03 October Tuesday

കെ ഫോൺ കേരളത്തെ മാറ്റിമറിക്കും - ഡോ. സന്തോഷ്‌ ബാബു സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

2017ൽ മൊട്ടിട്ട ആശയം. അത്‌ ചർച്ചകളിലൂടെ മൂർത്തമാക്കി പ്രവൃത്തിപഥത്തിലേക്ക്‌ എത്തിയത്‌ 2019ൽ. മഹാപ്രളയവും  കോവിഡും കെ -ഫോണിന്റെ കേബിൾ ഇടൽ അടക്കം തടസ്സപ്പെടുത്തി. കോവിഡിനെത്തുടർന്നുണ്ടായ തൊഴിലാളികളുടെ കുറവും പ്രതിസന്ധി സൃഷ്ടിച്ചു. ഇതെല്ലാം മറികടന്ന്‌, എല്ലാവർക്കും ഇന്റർനെറ്റ്‌ ലഭ്യത അവകാശമാക്കി ലോകത്തിന്‌ മാതൃകയാകുകയാണ്‌ കേരളം. വിജ്ഞാനാധിഷ്ഠിത സമ്പദ്‌ഘടനയിലേക്കുള്ള കുതിപ്പിൽ സ്‌മാർട്ട്‌ -കേരളത്തിന്റെ ബാറ്റൺ വഹിക്കാൻ തയ്യാറായിക്കഴിഞ്ഞ കെ -ഫോണിനെക്കുറിച്ച്‌ കമ്പനി മാനേജിങ്‌ ഡയറക്ടർ ഡോ. സന്തോഷ്‌ ബാബു സംസാരിക്കുന്നു. തയ്യാറാക്കിയത്‌  ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ്‌ റിപ്പോർട്ടർ ജി രാജേഷ്‌ കുമാർ

കെ ഫോൺ കേരളത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്താെക്കെയായിരിക്കും

കേരളത്തിന്റെ ഭാവി മാറ്റിമറിക്കുന്ന അടിസ്ഥാന സൗകര്യ വികസനമാണ്‌ സാധ്യമാകുന്നത്‌. ജനങ്ങൾക്ക്‌ മികച്ച സേവനമെന്ന സർക്കാർ വാഗ്‌ദാനം നിറവേറ്റാൻ ഉത്തമമായ വാതായനമാണ്‌ തുറക്കുന്നത്‌. സർക്കാർ സേവനങ്ങളെല്ലാം ജനങ്ങളുടെ വാതിൽപ്പടിയിലെത്തുന്നതിന്‌ കെ ഫോൺ നട്ടെല്ലാകും. ഇന്റർനെറ്റ്‌ ഇല്ലാത്ത വീട്‌ ഉണ്ടാകരുതെന്നാണ്‌ സർക്കാരിന്റെ വാശി. കെ ഫോൺ ഇത്‌ സാധ്യമാക്കും. സൗജന്യമായോ സൗജന്യനിരക്കിലോ ലഭ്യമാകുന്ന സാർവത്രിക ഇന്റർനെറ്റ്‌ സേവനം ഉയർന്ന നിലവാരമുള്ള ഇ–- ഗവേണൻസിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന്‌ കുതിപ്പേകും. നിലവിൽ എണ്ണൂറിലധികം സർക്കാർ സേവനങ്ങൾ ഓൺലൈനിലുണ്ട്‌. ഇവയ്‌ക്കായി വ്യത്യസ്‌ത വെബ്‌സൈറ്റുകളുമുണ്ട്‌. ഓഫീസ്‌ കയറിയിറങ്ങുന്നതുപോലെ വെബ്‌സൈറ്റ്‌ കയറിയിറങ്ങുന്നത്‌ ഒഴിവാക്കാൻ, എല്ലാ സേവനങ്ങൾക്കും ഒറ്റ വെബ്‌സൈറ്റ്‌ എന്നതിലേക്ക്‌ കേരളത്തിന്റെ ഇ–- ഗവേണൻസ്‌ കുതിക്കും. കെ ഫോണിന്റെ അതിവിപുലവും അതിശക്തവുമായ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ഇത്‌ സാധ്യമാക്കും.

