്കു സമക്ഷം ഉച്ചരിക്കാന്‍ കഴിയാത്തത്.

കിഫ്‌ബി യെ വേട്ടയാടാന്‍ ബിജെപി ഏല്‍പ്പിച്ച കിങ്കരപ്പണിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്. പക്ഷേ, കേരളം നല്‍കിക്കൊണ്ടിരിക്കുന്നതോ മുഖമടച്ച തിരിച്ചടികളും. ഇ ഡിയുടെ കളി ഇവിടെ വിലപ്പോവില്ല എന്ന സന്ദേശം രാജ്യത്തിനാകെ നല്‍കുകയാണ് കേരളം.
 
എന്തൊക്കെയായിരുന്നു പ്രകടനങ്ങള്‍. ഇ ഡിയ്ക്കു മുമ്പാകെ ഹാജരാകാന്‍ കിഫ്‌ബിസിഇഒ കെ എം എബ്രഹാമിന് ആദ്യത്തെ നോട്ടീസ് കിട്ടിയത് 2021 ഫെബ്രുവരി മൂന്നിന്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. അതടക്കം ആറു തവണയാണ് കിഫ്‌ബി യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇ ഡി ഓഫീസില്‍ നേരിട്ടെത്തിയത്.

ഒരു തവണ കെ എം എബ്രഹാമും, അഞ്ചു തവണ ജോയിന്‍റ് ഫണ്ട് മാനേജര്‍ ആനി ജൂലി തോമസും. ഇതിനു പുറമെ മസാല ബോണ്ടിന്‍റെ കടലാസു പണികള്‍ ചെയ്ത മറ്റുദ്യോഗസ്ഥരെയും പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആയിരക്കണക്കിന് പേജുള്ള രേഖകളാണ് കിഫ്‌ബിഈ അവസരങ്ങളില്‍ ഇ ഡിക്കു കൈമാറിയത്.
 
ഒരു കൊല്ലവും ആറു മാസവും നീണ്ട ചോദ്യം ചെയ്യലുകളും അന്വേഷണവും. കൈമാറിക്കിട്ടിയത് കിഫ്‌ബി യുടെ പക്കലുള്ള ഏതാണ്ടെല്ലാ രേഖകളും. എന്നിട്ടും കിഫ്‌ബിചെയ്ത കുറ്റമെന്ത് എന്ന് വ്യക്തമാക്കാന്‍ ഇതുവരെ ഇ ഡിക്കായിട്ടില്ല. കിഫ്‌ബിഎന്തു കുറ്റം ചെയ്തു എന്ന നേര്‍ക്കുനേരെയുള്ള ചോദ്യമാണ് ഹൈക്കോടതിയില്‍ ഉയര്‍ന്നത്.

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് ഔദ്യോഗികമായി മറുപടി പറയുക എന്ന വെല്ലുവിളി കോടതിയില്‍ ഇ ഡിക്കു നേരെ കിഫ്‌ബിഉയര്‍ത്തി. അവിടെ സര്‍വാധികാരപ്രതാപികളായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സാമാന്യം നന്നായി  വിയര്‍ത്തു. കാരണം വ്യക്തം. മസാല ബോണ്ട് വഴി നിക്ഷേപം സ്വീകരിച്ചത് ഫെമ ലംഘനമാണെങ്കില്‍, പ്രതിപ്പട്ടികയില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരും പെടും.

അവരാണ് മസാല ബോണ്ട് സ്വീകരിക്കാന്‍ കിഫ്‌ബി ക്ക് അനുമതി നല്‍കിയത്. പെട്ടിക്കടയില്‍ നിന്ന് മുറുക്കാന്‍ വാങ്ങുന്നതുപോലെ വാങ്ങാന്‍ കഴിയുന്നതല്ല മസാല ബോണ്ട്. റിസര്‍വ് ബാങ്ക് അനുമതി നല്‍കാതെ, ഒരു രൂപ പോലും ഇത്തരത്തില്‍ വാങ്ങാന്‍ ആര്‍ക്കും കഴിയില്ല. മസാല ബോണ്ടിന് അനുമതി നല്‍കുന്നതു മുതല്‍ ലോണ്‍ രജിസ്ട്രേഷന്‍ നമ്പര്‍ വരെ അനുവദിച്ച് റിസര്‍വ് ബാങ്കിനെ കേസില്‍ കക്ഷി ചേര്‍ത്തതും ഇ ഡിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

ഇ ഡി ശരിക്കും കളി പഠിക്കുകയാണ്. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ പരാജയപ്പെടുമെന്ന യാഥാര്‍ത്ഥ്യം ഇനിയവര്‍ക്ക് ഔദ്യോഗികമായി ഉള്‍ക്കൊള്ളേണ്ടി വരും. കൊടുത്ത സമന്‍സുകള്‍ കോള്‍ഡ് സ്റ്റോറേജിലായി. ഇനി പുതിയ സമന്‍സുകള്‍ നല്‍കാനുമാവില്ല. കേരള സര്‍ക്കാരിനെ ഇപ്പോള്‍ പിരിച്ചുവിടും, കിഫ്‌ബി യെ ഇ ഡി പൂട്ടിക്കെട്ടും, ഐസക്കിനെ അറസ്റ്റു ചെയ്യും എന്നൊക്കെ പ്രതീക്ഷിച്ച് ബ്രേക്കിംഗ് ന്യൂസ് പടയ്ക്കാന്‍ ഉറക്കമൊഴിച്ചിരുന്ന മാധ്യമശിങ്കങ്ങള്‍ക്കും ഇത് നിരാശയുടെ കാലം.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top