11 December Wednesday
ഇന്ന്‌ കേരളവർമ 
പഴശിരാജയുടെ സ്‌മൃതിദിനം

പഴശിയുടെ പോരാട്ടങ്ങൾ

ഭാസ്‌കരൻ കെUpdated: Saturday Nov 30, 2024

 

ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്‌ കേരളവർമ പഴശിരാജയുടെ ജീവിതം. 1805 നവംബർ മുപ്പതിനാണ്‌ പഴശിരാജ വീരമൃത്യു വരിച്ചത്‌. (ജനനം–-1753 ജനുവരി 3). വയനാട്ടിലെ തദ്ദേശീയരായ ജനതയെ അണിനിരത്തി കമ്പനിക്കെതിരെ നടത്തിയ യുദ്ധത്തിലൂടെയാണ് കേരളവർമ ചരിത്രപുരുഷനെന്ന ഖ്യാതി നേടിയത്. മലബാറിലെ കോട്ടയം ദേശത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ഗറില്ലാ മാതൃകയിലുള്ള പഴശിയുടെ പോരാട്ടം ഈസ്റ്റിന്ത്യാ കമ്പനിയെ വിറപ്പിച്ചു. തോക്കും വെടിക്കോപ്പുകളുമുൾപ്പെടെയുള്ള ആയുധങ്ങളുമായി അണിനിരന്ന ബ്രിട്ടീഷ്‌ സേനയ്‌ക്കെതിരെ അമ്പും വില്ലും വാളുമുപയോഗിച്ചായിരുന്നു ആ മുന്നേറ്റം.

മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരലിക്കും മകൻ ടിപ്പു സുൽത്താനും ആദ്യകാലത്ത്‌ എതിരായിരുന്ന പഴശി പിന്നീട്‌ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ടിപ്പുവിന്റെ സഹായം തേടി. രാജയെ സംബന്ധിച്ചിടത്തോളം ദേശീയത എന്നത് കോട്ടയം ദേശവും വയനാടും അടങ്ങിയതായിരുന്നു. 1757-ലെ പ്ലാസിയുദ്ധത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയെ  വലയിലാക്കാൻ തുടങ്ങിയിരുന്നുവെങ്കിലും വാർത്താവിനിമയ സംവിധാനങ്ങളുടെ അക്കാലത്തെ പരിമിതികൾ കാരണം അതൊന്നും മലബാറിലെ ഒരു നാട്ടുരാജാവിന്റെ ശ്രദ്ധയിൽ വരുന്നതായിരുന്നില്ല. കമ്പനിയുമായുണ്ടാക്കിയ ബന്ധങ്ങളും നീക്കങ്ങളും ഭാവിയിൽ തന്നെത്തന്നെ പ്രതിരോധത്തിലാക്കുമെന്ന് കേരളവർമ ചിന്തിച്ചില്ല.

ടിപ്പുവിനെ മലബാറിന്റെ അധികാരത്തിൽനിന്ന് പൂർണമായി ഒഴിവാക്കിക്കൊണ്ട് 1792ൽ കമ്പനി ശ്രീരംഗപട്ടണം സന്ധിയിൽ ഒപ്പു വച്ചപ്പോൾ വയനാടിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. വയനാടിനെ തങ്ങളുടെ പരമ്പരാഗതനിയന്ത്രണത്തിൽ വരുന്ന പ്രദേശമായിട്ടാണ് കോട്ടയം ഭരണാധികാരികൾ കണക്കാക്കിയിരുന്നത്. എന്നാൽ കമ്പനി വയനാടിന് മേലുള്ള പഴശിയുടെ അവകാശവാദം അംഗീകരിച്ചു കൊടുത്തിരുന്നില്ല.

കമ്പനിക്കെതിരായിട്ടുള്ള ഒളിയുദ്ധങ്ങളുമായി വയനാട്ടിൽ താവളമടിച്ചതോടെ രാജ ടിപ്പുവുമായി സഖ്യനീക്കങ്ങളിലേർപ്പെട്ടു. ടിപ്പുവിന്റെ ഉദ്യോഗസ്ഥൻമാരാണ് ഇതിന് ഇടനിലക്കാരായി പ്രവർത്തിച്ചത് എന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ സൂചിപ്പിക്കുന്നുണ്ട്. പഴശിരാജയോട് കൂറ് പുലർത്തുന്നവരെ പ്രഖ്യാപിത ശത്രുക്കളായി കണക്കാക്കി അവരുടെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാനും കമ്പനി തീരുമാനിച്ചു.