സ്റ്റാർട്ടപ്പുകൾ ഗ്രാമങ്ങളിലേക്ക്‌ കുടിയേറും. ഇതിനായി സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുന്ന ഇന്റർനെറ്റ്‌ തൊഴിലവസരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കും. മനുഷ്യവിഭവശോഷണം കുറയ്‌ക്കും. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിലും കുതിപ്പുണ്ടാകും. മൈതാനത്തെ കളിക്കിടയിൽ തലയിൽ ഉദിക്കുന്ന ആശയംപോലും ഉൽപ്പാദന പ്രക്രിയയിലേക്ക്‌ സന്നിവേശിപ്പിക്കാൻ സാഹചര്യമുണ്ടാകും. 30,000 കിലോമീറ്ററിലെ കേബിൾ ശൃംഖല വിവരശേഖരണത്തിന്‌ വലിയ സാധ്യതകൾ തുറക്കും. ട്രാഫിക്‌, മഴ, കാലാവസ്ഥ, ജലസംഭരണികളുടെ ജലനിരപ്പ്‌, വൈദ്യുതി ഉപയോഗത്തിന്റെ പ്രാദേശിക വിവരങ്ങൾ ഉൾപ്പെടെ തത്സമയ വിവരശേഖരണത്തിന്‌ വഴിതുറക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കടക്കം ഇത്‌ പ്രയോജനപ്പെടും. വീട്ടമ്മമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമുൾപ്പെടെ തൊഴിലവസരങ്ങളും വരുമാനവും ഉയർത്താൻ സഹായകമാകും. കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്ക്‌ കൂടുതൽ വേഗത്തിലാകും. നിർണയാതീതമായ സമയലാഭം ഉറപ്പാക്കും. വേതന/വരുമാന നഷ്ടം കുറയ്‌ക്കും. ഉൽപ്പാദനം ഉയരും. സാമ്പത്തിക മേഖലയിലടക്കം വലിയ പ്രതിഫലനം സൃഷ്ടിക്കും. സർക്കാർ സേവനത്തിനായി അലച്ചിൽ ഒഴിവാക്കാനാകും. മൊബൈൽ ഫോണിൽവരെ എല്ലാ സേവനങ്ങളും ലഭ്യമാകുന്നത്‌ ആഹ്ലാദ ജീവിത സൂചിക ഉയർത്തും. ഇ–-മെഡിസിൽ, ഇ–-ഹെൽത്ത്‌, ഇ–-സ്‌കൂൾ എന്നിങ്ങനെയെല്ലാം ഓൺലൈനിലാകും.

താഴേത്തട്ടിലെ സർക്കാർ ഓഫീസുകൾവരെ ഇ–-ഓഫീസ്‌ സംവിധാനത്തിൽ ഒറ്റ ശൃംഖലയായി. പഞ്ചായത്ത്‌, വില്ലേജ്‌ ഓഫീസുകളടക്കം ജനങ്ങൾ നേരിട്ടെത്തുന്ന ഓഫീസുകൾപോലും ഇതിന്റെ ഭാഗമായി. ഇത്‌ ഭയങ്കരമാറ്റം സൃഷ്ടിക്കും. സർക്കാർ നയം, ഇതിന്റെ ഭാഗമായ ഫയൽ നീക്കം, ഇതിനെത്തുടർന്ന്‌ ജനങ്ങൾക്ക്‌ ലഭ്യമാകുന്ന സേവനം–- മൂന്നു കാര്യവും വേഗത്തിലാകും. എല്ലാ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെ കെ ഫോൺ ഉറപ്പാക്കണമെന്നത്‌ സർക്കാരിന്റെ നിഷ്‌കർഷയാണ്‌. ഗ്രാമപഞ്ചയത്ത്‌ ഓഫീസുകൾക്കുപോലും ഇന്റർനെറ്റില്ലാത്ത പ്രവർത്തനം ഒരുനിമിഷംപോലും ആലോചിക്കാനാകാത്ത സ്ഥിതിയാണ്‌. അതിനാൽ പല കണക്‌ഷനുകൾ എടുക്കുന്നു. വർഷം 500 കോടിയോളം രൂപയാണ്‌ പലതുള്ളി പെരുവെള്ളം എന്ന നിലയിൽ സർക്കാർ ഖജനാവിൽനിന്ന്‌ ഇന്റർനെറ്റ്‌ ലഭ്യതയ്‌ക്ക്‌ ചെലവിടുന്നത്‌. ഇത്‌ കെ ഫോൺവഴിയാകുമ്പോൾ ചെലവ്‌ 200 കോടിയിൽ താഴെയെത്തും. അതും കെ ഫോണിന്റെ പരിപാലനത്തിനും മൂലധന തിരിച്ചടവിനുമായിരിക്കും ഉപയോഗിക്കുക.
കെ ഫോണിനെ അനന്യമെന്ന്‌ വിശേഷിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌

