24 February Monday

അടിയുറച്ച നയപ്രഖ്യാപനത്തോടെ നിയമസഭയുടെ പുതുവർഷം

എ കെ ബാലൻUpdated: Friday Feb 14, 2020

14 –ാം നിയമസഭയുടെ 18–ാം  സമ്മേളനമാണ് ബുധനാഴ്ച സമാപിച്ചത്. പുതിയ വർഷത്തെ ആദ്യ സമ്മേളനം എന്ന നിലയിൽ ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരുന്നു സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപനത്തിേന്മലുള്ള നന്ദിപ്രമേയം അംഗീകരിക്കൽ, ബജറ്റ് അവതരണം, നിയമനിർമാണം എന്നിവയായിരുന്നു മറ്റ് അജൻഡകൾ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി നമ്മുടെ നിയമസഭ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയിൽ നിയമത്തിന്റെ സാധുതയെ ചോദ്യംചെയ്ത് കേസ് നൽകുകയും ചെയ്തതിനുശേഷമായിരുന്നു ഈ സമ്മേളനം. പൗരത്വത്തിന് മതം ഒരു ഘടകമായി നിശ്ചയിക്കുന്ന ഭരണഘടനാവിരുദ്ധമായ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അതിന്റെ ഭാഗമായിരുന്നു എൽഡിഎഫും യുഡിഎഫും സംയുക്തമായി നടത്തിയ രക്തസാക്ഷി മണ്ഡപത്തിലെ ധർണ. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാട് സംസ്ഥാന ഗവർണർ സ്വീകരിക്കുകയും പലവട്ടം അത് പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗവർണറുടെ നിലപാടിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രിയും എൽഡിഎഫും വ്യക്തമാക്കുകയും ചെയ്തു. എന്നാൽ,  ഗവർണറുടെ നിലപാടിന്റെ പേരിൽ സർക്കാരിനെതിരെ ഒരു രാഷ്ട്രീയപോരാട്ടത്തിനാണ് യുഡിഎഫ് ശ്രമം നടത്തിയത്. ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമ്മേളനത്തിന് മുമ്പുതന്നെ സ്പീക്കർക്ക് നോട്ടീസ് നൽകി. അതിനെ എൽഡിഎഫ് പിന്തുണയ്ക്കണമെന്ന് വ്യാപക പ്രചാരണവും നൽകി. ഭരണഘടനാപരമായി സംസ്ഥാന തലവനായ ഗവർണറോട് ഒരു ഏറ്റുമുട്ടലിന് ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവർണർ നയപ്രഖ്യാപനത്തിനായി എത്തിയത്.

കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിൽ വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി നയപ്രഖ്യാപനത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുനർനിർമാണത്തിനുള്ള പദ്ധതികളും കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകളും ഗവർണർ വിശദീകരിച്ചു. ഓരോ നൂറ് ആളുകൾക്കും ഒരു സന്നദ്ധ പ്രവർത്തകനെ നിയമിക്കുന്ന കമ്യൂണിറ്റി വളന്റിയർ കോർ, ഗ്രാമീണ റോഡ് പുനർനിർമാണത്തിനുള്ള ചീഫ് മിനിസ്റ്റേഴ്സ് ലോക്കൽ റോഡ് റീബിൽഡ് പ്രോജക്ട്, കൃഷി‐മൃഗസംരക്ഷണം, ഇടത്തരം വ്യവസായങ്ങൾ എന്നിവയിലൂടെ തദ്ദേശഭരണ പ്രദേശങ്ങളിൽ പുതിയ തൊഴിലവസര പദ്ധതി, പട്ടികവിഭാഗത്തിന്റെ പണിപൂർത്തിയാകാത്ത 72000 വീടുകൾക്ക് ഒന്നരലക്ഷംരൂപ ധനസഹായം, സ്കൂൾ ലാബുകളുടെ നവീകരണം, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, വ്യവസായരംഗത്തെ പുതിയ സംരംഭങ്ങൾ, ഐടി മേഖലയുടെ വികാസം, പശ്ചാത്തല സൗകര്യവികസനം തുടങ്ങി കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. എല്ലാ പ്രതികൂല ഘടകങ്ങളെയും തരണംചെയ്ത് സംസ്ഥാനം വികസനരംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ നയപ്രഖ്യാപനം അടിവരയിടുന്നു. സാമ്പത്തികരംഗത്ത് കേരളത്തോടുള്ള അവഗണന, മതേതര കാഴ്ചപ്പാടുകൾക്കെതിരായ നിലപാട് തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെയും നയപ്രഖ്യാപനത്തിൽ വിശദമാക്കുന്നുണ്ട്.


 

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ ഭാഗം ഗവർണർ വായിക്കില്ലെന്ന പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ, ഭരണഘടനയുടെ 176 –ാം  അനുച്ഛേദം അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ വായിക്കണമെന്ന ഭരണഘടനാതത്വം പാലിച്ച് പ്രസ്തുത പാരയും ഗവർണർ വായിച്ചതോടെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ഇളിഭ്യരായി.

ഗവർണറെ തടയുകയും നയപ്രഖ്യാപനം ബഹിഷ്കരിക്കുകയും ചെയ്ത പ്രതിപക്ഷം നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു. ഈ വിഷയത്തിൽ യുഡിഎഫിന്റെ ഇരട്ടത്താപ്പും രാഷ്ട്രീയനിലപാടും ഭരണപക്ഷം തുറന്നുകാട്ടി. ഇവിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ചവർ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഈ നിയമത്തിന് അനുകൂല നിലപാട് എടുത്ത ഗവർണർമാരെ എന്തേ തടഞ്ഞില്ലെന്ന ചോദ്യത്തിനും മറുപടി ഉണ്ടായില്ല.