പഴശിരാജയെ സമ്പൂർണമായി നിർമാർജനം ചെയ്യുമെന്ന് കമ്പനി ഭീഷണിപ്പെടുത്താനും  തുടങ്ങിയതോടെ ടിപ്പുവുമായുള്ള സഖ്യനീക്കം പഴശി ശക്തിപ്പെടുത്തി. ഇത് സംബന്ധിച്ച് വില്യം ലോഗന്റെ വാക്കുകൾ നമുക്ക് കടമെടുക്കാം.‘ കമ്പനിയുടെ ഭീഷണികൊണ്ട് പെട്ടെന്നുണ്ടായ ഒരു ഫലം ടിപ്പുവിന്റെ കില്ലിദാറുമായി കങ്കണക്കോട്ട എന്ന സ്ഥലത്തുവച്ച് പഴശി നേരിട്ട് ബന്ധം പുലർത്തി എന്നതാണ്.’ പഴശിപ്പടയെ നേരിടാനായി വയനാട്ടിലേക്കുള്ള യാത്രാമധ്യേ പേരിയ ചുരത്തിൽവച്ച്‌ കേണൽ ഡൗവിന്റെ നേതൃത്വത്തിലുള്ള പട്ടാളസംഘത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു.

ശ്രീരംഗപട്ടണം സന്ധിക്കുശേഷം കമ്പനിക്കെതിരായ നീക്കങ്ങളിൽനിന്ന് ടിപ്പു സുൽത്താൻ പൂർണമായും പിന്തിരിഞ്ഞിരുന്നില്ല. മലബാറിലുള്ള ഒട്ടുമിക്ക രാജാക്കൻമാരേയും കമ്പനി അധികാരവലയത്തിനകത്ത് ഒതുക്കിയെങ്കിലും പഴശിരാജ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുമായി നിലയുറപ്പിക്കുന്നതാണ് ടിപ്പു കണ്ടത്. പഴശിരാജയെ പോലെത്തന്നെ വയനാട് തന്റെ അധീശത്വത്തിലാണ് എന്ന് കരുതുന്ന സുൽത്താൻ വയനാട്ടിലെവിടെയും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം പഴശിക്ക് നൽകി. ശ്രീരംഗപട്ടണംസന്ധിക്ക് ശേഷം കമ്പനിക്കെതിരായ പൊതുഐക്യം രൂപപ്പെടുത്തേണ്ട ആവശ്യകത ഇരുകൂട്ടർക്കും ബോധ്യപ്പെട്ടു. ഇതോടെ പഴശിക്കെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നില്ലെങ്കിലും കമ്പനി അധികാരികളുടെ മുഖ്യപരിഗണന ടിപ്പുവിനെ ഉന്മൂലനം ചെയ്യുക എന്നതിനായി. 1799 മെയ് 4 ന്‌ ശ്രീരംഗപട്ടണം കീഴടക്കിയാണ്‌ കമ്പനി സൈന്യം ടിപ്പുവിന്റെ ജീവനെടുക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയിൽ തങ്ങൾക്ക് വരുതിയിലാക്കാൻ സാധിക്കാതെ വരുന്ന മുഖ്യശക്തി പഴശിരാജ മാത്രമായി മാറി. കേരളവർമയെയും സൈന്യത്തെയും 1805 നവംബർ 30 രാവിലെ  ബ്രിട്ടീഷ്‌ സൈന്യം കാട്‌ വളഞ്ഞ്‌ ആക്രമിച്ചു. അന്ത്യശ്വാസംവരെ കമ്പനിക്കെതിരെ പൊരുതിയാണ്‌ കേരളവർമ വീരമൃത്യു വരിച്ചത്‌.

(ഗ്രന്ഥകാരനും സാംസ്‌കാരിക പ്രവർത്തകനുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top