ഭാരത്‌നെറ്റ്‌ ഉൾപ്പെടെ കണക്ടിവിറ്റി ചില സംസ്ഥാനങ്ങൾ ലഭ്യമാക്കുന്നുണ്ട്‌. സാമ്പത്തികപിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യത എന്നത്‌ കേരളം മാത്രമാണ്‌ ചിന്തിച്ചത്‌. ബാക്കി കുടുംബങ്ങൾക്ക്‌ സൗജന്യ നിരക്കിലും കണക്‌ഷൻ ഉറപ്പാക്കുന്നു. ആന്ധ്രയിലടക്കം വാണിജ്യാടിസ്ഥാനത്തിൽമാത്രമാണ്‌ ഇന്റർനെറ്റ്‌ സൗകര്യം ഒരുക്കുന്നത്‌. ഇന്റർനെറ്റ്‌ പൗരന്റെയും അവകാശമാകുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നതാണ്‌ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യപ്രതിബദ്ധത. ഭക്ഷണം, വസ്‌ത്രം, അടച്ചുറപ്പുള്ള വീട്‌ എന്നീ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം ഡിജിറ്റൽ വിഭജനം ഒഴിവാക്കലും ഉറപ്പാക്കുന്നു.

സ്വകാര്യ സേവന ദാതാക്കളിൽനിന്ന്‌ കെ ഫോണിനുള്ള വെല്ലുവിളി

സ്വകാര്യ കമ്പനികൾ കെ ഫോണിനെ ഭയാശങ്കയോടെയാണ്‌ കാണുന്നത്‌. 80 ലക്ഷത്തിലധികം കുടുംബങ്ങളിൽ 20 ലക്ഷത്തിൽ താഴെമാത്രമാണ്‌ ഇന്റർനെറ്റ്‌ ലഭ്യതയുള്ളത്‌. 60 ലക്ഷത്തോളം കുടുംബത്തിന്റെ സാധ്യത തുറന്നുകിടക്കുന്നു. ഗ്രാമ–-നഗര വ്യത്യാസമില്ലാത കെ ഫോൺ ഫൈബർ എത്തിയിട്ടുണ്ട്‌. ഇവർക്കെല്ലാം ഏതൊരു കമ്പനിയേക്കാളും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കാൻ കെ ഫോണിന്‌ കഴിയും.

വസ്‌തുതകളില്ലാതെ പ്രതിപക്ഷം പദ്ധതിക്കെതിരെ അഴിമതി ആരോപിക്കുമോ

പദ്ധതിയുടെ ആദ്യഭരണാനുമതി 1028 കോടി രൂപയായിരുന്നു. മൂലധനച്ചെലവിനും ഒരുവർഷത്തെ പരിപാലനത്തിനുമാണ്‌ തുക നിശ്ചയിച്ചത്‌. ഈ ഘട്ടത്തിൽ വാർഷിക പരിപാലനച്ചെലവ്‌ കണക്കാക്കാൻ വ്യക്തമായ മാർഗങ്ങളുണ്ടായില്ല. വർഷം 104 കോടി രൂപ മതിപ്പിൽ ഏഴുവർഷത്തേക്കുള്ള ചെലവ്‌ 724 കോടിയായി കണക്കാക്കി. ടെൻഡറിൽ ഏഴുവർക്ഷത്തേക്ക്‌ 428 കോടിമാത്രമാണ്‌ ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡ്‌ ആവശ്യപ്പെട്ടത്‌. ആയിരത്തിൽപ്പരം ജീവനക്കാരും ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാനുള്ള വാഹനങ്ങളും യന്ത്രോപകരണങ്ങളുമടക്കം സംസ്ഥാനത്താകെ ലഭ്യമാക്കുന്നതിന്‌ പ്രതിമാസം അഞ്ചുകോടി രൂപവീതമാണ്‌ കൈമാറുന്നത്‌. ആദ്യ ഭരണാനുമതിയിൽ ഒരുവർഷത്തെ പരിപാലനമാണ്‌ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ടെൻഡർ ഭരണാനുമതിയിൽ ഏഴുവർഷത്തെ പരിപാലനച്ചെലവും ഉൾപ്പെട്ടു. ഇതിനാലാണ്‌ 420 കോടി രൂപയുടെ വ്യത്യാസം വന്നത്‌. ഫലത്തിൽ പദ്ധതിച്ചെലവ്‌ കുറയുകയായിരുന്നു. ഇതിനെ അഴിമതിയായി ചിത്രീകരിച്ച്‌ വലിയ പ്രചാരണം നൽകാനാണ്‌ ശ്രമം. പദ്ധതിപരിപാലനത്തിനും മുതൽമുടക്കിന്റെ തിരിച്ചടവിനുമുള്ള ഉത്തരവാദിത്വം കെ ഫോണിനാണ്‌.  കിഫ്‌ബിയുടെ വാർഷിക തിരിച്ചടവ്‌ 100 കോടി, വൈദ്യുതി ബോർഡിന്‌ നൽകേണ്ട വാർഷിക വാടക 15 കോടി എന്നിവയും കണ്ടെത്തണം. കെ ഫോൺ തനതായ ബിസിനസിലൂടെ കണ്ടെത്തേണ്ട തുകയാണിത്‌. -


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top