22 October Tuesday

ഖാദര്‍ കമ്മിറ്റി റിപ്പോർട്ട‌്: സത്യവും മിഥ്യയും

ഡോ. ജെ പ്രസാദ്‌Updated: Tuesday Jun 4, 2019


നമ്മുടെ രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസാവകാശനിയമത്തിന്റെ പശ്ചാത്തലത്തിൽ, പന്ത്രണ്ടാം ക്ലാസുവരെയുള്ള  പൊതുവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി, അവസരതുല്യത, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സമഗ്ര നിർദേശങ്ങൾ സമർപ്പിക്കുന്നതിനുവേണ്ടിയാണ് കേരളസർക്കാർ ആറുമാസംമുമ്പ് അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ‌്ധനും എസ‌്സിഈആർടി മുൻ ഡയറക്ടറുമായ പ്രൊഫ. എം എ ഖാദർ അധ്യക്ഷനായി മൂന്നംഗ വിദഗ‌്ധസമിതി രൂപീകരിച്ചത്. ആ കമ്മിറ്റി ഒട്ടേറെ സിറ്റിങ്ങുകൾ നടത്തി. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തി സർക്കാരിന‌് ഒരു റിപ്പോർട്ട‌്  സമർപ്പിക്കുകയും ആ റിപ്പോർട്ടിന്മേൽ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസമന്ത്രിയും ഒന്നിലേറെ തവണ ചർച്ചകൾ നടത്തുകയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയുമുണ്ടായി. പൊതുവിദ്യാഭ്യാസത്തിന്റെ ഏകീകരണം നിയമസഭയിൽ പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി, ഇതാദ്യമായി അധ്യാപകസംഘടനകൾ  ഉൾപ്പെടെ എല്ലാ വിഭാഗവുമായി സമഗ്രമായ ചർച്ച നടത്തുകയുണ്ടായി. ചർച്ചയിൽ പങ്കെടുത്ത അധ്യാപകസംഘടനാനേതാക്കൾ ഒന്നടങ്കം പറഞ്ഞത്, കേരള ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു മുഖ്യമന്ത്രി അധ്യാപക സംഘടനാ നേതാക്കളുമായി ഇത്രയേറെ നേരം ചർച്ച ചെയ്യുകയും തങ്ങൾ ചൂണ്ടിക്കാട്ടിയ ഓരോ വിഷയവും ശ്രദ്ധയോടെ കേട്ട് കുറിച്ചെടുക്കുകയും ഓരോന്നിനും  വ്യക്തമായ മറുപടി  പറയുകയും  ചെയ്യുന്നത് എന്നാണ്. പൊതുവിദ്യാഭ്യാസരംഗം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശം അധ്യാപകസംഘടനകൾ പൊതുവെ അന്ന് സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ, ലോക‌്സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ചിത്രമാകെ മാറിമറിഞ്ഞു. ഇവിടെയാണ് നമ്മുടെ രാഷ്ട്രീയ സത്യസന്ധത ചോദ്യംചെയ്യപ്പെട്ടത്.

14 വിഷയങ്ങളെ സംബന്ധിച്ച നിർദേശങ്ങൾ
 ഡോ. ഖാദറുടെ നേതൃത്വത്തിലുള്ള വിദഗ‌്ധസമിതി (കമീഷനല്ല) രണ്ട് മാസത്തിനുമുമ്പ് റിപ്പോർട്ടിന്റെ   ഒന്നാം ഭാഗം സർക്കാരിന‌് നൽകി. അതിൽ പ്രധാനമായും വിദ്യാഭ്യാസത്തിന്റെ ഘടനയുടെ ഭാഗമായ വിദ്യാഭ്യാസ ഘട്ടങ്ങളെക്കുറിച്ചും അധ്യാപക യോഗ്യതയെക്കുറിച്ചും അധ്യാപക പരിശീലനങ്ങളെക്കുറിച്ചും വിദ്യാഭ്യാസവകുപ്പിലെ വിവിധ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള നിർദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. പ്രീസ്‌കൂൾ, സ്‌കൂൾ പ്രവേശനപ്രായം, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങള്‍, ഭരണനിർവഹണം, കേരള വിദ്യാഭ്യാസ സർവീസ്, കായികവിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, തൊഴില്‍വിദ്യാഭ്യാസം, റിസോഴ്സ് അധ്യാപകര്‍, ലൈബ്രറേറിയൻ, നിയന്ത്രണവും മോണിറ്ററിങ്ങും, വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജൻസികള്‍, അധ്യാപക യോഗ്യത, അധ്യാപക പരിശീലനം എന്നീ 14 വിഷയങ്ങളെ സംബന്ധിച്ച നിർദേശങ്ങൾമാത്രമാണ് ആദ്യ റിപ്പോർട്ടിലുള്ളത്. ഈ നിർദേശങ്ങളിൽ രണ്ടെണ്ണംമാത്രമാണ് -സ‌്കൂൾ വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളെ സംബന്ധിച്ചും ഭരണനിർവഹണത്തെ സംബന്ധിച്ചും- ജനാധിപത്യപരമായ ചർച്ചയിലൂടെ ഉരിത്തിരിയുന്ന നിർദേശങ്ങൾകൂടി പരിഗണിച്ച് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.

