28 May Saturday

സഫലമീയാത്ര ; മുന്നേറ്റത്തിന്റെ വർഷങ്ങൾ - പ്രൊഫ. വി മധുസൂദനൻനായർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 31, 2021

ഓരോ ഉദയവും ഭൂമിയുടെ, പ്രകൃതിയുടെ പ്രപഞ്ചത്തിന്റെ  നവോത്ഥാനമാണ്‌, നവോന്മേഷമാണ്‌. പുതിയതിലേക്കുള്ള കൺതുറക്കൽ. 365 ദിവസം എണ്ണി അടുത്തദിവസം കൺതുറക്കുമ്പോൾ നമുക്ക്‌ പുതിയ സംവത്സരമായി. കഴിഞ്ഞ ഒരാണ്ടിന്റെ കണക്കെടുപ്പിന്‌ മുതിരുന്നു നാം, പ്രകൃതിയും. സുഗതകുമാരി പറഞ്ഞതുപോലെ ആ കണക്ക്‌ നോക്കുന്നു. അനുദിനം അനുനിമിഷം.

പ്രകൃതിയുടെ പ്രപഞ്ച ഭരണംപോലെതന്നെയാണ്‌ ഒരു രാഷ്‌ട്രത്തിന്റെയും ഒരു ദേശത്തിന്റെയും ഭരണം. എന്തുനേടി, എന്തു നഷ്ടപ്പെട്ടുവെന്ന്‌ ശോധന ചെയ്‌തറിയുക. അത്‌ നാടിന്റെ ദൈനംദിന ജീവിതവൃത്തിക്ക്‌ ആവശ്യമാണ്‌. എന്തൊക്കെ ഇനിയും ബാക്കിയുണ്ട്‌ ചെയ്യാൻ എന്നുനിർണയിക്കാനും നടത്താനുംകൂടെ അത്‌ സഹായകമാകും.

കേരളം കുറെ വർഷമായി ഉണർവിന്റെ പാതയിലാണെന്ന്‌ നിഷ്‌പക്ഷമതിയായ ഏതൊരാളിനും ബോധ്യപ്പെടും. അത്രയ്‌ക്ക്‌ വ്യക്തമാണ്‌ ഈ സംസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രം. നമുക്ക്‌ ഈ ഭരണംതന്നെ തുടർന്നുവേണമെന്ന്‌ കേരള മനസ്സ്‌ ഏകകണ്‌ഠമായി പറയാനുണർന്നതെന്തുകൊണ്ട്‌ എന്ന്‌ ചിന്തിക്കാവുന്നതാണ്‌. തുടരെയുണ്ടായ പ്രകൃതിക്ഷോഭങ്ങൾക്കും പ്രളയദുരിതങ്ങൾക്കുമിടയിലൂടെ കടന്നുവന്നവരാണ്‌ നമ്മൾ. പക്ഷേ, അവയുടെ കൊടിയ കെടുതികൾ നാം തുടർന്ന്‌ അനുഭവിക്കാത്തതെന്തുകൊണ്ടാണ്‌. കെടുതികൾ നാടിനെ തളർത്താത്തമട്ടിൽ ഭരണ ക്രമീകരണങ്ങളൊരുക്കാൻ നമ്മുടെ ഭരണകേന്ദ്രത്തിനു സമർഥമായി സാധിച്ചെന്നതുതന്നെ മുഖ്യ കാരണം. ജനതയുടെ മനോവീര്യത്തെയും ഒട്ടുമേ വിസ്‌മരിക്കേണ്ടതില്ല.   എന്നാലും നാടിനെ ഒരുമിച്ചുനിർത്താനുള്ള ശക്തി ഭരണകേന്ദ്രമാണല്ലോ. കർമവിപാകം ചിലതുണ്ടാകുക എപ്പോഴും എവിടെയും സ്വാഭാവികമാണെങ്കിൽപ്പോലും നാട്ടുജീവിതത്തെ കഴിവതും തളർത്താതെ നയിക്കാൻ ഭരണകേന്ദ്രത്തിനു സാധിച്ചെന്ന്‌ വന്നില്ലെങ്കിൽ ഏതു ജനതയും ദുർബലമായിപ്പോകും.

ജനതയുടെ മനോബലവും കർമബലവുമാണ്‌ ഒരു നാടിന്റെ വികസനത്തിൽ പ്രധാനമെന്ന്‌ കരുതുന്നതിൽ അപാകമില്ല. ജനതയ്‌ക്ക്‌ മനോബലം നൽകി ഒരുമിച്ചുനിർത്താൻ സഹായിക്കുന്നത്‌ സാംസ്‌കാരിക ഉണർവാണ്‌. സാംസ്‌കാരികരംഗത്തെ ആകെ ഉത്തേജിപ്പിക്കാനും ഈ സർക്കാരിന്‌ ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുകൂടിയാണ്‌ അന്യതാ ശിഥിലമായി പോകുമായിരുന്ന, വിഭ്രാന്തമായി പോകുമായിരുന്ന ജനമനസ്സിന്റെ അവസ്ഥയെ കോവിഡ്‌ മഹാമാരിയുടെ ഭീകരാക്രമണകാലത്ത്‌ കഴിവതും അക്ഷോഭ്യമായി നിർത്താൻ സർക്കാരിനു കഴിഞ്ഞത്‌.

