15 June Tuesday

നിയമസഭയിൽ ഉയരുന്നത്‌ ജനങ്ങളുടെ അഭിപ്രായം

പിഡിടി ആചാരിUpdated: Wednesday Jan 8, 2020

കേരള നിയമസഭ പാസാക്കിയ പ്രമേയം വളരെയധികം വാദപ്രതിവാദങ്ങൾക്ക്‌ വഴിയൊരുക്കിയിരിക്കുകയാണ്‌. ഗവർണർ അത്‌ ഭരണഘടനാപരമായോ നിയമപരമായോ യാതൊരു സാധ്യതയുമില്ലാത്ത ഒരു പ്രമേയമാണെന്ന്‌  പറഞ്ഞിരിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധികളും ബിജെപി വക്താക്കളുമൊക്കെ ഈ പ്രമേയത്തെ ഭരണഘടനാവിരുദ്ധമെന്നും നിയമം അറിയാത്തവർ എഴുതിപ്പിടിപ്പിച്ചതാണെന്നുമൊക്കെ പറഞ്ഞുകഴിഞ്ഞു.  ഈ കോലാഹലങ്ങളൊക്കെ കണ്ട്‌ ജനം ആകെ ചിന്താക്കുഴപ്പത്തിലാണ്‌. ഏതാണ്‌ ശരി, ഏതാണ്‌ തെറ്റ്‌ എന്ന്‌ വ്യക്തമായി അറിയാൻ കഴിയാത്ത ഒരവസ്ഥ!

എല്ലാ നിയമനിർമാണസഭകൾക്കും പ്രമേയം പാസാക്കാനുള്ള അധികാരമുണ്ട്‌. സഭകളുടെ ചട്ടങ്ങളിൽ അത്‌ വിവരിച്ചിട്ടുമുണ്ട്‌. ഇപ്പോൾ നാം ചർച്ചചെയ്യുന്ന പ്രമേയത്തിലൂടെ പാർലമെന്റ്‌ ഈയിടെ പാസാക്കിയ പൗരത്വ ഭേദഗതി നിയമം റദ്ദ്‌ ചെയ്യണമെന്നുള്ള ഒരഭ്യർഥനയാണ്‌ കേരള നിയമസഭ കേന്ദ്ര ഗവൺമെന്റിന്റെ മുമ്പിൽ വച്ചിരിക്കുന്നത്‌. അതിനുള്ള കാരണം പ്രമേയത്തിൽ വിവരിച്ചിട്ടുണ്ട്‌. ബിജെപി  ഒഴിച്ചുള്ള എല്ലാ പാർടികളും ആ പ്രമേയത്തെ പിന്തുണയ്‌ക്കുകയും ചെയ്‌തു. കേരള നിയമസഭയുടെ ചട്ടങ്ങളിൽ കോടതിയുടെ മുമ്പിലുള്ള ഒരു വിഷയത്തെക്കുറിച്ച്‌ പ്രമേയം പാടില്ല എന്ന്‌ പറയുന്നുണ്ട്‌. ലോക്‌സഭയുടെയും മറ്റെല്ലാ നിയമസഭകളുടെയും ചട്ടങ്ങളിൽ ഇങ്ങനെയൊന്ന്‌ കാണാവുന്നതാണ്‌. ഒന്നാമത്തെ ചോദ്യം, നിലവിലുള്ള ചട്ടം ഇതായിരിക്കെ  കോടതിയുടെ മുമ്പിലുള്ള വിഷയത്തെക്കുറിച്ച്‌ പ്രമേയം പാസാക്കിയത്‌ നിയമപരമായി ശരിയാണോ എന്നുള്ളതാണ്‌.


 

ആദ്യമായി മനസ്സിലാക്കേണ്ട കാര്യം ഈ ചട്ടങ്ങളൊന്നും  ഒരിക്കലൂം മാറ്റമില്ലാത്ത, കല്ലിലെഴുതപ്പെട്ട ശിലാലേഖനങ്ങളല്ല. സഭയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഭരണഘടനാവ്യവസ്ഥകൾക്കനുസൃതമായി ഉണ്ടാക്കിയ നിയമാവലികളാണിവ. ഈ ചട്ടങ്ങളൊന്നുംതന്നെ അന്തിമ സ്വഭാവമുള്ളതല്ല. നടപടി ചട്ടങ്ങളിൽ സഭയ്‌ക്കാണ്‌ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരമെന്ന ഒരു പൊതുതത്വം നിലവിലുണ്ട്‌. അതായത്‌ ആവശ്യമെന്നുവന്നാൽ നിലവിലുള്ള ചട്ടങ്ങൾ മറികടന്ന്‌ ചർച്ച നടത്താനും പ്രമേയം പാസാക്കാനുമുള്ള അധികാരം നിയമസഭകളിൽ നിക്ഷിപ്‌തമായിരിക്കുന്നു. ഏത്‌ ചട്ടവും താൽക്കാലികമായി സസ്‌പെൻഡ്‌ ചെയ്യാനുള്ള ചട്ടവും സഭയുടെ നിയമാവലികളിലുണ്ട്‌.

