24 October Sunday

വിജ്ഞാനത്തിന്റെ
പരമാചാര്യൻ - സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി ഇളയിടംUpdated: Saturday Aug 28, 2021

കേരള നവോത്ഥാനചരിത്രത്തിൽ ചരിത്രവിജ്ഞാനത്തെയും ഭാഷാചരിത്രത്തെയും ബ്രാഹ്മണാധികാര വിമർശത്തിന്റെ ഉപാധിയായി ഉപയോഗപ്പെടുത്തിയവർ ഏറെയുണ്ടായിട്ടില്ല. ചട്ടമ്പിസ്വാമികൾ അങ്ങനെയൊരാൾ കൂടിയായിരുന്നു. ആദിഭാഷ, പ്രാചീനമലയാളം എന്നീ ഗ്രന്ഥങ്ങളിലൂടെ സംസ്കൃതത്തിന്റെയും അതിലൂടെ ഉയർന്നുവന്ന ബ്രാഹ്മണാധികാരത്തിന്റെയും മേൽക്കോയ്മയെ അദ്ദേഹം വെല്ലുവിളിച്ചു. തന്റെ നിശിതമായ യുക്തിവിചാരത്തിന്റെ വെളിച്ചംകൊണ്ട് ബൃഹസ്പതിയുടെ അതികഠിനമായ വേദവിമർശനത്തെപ്പോലും (‘‘ത്രയോ വേദസ്യ കർത്താരോ/ഭണ്ഡധൂർത്ത നിശാചര'') ചട്ടമ്പിസ്വാമികൾ ന്യായീകരിച്ചിട്ടുണ്ട്. ‘‘കാലങ്ങൾ മാറുന്തോറും മനുഷ്യരുടെ ബുദ്ധിക്കുണ്ടാകുന്ന ഭേദഗതികളെ അനുസരിച്ച് വേദക്രിയാംഗപാഠങ്ങളും പലമാതിരി ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോഴപ്പോൾ ഉണ്ടായിരുന്ന ദുഷ്ടപണ്ഡിതപ്രഭുക്കൾ നിമിത്തം വന്നുചേർന്നിട്ടുള്ള അസത്യമയങ്ങളും കഠോരഹിംസാപ്രചിരങ്ങളും നിന്ദ്യങ്ങളുമായുള്ള സകലസംഗതികളെയും തക്കതായ യഥാർഥ കാരണങ്ങൾ പറഞ്ഞു തള്ളിക്കളയാതെ വ്യാധികളുടെ ശേഖരത്തിൽ ചേർത്ത് അനുഷ്ഠിക്കുമാറ് വച്ചിരിക്കുന്നതിനെക്കുറിച്ച് അങ്ങനെ ശകാരിച്ചുപോയതാണ്. അത് കുറ്റമല്ല.'' എന്ന്, ഇന്ത്യയിലെ നാസ്തികചിന്തയുടെ പരമാചാര്യനെ ചട്ടമ്പിസ്വാമികൾ സാധൂകരിച്ചു.

ചട്ടമ്പിസ്വാമികളുടെ ബഹുതലസ്പർശിയായ ജീവിതത്തിന്റെ വ്യാപ്തിയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ രണ്ടുകാര്യം. ഭാഷാചരിത്രംമുതൽ വേദവിചാരത്തെവരെ അദ്ദേഹം ബ്രാഹ്മണാധികാര വിമർശനത്തിന്റെ ഉപകരണമാക്കി. നവോത്ഥാനത്തിന്റെ ചരിത്രത്തിൽ വേദാധികാര വിമർശനത്തിന്റെ വെളിച്ചമായിരുന്നു ചട്ടമ്പിസ്വാമികൾ. ഗണിതം ആയുർവേദം, ജ്യോതിഷം, യോഗം, മർമവിദ്യ, വേദാന്തം, സംഗീതം, സാഹിത്യം, ഭാഷാവിജ്ഞാനീയം, പ്രാചീനചരിത്രം എന്നിങ്ങനെ എത്രയോ മേഖലകളിൽ പരന്നുപടർന്നതായിരുന്നു അദ്ദേഹത്തിന്റെ അറിവിന്റെ ലോകം. ആ നിലയിൽ അക്ഷരാർഥത്തിൽ ‘വിദ്യാധിരാജൻ' ആയിരുന്നു ചട്ടമ്പിസ്വാമികൾ. കാവിയും കമണ്ഡലുവുമില്ലാതെ സന്യാസിയായി ജീവിക്കുകയും പ്രസ്ഥാനമോ ശിഷ്യസംഘമോ സ്ഥാപിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്ത പരിവ്രാജക പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്.

