06 December Monday

സാമൂഹ്യനീതിയുടെ കേരള മാതൃക - ബി ജയകുമാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021

കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നടപടികളെയും പൊതു ആസ്തികളുടെ വിൽപ്പനയെയും ഒരു സാമ്പത്തികനടപടി എന്ന നിലയിൽ മാത്രമാണ് പൊതുവിൽ ചർച്ച ചെയ്യാറുള്ളത്. എന്നാൽ, അത്തരം നീക്കങ്ങളിലൂടെ വലിയ തോതിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുക മാത്രമല്ല, തൊഴിൽ നിയമനങ്ങളിലെ സാമൂഹ്യനീതിയും സംവരണതത്വവും പൂർണമായും റദ്ദാക്കപ്പെടും. ഈ സന്ദർഭത്തിലാണ് കേരള പിഎസ്‌സിയുടെ പ്രസക്തി വിലയിരുത്തേണ്ടത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നാമമാത്രമായ ഏതാനും ഉയർന്ന തസ്തികകൾ മാത്രമേ അവിടങ്ങളിലെ പിഎസ്‌സിയുടെ നിയമനപരിധിയിലുള്ളൂ. പല സംസ്ഥാനങ്ങളിലും റിക്രൂട്ട്മെന്റ് ബോർഡുകളാണ് നിയമനങ്ങൾ നടത്തുന്നത്. അത് മധ്യപ്രദേശിലെ വ്യാപം അഴിമതിപോലുള്ളവയ്ക്ക് അവസരമുണ്ടാക്കുന്നു.

കേരള പിഎസ്‌സി നൂറിലധികം വകുപ്പിലായി സർക്കാർ സർവീസിലെ 1760 തസ്തികയിലേക്കും പുറമെ വിവിധ കമ്പനികൾ, കോർപറേഷനുകൾ, ബോർഡുകൾ എന്നിവയിലേക്കും ആവശ്യമായ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. അങ്ങനെ പ്രതിവർഷം 35,000 പേർക്ക് നിയമന ശുപാർശകൾ നൽകുന്നു. സാമുദായിക സംവരണം നടപ്പാക്കി സാമൂഹ്യനീതി ഉറപ്പാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മികവുറ്റ മാതൃകയാണ് കേരള പബ്ലിക് സർവീസ് കമീഷൻ. അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വലിയ പങ്കും നിർവഹിക്കുന്നു.

സാമൂഹ്യനീതി ഉറപ്പാക്കുന്നതിലും പ്രതിജ്ഞാബദ്ധമായ നിലപാടാണ് കേരളത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. പ്രാക്തന ഗോത്രവർഗക്കാർക്കായുള്ള പ്രത്യേക നിയമനം, ആദ്യ ഒഴിവ് ഭിന്നശേഷി വിഭാഗങ്ങൾക്ക് നീക്കിവച്ചുകൊണ്ടുള്ള തീരുമാനം, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കുന്നതിന് അവസരമൊരുക്കിയത്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര സമുദായക്കാർക്കുള്ള പത്ത്‌ ശതമാനം സംവരണം എന്നിവയെല്ലാം ഈ ദിശയിലുള്ള നടപടികളിൽ ചിലതുമാത്രം.

എന്നാൽ, ദേശീയതലത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ക്ലാസ് ഫോർ തസ്തികയിൽ 10 ലക്ഷത്തോളം ഒഴിവാണ് കുറവ് ചെയ്യപ്പെട്ടിട്ടുള്ളത്. കരാർ–-കാഷ്വൽ നിയമനങ്ങൾ വ്യാപകമാക്കി. കേന്ദ്ര സർവീസ് മേഖലയിലെ വകുപ്പുകളിൽ 6,83,823, റെയിൽവേയിൽ 3,03,000, പ്രതിരോധ മേഖലയിൽ 3,11,000, കേന്ദ്ര സർവകലാശാലകളിൽ 6,688 എന്നിങ്ങനെ ലക്ഷക്കണക്കിന് ഒഴിവ്‌ നികത്തപ്പെടാതെ അവശേഷിക്കുന്നു. ഇതിനൊപ്പമാണ് ഒടുവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയിലൂടെയുള്ള പൊതുമേഖലാ ആസ്തി വിൽപ്പനയ്ക്കുള്ള തീരുമാനം. ഈ പദ്ധതി നടപ്പാക്കുന്നതോടെ പതിനൊന്ന് ലക്ഷം തൊഴിലവസരം ഇല്ലാതാകും. ഈ സാഹചര്യത്തിലാണ് കണിശതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന കേരളത്തിന്റെ ബദൽ റിക്രൂട്ട്മെന്റ് മാതൃക പ്രസക്തമാകുന്നത്.

കുറെ നാളുകളായി വസ്തുതാവിരുദ്ധ ആരോപണങ്ങളുയർത്തി കടന്നാക്രമിച്ചും ഇല്ലാക്കഥകൾ മെനഞ്ഞും മാതൃകാപരമായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനത്തെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങൾ നിരന്തരമായി ചിലർ നടത്തിവരുന്നു. അത് പൊതുവിൽ ഗുണം ചെയ്യുന്നത് പൊതുസംവിധാനങ്ങൾക്ക്‌ അറുതിവരുത്താനും സാമൂഹ്യനീതി അട്ടിമറിക്കാനും ആഗ്രഹിക്കുന്ന ശക്തികൾക്കാണെന്നത് വിസ്മരിക്കരുത്.

പിഎസ്‌സിയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി പിഎസ്‌സി ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ജില്ലകളിൽ സ്ഥലവും കെട്ടിടങ്ങളും ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളും അനുവദിക്കുകയുമുണ്ടായി. ഓൺലൈൻ പരീക്ഷാ സമ്പ്രദായം ഏറെ ഫലപ്രദമാണ്. എല്ലാ ജില്ലയിലും സ്വന്തം ഓൺലൈൻ പരീക്ഷാ കേന്ദ്രം എന്നത് വലിയ മാറ്റത്തിന് നാന്ദികുറിക്കും. എൽഡിഎഫ് സർക്കാർ സ്പെഷ്യൽ റൂൾ രൂപീകരിക്കുകയും നിലവിലുള്ള സ്പെഷ്യൽ റൂളുകളിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇക്കാര്യത്തിൽ സർക്കാരും പിഎസ്‌സിയും സംയുക്തമായുള്ള പ്രവർത്തനങ്ങൾ, നടപടിക്രമങ്ങൾ വേഗത്തിലാക്കി.

ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണവും സാമൂഹ്യനീതിയും നിലനിൽക്കുന്നതിനായി പിഎസ്‌സി അടക്കമുള്ള പൊതു റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ സംരക്ഷിക്കപ്പെടണം. സ്വകാര്യവൽക്കരണവും ആസ്തിവിൽപ്പനയും പ്രതിരോധിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ 48–-ാം സംസ്ഥാന സമ്മേളനം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനുമെതിരെയും യോജിച്ച പോരാട്ടങ്ങൾക്ക് രൂപം നൽകും.

(കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top