കോടതിയുടെ മുമ്പിലുള്ള വിഷയം സഭയിൽ ചർച്ചചെയ്യരുത്‌ എന്നുള്ളത്‌ സഭകൾ സ്വയംവരിച്ച ഒരു നിയന്ത്രണമാണെന്ന്‌ ‘കൗൾ ആൻഡ്‌ ശക്‌ധറിൽ’ അസന്ദിഗ്ധമായി പറയുന്നു.  പാർലമെന്ററി ജനാധിപത്യത്തിന്റെ ജീവൻ സഭയിലെ സ്വതന്ത്രമായ അഭിപ്രായ പ്രകടനമാണെന്നും ഈ പുസ്‌തകത്തിൽ പറയുന്നു. ഏതെങ്കിലും ഒരു വിഷയം ജനവികാരം മാനിച്ചുകൊണ്ട്‌, അത്‌ കോടതിയുടെ മുമ്പിലിരിക്കുന്ന വിഷയമായാലും ശരി, ചില നിയന്ത്രണങ്ങൾക്ക്‌ അധീതമായി സഭയിൽ ചർച്ചചെയ്യപ്പെടാവുന്നതാണെന്ന്‌ നിയമസഭകളുടെ നടത്തിപ്പിനെക്കുറിച്ച്‌ മനസ്സിലാക്കിയവർക്ക്‌ അറിയാം. പാർലമെന്റിൽ അനേകം പ്രാവശ്യം കോടതിയുടെ മുമ്പിലിരിക്കുന്ന വിഷയങ്ങളിൽ ചർച്ച നടത്തുകയും കമ്മിറ്റികൾക്ക്‌ ആ വിഷയം വിടാനുള്ള പ്രമേയങ്ങൾ പാസാക്കുകയും ചെയ്‌തിട്ടുണ്ട്‌.

അവകാശലംഘന ഹർജി നിലനിൽക്കില്ല
പ്രമേയത്തിന്‌ ഭരണഘടനാസാധുതയില്ല എന്നുള്ള അഭിപ്രായത്തിന്‌ കഴമ്പില്ല എന്നുതന്നെ പറയാം. ജനങ്ങളെ സംബന്ധിക്കുന്ന വിഷയത്തിൽ ഒരു നിയമസഭ കേന്ദ്ര ഗവൺമെന്റിനോട്‌ അഭ്യർഥന നടത്തുന്നതിൽ ഭരണഘടനാവിരുദ്ധമായി ഒന്നുംതന്നെയില്ല. ഭരണഘടനയിലെ ഒരു വകുപ്പും അതിനെ തടയുന്നില്ല. നിയമസഭ ജനങ്ങളുടെ സഭയാണ്‌. ജനങ്ങളുടെ അഭിപ്രായമാണിവിടെ ഉയരുന്നത്‌. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഉണ്ടാക്കപ്പെട്ട ഭരണഘടന ഈ അഭിപ്രായപ്രകടനത്തിന്‌ എതിരല്ല എന്ന്‌ നാം മനസ്സിലാക്കണം. പിന്നെ, സ്‌പീക്കർ പ്രമേയം അംഗീകരിക്കുന്നത്‌ അതുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും പരിശോധിച്ചശേഷമാണ്‌. സ്‌പീക്കർ പ്രമേയം അനുവദിച്ചാൽ അത്‌ നിയമാനുസൃതമായിട്ടാണെന്നു കണക്കാക്കണം. അതാണ്‌ കീഴ്‌വഴക്കം.

