29 May Friday

ഐടിയിൽ തിളങ്ങി കേരളം

റനീഷ് എ ആർUpdated: Wednesday Apr 10, 2019


ഇന്ത്യൻ ഐടി വ്യവസായത്തിന്റെ തുടക്കം 1974ൽ ആണ‌്. എങ്കിലും 2000 മുതലാണ് ഇന്ത്യയിൽ ഐടിയുടെ സുവർണ കാലഘട്ടമായി അറിയപ്പെടുന്നത‌്. 1998 മുതൽ 2012 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ ജിഡിപിയിലേക്ക് ഐടി മേഖലയിൽനിന്നുള്ള സംഭാവന 1.2 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി വർധിച്ചു എന്നാണ‌് കണക്കാക്കുന്നത്. ഇതിൽ കേരളത്തിന്റെ സംഭാവനയും ഒട്ടും ചെറുതല്ലാതെ ഉണ്ടായിരുന്നു. കേരളത്തിന്റെ ഐടി മേഖലയിലെ വികസനത്തിന് തുടക്കംകുറിച്ചത്  തിരുവനന്തപുരത്ത‌് സ്ഥിതിചെയ്യുന്ന ടെക‌്നോപാർക്കിലൂടെയാണ‌്. ഇലക‌്ട്രോണിക‌്സ‌്, വിവരസാങ്കേതികവിദ്യ രംഗത്ത് ഇന്ത്യയിലെതന്നെ ആദ്യത്തെ വ്യാവസായിക പാർക്കാണ് ടെക‌്നോപാർക്ക‌്. സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, കൂടുതൽ തൊഴിൽദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1991 ൽ ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത‌് തുടങ്ങിയതാണ് ടെക‌്നോപാർക്ക‌്. 1998 ലാണ‌് ആദ്യമായി ഐടി നയം രൂപീകരിച്ചത്,  അതോടൊപ്പം പുതുതായി ഐടി ഡിപ്പാർട്ട‌്മെന്റ‌് രൂപീകരിച്ചതും ഇടതുപക്ഷ സർക്കാരാണ‌്.

മികച്ച വളർച്ചനിരക്ക‌്, നിരവധി കമ്പനികൾ കേരളത്തിലേക്ക‌് എത്തി
ഐടി കമ്പനികളുടെ സംഘടനയായ നാസ‌്കോമിന്റെ പഠനത്തിൽ ബംഗളൂരു, മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളുമായി കിടപിടിക്കാൻ പറ്റുന്ന തരത്തിലുള്ള മാനവ വിഭവശേഷിയുള്ള പ്രധാന ഐടി നഗരമായി കൊച്ചിയെയും തിരുവനന്തപുരത്തെയും കണക്കാക്കിയിട്ടുണ്ട്. ഈ മാനവവിഭവശേഷിയെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധികാത്തത് മൂലധനനിക്ഷേപത്തിന് പര്യാപ്തമായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ‌്മയായിട്ടാണ‌് ഇത്രയുംകാലം പറഞ്ഞിരുന്നത‌്. എന്നാൽ എൽഡിഎഫ‌് സർക്കാർ വന്നതോട‌ുകൂടി ഇതിന‌് പരിഹാരമായി.  1.6 കോടി ചതുരശ്രയടി ഐടി സ‌്പേസ‌് മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത‌് ചുരുങ്ങിയ  ദിവസങ്ങൾക്കുള്ളിൽ അത‌് 2.1 കോടി ചതുരശ്രയടിയിലേക്ക‌് എത്തിച്ചിരിക്കുന്നതായി കാണാം. അരക്കോടി ചതുരശ്രയടി അധികസ്ഥലം ഐടി വികസനത്തിനായ‌ി വികസിപ്പിക്കാൻ സർക്കാരിന‌് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കഴിഞ്ഞു. കാൽനൂറ്റാണ്ടിനിടയിലെ മികച്ച വളർച്ചനിരക്കുമായി സംസ്ഥാനത്തെ ഐടി മേഖല ഇപ്പോൾ മാറിയതിന‌ുപിന്നിൽ അടിസ്ഥാന സൗകര്യത്തിലുള്ള ഈ വർധന സഹായിച്ചതായി കാണാം.