168 വർഷംമുമ്പ് (1853) ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിലാണ്‌ ചട്ടമ്പിസ്വാമികൾ ജനിച്ചത്‌. വിദ്യാഭ്യാസകാലത്ത് ക്ലാസിലെ ‘മോണിറ്റർ’ ആയിരുന്നതിനാൽ ഉപയോഗിച്ചിരുന്ന ‘ചട്ടമ്പി’ എന്ന സ്ഥാനപ്പേരിൽത്തന്നെ അദ്ദേഹം അറിയപ്പെട്ടു. ചട്ടമ്പിസ്വാമികളുടെ ജീവിതവും വിജ്ഞാനവും ബഹുമുഖമായിരുന്നു. വേദാധികാരനിരൂപണവും പ്രാചീനമലയാളവും ആദിഭാഷയുംമുതൽ അഹിംസയുടെ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന ‘ജീവകാരുണ്യനിരൂപണവും' ചട്ടമ്പിസ്വാമികൾ രചിക്കുകയുണ്ടായി. ‘പാവം പിടിച്ച ആടിനെയും കോഴിയെയും കൊലചെയ്തേ ദൈവം പ്രസാദിക്കൂ എന്നാണ് അത് ചെയ്യുന്ന കൊലയാളിയുടെ സിദ്ധാന്തം. കൊലപാതകത്തിൽ പ്രസാദിക്കുന്ന ദൈവം ദൈവമല്ല' എന്ന് അദ്ദേഹം മറയില്ലാതെ പറഞ്ഞു. അതുവഴി ആചാരലോകത്തിന്റെ നൃശംസതകളെ മറികടക്കാൻ അദ്ദേഹം പ്രേരണയാവുകയും ചെയ്തു.

