19 September Sunday

പൊലീസ്‌ സഭയ്‌ക്ക് പുറത്തുനിൽക്കട്ടെ

സെബാസ്റ്റ്യൻ പോൾUpdated: Thursday Jul 29, 2021

ജുഡീഷ്യറിയും നിയമസഭയും തമ്മിലുള്ള ബന്ധം അപകടകരമായി പുനർനിർവചിക്കുന്ന വിധിയാണ് 2015ലെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ കേസിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത്. കൈയാങ്കളി എന്ന പേരിൽ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന സംഭവത്തിൽ അന്നത്തെ സ്പീക്കർ ഏകപക്ഷീയമായി ഒരു ഭാഗത്തിനെതിരെ സ്വീകരിച്ച നടപടിയാണ് കേസിന്‌ ആസ്പദമായത്. ആറു വർഷംമുമ്പ്‌ നടന്ന സംഭവത്തിൽ അവസ്ഥയിലുണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കുന്നതിനുള്ള തീരുമാനമുണ്ടായത്. ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 321 നൽകുന്ന അധികാരമുപയോഗിച്ച് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ അപേക്ഷ മജിസ്ട്രേട്ട്‌ നിരാകരിച്ചത് ഹൈക്കോടതിയും ഇപ്പോൾ സുപ്രീംകോടതിയും ശരിവച്ചിരിക്കുന്നു. കോടതിയുടെ വിവേചനാധികാരം പ്രയോഗിക്കാവുന്ന കേസിൽ സുപ്രീംകോടതിയുടെ നിലപാട് വ്യത്യസ്തമായ അഭിപ്രായങ്ങൾക്ക് കാരണമാകുന്നത് സ്വാഭാവികമാണ്. പൊതുമുതൽ സംരക്ഷിക്കുന്നതിനുള്ള വ്യഗ്രതയിൽ സുപ്രധാനമായ ചില പാർലമെന്ററി തത്വം കോടതി മറന്നു. 

വിചാരണക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കുന്നതിന്‌ പ്രതികൾക്ക് അവകാശമുണ്ട്. വിചാരണയ്ക്കും വിധിക്കുംശേഷം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ സാധ്യതയുണ്ട്. അവയ്ക്കുമുന്നേ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് അകാലികമാണ്. അതിനേക്കാൾ എന്നെ അലട്ടുന്നത് കോടതി ഉന്നയിച്ച ഭരണഘടനാപരമായി ഗൗരവമുള്ള ചില പ്രശ്നമാണ്. ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ ഇങ്ങനെയാകാമോ എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിക്കുന്നത്. ചോദ്യം ന്യായമാണെങ്കിലും അത് കോടതി സ്വയം ചോദിക്കുന്നത് നന്നായിരിക്കും. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരെ ജീവനക്കാരി ഉന്നയിച്ച പീഡനപരാതി അവസാനിപ്പിച്ച രീതി ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തിയ അപവാദമായി അവശേഷിക്കുന്നു. കസേരയും കംപ്യൂട്ടറും കേടാക്കിയതിനേക്കാൾ വലുതല്ലേ സ്ത്രീയെ അപമാനിച്ചെന്ന പരാതി. ഭരണഘടനയിലെ പ്രതിജ്ഞയോട് ജനപ്രതിനിധികൾ നീതി പുലർത്തണമെന്നു പറഞ്ഞ കോടതി ഭരണഘടനയെ സംരക്ഷിക്കുന്ന കാര്യത്തിൽ ജഡ്ജിമാർ പ്രതിജ്ഞാബദ്ധരാണെന്ന കാര്യം മറന്നു. ചില കാര്യങ്ങൾ അന്തരീക്ഷം ശാന്തമാകുമ്പോൾ അവസാനിപ്പിക്കുന്നത് നല്ലതാണ്. അത് കോടതിക്കും നിയമസഭയ്ക്കും ഒരുപോലെ ബാധകമാണ്.

പാർലമെന്ററി ജനാധിപത്യം പ്രതിസന്ധികളെ നേരിടുന്ന കാലത്ത് സ്പീക്കറുടെ പരമാധികാരം പരിമിതപ്പെടുത്തുന്ന പരാമർശങ്ങൾ സുപ്രീംകോടതിയിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്ന അധികാരിമാത്രമല്ല സ്പീക്കർ. സഭയുടെ നാഥനാണ്‌ അദ്ദേഹം. അംഗങ്ങളുടെ അച്ചടക്കരാഹിത്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടേണ്ടതും അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും അദ്ദേഹമാണ്. സഭ ഓർഡറിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും സഭയുടെ നിയന്ത്രണം സ്പീക്കറിൽ നിക്ഷിപ്തമാണ്. അതിനു പകരം നടപടിച്ചട്ടങ്ങൾ അനുവദിക്കാത്ത കാര്യങ്ങൾ ഉണ്ടാകുമ്പോൾ പൊലീസിന്റെ ഇടപെടൽ ആകാമെന്ന വിധി വലിയ അപകടങ്ങൾക്കു കാരണമാകും. അടിയന്തരാവസ്ഥയിലെ പാർലമെന്റ്‌ ഓർമയിലുണ്ടാകണം. സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ വാറന്റുമായി അന്ന് പൊലീസ് പാർലമെന്റിന്റെ ലോബിവരെ എത്തിയതാണ്.