പുതിയ ഐടി നയത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഫലമായി നിരവധി കമ്പനികൾ കേരളത്തിലേക്കു വന്നു.  അതിൽ എടുത്തുപറയേണ്ടത് നിസാൻ ഗ്ലോബൽ ഡിജിറ്റൽ  ഹബ്ബിന്റെ തിരുവനന്തപുരത്തേക്കുള്ള വരവാണ്. കേരളത്തിലെ ഐടി മേഖലയിലാകെ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ഇത് നൽകിയിരിക്കുന്നത്. നിസാന്റെ വരവിനുശേഷം കൂടുതൽ കമ്പനികൾ ടെക‌്നോപാർക്കിലേക്ക‌് എത്തുകയാണ്. അമേരിക്കൻ ഗ്രൂപ്പായ ടോറസിന‌്  ഐടി കെട്ടിടം പണിയാനുള്ള രൂപകൽപ്പന പുരോഗമിക്കുകയാണ്. വേഗം പണി പൂർത്തിയാക്കി അടുത്ത വർഷം മധ്യത്തോടെ ഐടി കമ്പനികൾക്ക‌് തുറന്ന‌ുകൊടുക്കാനാണ‌് ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ടോറസിന്റെ സ്വാധീനം നിക്ഷേപകരെ അവരുടെ ഐടി പാർക്കിലേക്ക്  ആകർഷിക്കാൻ പ്രേരകമാകുകയും ചെയ്യും. നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ ചുവടുപിടിച്ച്‌ ഫുജിറ്റ്സുവും കേരളത്തിൽ സാന്നിധ്യമുറപ്പിക്കാൻ താൽപ്പര്യമറിയിച്ചിട്ടുണ്ട‌്.  2016ലെ കണക്കനുസരിച്ച‌് ലോകത്തിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളുടെ പട്ടികയിൽ അഞ്ചാമതാണ‌് ഫുജിറ്റ്സു.

ഫുജിറ്റ്സുവിനെ കൂടാതെ നിസാന്റെ സപ്ലൈയർ കമ്പനികളായ ടെക്ക‌് മഹീന്ദ്രയും ഹിന്ദുജയും കേരളത്തിലേക്ക് വരുന്നുണ്ട‌്. ടെക്‌നോപാർക്കിൽ മൂന്നുമാസത്തിനകം തിരുവനന്തപുരത്തെ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 200 പേർക്ക് തൊഴിൽ ലഭിക്കും. സ്വന്തം ക്യാമ്പസ് പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരം തുറക്കും. ടെക് മഹീന്ദ്രകൂടി എത്തുന്നതോടെ ഏറ്റവും വലിയ ഇന്ത്യൻ ഐടി കമ്പനികളിൽ ആദ്യ അഞ്ചെണ്ണവും സംസ്ഥാനത്ത‌് സാന്നിധ്യമുറപ്പിച്ചുവെന്ന ചരിത്രനേട്ടവും കേരളത്തിന‌് സ്വന്തമായി.

അരലക്ഷത്തോളം തൊഴിലവസരങ്ങൾ
ഐടി നയത്തിന്റെ ചുവട‌ുപിടിച്ച് ഐടി പാർക്കുകളെ കൂടുതൽ  ആകർഷകമാക്കിയതോടെ കൂടുതൽ കമ്പനികളും സംസ്ഥാനത്ത് എത്തി. 165ലധികം പുതിയ കമ്പനികളാണ് ഐടി പാർക്കുകളിൽ എത്തിയത്. വൻകിട കമ്പനികളുടെ വരവും ഐടി മേഖയിൽ  വലിയ ചലനം ഉണ്ടാക്കി. മൂന്ന‌ുവർഷത്തിനുള്ളിൽ നേരിട്ടും അല്ലാതെയുമായി അരലക്ഷത്തോളം തൊഴിലവസരങ്ങളാണ‌് ഐടി മേഖലയിലാകെ സർക്കാരിന‌് സൃഷ്ടിക്കാനായത്.  ഈ നേട്ടം എല്ലാ ജില്ലകളിലേക്കും വ്യാപിക്കാൻ ഉതകുന്ന തരത്തിലാണ് സംസ്ഥാന സർക്കാർ, ഐടി വ്യവസായ വികസനത്തിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ഒരു ഹബ‌് ആൻഡ‌് സ‌്പോക്ക‌് മാതൃകയാണ് വിഭാവനം ചെയ‌്തിരിക്കുന്നത‌്. തിരുവനന്തപുരം (ടെക‌്നോപാർക്ക‌്), കൊച്ചി (ഇൻഫോ പാർക്ക്), കോഴിക്കോട് (സൈബർ പാർക്ക‌്) എന്നിവ ഹബ്ബുകളായും ബാക്കിയുള്ള ജില്ലകൾ സ‌്പോക്കുകളായും പ്രവർത്തിക്കുന്നു. 

യുവത്വത്തിന്റെ സാങ്കേതിക മികവിനെ നാടിന്റെ പുരോഗതിക്ക് ഉപയോഗിക്കുക എന്ന സർക്കാരിന്റെ നയത്തിന്റെ ഏറ്റവും നല്ല തെളിവായിരുന്നു, സംസ്ഥാന സ്റ്റാർട്ട‌പ് മിഷനു കീഴിലെ ജെൻ റോബോട്ടിക‌്സ‌് എന്ന കമ്പനിയുടെ നേതൃത്വത്തിൽ മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ട് വികസിപ്പിച്ചത്. ഡ്രെയ്നേജ് കുഴലുകളിലും മാൻഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നതും റോബോട്ടുകളെ ഉപയോഗിച്ച‌് നീക്കംചെയ്യാനുള്ള വിദ്യയാണ് ഇവർ കണ്ടെത്തിയത്.