ദൗർഭാഗ്യവശാൽ നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ സത്യസന്ധതയില്ലായ‌്മ  സർക്കാരിന്റെ സദുദ്ദേശ്യത്തെ മലീമസപ്പെടുത്താനാണ് ഒരുവിഭാഗം ശ്രമിച്ചത്. അതിന് നിമിത്തമായതാകട്ടെ  പ്രധാനപ്പെട്ടൊരു പത്രത്തിൽ പ്രസിദ്ധീകരിച്ച കാസർകോട‌് കേന്ദ്ര സർവകലാശാലയിലെ ഒരു പ്രൊഫസറുടെ ലേഖനമായിരുന്നു. ആ ലേഖനത്തിലൂടെ അദ്ദേഹം ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച വാദമുഖങ്ങൾ വർഷങ്ങളായി അധ്യാപക വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന ഒരധ്യാപകനിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ആ ലേഖനത്തിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വിമർശന ബുദ്ധ്യാ  അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

1. ‘മികവിനായുള്ള വിദ്യാഭ്യാസം’ എന്ന് നാമകരണം ചെയ്യപ്പെട്ട റിപ്പോർട്ടിൽ മികവിനെ സംബന്ധിച്ച് നിർവചിക്കുകയോ മികവ് എങ്ങനെ നേടുമെന്ന് വിശദീകരിക്കുകയോ ചെയ്യുന്നില്ല.
2. ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും  ഊന്നിയുള്ള റിപ്പോർട്ട‌് അധികാരവികേന്ദ്രീകരണത്തിൽനിന്ന‌്  അധികാരകേന്ദ്രീകരണത്തിലേക്ക് വിരൽചൂണ്ടുന്നു. അത് സ്ഥാപനാധികാരിയെ അക്കാദമികതയിൽനിന്ന‌് ഭരണാധികാരികതയിലേക്ക് ചുരുക്കുന്നു.
3. അധ്യാപകയോഗ്യത നിർണയിക്കാനുള്ള ഒരധികാരവും നിയമപരമായി എൻസിടിഇക്ക‌് ഇല്ല. അതെല്ലാം അതത് സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണ്.

ഖാദർ കമീഷൻ റിപ്പോർട്ടിനെ ‘ആശയക്കുഴപ്പത്തിന്റെ ഏകാത്മകത’ എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹം, തന്റെ ലേഖനത്തിൽ സ്വന്തം അജ്ഞതയും ആശയവൈരുധ്യങ്ങളും അവിടവിടെയായി പ്രകടിപ്പിക്കുന്നു. ഏതൊരു റിപ്പോർട്ടിനെയും വിമർശിക്കാൻ തയ്യാറാകുമ്പോൾ ആ റിപ്പോർട്ട‌് മനസ്സിരുത്തി വായിക്കാൻ ഏതൊരു വിമർശകനും തയ്യാറാകേണ്ടതാണ്; പ്രത്യേകിച്ച്  അക്കാദമിക് സമൂഹം. ആ റിപ്പോർട്ടിന്റെ  അവതാരികയെങ്കിലും ഒരാവൃത്തി വായിക്കാൻ തയ്യാറായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇത്രയേറെ അബദ്ധങ്ങൾ അവതരിപ്പിക്കേണ്ടിവരില്ലായിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് മുകളിൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങളിൽ ആദ്യത്തെ രണ്ടെണ്ണത്തിനുള്ള വിശദീകരണം അവതാരികയിൽത്തന്നെ വ്യക്തമാക്കുന്നുണ്ട്.  മൂന്നാമത്തെകാര്യം, ഒരിക്കലും ഒരു സർവകലാശാലയിലെ അധ്യാപക വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന അദ്ദേഹത്തിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. എൻസിടിഇ ആക്ട‌് (1993), 1995 ജൂലൈ ഒന്നിന്  നിലവിൽ വന്നശേഷം രാജ്യത്തെ എല്ലാ അധ്യാപകവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കേണ്ടത് എൻസിടിഇയുടെ ചട്ടങ്ങൾക്കനുസരിച്ചാകണം എന്നത് സാമാന്യവിദ്യാഭ്യാസമുള്ള ഏതൊരാളും അറിഞ്ഞിരിക്കേണ്ട കാര്യമാണ്;  പ്രത്യേകിച്ച് വിദ്യാഭ്യാസം സമവർത്തിപ്പട്ടികയിൽ ആയ സാഹചര്യത്തിൽ. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാതെ മെഡിക്കൽ കോളേജുകളും കോഴ്സുകളും തുടങ്ങാൻ കഴിയില്ല എന്നപോലെയാണ് അധ്യാപകവിദ്യാഭ്യാസവും. നിലവിൽ രാജ്യത്ത് 2014 നവംബർ 28ന് കേന്ദ്രസർക്കാർ  പ്രസിദ്ധീകരിച്ചതും തുടർന്ന‌് 2018 വരെ ഭേദഗതികൾ വരുത്തിയതുമായ ചട്ടങ്ങളാണ് പ്രാബല്യത്തിലുള്ളത്. ആ ചട്ടങ്ങൾ അനുസരിച്ച് അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണമെങ്കിൽ എൻസിടിഇയുടെ അംഗീകാരം വേണം.