നവോത്ഥാനം എന്ന് നാം വിശേഷിപ്പിച്ചുപോരുന്ന ആധുനികീകരണ പ്രക്രിയയും അതിന്റെ സാംസ്കാരിക മുഖവും ഏകമുഖമോ ഏകശിലാത്മകമോ ആയിരുന്നില്ല. പരസ്പരപൂരകവും പരസ്പര ഭിന്നവും (അപൂർവം സന്ദർഭങ്ങളിൽ പരസ്പര വിരുദ്ധവും) ആയ നിരവധി പ്രവണതകളുടെ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് അത് നിലവിൽ വന്നത്. ജാതിവ്യവസ്ഥയുടെ ശാസനകൾക്കെതിരെ സ്വന്തം ശരീരാധികാരം വീണ്ടെടുക്കാനായി ചാന്നാർ സമൂഹം മുന്നിട്ടിറങ്ങിയ മാറുമറയ്ക്കൽ സമരത്തിലാണ് കേരളീയ നവോത്ഥാനത്തിന്റെ അടിസ്ഥാന സവിശേഷതയായ ജാതിനശീകരണത്തിന്റെ തുടക്കമുള്ളത്. ഇതിനു പിന്നാലെ അരങ്ങേറിയ മിഷനറി പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് വിദ്യാഭ്യാസ വ്യാപനം, ആധുനികമൂല്യങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ മതങ്ങളെ പരിവർത്തനപ്പെടുത്താൻ വേണ്ടിയുള്ള മതനവീകരണസംരംഭങ്ങൾ, പഴയ ജാതിക്കൂട്ടായ്മകളിൽനിന്ന് സമുദായങ്ങൾ എന്ന പുതിയ പദവിയിലേക്കുള്ള സ്ഥാനാന്തരണം, നാനാതരം സമുദായപരിഷ്കരണശ്രമങ്ങളും, മധ്യവർഗത്തിന്റെ വളർച്ച, വിവിധ രൂപത്തിലുള്ള സംരംഭകത്വത്തിന്റെ രംഗപ്രവേശം, അച്ചടിയും പത്രമാസികകളും വഴിയുണ്ടായ പുതിയ ആശയപ്രപഞ്ചത്തിന്റെ വികാസം, മലയാളഭാഷയെ മുൻനിർത്തിയുള്ള പുതിയ സ്വത്വബോധത്തിന്റെ രൂപപ്പെടൽ, ഭാഷാ നവീകരണശ്രമങ്ങൾ, പുതിയ സാഹിത്യരൂപങ്ങളുടെയും ഭാവനാമണ്ഡലത്തിന്റെയും ആവിർഭാവം, മതാവബോധത്തെ കേവലാചാരങ്ങളിൽനിന്ന് മതനിരപേക്ഷവും ആധുനികവുമായ ധാർമിക നൈതികാനുഭൂതിയിലേക്ക് ആനയിക്കാൻ നാരായണഗുരുവിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ, ദേശീയപ്രസ്ഥാനം, കർഷകപ്രസ്ഥാനങ്ങൾ, സോഷ്യലിസ്റ്റ് ആശയങ്ങൾ, കമ്യൂണിസ്റ്റ് പാർടിയും അതിന്റെ നേതൃത്വത്തിൽ പടർന്നുപിടിച്ച ജന്മിവിരുദ്ധ പ്രക്ഷോഭങ്ങളും എന്നിങ്ങനെ എത്രയോ പടവുകൾ കേരള നവോത്ഥാനം എന്ന് വിശേഷിക്കപ്പെടുന്ന ആധുനികീകരണ പ്രക്രിയയിൽ കണ്ടെത്താൻ കഴിയും.

പത്തൊമ്പതാം നൂറ്റാണ്ടിൽ അരങ്ങേറിയ മതനവീകരണ സംരംഭങ്ങൾക്ക്‌ രണ്ടുതരം അടിസ്ഥാന സ്വഭാവങ്ങളാണ് ഉണ്ടായിരുന്നത്. അതിലാദ്യത്തേത് പാശ്ചാത്യവിദ്യാഭ്യാസം നൽകിയ പുതിയ അറിവുകളുടെ വെളിച്ചത്തിൽ മതത്തെ നവീകരിക്കാനുള്ള ശ്രമങ്ങളാണ്. രാജാ റാംമോഹൻ റായ് ഉൾപ്പെടെയുള്ള ഒട്ടനവധിപേരുടെ പരിഷ്കരണശ്രമങ്ങളുടെ അടിസ്ഥാനം അതായിരുന്നു. രണ്ടാമത്തേതാകട്ടെ, മതത്തിലെ അടിസ്ഥാന സങ്കൽപ്പങ്ങളെത്തന്നെ മുൻനിർത്തി അതിലെ ആചാരലോകത്തെയും ജാതിവ്യവസ്ഥയെയും അനുഷ്ഠാനക്രിയകളെയും വെല്ലുവിളിക്കാനും മറികടക്കാനുമുള്ള ശ്രമങ്ങളാണ്. സ്വാമി വിവേകാനന്ദൻമുതൽ ചട്ടമ്പിസ്വാമികൾവരെയുള്ളവരുടെ മതനവീകരണശ്രമങ്ങൾ ഏറിയപങ്കും ഈ രണ്ടാമത്തെ വഴിയിലൂടെയായിരുന്നു. ഈ രണ്ടുധാരയും പരസ്പരവിരുദ്ധമായിരുന്നു എന്നല്ല. അവയ്ക്കിടയിൽ പരസ്പര പൂരകമായ ധാരാളം ഘടകങ്ങൾ ഉണ്ടായിരുന്നുതാനും.