കോവിഡിന്റെ പ്രക്ഷുബ്ധകാലത്ത്‌ നമ്മുടെ നാട്ടിൽ ആരും വിശന്നില്ല. ഒരു വീടും പട്ടിണിയായില്ല. വിശപ്പുകൊണ്ട്‌ കുഞ്ഞുങ്ങൾ നിലവിളിച്ചില്ല. അന്നമാണ്‌ ആദ്യത്തെ അഭയം. ഓരോ വീട്ടിലും അന്നമെത്തിക്കാൻ അന്ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന മഹായജ്ഞത്തെ ആദരിക്കുന്നു. അക്കാലത്ത്‌ ചില വിദ്യാലയം സന്ദർശിച്ചപ്പോൾ കണ്ണ്‌ നിറഞ്ഞുപോയി. കുഞ്ഞുങ്ങൾക്ക്‌ നൽകാൻ അരിച്ചാക്കുകൾ അട്ടിയട്ടിയായി അടുക്കിവച്ചിരിക്കുന്നു. അപൂർവമായ കാഴ്‌ച. ഇതാണ്‌ ഭരണാധികാരിയുടെ കണ്ണ്‌. ഇതിനെയാണ്‌ എന്നെപ്പോലുള്ളവർ പുണ്യമെന്ന്‌ വിളിക്കുന്നത്‌. ഒരു കുഞ്ഞ്‌ വിശന്നാൽ അതിനർഥം നാടുമുഴുവൻ ദരിദ്രമാണെന്നു തന്നെ. ആ ഉള്ളുണർവുള്ള ഭരണാധികാരിയാണ്‌ ജനത്തിന്‌ ആശ്രയയോഗ്യൻ.

നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്തുണ്ടായ പുത്തനുണർവ്‌ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടാകും. ഈ ഭരണകേന്ദ്രത്തിന്റെ ഏറ്റവും വലിയ നേട്ടവും ധീരമായ ചുവടുവയ്‌പുമായി കാണേണ്ടത്‌ ഈ രംഗത്തെ ചലനങ്ങളെയാണെന്ന്‌ തോന്നുന്നു

കക്ഷിഭേദങ്ങൾ മറന്ന്‌ ഏവരും ഈ മഹാമാരിക്കാലത്ത്‌ ജനതയോടൊപ്പം ഉണ്ടായിരുന്നത്‌ നമ്മുടെ നാടിന്റെ സാംസ്‌കാരികത്തനിമ തന്നെ. പോയ വർഷത്തിന്റെ ‘ആണ്ടറുതിക്കടം’ നോക്കുമ്പോൾ ഇതിന്‌ എല്ലാവരും എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പുതിയ തലമുറകളെ കൈപിടിച്ചുയർത്തുന്നതിന്‌ കരുത്തും ദൂരക്കാഴ്‌ചയുമുള്ള കൈകളും കണ്ണുകളും വേണം. നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്തുണ്ടായ പുത്തനുണർവ്‌ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടാകും. ഈ ഭരണകേന്ദ്രത്തിന്റെ ഏറ്റവും വലിയ നേട്ടവും ധീരമായ ചുവടുവയ്‌പുമായി കാണേണ്ടത്‌ ഈ രംഗത്തെ ചലനങ്ങളെയാണെന്ന്‌ തോന്നുന്നു. പൊതുവിദ്യാലയങ്ങൾ സമത്വത്തിന്റെ, സാമൂഹ്യബോധത്തിന്റെ,   സഹവർത്തിത്വത്തിന്റെ മഹാക്ഷേത്രങ്ങളാണ്‌. ക്ഷേത്രമെന്നാൽ വിളഭൂമിയെന്ന്‌ അർഥം. പുതിയ തലമുറ വിളയുന്ന പാടമാണ്‌ വിദ്യാലയം. എല്ലാ ശ്രേണിയിലുമുള്ള  വിദ്യാർഥികൾക്ക്‌ ഒരേയിടം, ഒരേ അവസരം, ഒരേ സൗകര്യം, ഒരേ ഭക്ഷണം, ഒരേ ശ്രദ്ധ. ഇതല്ലേ സമത്വബോധത്തിന്റെ ആദ്യാനുഭവങ്ങൾ.