ഈ പ്രമേയത്തിന്റെ സന്ദർഭത്തിൽ രാജ്യസഭയിലെ ഭരണകക്ഷിയുടെ ഒരംഗം കേരളമുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്‌ രാജ്യസഭാ ചെയർമാന്‌ നൽകിയിരിക്കുകയാണ്‌. മുഖ്യമന്ത്രിസഭയിൽ ചെയ്‌ത പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അത്‌ നടപ്പാക്കരുതെന്ന്‌ പറഞ്ഞുവെന്നും, ഈ പ്രസ്‌താവന പാർലമെന്റിന്റെ പ്രത്യേകാവകാശങ്ങളെ ഹനിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു. പാർലമെന്റ്‌ പാസാക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്‌ പറയുന്നത്‌ എങ്ങനെ അവകാശലംഘനമാകുമെന്ന്‌ മനസ്സിലാകുന്നില്ല. പാർലമെന്റ്‌ പാസാക്കുന്ന ഏത്‌ നിയമത്തെയും വിമർശിക്കാനും അത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ പറയാനുമുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കുമുണ്ട്‌. പല നിയമങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെടാറുണ്ടല്ലോ. കോടതിയിൽ സമർപ്പിക്കുന്ന ഹർജിയിൽ നിയമം ഭരണഘടനാവിരുദ്ധമാണെന്നു തന്നെയാണ്‌ എഴുതാറുള്ളത്‌. അതൊന്നും അവകാശലംഘനമല്ലെങ്കിൽ നിയമസഭയിൽ നടത്തിയ ആ പരാമർശം എങ്ങനെ അവകാശലംഘനമാകും. തന്നെയുമല്ല, നിയമസഭകൾക്കും പാർലമെന്റിനും തുല്യമായ പ്രത്യേകാവകാശങ്ങളാണുള്ളത്‌. ഭരണഘടനയുടെ 105–-ാം വകുപ്പിലും 194–-ാം വകുപ്പിലും പറഞ്ഞിരിക്കുന്നത്‌ ഒരേ അവകാശങ്ങളെക്കുറിച്ചാണ്‌. 105–-ാം വകുപ്പ്‌ പാർലമെന്റിന്റെ പ്രത്യേകാവകാശങ്ങളെക്കുറിച്ച്‌ പറയുമ്പോൾ

194–-ാം വകുപ്പ്‌ അനുസരിച്ച്‌ നിയമസഭയിലെ അംഗങ്ങൾക്ക്‌ അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്‌. ആ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാൻ പാർലമെന്റിനോ കോടതിക്കോ അധികാരമില്ല

194–-ാം വകുപ്പ്‌ സംസ്ഥാന നിയമസഭകളുടെ പ്രത്യേകാവകാശങ്ങളെക്കുറിച്ച്‌ പറയുന്നു. 194–-ാം വകുപ്പ്‌ അനുസരിച്ച്‌ നിയമസഭയിലെ അംഗങ്ങൾക്ക്‌ അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്‌. ആ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാൻ പാർലമെന്റിനോ കോടതിക്കോ അധികാരമില്ല. അതുകൊണ്ട്‌ മുഖ്യമന്ത്രി നടത്തിയ പരമാർശത്തെക്കുറിച്ച്‌ രാജ്യസഭയിൽ സമർപ്പിച്ചിരിക്കുന്ന അവകാശലംഘന ഹർജി നിലനിൽക്കാത്തതാണ്‌. അതുപോലെതന്നെ, നിയമസഭയിലെ ഒരംഗത്തിനെതിരായി പാർലമെന്റിൽ അവകാശലംഘനഹർജി നൽകിയാൽ, ആ ഹർജിയിൽ കഴമ്പുണ്ടെന്ന്‌ സ്‌പീക്കർക്ക്‌ ബോധ്യപ്പെട്ടാൽ, അത്‌ നിയമസഭയുടെ തീരുമാനത്തിനുവേണ്ടി അയക്കുക മാത്രമേ സ്‌പീക്കർക്ക്‌ ചെയ്യാൻ സാധിക്കൂ. അതാണ്‌ നടപടിക്രമം.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ രണ്ടഭിപ്രായമുണ്ട്‌–- ഭരണഘടനാവിരുദ്ധമാണെന്നും അല്ലെന്നും. അതിന്റെ വിശദാംശങ്ങളിലേക്ക്‌ പോകാതെ ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. ഭരണകൂടത്തിന്റെ ഏതുനടപടിയും മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലായിരിക്കണം എടുക്കേണ്ടതെന്നുള്ളത്‌ ഭരണഘടനയുടെ അടിസ്ഥാനനയമാണ്‌. അതുകൊണ്ട്‌ പൗരത്വം നൽകുക എന്ന കർമം മതേതരാടിസ്ഥാനത്തിൽ മാത്രമേ നിർവഹിക്കാൻ സാധിക്കൂ.

(മുൻ ലോക്‌സഭാ സെക്രട്ടറി ജനറലാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top