ചട്ടമ്പിസ്വാമികളുടെ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ അരങ്ങേറിയത് മൂന്ന് രൂപത്തിലാണ് എന്നുപറയാം. പ്രാചീനമായ ആധ്യാത്മികവിജ്ഞാനത്തെ വ്യാഖ്യാനങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും സമകാലികമായി പുനരവതരിപ്പിക്കുന്ന വൈജ്ഞാനികതയുടെ വഴിയാണ് അതിലാദ്യത്തേത്. ചട്ടമ്പിസ്വാമികളുടെ അതിവിപുലമായ രചനാസഞ്ചയത്തിലെ വലിയൊരു വിഭാഗം ഈ നിലയിലുള്ളവയാണ്.

ഹിന്ദുമതത്തിലെ ശ്രേണീകൃതവ്യവസ്ഥയെയും അതിലെ ആചാരലോകത്തെയും മതപാരമ്പര്യത്തിലെ അടിസ്ഥാനാശയങ്ങളെത്തന്നെ മുൻനിർത്തി ചോദ്യംചെയ്യുകയും മറികടക്കുകയും ചെയ്യുന്ന നവീകരണത്തിന്റെ വഴിയാണ് രണ്ടാമത്തേത്. ചട്ടമ്പിസ്വാമികൾ വലിയൊരു പരിഷ്കർത്താവായി ഉയർന്നുവരുന്ന സ്ഥാനമാണത്. ബ്രാഹ്മണ്യത്തിന്റെ ധൈഷണികാധിപത്യത്തിനെതിരെ നമ്മുടെ നാട്ടിലെഴുതപ്പെട്ട ആദ്യകൃതിയായി വിശേഷിപ്പിക്കപ്പെടാറുള്ള ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണം അസാധാരണമായ ഒരു വൈജ്ഞാനിക കലാപമാണ്.

ബ്രാഹ്മണാധിപത്യത്തിന്റെ ഹുംകൃതികൾക്കെതിരെ കേരളത്തിലുയർന്നുവന്ന ദാർശനികവും ചരിത്രപരവും ഭാഷാപരവും ഒക്കെയായ പ്രതിരോധമായിരുന്നു ചട്ടമ്പിസ്വാമികൾ. ഇതോടൊപ്പം ക്രൈസ്തവമിഷനറിമാർ ഹിന്ദുമതത്തിനെതിരെ ഉന്നയിച്ച വിമർശനങ്ങളെ നേരിടാനും അദ്ദേഹം തുനിഞ്ഞു; ക്രിസ്തുമതഛേദനം എന്ന കൃതിയിൽ. പി ഗോവിന്ദപ്പിള്ള ചുണ്ടിക്കാണിക്കുന്നതുപോലെ, അന്യമതവിമർശനത്തിന്റെ അളവ് ഏറിപ്പോയതായി തോന്നാവുന്ന ഒരു രചനയാണത്. അപ്പോൾത്തന്നെ, നവോത്ഥാനകാലത്തെ മതസംവാദങ്ങളുടെ പൊതുപ്രകൃതം അതായിരുന്നുവെന്ന കാര്യം ഓർക്കാവുന്നതാണ്.

നവോത്ഥാനം ജന്മം നൽകി ബ്രാഹ്മണ്യവിമർശനത്തിന്റെ പ്രകാശസ്ഥാനമായിരുന്നു ചട്ടമ്പിസ്വാമികൾ. ആധുനികകേരളത്തിലേക്കുള്ള പരിവർത്തനപ്രക്രിയയിൽ അദ്ദേഹം നൽകിയ സംഭാവനയും മറ്റൊന്നല്ല. മതവർഗീയതയുടെയും ആചാരഭ്രാന്തിന്റെയും കൊടിയേറിനിൽക്കുന്ന വർത്തമാനകാലത്ത് ആ വിമർശനാവബോധത്തിനുള്ള പ്രാധാന്യം എത്രയോ വലുതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top