വാദപ്രതിവാദത്തിൽ സാങ്കല്പികമായ ചോദ്യങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്. അത്തരം ചോദ്യങ്ങളെ അടിസ്ഥാനമാക്കിയല്ല യഥാർഥമായ പ്രശ്നങ്ങൾ പരിശോധിക്കപ്പെടേണ്ടത്. സഭയിൽ കൊല നടന്നാൽ പൊലീസ് ഇടപെടേണ്ടതല്ലേ എന്ന ചോദ്യം ആ ഗണത്തിൽ പെടുന്നതാണ്. മനുഷ്യർ കൂടുന്നിടത്ത് എന്തും സംഭവിക്കാം. സഭയിലെ സംഭവങ്ങളിൽ പൊലീസിന് ഇടപെടാൻ കഴിയുന്നത് സ്പീക്കറുടെ അനുവാദത്തോടെയാണ്. സാമാജികന് കോടതിയിൽനിന്ന്‌ അയക്കുന്ന സമൻസോ വാറന്റോ നടപ്പാക്കേണ്ടത് സ്പീക്കർ മുഖേനയാണ്. സഭയ്ക്കു പുറത്ത് സാമാജികനെ അറസ്റ്റ് ചെയ്താൽ വിവരം ഉടൻ സ്പീക്കറെ അറിയിക്കണം. ഇപ്രകാരം സഭയ്ക്കും സാമാജികനുമുള്ള പരിരക്ഷ വളരെ വിപുലമാണ്. വൈകാരികവും വൈയക്തികവുമായ അവസ്ഥകളെ അടിസ്ഥാനമാക്കി ജഡ്ജിമാർ സ്വീകരിക്കുന്ന സ്വേച്ഛാപരമായ നിലപാട്‌ പാർലമെന്ററി ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് ഹാനികരമാകരുത്.

സഭാതലം പ്രക്ഷുബ്ധവും അക്രമാസക്തവുമാകുന്നതിന് ലോകത്തെവിടെനിന്നും ദൃഷ്ടാന്തങ്ങൾ കണ്ടെത്താം. കേരള നിയമസഭയിൽത്തന്നെ അത്തരം എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മൊയ്തീൻകുട്ടി ഹാജി സ്പീക്കറായിരിക്കെ നടന്ന കാര്യങ്ങൾ ടെലിവിഷൻ ഉണ്ടായിരുന്നെങ്കിൽ മറച്ചുവച്ച് കാണിക്കേണ്ടിവരുമായിരുന്നു. സ്പീക്കർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതായി ഒരു വിഷയവും സഭയിലുണ്ടാകില്ല. ലോക്‌സഭയിൽ കോഴപ്പണം ചൊരിഞ്ഞിട്ടപ്പോൾ ആ അംഗങ്ങളെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് അന്വേഷണം നടന്നത്. സ്പീക്കറുടെ അനുമതിയോടെ പൊലീസ് കേസുണ്ടായി.

വിചാരണ തുടരാൻ ഇപ്പോൾ സുപ്രീംകോടതി അനുവദിച്ച കേസിൽ സ്പീക്കറുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന ന്യൂനത ചൂണ്ടിക്കാണിക്കപ്പെട്ടു. അതൊന്നും പരിശോധിക്കപ്പെട്ടില്ല. ഏതേതു സന്ദർഭങ്ങളിലാണ് സ്പീക്കറുടെ അനുമതി ഇല്ലാതെ അംഗങ്ങൾക്കെതിരെ പൊലീസിന് കേസെടുക്കാവുന്നതെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തതയില്ല. വനിതാ സാമാജികരെ തടഞ്ഞുവച്ച ഭരണകക്ഷി എംഎൽഎമാർക്കെതിരെ കേസെടുക്കാതെ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയാണ് കേസ്. നിലത്തു വീണ കസേരയും വിച്ഛേദിക്കപ്പെട്ട കംപ്യൂട്ടർ കേബിളും പുനഃസ്ഥാപിക്കാം. സ്ത്രീകളുടെ പരാതി പണത്തിന്റെ കണക്കിൽ തീർക്കാവുന്നതോ നഷ്ടം കണക്കാക്കി പരിഹരിക്കാവുന്നതോ അല്ല. രാജാധികാരത്തോടുള്ള പ്രതിരോധത്തിൽനിന്നാണ് ബ്രിട്ടനിൽ പാർലമെന്റ്‌ എന്ന സ്ഥാപനം പരമാധികാരം ആർജിച്ചത്. രാജാവിന്റെ പടയാളികൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് അടച്ചിട്ട ഹാളിലായിരുന്നു അന്ന് പാർലമെന്റ്‌ സമ്മേളിച്ചിരുന്നത്. ഇന്ന് എക്സിക്യൂട്ടീവിന്റെ പൊലീസുകാർക്ക് നിർബാധം കടന്നുവരാവുന്ന ഇടമാക്കി സുപ്രീംകോടതി നിയമസഭയെ മാറ്റിയിരിക്കുന്നു. ഈ വിധിയിൽ പ്രഖ്യാപിതമായ തത്വങ്ങൾ പാർലമെന്റിനും ബാധകമാണ്. പെഗാസസായാലും മറ്റെന്തെങ്കിലും ആയാലും പാർലമെന്റിൽ ബഹളമുണ്ടാക്കുന്ന കോൺഗ്രസുകാർ ഓർക്കുക: പൊതുമുതൽ നശീകരണം ഉൾപ്പെടെ നിരവധിയായ നിയമങ്ങൾ അമിത് ഷായുടെ പൊലീസിന്റെ ശേഖരത്തിലുണ്ട്. അവ നിർബാധം പ്രയോഗിക്കാൻ മടിയില്ലാത്ത പ്രഫുൽ ഖോഡ പട്ടേൽമാരും അവർക്കൊപ്പമുണ്ട്. പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ച രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുക്കാൻ ആലോചിക്കുന്ന കാര്യം മറക്കേണ്ട.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top