കുട്ടികളിൽനിന്ന്‌, കുഞ്ഞുമനസ്സുകളിൽനിന്ന്‌ ആട്ടിപ്പുറത്താക്കിയ ‘സമൂഹ പുരുഷനെ’ അതായത്‌ സാമൂഹ്യ മനസ്സാകുന്ന പുരുഷനെ അവരിൽ പുനരാനയിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ വീണ്ടും ഉണർത്തിയെന്നത്‌ നവോത്ഥാനത്തിന്റെ അത്യന്ത ശോഭനമായ കർമമാണ്‌.  ഈ മഹാകർമം കൂടുതൽ സഫലമായി തുടർന്നുപോകുക എന്നതാണ്‌ ആവശ്യം. വരുംതലമുറകളിൽ ഉത്തമ മനുഷ്യരെ സൃഷ്ടിക്കാൻ ഇത്‌ സഹായിക്കും. സാമൂഹ്യവും ജാതിമതകൃതവുമായ വിഭിന്നതകളും മാത്സര്യങ്ങളും കലാപങ്ങളും അകൽച്ചകളും ഇല്ലാതാക്കാൻ ഇതേ സഹായിക്കൂ. ഈ സർക്കാരിന്‌ കഴിഞ്ഞ വർഷങ്ങളിൽ ഫലവത്തായി ചെയ്യാൻ കഴിഞ്ഞ ഇക്കാര്യം ഭംഗമില്ലാതെ വീഴ്‌ച യും വൈകല്യവുമില്ലാതെ തുടർന്നുപോകാൻ കഴിഞ്ഞാൽ അതാണ്‌ നവകേരള സൃഷ്ടിയുടെ ആധാരമായി തീരുന്നത്‌.

ആരോഗ്യരംഗത്തുണ്ടായ ശുഷ്‌കാന്തിയും ശുചിത്വവും സർവജന പ്രാപ്യതയും മുഖ്യംതന്നെ. അത്‌ സാധാരണക്കാരന്റെ ആരോഗ്യപരിപാലന ക്ലേശത്തെയും ചെലവിനെയും കുറച്ചിട്ടുണ്ട്‌. സർക്കാർ ആശുപത്രികൾ മനുഷ്യർക്ക്‌ കയറിച്ചെല്ലാവുന്ന ഇടമായി. അതുപോലെ ശ്രദ്ധേയമാണ്‌ ഹരിത കേരളത്തിന്റെ ചുവടുവയ്‌പുകൾ. കുറെ തോടും കുളങ്ങളും എങ്കിലും നമുക്കും ജന്തുജാലങ്ങൾക്കും ആശ്രയയോഗ്യമായി. പുനർജനി നേടുന്ന നദികൾ, നിസ്സങ്കോചം നീന്തിക്കുളിക്കുന്ന കുട്ടികൾ, മേഞ്ഞുനടക്കുന്ന കന്നുകാലികൾ, സ്വതന്ത്രമായി തലനീട്ടി വളരുന്ന പുല്ലുകൾ, തുമ്പ, തഴുതാമ, മുക്കുറ്റി, മുയൽചെവിയൻ, കുന്നി, തിപ്പലി, പൂവാൻകുരുന്നില –-എല്ലാ നാട്ടുചെടികളും പൂക്കളും തലയുയർത്തി നിൽക്കുന്ന നാട്ടുമരങ്ങളും മലകളും പിളരാത്ത മൺനെഞ്ചും വിശാലമായി വീശുന്ന കാറ്റും അതിലുലയുന്ന ധാന്യക്കതിരുകളും കായ്‌കനികളും തെളിഞ്ഞ ആകാശം, പണം കൊടുക്കാതെ കിളിക്കുഞ്ഞിനും മനുഷ്യക്കുഞ്ഞിനും കുടിക്കാൻ കൊള്ളാവുന്ന വെള്ളം. ഇതെല്ലാം നമുക്ക്‌ ഇനിയും സ്വപ്‌നങ്ങൾ മാത്രമോ. ആശയങ്ങളും പ്രചാരണങ്ങളും ചിത്രങ്ങളും മാത്രമോ. പുതിയ കേരളം പ്രകൃതിയുടെ കേരളം എല്ലാവരുടെയും കേരളം അങ്ങനെ വളരണമെന്നുള്ളതാകണമേ ഈ സർക്കാരിന്റെ ഇനിയുള്ള ലക്ഷ്യം. എല്ലാ കുഞ്ഞിനും ഉള്ളറിഞ്ഞും കണ്ണുതുറന്നും തല നിവർത്തിയും ഉച്ചരിക്കാൻ സ്വന്തം ഭാഷയുണ്ടെന്നുള്ള ഉറപ്പും നമ്മുടെ സർക്കാർ നൽകുമെന്ന്‌ ആശിക്കുന്നു. ഭാഷ നാടിന്റെ ആത്മാവാണ്‌, സംസ്‌കാരമാണ്‌. അതില്ലെങ്കിൽ നാടില്ല, നാട്ടുകാരുമില്ല. ജീവിതത്തിലൂടെ ഭാഷയെയും ഭാഷയിലൂടെ ജീവിതത്തെയും ഉജ്ജീവിപ്പിക്കുമ്പോൾ എല്ലാ നാട്ടുകാർക്കും ഒരുമിക്കാൻ ഒരിടംകിട്ടും. ആ ഒരുമതന്നെയാണ്‌ മാനവികതയുടെ മഹാസന്ദേശം. അതുതന്നെയാണ്‌ സ്വാതന്ത്ര്യവും നവോത്ഥാനവും. കഴിഞ്ഞ വർഷങ്ങൾ മുന്നേറ്റത്തിന്റേതാണ്‌. ഇനിയുള്ളവ സഫലതയുടേതാകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top