കേരളത്തിലെ യുവജനങ്ങളുടെ സാങ്കേതിക വിദ്യയിലുള്ള ജ്ഞാനം ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ലാപ്ടോപ്പുകളും സെർവറുകളും കേരളത്തിൽത്തന്നെ നിർമിക്കാനുള്ള ‘കൊക്കോണിക‌്സ‌് ' എന്ന സംരംഭത്തിന് തുടക്കമാവുകയാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക‌്ട്രോണിക‌്സ‌് ഉൽപ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി  കൈകോർത്താണ് നൂതനമായ ഈ സംരംഭത്തിന് തുടക്കംകുറിക്കുന്നത‌്. ഇലക‌്ട്രോണിക‌് ഉപകരണരംഗത്തെ പ്രമുഖരായ ഇന്റൽ കമ്പനിയുടെ മാർഗനിർദേശവും സാങ്കേതികസഹായവും ഈ പദ്ധതിക്കുണ്ട്. ഇലക‌്ട്രോണിക‌് വ്യവസായരംഗത്തെ സംസ്ഥാന സർക്കാരിന്റെ സുപ്രധാനമായ ചുവടുവയ‌്പായി ഈ സംരംഭം മാറും.

യുവാക്കളിലും വിദ്യാർഥികളിലുമുള്ള സംരംഭകത്വ കഴിവുകൾ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനും മറ്റുമായി, 2007ൽ  ഇടതുപക്ഷ സർക്കാരാണ്  കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ‌്‌യുഎം) ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ നോൺ അക്കാദമിക് ബിസിനസ‌് ഇൻകുബേറ്ററാണിത്. ഇതിന്റെ തുടർച്ചയെന്നോണം ഐടി നയത്തിന്റെ ഭാഗമായുള്ള സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹന ഫലമായി 2018 ലെ കേന്ദ്രസർക്കാരിന്റെ സ്റ്റേറ്റ് സ്റ്റാർട്ട‌പ് റാങ്കിങ്ങിൽ മികച്ച പ്രകടനം കാഴ‌്ചവച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെയും തെരഞ്ഞെടുത്തു.

സ്റ്റാർട്ട‌പ് മേഖലയിൽ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലാണ് കേരളം ദേശീയതലത്തിൽ അംഗീകാരം നേടിയെടുത്തത്.  കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായനയ പ്രോത്സാഹന വകുപ്പ്, സംസ്ഥാനങ്ങൾ സ്റ്റാർട്ട‌പ് മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ‌് നിശ്ചയിച്ചത്. എല്ലാ ജില്ലകളിലും സംരംഭകത്വ സെല്ലുകൾ സജ്ജമാക്കുകയും സ്റ്റാർട്ട‌പ്പുകൾക്ക‌് ധനസഹായം നൽകാൻ  പ്രത്യേക സംവിധാനം ഉണ്ടാക്കുകയും ചെയ‌്തത‌് ഈ മേഖലയിലെ കേരളത്തിന്റെ നേട്ടമായി കേന്ദ്രം കണ്ടെത്തി. സ്റ്റാർട്ട‌പ് നയം നടപ്പാക്കുന്നതിലും ഇൻക്യുബേഷൻ ഹബ്ബുകൾ സജ്ജമാക്കുന്നതിലും കേരളം മുന്നേറ്റം നടത്തിയെന്നും കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പദ്ധതികളാണ‌് എൽഡിഎഫ‌് സർക്കാർ ഐടി മേഖലയുടെ വികസനത്തിനായി നടപ്പാക്കിയത‌്.  

എന്നാൽ,  യുഡിഎഫ‌് സർക്കാരിന്റെ ഭരണകാലത്ത‌്  ഒറ്റ വലിയ കമ്പനിപോലും ടെക‌്നോപാർക്കിൽ ആരംഭിച്ചില്ലെന്ന‌് മാത്രമല്ല,  ലോകത്തിലെതന്നെ മുൻനിര കമ്പനികളായ കേപ് ജെമിനിയും ആക‌്സഞ്ചറും ഇവിടെനിന്ന‌് അവരുടെ ഓപ്പറേഷൻതന്നെ മാറ്റി എന്നുകൂടി അറിയുമ്പോഴാണ‌് മൂന്ന‌ുവർഷംകൊണ്ട‌് എൽഡിഎഫ‌് ഉണ്ടാക്കിയ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാക്കുക.

(ലേഖകൻ ടെക‌്നോപാർക്കിലെ ഐടി ജീവനക്കാരനാണ‌്)


പ്രധാന വാർത്തകൾ
 Top