03 December Friday

സാമൂഹ്യ പ്രതിബദ്ധതയുള്ള സിവിൽ സർവീസ് - കെ എൻ അശോക് കുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

കാര്യക്ഷമതയിലൂന്നിയ സാമൂഹ്യപ്രതിബദ്ധതയുള്ള സിവിൽ സർവീസ് എന്ന മുദ്രാവാക്യമുയർത്തി അവകാശസമര പോരാട്ടങ്ങളിൽ ഓരോചുവടും അടയാളപ്പെടുത്തി ഭരണസിരാകേന്ദ്രത്തിലെ ഭൂരിപക്ഷം ജീവനക്കാരെയും പ്രതിനിധാനം ചെയ്യുന്ന മഹാപ്രസ്ഥാനമായി വളരാൻ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. ഐതിഹാസികമായ സമരതീച്ചൂളയിൽ ജന്മംകൊണ്ട സംഘടന സെക്രട്ടറിയറ്റ് ജീവനക്കാരുടെ അവകാശ  സംരക്ഷണ പോരാട്ടങ്ങൾക്കൊപ്പം ഭരണകേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാനും പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിന് മുൻ നിരയിൽത്തന്നെ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ, എക്കാലവും വലതുപക്ഷത്തിന്റെ പ്രതികാര നടപടികൾക്ക് നിരന്തരം പാത്രിഭവിച്ചിട്ടുണ്ട്‌. 1985ലെ അനിശ്ചിതകാല  പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും അഡീഷണൽ സെക്രട്ടറിയുമായിരുന്ന സി ജെ ജോസഫിനെ കരുണാകരൻ സർക്കാർ പിരിച്ചുവിട്ടു. 2001-ലെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട്  ഇന്നത്തെ സംഘടനാ പ്രസിഡന്റ്  പി ഹണിയടക്കം ഏഴുപേരെ  പിരിച്ചുവിട്ടു. തൊട്ടടുത്ത് വന്ന ഇടതുപക്ഷ സർക്കാരുകളാണ് തിരിച്ചെടുത്തത്. സർക്കാർ ജീവനക്കാരുടെ മുഴുവൻ ആനുകൂല്യവും ഒറ്റ ഉത്തരവിലൂടെ കവർന്ന ആന്റണി സർക്കാരിന്റെ  നടപടിക്കെതിരെ നടന്ന 32 ദിവസത്തെ പണിമുടക്കിന്റെ കേന്ദ്ര ബിന്ദുവാക്കി സെക്രട്ടറിയറ്റിനെ മാറ്റാൻ എംപ്ലോയീസ് അസോസിയേഷന് കഴിഞ്ഞു. നാല്‌ വനിതകളടക്കം 10  പേർ അന്ന് ജയിലിലടയ്ക്കപ്പെട്ടു. 

മഹാമാരിയെ അതിജീവിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകജനത. കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ സാമ്പത്തിക പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയാണ് രാജ്യത്തെ ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്.  രാജ്യങ്ങൾ അടച്ചുപൂട്ടിയപ്പോൾ പ്രതിസന്ധിയിലായ ജനതയ്ക്കുള്ള ആശ്വാസനടപടികൾ മിക്ക രാജ്യങ്ങളും കൈക്കൊണ്ടു.  എന്നാൽ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പാക്കേജ്  ജനങ്ങൾക്ക് ഉപകാരപ്രദമായില്ല. രണ്ടാം മോദി സർക്കാർ നടപ്പാക്കിയ തൊഴിൽനിയമ ഭേദഗതി, തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ  ഇല്ലാതാക്കുകയും  മുതലാളിത്ത സംരംഭകരായ തൊഴിലുടമകൾക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കുന്നതുമാണ്.

രാജ്യമാകെ തൊഴിലാളിവിരുദ്ധ ജനാധിപത്യവിരുദ്ധ നയങ്ങൾ  അടിച്ചേൽപ്പിക്കുമ്പോഴും, കേരളചരിത്രത്തിൽ  സമാനതകളില്ലാത്ത പ്രതിസന്ധികൾ ഒന്നിനുപിറകെ ഒന്നായി വന്നപ്പോഴും ജനാധിപത്യസർക്കാർ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിന് കേരളം ലോകത്തിന് മാതൃകയായി. ഈ  പ്രതിസന്ധിഘട്ടങ്ങളിലും കേരളത്തിലെ സിവിൽ സർവീസിനെ സർക്കാർ ചേർത്തുപിടിച്ചിട്ടുണ്ട്.  കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ജീവനക്കാരുടെ  സേവന വേതന വ്യവസ്ഥകളിൽ കൈവച്ചപ്പോൾ,  കേരളത്തിൽ  ജീവനക്കാരുടെ ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കി എന്നുമാത്രമല്ല ചരിത്രത്തിൽ ആദ്യമായി, മാറ്റിവച്ച വേതനം തിരിക നൽകുന്നതിനും ഇടതുപക്ഷ സർക്കാർ തയ്യാറായി.  പ്രതിസന്ധികളുടെ നാളുകളിൽ സിവിൽ സർവീസിന്റെ  നന്മകൾ നേരിട്ടനുഭവിച്ച സംസ്ഥാനമാണ് കേരളം.  സർക്കാർ നയങ്ങളും നടപടികളും ഫലപ്രദമായി നടപ്പാക്കാൻ സെക്രട്ടറിയറ്റ് സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിനാകെ മാതൃകയായി  ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മുന്നോട്ടുവച്ച ജനപക്ഷ ബദലുകൾ തുടർന്നുപോകേണ്ടതുണ്ടെന്നും അതിന് സുസംഘടിതവും കാര്യക്ഷമവുമായ സിവിൽ സർവീസ് അനിവാര്യമാണെന്നും  മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  കേരളത്തിന്റെ സമഗ്രമായ സാമൂഹ്യപുരോഗതിക്ക് സിവിൽ സർവീസ് ചെറുതല്ലാത്ത സംഭാവനയാണ് നൽകിയിട്ടുള്ളതെന്നും  സിവിൽ സർവീസിനെ വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും സർക്കാർ മുന്നോട്ട് പോകുക എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ,  കൂടുതൽ  ഉത്തരവാദിത്വമേറ്റെടുത്ത് കർമനിരതരാകാൻ  ജീവനക്കാരെ പ്രതിജ്ഞാബദ്ധരാക്കുന്നു.

സർക്കാർ ലക്ഷ്യംവയ്ക്കുന്ന ഫലപ്രദവും കാര്യക്ഷമവുമായ സിവിൽ സർവീസ് ഉറപ്പുവരുത്തുന്നതിന്, ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലെ ജീവനക്കാർ പ്രതിജ്ഞാബദ്ധരാണ്. നവകേരള നിർമിതിയിൽ സർക്കാരിന്റെ ലക്ഷ്യത്തിനൊത്ത് സെക്രട്ടറിയറ്റ്  സംവിധാനത്തെ ചലിപ്പിക്കാനുള്ള ഇടപെടലുകൾ നേതൃപരമായി ഏറ്റെടുക്കുന്നതുൾപ്പെടെ കാര്യക്ഷമമായ  ജനപക്ഷ സിവിൽ സർവീസ് ഉറപ്പുവരുത്തുന്നതിനുതകുന്ന ചർച്ചകളും തീരുമാനങ്ങളും തിരുവനന്തപുരത്ത് ചേരുന്ന 48–-ാം വാർഷിക സമ്മേളനം കൈക്കൊള്ളും.  

(കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top