കോത്താരി കമീഷൻ റിപ്പോർട്ടും നിയമസഭാ ചർച്ചകളും
 സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വിദ്യാഭ്യാസമേഖലയെക്കുറിച്ച് സമഗ്രമായി പഠിച്ച‌് റിപ്പോർട്ട‌് നൽകാൻ  നിയോഗിക്കപ്പെട്ട കമീഷനാണ് ഡോ. കോത്താരി കമീഷൻ (1964–-66). വിദ്യാഭ്യാസത്തിന്റെ ഘടനയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഏവരും ചൂണ്ടിക്കാട്ടുന്നത് ഡോ. കോത്താരി നിർദേശിച്ച 10+2+3 ആണ്. ഈ റിപ്പോർട്ട‌് ഒരു വേദപുസ‌്തകംപോലെ ഒരുകാലത്തും ഒരുവിധ മാറ്റത്തിനും വിധേയമാകാൻ പാടില്ല എന്നാരും അവകാശപ്പെടില്ല. എന്നാൽ, +2 എന്നത് സ‌്കൂൾ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടുന്ന ഒരു സംവിധാനമായാണ് കേരളനിയമസഭയിൽപ്പോലും ചർച്ച ചെയ്യപ്പെട്ടത് എന്നകാര്യം വിദ്യാഭ്യാസ സ‌്നേഹികളെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചിട്ടുണ്ടാവുക. +2 വരെയുള്ള വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ടെർമിനൽ സ്റ്റേജ് ആണെന്ന കാര്യത്തിൽ രാജ്യത്താകെ പൊതുവെ സ്വീകാര്യത വന്നുകഴിഞ്ഞു. +3 യുടെ കാര്യത്തിൽ +4,+5 എന്നിങ്ങനെയുള്ള പുതിയ ഇന്റഗ്രേറ്റഡ് കോഴ്സുകളിലൂടെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. 

ഖാദർ കമ്മിറ്റി മുന്നോട്ടുവച്ച 14 നിർദേശങ്ങളിൽ കേവലം രണ്ട് നിർദേശംമാത്രമാണ്- സ‌്കൂൾ വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളെ സംബന്ധിച്ചും ഭരണനിർവഹണം സംബന്ധിച്ചും- ആദ്യഘട്ടമെന്ന നിലയിൽ നടപ്പാക്കാൻ സർക്കാർ മുന്നോട്ടുവന്നത്. അതിനായി ആറ‌് നിർദേശങ്ങളാണ് വിദ്യാഭ്യാസമന്ത്രി അവതരിപ്പിച്ചത്. അവ ഇവയാണ്. 1. എൽപി, യുപി, എച്ച്എസ്, ഹയർ സെക്കൻഡറി എന്നിവ അതേപടി മാറ്റമില്ലാതെ തുടരും. 2. പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് (ഡിജിഇ) കീഴിലാകും. 3. മേലിൽ ഒറ്റ പരീക്ഷാ കമീഷണർമാത്രം. 4. ഹൈസ‌്കൂൾ ഓഫീസ് പൊതുവായ ഓഫീസായി മാറും; ഇതോടെ നാളിതുവരെ ഓഫീസ് സംവിധാനം ഇല്ലാതിരുന്ന ഹയർ സെക്കൻഡറി സ‌്കൂളിന് ഓഫീസ് ഉണ്ടാകും. 5. ജില്ലാ/ഉപജില്ലാ സംവിധാനങ്ങൾ മാറ്റമില്ലാതെ തുടരും. 6. ഒന്നുമുതൽ 12 വരെയുള്ള സ‌്കൂളുകളുടെ മേധാവി  പ്രിൻസിപ്പൽ ആയിരിക്കും, അവിടത്തെ ഹെഡ് മാസ്റ്റർ വൈസ് പ്രിൻസിപ്പലായി മാറും, ഹയർ സെക്കൻഡറി ഇല്ലാത്ത സ‌്കൂളുകളിൽ നിലവിലുള്ള സമ്പ്രദായം അതേപടി തുടരും. ഒരു സ്ഥാപനത്തിൽ പല അധികാരകേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഒരിക്കലും ആശാസ്യമല്ല; വർഷങ്ങളായി തുടർന്നുവരുന്ന ഈ ദുരവസ്ഥയ‌്ക്ക‌് ഒരു പരിഹാരമാണ് സർക്കാർ മുന്നോട്ടുവച്ചത്. അവിടെ ഒരുതരത്തിലുള്ള ജനാധിപത്യ ധ്വംസനവും ഉണ്ടാകാൻ സാധ്യതയില്ല.