എൽഡിഎഫ് സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ കേരളം നേടിയ നേട്ടങ്ങളും സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന ധനസമീപനവും ബജറ്റ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം സാമ്പത്തികമായി എത്ര ഞെരുക്കാൻ ശ്രമിച്ചാലും കേരളം അതിനെ മറികടക്കുമെന്ന് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഈ ബജറ്റ്. പശ്ചാത്തല സൗകര്യ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും മുൻഗണന നൽകുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 20,000 കോടിരൂപയുടെ വികസനപ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെമാത്രം ഈവർഷം ലക്ഷ്യമിടുന്നത്. അതോടൊപ്പം സാമൂഹ്യസുരക്ഷയ്ക്കും ബജറ്റ് വലിയ പിന്തുണ നൽകുന്നു.

നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയവും ബജറ്റിന്റെ പൊതുചർച്ചയും മൂന്ന് ദിവസംവീതമാണ് നടന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും എൽഡിഫും എടുത്ത ധീരമായ നിലപാടിന് ജനങ്ങളിൽനിന്ന് ലഭിച്ച വലിയ പിന്തുണ യുഡിഎഫിനെ രാഷ്ട്രീയമായി അസ്വസ്ഥമാക്കിയിരുന്നു. ആ അസ്വസ്ഥത വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ സഭയിലെ ചർച്ചകൾ മുഴുവൻ.

മൂന്ന് ബില്ലാണ് ഈ സമ്മേളനം പാസാക്കിയത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള 1994 ലെ പഞ്ചായത്തീരാജ് നിയമവും മുനിസിപ്പാലിറ്റി നിയമവും ഭേദഗതി ചെയ്തുള്ള രണ്ട് ബിൽ സഭ പാസാക്കി

ഏഴ് അടിയന്തരപ്രമേയമാണ് പ്രതിപക്ഷം കൊണ്ടുവന്നത്. ആറെണ്ണത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ച്. കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായി. കോൺഗ്രസിന്റെ കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നയസമീപനങ്ങളും ആസിയാൻ കരാർ അടക്കമുള്ള വ്യാപാര കരാറുകളുമാണ് കാർഷികമേഖലയെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്ന് ഭരണപക്ഷത്തുനിന്ന് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. കർഷകർക്കുവേണ്ടി ഇപ്പോൾ കോൺഗ്രസ് പൊഴിക്കുന്നത് മുതലക്കണ്ണീരാണെന്ന് കൃഷിമന്ത്രിയും ധനമന്ത്രിയും ചൂണ്ടിക്കാട്ടി.

മൂന്ന് ബില്ലാണ് ഈ സമ്മേളനം പാസാക്കിയത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള 1994 ലെ പഞ്ചായത്തീരാജ് നിയമവും മുനിസിപ്പാലിറ്റി നിയമവും ഭേദഗതി ചെയ്തുള്ള രണ്ട് ബിൽ സഭ പാസാക്കി. സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനുള്ള 2020 കേരള ക്രിസ്ത്യൻ (മലങ്കര ഓർത്തഡോക്സ്‐യാക്കോബായ) സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബിൽ മുഖ്യമന്ത്രിക്കുവേണ്ടി ഈ ലേഖകനാണ് അവതരിപ്പിച്ചത്. സബ്ജക്ട് കമ്മിറ്റിയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും സഭയിൽ ബില്ലിനെ പിന്തുണയ്ക്കാൻ നിർബന്ധിക്കപ്പെട്ടത് നിയമനിർമാണത്തിൽ ഈ സർക്കാരിന്റെ തെളിമയാർന്ന നിലപാടുകൊണ്ടാണ്. ബിൽ ഏകകണ്ഠമായാണ് സഭ പാസാക്കിയത്.  ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ 14 ശ്രദ്ധക്ഷണിക്കലിലൂടെയും 81 സബ്മിഷനിലൂടെയും അംഗങ്ങൾ സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നു.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇതുസംബന്ധിച്ച് ചട്ടം 300 അനുസരിച്ച് ആരോഗ്യമന്ത്രി സഭയിൽ പ്രസ്താവന നടത്തി. ആദായനികുതി നിയമത്തിലെ ആറാം വകുപ്പ് പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ബജറ്റ് നിർദേശം പിൻവലിക്കണമെന്ന പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി.

കടലാസ്രഹിത നിയമസഭ എന്ന ആശയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായുള്ള ഇ‐നിയമസഭ പദ്ധതിക്ക് ഈ സമ്മേളനംമുതൽ തുടക്കം കുറിച്ചു. ഈ സഭയിലെ അംഗവും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ആകസ്മിക നിര്യാണത്തിൽ സഭ അനുശോചിച്ചു. മുൻ എംഎൽഎമാരായ സുന്ദരമാണിക്യം, എം കമലം, പി ടി മോഹനകൃഷ്ണൻ, വി ബലറാം എന്നിവരുടെ നിര്യാണത്തിലും സഭ അനുശോചിച്ചു. സർക്കാരിന്റെ മികവാർന്ന ഭരണവും ധീരമായ നിലപാടുകളും വ്യക്തമാക്കപ്പെട്ട സമ്മേളനമായിരുന്നു 18–ാം സമ്മേളനം.
 


പ്രധാന വാർത്തകൾ
 Top