പ്രീസ‌്കൂൾമുതൽ പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസ ശൃംഖല ഒറ്റ സംവിധാനത്തിനുകീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക‌് വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം ഖാദർ കമ്മിറ്റി റിപ്പോർട്ട‌്  ചർച്ച ചെയ്യപ്പെടേണ്ടത്. ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന ഏതൊരാൾക്കും  മനസ്സിലാക്കാൻ കഴിയും അവിടെ ഭരണപരമായി ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടുന്നു എന്നത്. ഒരു സ്ഥാപനത്തിൽ ഒന്നിലേറെ അധികാരസ്ഥാനങ്ങൾ ഉണ്ടാകുന്നത് ഏതൊരു സ്ഥാപനത്തിന്റെയും സുഗമമായ പ്രവർത്തനങ്ങൾക്ക‌്  ചെറുതല്ലാത്ത പ്രതിബന്ധങ്ങൾ സൃഷ്ടിക്കപ്പെടും. 

അക്കാദമികമികവിനെ സംബന്ധിച്ച് സർക്കാർ മുന്നോട്ടുവച്ച ആശയങ്ങളുടെ തുടർച്ച എന്ന നിലയിലാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഏകീകരണം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മികവിലേക്കുള്ള പ്രയാണത്തിൽ വിഭവങ്ങളുടെ പങ്കുവയ‌്പും പ്രവർത്തനങ്ങളുടെ ഏകോപനവും പരമപ്രധാനമാണ്. വിവിധ വിഭാഗങ്ങളിലായി സ‌്കൂളുകളിൽ ലഭ്യമായിട്ടുള്ള വിഭവങ്ങൾ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായകമാകണം. വിവിധ വിഭാഗങ്ങളുടെ സവിശേഷ ആവശ്യങ്ങൾ മുൻനിർത്തി ലൈബ്രറി സംവിധാനം ക്രമീകരിക്കുന്നതോടൊപ്പം (പ്രൈമറിയിലും മറ്റുമുള്ള ക്ലാസ് ലൈബ്രറികൾ) ക്യാമ്പസിന് പൊതുവായ ഒരു ലൈബ്രറി ഉണ്ടാകുന്നത് ഗുണകരമാകും. എല്ലാ വിഭാഗം അധ്യാപകർക്കും വിദ്യാർഥികൾക്കും  ഒത്തുകൂടാൻ കഴിയുമ്പോൾ അക്കാദമികമായ ഔന്നത്യം കൈവരുന്നു. ഇത്തരത്തിൽ അനന്തസാധ്യതയുള്ള ഒരു സംരംഭത്തെ നിക്ഷിപ്ത- സങ്കുചിത താൽപ്പര്യങ്ങളുടെ പേരിൽ തകർക്കാൻ ശ്രമിക്കുന്ന കുടിലതന്ത്രങ്ങൾ തിരിച്ചറിയണം. ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അവരുടെ പദവിക്കൊത്ത ബൗദ്ധികമായ ഔന്നത്യം പുലർത്തുകയും സമൂഹത്തിന് സത്യസന്ധമായ തിരിച്ചറിവുകൾ സമ്മാനിക്കുകയുമാണ് വേണ്ടത്. അധ്യാപകർ എപ്പോഴും വിജ്ഞാനകാണ്ഡത്തിന്റെ വക്താക്കളാവുകയാണ് വേണ്ടത്; മറിച്ച് അജ്ഞാനകാണ്ഡത്തിന്റെ ആകരുത്.
 


പ്രധാന വാർത്തകൾ
 Top